വാഹന നിര്‍മ്മാണത്തിലും പെണ്‍കരുത്ത് മാതൃക കാട്ടി ഹീറോയും ബജാജും യമഹയും
വാഹന നിര്‍മ്മാണത്തിലും പെണ്‍കരുത്ത് മാതൃക കാട്ടി ഹീറോയും ബജാജും യമഹയും
facebook
FACEBOOK
EMAIL
women-empowerment-in-manufacturing-sector

ആണുങ്ങളുടെ തട്ടകമായിരുന്ന വാഹന നിര്‍മ്മാണ മേഖലയിലും സ്ത്രീശക്തിയുടെ തിളക്കം. ടൂ വിലര്‍ നിര്‍മ്മാണത്തില്‍ മുന്‍നിരക്കാരായ ഹീറോ, ബജാജ്, യമഹ എന്നീ കമ്പനികളുടെ വാഹന നിര്‍മ്മാണ യൂണിറ്റുകളില്‍ ഇന്ന് നല്ലൊരു ശതമാനവും സ്ത്രീകളാണ്. നിര്‍മ്മാണ യൂണിറ്റുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിച്ചതോടെ പ്രവര്‍ത്തനം മെച്ചപ്പെട്ടെന്നു മാത്രമല്ല തൊഴിലന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വന്നതായും കമ്പനികള്‍ പറയുന്നു. 

നേരത്തെ വാഹന നിര്‍മ്മാണ കമ്പനികളില്‍ പായ്ക്കിംഗ് തുടങ്ങി ചെറുജോലികള്‍ മാത്രമാണ് സ്ത്രീകള്‍ ചെയ്തിരുന്നത്. എന്നാല്‍ യമഹ കമ്പനി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് പിങ്ക് അസംബ്ലി ലൈന്‍ എന്ന പേരില്‍ സ്‌കൂട്ടര്‍ നിര്‍മ്മാണത്തില്‍ സ്ത്രീകളെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി തുടങ്ങിയതാണ് ഈ മേഖലയില്‍ മാറ്റത്തിന് തുടക്കമിട്ടത്. 200 സ്ത്രീകള്‍ ഈ പദ്ധതിക്കുകീഴില്‍ പരിശീലനം നേടി. മൂന്നു വര്‍ഷത്തെ പരിശീലനത്തിനു ശേഷം ഈ സ്ത്രീകള്‍ കമ്പനിയുടെ ഭാഗമാവുകയും ചെയ്തു. സ്‌കൂട്ടര്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നതും ഇത്തരമൊരു തീരുമാനത്തിന് കാരണമായി. യമഹ മോട്ടോര്‍ ഇന്ത്യ ചെയര്‍മാന്‍ നിരോകി ഫുജിതയുടെ വാക്കുകള്‍ ഇങ്ങനെ ' ഉത്തരേന്ത്യയിലെ സ്ത്രീകള്‍ ഫാക്ടറികളില്‍ ജോലി ചെയ്യില്ലെന്ന ധാരണ തിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. 
പിന്നോക്ക വിഭാഗങ്ങളില്‍നിന്നുളള സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും കുടുംബം പുലര്‍ത്താനും ഇതുവഴി അവസരമൊരുക്കാനായി ''. ഇന്ന് കമ്പനിയുടെ വിവിധ ഉല്‍പ്പാദന യൂണിറ്റുകളിലായി ആയിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. മാട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ കമ്പനിയാണ് യമഹ. 

സ്ത്രീകള്‍ നിര്‍മ്മാണ യൂണിറ്റില്‍ എത്തിയതോടെ തൊഴിലന്തരീക്ഷം ആകെ മാറിയതായി ബജാജ് ഓട്ടോ പ്രസിഡന്റ് എസ്.രവികുമാര്‍ പറയുന്നു. ബജാജ് ഓട്ടോയുടെ ചകന്‍ പ്ലാന്റ് സ്ത്രീശക്തിയുടെ ഒരു മോഡല്‍ പ്ലാന്റാണ്. ഇവിടെ ഡോമിനര്‍ 400, പള്‍സര്‍ 200 ബൈക്കുകള്‍ നിര്‍മിക്കുന്നത് പൂര്‍ണ്ണമായും സ്ത്രീകളാണ്. ഹീറോ കമ്പനിയാകട്ടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനായി പ്രെജക്റ്റ് തേജസ്വിനി എന്ന പേരില്‍ പ്രത്യേക പദ്ധതി തുടങ്ങിയിട്ടുമുണ്ട്. ഇത്തരം നീക്കങ്ങള്‍ സ്ത്രീകള്‍ക്ക് ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവരാന്‍ പ്രചോദനമാകുന്നുമുണ്ട്. 

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ വിവേചനം നിലനില്‍ക്കുന്നതായി രാജ്യത്തെ 72 ശതമാനം സ്ത്രീകളും കരുതുന്നതായി സമീപകാലത്ത് ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീസാന്നിധ്യം കുറയാന്‍ ഇത് കാരണമാകുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. വാഹന നിര്‍മ്മാണം ഉള്‍പ്പെടെ എല്ലാ മേഖലയിലും തുല്യ പരിഗണനയോടെ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുങ്ങുന്നത് രാജ്യത്തെ തൊഴില്‍ സംസ്‌കാരത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top