
തൃശൂര്‍ ജില്ലയിലെ ഒരു സംരംഭകന്‍ തന്റെ പുതിയ യൂണിറ്റിന്റെ ജോലികള്‍ നടത്തുമ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ ഫാക്ടറിയുടെ തറ വിഡിഎഫ് കോണ്‍ക്രീറ്റിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള കരാറും നല്‍കി. ഇപ്പോള്‍ തറയുടെ നിര്‍മാണ ജോലികള്‍ നിലച്ചു. വിഡിഎഫ് കോണ്‍ക്രീറ്റിംഗിന് കരാര്‍ നല്‍കിയ സ്ഥാപനത്തിനെ ജീവനക്കാരെയോ മെഷിനറിയോ തൃശൂരില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.
ഇത് ഒരു സംരംഭകന്റെ കഥയല്ല. സിഎന്‍സി, പ്രിന്റിംഗ് എന്നുവേണ്ട അത്യാധുനിക മെഷിനറികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയിലുള്ളവരുടെ ഇപ്പോഴത്തെ ഏക പ്രാര്‍ത്ഥന മെഷീന്‍ പണി മുടക്കല്ലേ എന്നുമാത്രമാണ്.
പ്രസ്ഥാനത്തെ നവീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകരില്‍ വലിയൊരു വിഭാഗം തങ്ങളുടെ യൂണിറ്റുകളില്‍ ഇറ്റലി, സ്‌പെയ്ന്‍, ജര്‍മനി, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷിനറികള്‍ സ്ഥാപിച്ചിരുന്നു. ചിലര്‍ ഇത്തരം രാജ്യങ്ങളിലെ മെഷിനറികള്‍ വരുത്തി അവ യൂണിറ്റില്‍ സ്ഥാപിക്കാനുള്ള തയ്യാറെപ്പിലുമായിരുന്നു.
''ബോഷ്, സീമെന്‍സ്, ഫാനുക് തുടങ്ങി ഒട്ടനവധി ബഹുരാഷ്ട്ര വമ്പന്മാരുടെ മെഷിനറികള്‍ നമ്മുടെ നാട്ടിലെ പല യൂണിറ്റിലുമുണ്ട്. സിഎന്‍സി, പ്രിന്റിംഗ് പ്രസ് തുടങ്ങി എല്ലാ രംഗത്തും മികച്ച സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ബ്രാന്‍ഡുകളാണ് പലരും ഉപയോഗിച്ചിരുന്നത്. ഇത്തരം കമ്പനികള്‍ക്കൊന്നിനും കേരളത്തില്‍ നേരിട്ട് സര്‍വീസ്, മെയന്റന്‍സ് ഓഫീസുകളില്ല. കാരണം, ആ കമ്പനികളെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു വിപണിയായിരുന്നില്ല കേരളം. എന്നാല്‍ സംരംഭകര്‍ ആവശ്യപ്പെടുമ്പോള്‍ ഈ കമ്പനികളുടെ എന്‍ജിനീയര്‍മാര്‍ ഇതര സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ നിന്ന് ഫ്‌ളൈറ്റില്‍ എത്തി വേഗം ജോലികള്‍ തീര്‍ത്തു പോകും. ലോക്ക് ഡൗണ്‍ വന്നതോടെ ഇങ്ങനെ ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള കടമ്പകള്‍ നിരവധിയാണ്. ഇത് സംരംഭകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്,'' തൃശൂരിലെ മോളി ഇന്‍ഡസ്ട്രീസിന്റെ സാരഥി സിജോ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മാനുഫാക്ചറിംഗ് രംഗത്തെ സംരംഭകര്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിനു പിന്നില്‍ അവസരം ഒളിഞ്ഞിരുപ്പുണ്ടെന്നാണ് തൃശൂരിലെ സൗപര്‍ണിക തെര്‍മിസ്റ്റേഴ്‌സ് ആന്‍ഡ് ഹൈബ്രിഡ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം എം ജയകുമാര്‍ അഭിപ്രായപ്പെടുന്നത്.
വിവിധതരം എന്‍ടിസി തെര്‍മിസ്റ്ററുകള്‍ നിര്‍മിക്കുന്ന തന്റെ സ്ഥാപനത്തിലെ മെഷിനറികളെല്ലാം സ്വന്തം ആവശ്യത്തിന് ഉപകരിക്കും വിധം തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും ആ മെഷിനറികളുടെ ഉപയോഗവും മെയ്ന്റനന്‍സും സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്ന ടീമിനെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കെമിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ജയകുമാര്‍ പറയുന്നു. ''യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിദഗ്ധരായ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ഇതൊരു അവസരമാണ്. വിദേശ മെഷിനറികള്‍ യൂണിറ്റുകളില്‍ സ്ഥാപിക്കാനോ മെയ്ന്റന്‍സിനോ സര്‍വീസിനോ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിവേഗം വിദേശ വിദഗ്ധര്‍ വരണമെന്നില്ല. എന്നാല്‍ ലോകത്ത് വിവിധ സ്ഥലങ്ങളില്‍ വിവിധ മെഷിനറികളില്‍ ജോലി ചെയ്ത് അനുഭവ സമ്പത്ത് നേടിയ പലരും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മേഖലയിലും പ്രൊഫഷണല്‍ സേവനം മലയാളി വിദഗ്ധര്‍ തന്നെ നല്‍കാന്‍ തുടങ്ങിയാല്‍ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അത് ഗുണമാകും,'' ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine