സമ്പദ്‌രംഗം എപ്പോള്‍ മെച്ചപ്പെടും?
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അമാനുഷിക ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ നോട്ട് പിന്‍വലിക്കലിനു മുമ്പുള്ള തലത്തിലേക്ക് സാമ്പത്തികരംഗം തിരിച്ചെത്താന്‍ ഇനിയുമേറെ വര്‍ഷങ്ങളെടുക്കും
facebook
FACEBOOK
EMAIL
when-our-financial-crisiss-will-overcome-in-india

സംരംഭകര്‍ ഇപ്പോള്‍ എന്നോട് ഏറ്റവും കൂടുതല്‍ ചോദിക്കുന്ന ചോദ്യമാണ് 'സമ്പദ്രംഗം എപ്പോള്‍ മെച്ചപ്പെടും' എന്നത്.

സംരംഭകരുടെ കണ്ണില്‍ ഏറ്റവും പ്രാധാന്യമുള്ള ഈ ചോദ്യത്തിനുള്ള അനുയോജ്യമായ ഉത്തരം കണ്ടെത്തി നല്‍കാന്‍ ശ്രമിക്കുകയാണ് ഈ കോളത്തിലൂടെ.

സങ്കീര്‍ണമാണ് ഈ വിഷയമെങ്കിലും അത് സാധ്യമാകുന്നത്ര ലളിതമായും ചുരുക്കിയും ഈ കോളത്തിലൂടെ വിശദീകരിക്കാം.

ഒരു സമ്പദ്‌വ്യവസ്ഥയുടെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് ആ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (GDP). ഒരു പ്രത്യേകകാലയളവില്‍- സാധാരണ ഒരു വര്‍ഷം- ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് ജിഡിപി. ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച പ്രധാന സൂചകമാണ് ജിഡിപി വളര്‍ച്ചാ നിരക്ക്. യുഎസ്എ, യുകെ, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത രാഷ്ട്രങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാണ്. (0.5 മുതല്‍ രണ്ടു ശതമാനം വരെ വളര്‍ച്ച). മാത്രമല്ല സമയാസമയങ്ങളില്‍ സമ്പദ്‌മേഖലയില്‍ ഒരു സങ്കോചം അനുഭവപ്പെടുകയും ചെയ്യുന്നു.

തുടര്‍ച്ചയായ രണ്ടോ അതില്‍ കൂടുതലോ ത്രൈമാസ പാദത്തില്‍ ജിഡിപിയില്‍ ഇടിവ് (Negative growth) സംഭവിക്കുമ്പോള്‍ അതിനെ മാന്ദ്യം എന്നു വിളിക്കുന്നു.

എന്തൊക്കെയായാലും ഇന്ത്യയെ പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ വേഗത്തില്‍ വളരുന്നു. അവയുടെ സാമ്പത്തിക മേഖലയില്‍ സങ്കോചം അനുഭവപ്പെടുക അപൂര്‍വമായി മാത്രമാണ്. എന്നാല്‍ ഇന്ത്യയെ പോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ കൂടുമ്പോള്‍ ഒരു ബൂം എന്ന തോന്നലും വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ കുറയുമ്പോള്‍ മാന്ദ്യം എന്ന തോന്നലും ഉണ്ടാകും. 2012-2013 ല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വിസ്മയകരമായ വലിയ അളവില്‍ ഇടിവ് ഉണ്ടാവുകയും (അതായത് ജിഡിപി വളര്‍ച്ചാ നിരക്കില്‍ കാര്യമായ ഇടിവ്) തുടര്‍ന്നുള്ള ഏതാനും വര്‍ഷം ഇത് തുടരുകയും ചെയ്തു. എന്നാല്‍ 2014 ല്‍, ജിഡിപി കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍ മാറ്റം വന്നതിനാല്‍ ഈ സാമ്പത്തിക തകര്‍ച്ച ജിഡിപി സ്ഥിതിവിവര കണക്കുകളില്‍ പ്രതിഫലിച്ചില്ല.

ജിഡിപിയിലെ രീതിമാറ്റം

2004-05 മുതല്‍ 2011-12 വരെയുള്ള ജിഡിപി സ്ഥിതി വിവര കണക്കുകള്‍ കണക്കു കൂട്ടിയിരുന്നത് പഴയ രീതി ഉപയോഗിച്ചും 2012-13 മുതല്‍ ഇങ്ങോട്ട് കണക്കു കൂട്ടിയിരുന്നത് പുതിയ രീതി ഉപയോഗിച്ചുമാണ് എന്നാണ്.

പഴയ രീതിയെ അപേക്ഷിച്ച്, പുതിയ രീതി പ്രകാരം ജിഡിപിയില്‍ 2012-13 മുതല്‍ കാര്യമായ വര്‍ധന കണ്ടു തുടങ്ങി. 

ഇത് കൂടുതല്‍ നന്നായി വിശദീകരിക്കുന്നതിനായി ചാര്‍ട്ട് ഒന്നില്‍, രാജ്യത്തെ ദിനപത്രങ്ങളിലും മാസികകളിലും ടിവി ചാനലുകളിലും പ്രസിദ്ധീകരിച്ച 2003-04 നും 2013-14 നും ഇടയിലുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് നല്‍കിയിരിക്കുന്നു.

ഈ കണക്കുകളില്‍ നിന്ന്, ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായ 9.57 ശതമാനം 2006-07 ലും താഴ്ന്ന വളര്‍ച്ചാ നിരക്കായ 5.48 ശതമാനം 2012-2014 ലുമാണ് ഉണ്ടായിരിക്കുന്നതെന്ന് മനസിലാക്കാം.

ചാര്‍ട്ട് ഒന്നില്‍ കാണിച്ചിരിക്കുന്നതു പ്രകാരം, കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ സമ്പദ്‌മേഖല വളരെ മോശമായ പ്രകടനമായിരുന്നു എന്ന് പറയാന്‍ വയ്യ. 2013-14 ല്‍ വളര്‍ച്ച 6.54 ശതമാനത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

എന്നിരുന്നാലും ചാര്‍ട്ട് 1 ലെ ഈ സംഖ്യകള്‍ കണക്കുകൂട്ടാന്‍ രണ്ട് വ്യത്യസ്ത രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്. 2003-04 മുതല്‍ 2011-12 വരെയുള്ളത് കണക്കുകൂട്ടിയിരിക്കുന്നത് പഴയ രീതി വെച്ചാണ്.

2012-13, 2013-14 വര്‍ഷങ്ങളിലേത് പുതിയ രീതിവെച്ചും. അതുകൊണ്ടു തന്നെ അവ ഊതിപ്പെരുപ്പിച്ചവയാണ്. എല്ലാ കാലയളവിലെയും കണക്ക് പഴയ രീതി വെച്ച് കണക്കുകൂട്ടുകയാണെങ്കിലോ? 

അത് ചാര്‍ട്ട് രണ്ടില്‍ കാണിച്ചിരിക്കുന്നു. 2012-13 ലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുതിയ രീതി ഉപയോഗിച്ച് കണക്കാക്കിയിരുന്നത് ചാര്‍ട്ട് ഒന്നിലെ 5.48 ശതമാനത്തില്‍ നിന്ന് ചാര്‍ട്ട് 2 ല്‍ (പഴയ രീതിയില്‍ കണക്കാക്കിയിരിക്കുന്നത്) 4.47 ശതമാനമായി കുറഞ്ഞു.

2013-14 ലെ ജിഡിപി വളര്‍ച്ചാ നിരക്ക് ചാര്‍ട്ട് ഒന്നിലെ( പുതിയ രീതി പ്രകാരം കണക്കാക്കിയപ്പോള്‍) 6.54 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായും കുറഞ്ഞു.

ഇന്ത്യന്‍ സാമ്പത്തിക മേഖല 2008-09 ലെ വലിയ മാന്ദ്യത്തില്‍ നിന്ന് മോചനം നേടുകയും 2011-12 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ ബൂം പിരീഡായി മാറുകയും പിന്നീട് 2012-13 ലും 2013-14 ലും, മാന്ദ്യം എന്ന തോന്നലുളവാക്കുന്ന തരത്തില്‍ വലിയ തകര്‍ച്ച നേരിടുകയും ചെയ്തതായി ചാര്‍ട്ട് രണ്ടില്‍ നിന്ന് മനസിലാക്കാം.

2013-14 ന് ശേഷമുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പഴയ രീതി ഉപയോഗിച്ചുള്ള ജിഡിപി വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പുതിയ രീതി ശാസ്ത്രം ഉപയോഗിച്ച് കണക്കാക്കിയിരിക്കുന്ന 2012-13 മുതല്‍ 2016-17 വരെയുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് പരിശോധിക്കാം. അത് ചാര്‍ട്ട് മൂന്നില്‍ നല്‍കിയിരിക്കുന്നു.

രീതിശാസ്ത്രം മാറിയതിനെ തുടര്‍ന്ന് ചാര്‍ട്ട് രണ്ടിനെ അപേക്ഷിച്ച് ചാര്‍ട്ട് മൂന്നില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് കാര്യമായി വര്‍ധിച്ചിരിക്കുന്നതായി നമുക്ക് മനസിലാക്കാനാവും.

മറ്റു പല സാമ്പത്തിക എടുത്തുകാട്ടലുകളെയും പോലെ ജിഡിപി കണക്കുകളും കുറ്റമറ്റതല്ല. ഓരോ പുതിയ വിവരങ്ങളും വരുന്നതിനനുസരിച്ച് അത് പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നുവെച്ചാല്‍, ചാര്‍ട്ട് മൂന്നില്‍ കാണിച്ചിരിക്കുന്ന ഏറ്റവും പുതിയ ജിഡിപി സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ തന്നെ പുതുക്കും. അത് ഇന്നത്തേതിനേക്കാള്‍ താഴ്ത്തികാണിക്കാനാണ് സാധ്യത.

ഇത് ചാര്‍ട്ട് മൂന്നില്‍ വ്യക്തമാണ്. 2014-15 മുതല്‍ സാമ്പത്തിക മേഖല ചെറിയ തോതില്‍ മെച്ചപ്പെട്ടു വരികയും ഇപ്പോഴും പതുക്കെ വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ കണക്കുകളില്‍ വലിയ തോതിലുള്ള പെരുപ്പം കാണാനാകും. കണക്കാക്കുന്ന രീതി ശാസ്ത്രത്തില്‍ വന്ന മാറ്റമാണ് ഇതിന് കാരണം.

മുകളിലെ ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2008-09 ലെ വന്‍ മാന്ദ്യത്തിനു ശേഷം തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയുടെ കാലമായി അനുഭവപ്പെടുകയും 2012-13 ല്‍ കാര്യമായ ഇടിവ് സംഭവിക്കുകയും ചെയ്തതായി വ്യക്തമാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, 2016 നവംബറില്‍ കറന്‍സി പിന്‍വലിക്കല്‍ നടപടി ഉണ്ടാകുന്നതു വരെസാമ്പത്തിക രംഗം നേരിയ തോതില്‍ മെച്ചപ്പെട്ടു വന്നിരുന്നതായും കാണാം.

ഇക്കാലയളില്‍ ജനങ്ങളും ബിസിനസുകളും ഇവയൊക്കെ നേരിട്ട് അനുഭവിച്ചതുമാണ്.

അത് അര്‍ത്ഥമാക്കുന്നത്, സംരംഭകര്‍ 2009-10 മുതല്‍ 2011-12 വരെയുള്ള മൂന്നു വര്‍ഷം മികച്ച വളര്‍ച്ചയ്ക്ക് സാക്ഷിയാകുകയും പിന്നീട് 2012-13 മുതല്‍ 2016 നവംബറില്‍ കറന്‍സി പിന്‍വലിക്കല്‍ നടപടി ഉണ്ടാകുന്നതു വരെയുള്ള നാലര വര്‍ഷം മന്ദഗതിയിലുള്ള വളര്‍ച്ചയും (വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ച് മാന്ദ്യ സാഹചര്യം) നേരിട്ടു.

മൂന്നു വര്‍ഷത്തെ 'ബൂം' കാലയളവില്‍ പല സംരംഭകരും അവരുടെ ബിസിനസ് വ്യാപിപ്പിക്കുകയും ഭാവിയിലും വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കുറേ ബാങ്ക് വായ്പകള്‍ എടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള നാലര വര്‍ഷത്തെ മങ്ങിയ വളര്‍ച്ചാ കാലയളവില്‍, കറന്‍സി പിന്‍വലിക്കല്‍ നടപടി സാമ്പത്തിക മേഖലയെ പിടിച്ചുലച്ച സമയത്ത് മിക്ക വിപണികളിലും ഡിമാന്‍ഡിനേക്കാള്‍ കൂടുതല്‍ സപ്ലൈ ഉണ്ടായി.

കറന്‍സി പിന്‍വലിക്കലിനു ശേഷം

കറന്‍സി പിന്‍വലിക്കലിന്റെ സമയത്ത്, മിക്ക സംരംഭങ്ങളെയും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഭാഗമായി തരംതിരിക്കാന്‍ കഴിഞ്ഞു.

കാറ്റഗറി എ- മികച്ച കാഷ് ഫ്‌ളോയുള്ള ശക്തമായ ബിസിനസ് കാറ്റഗറി ബി- മോശമല്ലാത്ത കാഷ് ഫ്‌ളോയോടു കൂടിയ ശരാശരി ബിസിനസ് കാറ്റഗറി സി- നെഗറ്റീവ് കാഷ് ഫ്‌ളോയോടു കൂടിയ ദുര്‍ബലമായ ബിസിനസ്.

2016 നവംബറിലെ കറന്‍സി പിന്‍വലിക്കല്‍ നടപടി, തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ വിപണിയില്‍ ഡിമാന്‍ഡിന്റെ കടുത്ത സങ്കോചത്തിന് കാരണമായി.

2017 മെയ് മാസത്തോടെ വിപണി ഗണ്യമായ തോതില്‍ തിരിച്ചുവന്നെങ്കിലും കറന്‍സി പിന്‍വലിക്കല്‍ നടപടിക്ക് മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും എത്രയോ താഴെയായിരുന്നു അത്.

കുറേ മാസങ്ങളായി ഡിമാന്‍ഡില്‍ ഉണ്ടായ കടുത്ത സങ്കോചം കാറ്റഗറി 'സി' യില്‍ പെടുന്ന പല സംരംഭങ്ങളെയും അടച്ചു പൂട്ടലിലേക്ക് നയിക്കുകയും വന്‍തോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്തു.

ഈ കാലയളവില്‍ കാറ്റഗറി 'ബി'യില്‍ പെട്ട പല സംരംഭങ്ങളും ദുര്‍ബലപ്പെടുകയും അവ കാറ്റഗറി സി ബിസിനസായി മാറുകയും ചെയ്തു.

അത്ഭുതമെന്നു പറയട്ടെ കാറ്റഗറി 'എ'യില്‍ പെട്ട ബിസിനസുകളില്‍ പലതും മോശമല്ലാത്ത വില്‍പ്പന നേടുകയും കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള മാസങ്ങളില്‍ വളര്‍ച്ച നേടുകയും ചെയ്തു.

2017 ജൂലൈയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍, ക്ഷണികവും കടുപ്പം കുറഞ്ഞതുമാണെങ്കിലും, 2017 ജൂണിനും 2017 ഓഗസ്റ്റിനും ഇടയില്‍ ഡിമാന്‍ഡില്‍ വീണ്ടുമൊരു കുറവിന് കാരണമായി.

ഈ സങ്കോചത്തില്‍ നിന്ന് വിപണി കരകയറുകയും ആ നിലയില്‍ സ്ഥിരപ്പെടുകയും ചെയ്‌തെങ്കിലും ജിഎസ്ടിക്കു മുമ്പുള്ള സ്ഥിതിയേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു അത്.

ഡിമാന്‍ഡില്‍ ഉണ്ടായ ഈ ചെറിയ സങ്കോചം പല കാറ്റഗറി സി ബിസിനസുകളും അടച്ചു പൂട്ടാന്‍ കാരണമാകുകയും അത് കൂടുതല്‍ തൊഴിലില്ലായ്മയിലേക്ക് നയിക്കുകയും ചെയ്തു.

ഓരോ വിപണിയിലും സപ്ലൈയും ഡിമാന്‍ഡും തുല്യത പ്രാപിക്കുന്നതു വരെ അടുത്ത ആറ് മുതല്‍ 12 മാസം വരെ കാറ്റഗറി സി ബിസിനസുകളുടെ അടച്ചു പൂട്ടല്‍ തുടരും.

അമാനുഷികമായ ഒരു ശ്രമം ഉണ്ടായില്ലെങ്കില്‍ കറന്‍സി പിന്‍വലിക്കലിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ സാമ്പത്തിക മേഖല പിന്നെയും കുറേ വര്‍ഷങ്ങളെടുക്കും. അതേ പോലെ ഡിമാന്‍ഡ് വര്‍ധിക്കുമ്പോഴേക്കു തന്നെ, തൊഴില്‍രഹിതരായവര്‍ക്ക് പുതിയ ജോലി കണ്ടെത്തേണ്ടതുമുണ്ട്.

കറന്‍സി പിന്‍വലിക്കലിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാമ്പത്തിക മേഖല തിരിച്ചെത്തുന്നതിനു മുമ്പു തന്നെ, അവരവരുടെ വിപണികളില്‍ സപ്ലൈയും ഡിമാന്റും തുല്യതയിലെത്തുമ്പോള്‍ കാറ്റഗറി 'എ'യില്‍ പെട്ട കമ്പനികള്‍ക്ക് മികച്ച പ്രകടനം നടത്താനാകും.

അതുകൊണ്ട് സാമ്പത്തികമേഖല എപ്പോള്‍ മെച്ചപ്പെടും എന്ന, കാറ്റഗറി 'എ'യില്‍ പെട്ട സംരംഭകരുടെ ചോദ്യത്തിന് എന്റെ ഉത്തരം, തെറ്റായ ചോദ്യമാണ് അവര്‍ ചോദിക്കുന്നത് എന്നതാണ്.

അവര്‍ ചോദിക്കേണ്ടത് 'തങ്ങളുടെ വിപണിയില്‍ സപ്ലൈയും ഡിമാന്റും എപ്പോള്‍ തുല്യത പാലിക്കും' എന്നാണ്.

മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കാറ്റഗറി 'എ'യില്‍ പെട്ട കമ്പനികള്‍ മികച്ച വളര്‍ച്ചയുടെ ഘട്ടത്തിലും മാന്ദ്യകാലഘട്ടത്തിലും മികച്ച രീതിയില്‍ തന്നെ മുന്നോട്ടു പോകും.

വിപണിയില്‍ മാന്ദ്യം വരുമ്പോള്‍, താന്‍ നടത്തുന്നത് കാറ്റഗറി 'എ' കമ്പനി തന്നെയാണെന്ന് ഒരു സംരംഭകന് എങ്ങനെ മനസ്സിലാക്കാനാകും?

ബൂം ഉണ്ടാകുന്ന സമയത്ത് എന്ത് തീരുമാനം എടുക്കുന്നു എന്നതിനനുസരിച്ചാണ് ഓരോ കമ്പനികളും മാന്ദ്യ സമയത്ത് കാറ്റഗറി 'എ' അല്ലെങ്കില്‍ 'ബി' അല്ലെങ്കില്‍ 'സി' കമ്പനിയായി മാറുന്നത്.

ഈ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച് സംരംഭകര്‍ ജാഗ്രത കാട്ടേണ്ടതും വിപണിയില്‍ അടുത്ത ബൂം വരുമ്പോള്‍, പിന്നീടുള്ള മാന്ദ്യകാലത്ത് കാറ്റഗറി 'എ' ബിസിനസാണ് നടത്തുന്നതെന്ന് ഉറപ്പിക്കാനായി ശരിയായ തീരുമാനം എടുക്കാന്‍ ശ്രദ്ധിക്കുകയും വേണം. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top