Apr 16, 2018
മോദി വീണ്ടും വിജയിക്കുമോ? മുന്നില്‍ 10 വെല്ലുവിളികള്‍
ഇന്ത്യന്‍ പ്രധാനമന്ത്രി കസേര തുടര്‍ച്ചയായി രണ്ടാം വട്ടവും അനായാസം നരേന്ദ്ര മോദിയുടെ കൈകളിലേക്ക് എത്തുമെന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് മോദി - അമിത് ഷാ കൂട്ടുകെട്ടിനു മുന്നില്‍ വെല്ലുവിളികള്‍ ശക്തമാകുന്നു
facebook
FACEBOOK
EMAIL
will_modi_win_again

പ്രൊഫ. ഉജ്വല്‍ കെ.ചൗധരി

ഇതുവരെ നരേന്ദ്ര മോദി അസാമാന്യ പ്രഭാവമുള്ള നേതാവ് തന്നെയാണ്. ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ലഹളകളിലൊന്നായ ഗോധ്ര കലാപത്തിനു ശേഷം തുടര്‍ച്ചയായി നാല് തവണ ഗുജറാത്തില്‍ മിന്നുന്ന വിജയം കൊയ്ത മോദി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഉറച്ച കാല്‍വെപ്പോടെ നടന്നുകയറി. അതിനുശേഷം രാജ്യത്തെ 21 സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിനു കീഴിലായി.

ഒറ്റ രാത്രി കൊണ്ട് ഇന്ത്യന്‍ കറന്‍സിയുടെ 86 ശതമാനവും വെറും കടലാസ് മാത്രമാക്കിയെങ്കിലും 'ഒരു രാജ്യം, ഒരൊറ്റ നികുതി' എന്ന മുദ്രാവാക്യത്തിന്‍ കീഴില്‍ അഞ്ച് സ്ലാബ് നികുതി സമ്പ്രദായവും ഓരോ ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗിനും ശേഷം നിരവധി മാറ്റങ്ങളും അവതരിപ്പിച്ചെങ്കിലും, ഇന്ത്യന്‍ ജിഡിപിയുടെ രണ്ടു ശതമാനം കുത്തിയൊലിച്ചുപോയെങ്കിലും മോദിയെ ജനങ്ങള്‍ ഇപ്പോഴും ഗെയിം ചേയ്ഞ്ചര്‍ എന്നു തന്നെയാണ് വിളിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി മോദി അജയ്യനാണ്.

എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര അനുകൂലമല്ല. മുഖ്യ പ്രതിപക്ഷ സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ഇതര പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയും മോദിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യ 2018ല്‍ തന്നെ പൊതു തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ നിഗമനം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍, ആ ജൈത്രയാത്ര തുടരാനും, പരാജയപ്പെട്ടാല്‍ കൂടുതല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാതിരിക്കാനും വേണ്ടി രാജ്യത്തെ 8-10 വലിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചെന്നിരിക്കും.
ആ സാഹചര്യത്തില്‍ മോദി - ഷാ കൂട്ടുകെട്ട് നയിക്കുന്ന ബിജെപിയുടെ അജയ്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊക്കെയാണ്.

1. സഖ്യകക്ഷികളുടെ വിട്ടുപോക്ക്

ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിവസേന അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിക്ക് പുറത്തു നിന്ന് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം ഉയര്‍ത്തികാട്ടിയ നേതാവാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ സാരഥി എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നായിഡു ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിട്ടത് ഒറ്റപ്പെട്ട സംഭവമായി തള്ളാനാകില്ല. വരും മാസങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രാദേശികവാദം ശക്തിപ്പെടാന്‍ തന്നെയാണ് സാധ്യത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങളെ കുറിച്ചെല്ലാം ഇപ്പോള്‍ നിശബ്ദത പുലര്‍ത്തുന്നുണ്ടെങ്കിലും 'സ്റ്റേറ്റ് ഫസ്റ്റ്' എന്ന കാര്യം വരുമ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. പഞ്ചാബില്‍ അകാലി ദള്‍ അസംതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു.

2. പ്രാദേശിക ശത്രുക്കള്‍ കൈകോര്‍ക്കുന്നു

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ബിജെപി വിരുദ്ധര്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന കാര്യമാണ്. പ്രാദേശിക തലത്തില്‍ പരസ്പരം കടിച്ചുകീറാന്‍ നിന്ന കക്ഷികള്‍ ബിജെപി എന്ന പൊതു ശത്രുവിനെതിരെ കൈകോര്‍ത്തപ്പോള്‍ വിജയം അവര്‍ക്കൊപ്പം നിന്നു. 2014 പൊതുതെരഞ്ഞെടുപ്പില്‍ യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 72ഉം ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ എസ്പി-ബിഎസ്പി -കോണ്‍ഗ്രസ് വിശാലസഖ്യം രൂപീകരിക്കപ്പെട്ടാല്‍ ഇവയില്‍ പകുതിയും ബിജെപിയുടെ കൈയില്‍ നിന്നുപോകും.

ആന്ധ്രയില്‍ കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഇതുപോലെ ഒരുമിക്കാന്‍ തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് പുതുമയുള്ള കാര്യമല്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ 1989ല്‍ വി പി സിംഗിനെ ഇതര കക്ഷികള്‍ സംയുക്തമായി പിന്തുണച്ച ചരിത്രമുണ്ട്. മോദിയുടെ എതിരാളികള്‍ പലതരത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കിയേക്കാം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഏകലക്ഷ്യത്തിനായി സംസ്ഥാന തലത്തിലോ പ്രാദേശിക തലത്തിലോ എങ്ങനെ വേണമെങ്കിലും അത് സംഭവിക്കാം.

3. ഉയര്‍ന്നു വരുന്ന 'സ്റ്റേറ്റ് ഫസ്റ്റ്' മുദ്രാവാക്യങ്ങള്‍

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കൊന്നു നോക്കൂ. അവിടെ എല്ലാ അര്‍ത്ഥത്തിലും ദേശീയ പാര്‍ട്ടിയെന്ന വിശേഷണത്തിന് അര്‍ഹമായ കോണ്‍ഗ്രസിന്റെ സാരഥി, മുഖ്യമന്ത്രി സിദ്ദരാമയ്യ സ്വന്തമായൊരു പതാക രൂപകല്‍പ്പന ചെയ്യുകയും ലിങ്കായത്തുകളെ പ്രത്യേക സമുദായമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളെ ഒരേ ചരടില്‍ കോര്‍ക്കുന്ന മന്ത്രം ഒരു പക്ഷേ സ്റ്റേറ്റ് ഫസ്റ്റാകും.

4. പ്രാദേശിക ഭരണകര്‍ത്താക്കള്‍ അത്യുത്സാഹത്തോടെ ബിജെപി വിരുദ്ധരാകുന്നു

മമത ബാനര്‍ജി, ചന്ദ്രശേഖര്‍ റാവു, മായാവതി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, നവീന്‍ പട്‌നായ്ക്ക് എന്തിനധികം ഉദ്ധവ് താക്കറെ വരെ ബിജെപി വിരുദ്ധരാകുന്ന കാഴ്ചയാണുള്ളത്. ബിജെപി 'ഇന്ത്യ ഫസ്റ്റ്' എന്ന മുദ്രാവാക്യം വെയ്ക്കുമ്പോള്‍ പ്രാദേശിക താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

5. തൊഴിലില്ലായ്മ, കാര്‍ഷിക പ്രക്ഷോഭം

ഒരു വര്‍ഷം പുതുതായി രണ്ട് കോടി പുതിയ തൊഴിലുകള്‍ എന്ന മോഹന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തട്ടിമുട്ടി 20 ലക്ഷം ജോലികള്‍ സൃഷ്ടിച്ചതായാണ് കണക്ക്. അതോടെ ആ അവകാശവാദം പൊളിഞ്ഞു. മാത്രമല്ല ഐറ്റി, റിയല്‍റ്റി, റീറ്റെയ്ല്‍ മേഖലകളില്‍ തൊഴിലുകള്‍ കുത്തനെ കുറയുകയും ചെയ്തു. മുംബൈയില്‍ കര്‍ഷകര്‍ നടത്തിയ ലോംഗ് മാര്‍ച്ചും മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭത്തിനു നേരെ നടന്ന വെടിവെപ്പും രാജസ്ഥാനിലെ കര്‍ഷക പ്രതിഷേധവുമെല്ലാം കാര്‍ഷിക അസ്വസ്ഥതകളിലേക്ക് ദേശീയ ശ്രദ്ധ തിരിയാന്‍ ഇടയാക്കിയിട്ടുണ്ട്. ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂട്ടിയുള്ള തുക താങ്ങുവിലയായി പ്രഖ്യാപിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാത്തതുമൊക്കെ കര്‍ഷകരുടെ രോഷം ആളിക്കത്തിക്കുന്നുണ്ട്.

6. സാമൂഹ്യ അസ്വാരസ്യങ്ങളും ന്യൂനപക്ഷ അക്രമങ്ങളും

വികസനം ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയുടെ പേരില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നടമാടിയ അതിക്രമങ്ങളില്‍ പ്രതികൂട്ടിലാണ്. ഗോവധ നിരോധനം, ഗോമാംസ നിരോധനം, ലൗ ജിഹാദ്, പത്മാവതി സിനിമയുടെ പേരിലുണ്ടായ വിവാദം തുടങ്ങി നിരവധി കാര്യങ്ങളാണ് സമൂഹത്തിലെ മതമൈത്രിയുടെ കടയ്ക്കല്‍ കത്തിവെച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യ, ദളിത് ആഘോഷങ്ങള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയവയെല്ലാം ഭരണാധികാരികള്‍ക്കെതിരായ രോഷം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. അതിനിടെ ജിഗ്നേഷ് മേവാനി, പഴയ പടക്കുതിരയായ പ്രകാശ് അംബേദ്കര്‍ എന്നീ ദളിത് നേതാക്കള്‍ ഉയര്‍ന്നു വന്നത് ദളിത് പ്രക്ഷോഭങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. മായാവതി - അഖിലേഷ് - ലാലു എന്നിവര്‍ അടുക്കുന്നതും ഇതിനോട് കൂട്ടിവായിക്കാം. കര്‍ഷകരുടെ അതൃപ്തി സിംഹഭാഗത്തോളം വരുന്ന പട്ടിക വര്‍ഗക്കാരെ പുതുതായി രൂപപ്പെടുന്ന അച്ചുതണ്ടിലേക്ക് അടുപ്പിക്കുന്നുണ്ട്.

7. വിദേശനയത്തിലെ വീഴ്ചകള്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍

മോദിക്ക് കീഴില്‍ ഇന്ത്യ നയതന്ത്ര രംഗത്ത് പല പരാജയങ്ങളും ഏറ്റുവാങ്ങിക്കഴിഞ്ഞു. ദോക് ലാം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല, വിദേശ രാജ്യങ്ങളില്‍ നിരന്തര സന്ദര്‍ശനം നടത്തിയെങ്കിലും ജപ്പാന്‍ ഒഴികെ വന്‍തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ സൈനികരുടെയും സാധാരണ ജനങ്ങളുടെയും ജീവനെടുക്കുന്നു.

8. നിഷ്‌ക്രിയാസ്തി, വളര്‍ച്ചാ വെല്ലുവിളികള്‍

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലെ നിഷ്‌ക്രിയാസ്തി ഒന്‍പത് ലക്ഷം കോടി രൂപയാണ്. മോദി അധികാരത്തിലേറുമ്പോള്‍ ഉണ്ടായതിന്റെ ഇരട്ടിയാണിത്. വിജയ് മല്യ, നീരവ് മോദി വിഷയങ്ങള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിലെ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങളെ പുറമേ കാണിക്കുന്നു. അതിനു പുറമേ രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ അധികാര കേന്ദ്രത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. ദാവോസില്‍ മൂഡീസുമായി ചേര്‍ന്ന് പി ആര്‍ ആക്റ്റിവിറ്റി നടത്തി രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ച് പോസിറ്റീവ് പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചെങ്കിലും യാഥാര്‍ത്ഥ്യം നേരെ തിരിച്ചാണ്.

9. മങ്ങുന്ന അഴിമതി വിരുദ്ധ പ്രതിച്ഛായ ഒപ്പം പ്രതിഭാരാഹിത്യവും

ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായൊരു മുദ്രാവാക്യമുണ്ട്. 'അവര്‍ ഇന്ദിരയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നമ്മള്‍ ദാരിദ്ര്യത്തെയും'. മോദി അതിനെ 'അവര്‍ മോദിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ ഞാന്‍ അഴിമതിയെയും' എന്നാക്കി. രാജ്യത്തിനു പുറത്തെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. ലോക്പാല്‍ നിയമം എവിടെയും എത്തിയില്ല, വാദ്രയ്‌ക്കെതിരെയോ 2ഏ സ്‌പെക്ട്രം ഇടപാടിലെ പ്രതികള്‍ക്കെതിരെയോ ആത്മാര്‍ത്ഥമായ നീക്കമുണ്ടായില്ല. റാഫേല്‍ ഇടപാടും സംശയത്തിലാണ്. എന്നാല്‍ അനാവശ്യമായ ഒട്ടനവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്തു.യാഥാര്‍ത്ഥ്യമെന്താണെന്നു വെച്ചാല്‍ സര്‍ക്കാര്‍ പ്രതിഭയില്‍ ദരിദ്രരുടെയും ഈഗോയില്‍ സമ്പന്നരുടെയും ഒരു കൂട്ടമായി പോയി എന്നതാണ്.

10. ബിജെപിയുടെ ആഭ്യന്തര വെല്ലുവിളികള്‍

പാര്‍ട്ടിക്കുള്ളിലും ബിജെപി മന്ത്രിമാര്‍ക്കുള്ളിലും അസ്വാരസ്യങ്ങളും തലപൊക്കുന്നുണ്ട്. അദ്വാനി - ജോഷി - സിന്‍ഹ ത്രയവും ശത്രുഘ്‌നന്‍ സിന്‍ഹയുമെല്ലാം എതിര്‍ അഭിപ്രായങ്ങള്‍ പരസ്യമായി പറയുമ്പോള്‍ അധികാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിക്കുന്നതാണ് കേന്ദ്ര മന്ത്രിമാരെ അതൃപ്തരാക്കുന്നത്. ഒരു കാലത്ത് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തിന് മോദിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സുഷമ സ്വരാജും രാജ്‌നാഥ് സിംഗും ഇന്ന് രാഷ്ട്രീയമായി നിസാരരായിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷം ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. തൊഗാഡിയ പാര്‍ട്ടിക്ക് പുറത്തായി. അമിത് ഷാ യുപി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ ചരടുവലിച്ചെന്ന
ആരോപണം വരെയുണ്ട്.

ബിജെപിയുടെ ശക്തി കോണ്‍ഗ്രസ്!

ബിജെപി വീണ്ടും ജയിച്ചാല്‍ അത് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ സഹായം കൊണ്ടാകും. വോട്ടിംഗ് മെഷീന്‍ കൃത്രിമവും തള്ളിക്കളയാനാകില്ല. മൂന്നു സംസ്ഥാനങ്ങളിലേയുള്ളൂ കോണ്‍ഗ്രസ് ഭരണം. പ്രസിഡന്റാണെങ്കില്‍ യുവാവാണ്. മതിയായ പരിചയ സമ്പത്തുമില്ല. ബിജെപി വിരുദ്ധ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനും അതിനെ നയിക്കാന്‍ മമതയെയോ മായാവതിയെയോ ചുമതലപ്പെടുത്താനും പാകത കോണ്‍ഗ്രസ് കാണിക്കണം. അത് കാണിക്കുമോയെന്നതാണ് ചോദ്യം.

പ്രൊഫ. ഉജ്വല്‍ കെ.ചൗധരി,
പേള്‍ അക്കാഡമി, സ്‌കൂള്‍ ഓഫ് മീഡിയ (ഡല്‍ഹി & മുംബൈ) മേധാവി

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top