ഇന്ത്യയെ 'ഒഴിവാക്കിയ' ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് അപ്രതീക്ഷിത സന്ദര്‍ശനവുമായി ചൈനയില്‍

കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ തിരക്കുകളുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ച പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സി.ഇ.ഒ ഇലോണ്‍ മസ്‌ക്, അപ്രതീക്ഷിത സന്ദര്‍ശനവുമായി ചൈനയില്‍. അമേരിക്ക കഴിഞ്ഞാല്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന.
ഏപ്രില്‍ 21നോ 22നോ മസ്‌ക് ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു നേരത്തേ കരുതിയിരുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമംകുറിച്ച് ടെസ്‌ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയില്‍ ഫാക്ടറി തുറക്കല്‍ എന്നിവയെ സംബന്ധിച്ച് മസ്‌ക് പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, ടെസ്‌ലയില്‍ തിരക്കുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മസ്‌ക് ഇന്ത്യാ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹം ചൈനയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മസ്‌കിന് ചൈനയില്‍ വന്‍ ലക്ഷ്യങ്ങള്‍
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ വച്ച് മസ്‌ക് ചൈനീസ് സര്‍ക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ചൈനയില്‍ സമ്പൂര്‍ണ സെല്‍ഫ്-ഡ്രൈവിംഗ് സോഫ്റ്റ്‌വെയറിന്റെ (FSD) അവതരണം, ചൈനയില്‍ നിന്ന് ശേഖരിച്ച ഉപഭോക്തൃ ഡേറ്റയുടെ വിദേശത്തെ ഉപയോഗം എന്നിവയ്ക്ക് അദ്ദേഹം സര്‍ക്കാരിന്റെ അനുമതി തേടിയേക്കും.
കാറുകളുടെ സ്വയംനിയന്ത്രിത സംവിധാനമാണ് എഫ്.എസ്.ഡി അഥവാ ഓട്ടോപൈലറ്റ്. സ്വരാജ്യമായ അമേരിക്കയില്‍ ഇത് നാലുവര്‍ഷം മുമ്പ് അവതരിപ്പിച്ചെങ്കിലും രണ്ടാമത്തെ വലിയ വിപണിയായ ചൈനയ്ക്ക് പരിചയപ്പെടുത്തിയിരുന്നില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it