Apr 04, 2018
വനിതകളുടെ റോളുകള്‍ മാറുന്നു
കുടുംബത്തിലെ മൂല്യങ്ങളും സംസ്‌കാരവും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുന്ന ചീഫ് ഇമോഷണല്‍ ഓഫീസറാണ് വനിതകള്‍
facebook
FACEBOOK
EMAIL
womens-roles-change

''ഭാവിയില്‍ വനിതാ ലീഡര്‍മാരുണ്ടാകില്ല. അവിടെ ലീഡര്‍മാര്‍ മാത്രമേ ഉണ്ടാകൂ.'' 

ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെ ഈ വാക്കുകള്‍ കോര്‍പ്പറേറ്റ് തലത്തില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ്.

ധിരുഭായ് അംബാനിയുടെ ഭാര്യ കോകിലാബെന്‍ അംബാനിക്ക് 2006ല്‍ തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കേണ്ടിവന്നു. തന്റെ ഭര്‍ത്താവ് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം രണ്ട് മക്കള്‍ക്കായി വിഭജിച്ചു. കോകില ബെന്‍ ആദ്യം മുതല്‍ ബിസിനസില്‍ സജീവമായിരുന്നുവെങ്കില്‍ ഈ വിഭജനം ഒഴിവാക്കാമായിരുന്നുവെന്നും അല്ലെങ്കില്‍ കൂടുതല്‍ സൗഹൃദപരമായി പ്രശ്‌നപരിഹാരം കണ്ടെത്താമായിരുന്നുവെന്നും മനസിലാക്കാവുന്നതാണ്.

സിഇഒ അഥവാ ചീഫ് ഇമോഷണല്‍ ഓഫീസര്‍ എന്ന നിലയില്‍ വനിതകള്‍ കുടുംബത്തിലെ മൂല്യങ്ങളും സംസ്‌കാരവും കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുകയും കുടുംബത്തിലും ബിസിനസിലും എങ്ങനെ ഒരുമിച്ചു മുന്നോട്ടുപോകാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. സഹോദരന്മാര്‍ തമ്മിലും പിതാവും മക്കളും തമ്മിലുള്ളതുമായ പ്രശ്‌നങ്ങള്‍ മധ്യസ്ഥ എന്ന നിലയില്‍ പരിഹരിക്കുന്നു. മെന്റര്‍ അഥവാ മാര്‍ഗനിര്‍ദേശി എന്ന റോളും വനിതകള്‍ക്കുണ്ട്.

ഭാര്യമാരുടെയും അമ്മമാരുടെയും ബിസിനസ് പങ്കാളിത്തം

ഇന്ത്യയിലെ കുടുംബ ബിസിനസുകളില്‍ കുടുംബത്തിലെ വനിതകള്‍ പലപ്പോഴും പേരിന് ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായോ ബിസിനസിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകയോ ചെയ്ത് ഒതുങ്ങിക്കൂടുകയാണ് പതിവ്. കുടുംബത്തിലെ പുരുഷന്മാര്‍ ബിസിനസില്‍ സജീവമാകുമ്പോള്‍ സ്ത്രീകള്‍ വീട്ടുകാര്യങ്ങളുടെ ചുമതല വഹിക്കുകയും കുടുംബബിസിനസിലേക്കുള്ള അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ വനിതകള്‍ വിദ്യാസമ്പന്നരും വീട്ടുകാര്യങ്ങളും ബിസിനസും ഒരുപോലെ നോക്കാന്‍ കഴിവുള്ളവരുമായി മാറിയ ഇക്കാലത്ത് സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിരിക്കുകയാണ്.

ബിസിനസ് കുടുംബങ്ങളിലേക്ക് കടന്നുവരുന്ന വനിതകള്‍ ബിസിനസ് പുതിയ മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരണം നടത്താന്‍ സഹായിക്കുകയോ ബിസിനസില്‍ ഇന്നവേഷനുകള്‍ ആവിഷ്‌കരിക്കുന്നതില്‍ ഭാഗഭാക്കാകുകയോ ചെയ്യുന്നു. ബിസിനസിന്റെ നയപരമായ തീരുമാനങ്ങളിലും കാര്യമായ റോള്‍ വനിതകള്‍ക്കുണ്ട്.

മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനിയുടെ കാര്യം തന്നെയെടുക്കാം. അമ്മായിയമ്മയില്‍ നിന്ന് വ്യത്യസ്തയായി അവര്‍ ബിസിനസില്‍ കാര്യമായി ഇടപെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസസിന്റെ സിഎസ്ആര്‍ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമാണ് നിത അംബാനി. ഫോബ്‌സിന്റെ ഏഷ്യയിലെ മോസ്റ്റ് ഇന്‍ഫ്‌ളുവന്‍ഷ്യല്‍ വിമന്‍ ബിസിനസ് ലീഡേഴ്‌സിലൊരാള്‍, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയിലെ ആദ്യ ഇന്ത്യന്‍ വനിത അംഗം തുടങ്ങിയ നിലകളിലൊക്കെ നിത അംബാനിയുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുന്നു.

കുടുംബത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെത്തുടര്‍ന്ന് ബിസിനസിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യങ്ങളും വനിതകള്‍ക്ക് ഉണ്ടാകുന്നു. ഉദാഹരണത്തിന് തെര്‍മാക്‌സിന്റെ ചെയര്‍മാനായിരുന്ന റോഹിന്റണ്‍ ആഗയുടെ മരണത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പത്‌നി അനു ആഗ ബിസിനസിന്റെ ചുമതലയേറ്റെടുത്തത്. അവര്‍ ഏറ്റെടുക്കുമ്പോള്‍ 605 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2004ല്‍ മകള്‍ മെഹര്‍ പദുംജിക്ക് കൈമാറുമ്പോള്‍ കമ്പനിയുടെ വിറ്റുവരവ് 1281 കോടി രൂപയായിരുന്നു. ബിസിനസ് മാനേജ്‌മെന്റില്‍ ഔദ്യോഗിക പരിശീലനം സിദ്ധിച്ചിട്ടില്ലാതിരുന്ന അനു ബിസിനസ് വളര്‍ത്താന്‍ ഏറെ അധ്വാനിച്ചു.

ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് സംരംഭം ആരംഭിക്കുന്ന ഭാര്യമാരുണ്ട്. ഡിസൈന്‍ ആശയങ്ങള്‍ക്കായി ആശ്രയിക്കാവുന്ന ഒീൗ്വ്വ എന്ന സംരംഭത്തിന്റെ ആരംഭം അങ്ങനെയാണ്. ആദി തതാര്‍ക്കോയും അലോണ്‍ കൊഹെനും അവരുടെ വീടുപുതുക്കല്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭമായിരുന്നു അത്. അതുപോലെ തന്നെ സിന്റല്‍ എന്ന സംരംഭം ഭാരത് ദേശായിയും അദ്ദേഹത്തിന്റെ
പത്‌നി നീര്‍ജ സേതിയും ചേര്‍ന്നാണ് ആരംഭിച്ചത്. പാണ്ഡ എക്‌സ്പ്രസ്, ഗ്യാപ്പ്, ഫോറെവര്‍ 21, ബേബിഓയ് തുടങ്ങിയ സംരംഭങ്ങളെല്ലാം ഇത്തരത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ആരംഭിച്ചതാണ്. ബിസിനസ് കുടുംബത്തിലേക്കു വരുന്ന ഭാര്യമാരും അമ്മമാരും പെണ്‍മക്കളുമൊക്കെ ബിസിനസില്‍ യാതൊരു സ്ഥാനവുമില്ലാതെ മാറിനില്‍ക്കുന്ന കാലം മാറിക്കഴിഞ്ഞു.

പെണ്‍മക്കളുടെ സ്ഥാനം

''ഞാന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഒരുപോലെയാണ് കാണുന്നത്. യോഗ്യതയുള്ള, താല്‍പ്പര്യമുള്ള കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും ബിസിനസിലേക്ക് കടന്നുവരാം.'' ഈ വാക്കുകള്‍ ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റെജിന്റേതാണ്. എന്നാല്‍ പൊതുവെ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങളിലെ പെണ്‍മക്കള്‍ കുടുംബ ബിസിനസിലേക്ക് വരാറില്ലായിരുന്നു. പകരം അവരെ മറ്റ് ബിസിനസ് കുടുംബങ്ങളിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു പതിവ്. പക്ഷെ ഇപ്പോള്‍ ആ സ്ഥിതിക്ക് ഏറെ മാറ്റം വന്നിരിക്കുന്നു. 

വിദേശത്തെ ബിസിനസ് സ്‌കൂളുകളില്‍ പഠിച്ച് മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച അറിവും സ്‌കില്ലുകളും പ്രയോജനപ്പെടുത്താന്‍ കുടുംബ ബിസിനസിലേക്ക് പ്രവേശിക്കുന്നു. യെല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി മക്കിന്‍സി & കമ്പനിയില്‍ പ്രവര്‍ത്തിച്ചശേഷം മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനി കുടുംബ ബിസിനസിലെത്തി. അങ്ങനെ ഇനിയും ധാരാളം ഉദാഹരണങ്ങളുണ്ട്.

ചില നിര്‍ദേശങ്ങള്‍

  • കുടുംബത്തിലെ മൂത്ത മകന് കുടുംബ ബിസിനസില്‍ സ്ഥാനം കൊടുക്കുന്ന പതിവ് രീതി മാറ്റി ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ള കുടുംബാംഗത്തിന് (പുരുഷനായാലും സ്ത്രീയായാലും) അധികാരം നല്‍കുകയെന്ന രീതി സ്വീകരിക്കുന്നതാണ് നല്ലത്.
  • കുടുംബ ബിസിനസിന്റെ ഉടമ മക്കള്‍ക്കുള്ള ബിസിനസിലെ റോളുകള്‍ നിശ്ചയിക്കുന്നതായിരിക്കും ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ബിസിനസിന് ശക്തമായ ഒരു അടിത്തറയിടാനും നല്ലത്.
  • ബിസിനസിലും പുറത്തും വനിതകള്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യം മനസിലാക്കി അവരുടെ റോള്‍ ഭംഗിയാക്കാന്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. കുടുംബത്തിലും ബിസിനസ് പങ്കാളി എന്ന നിലയിലും കുടുംബ ബിസിനസില്‍ വനിതകള്‍ക്ക് ഏറെ ചെയ്യാനുണ്ട്. അവരുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുകയും അതിന് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുകയും വേണം.
  • അണു കുടുംബങ്ങള്‍ വ്യാപകമായ ഇക്കാലത്ത് കുടുംബത്തിലെ ഓരോ അംഗത്തിനും അടിയന്തര ഘട്ടങ്ങളില്‍ ബിസിനസിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ക്ക് നേരത്തെ തന്നെ പരിശീലനം നല്‍കണം. പ്രത്യേകിച്ച് ഭാര്യയ്ക്കും അമ്മയ്ക്കും.
  • ഇന്നത്തെ വനിതകള്‍ വിദ്യാഭ്യാസത്തിലും വര്‍ക്ക് എക്‌സ്പീരിയന്‍സിലും പ്രൊഫഷണലിസത്തിലും പുരുഷന്മാരുടെ ഒപ്പം നില്‍ക്കുന്നവരാണ്. കുടുംബത്തിലും അവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവരുടെ റോള്‍, പങ്കാളിത്തം, സംഭാവനകള്‍ എന്നിവ മറക്കരുത്. ഒരിക്കലും പാര്‍ശ്വവല്‍ക്കരിക്കരുത്!
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top