May 15, 2018
ജീവിതത്തില്‍ വിജയിക്കാന്‍ സ്ത്രീകള്‍ എന്തെല്ലാം ചെയ്യണം
ജീവിതത്തിലും ബിസിനസിലും കരിയറിലും കരുത്താര്‍ജിക്കാന്‍ വേണ്ട പാഠങ്ങള്‍ പങ്കുവെച്ച് വിവിധ രംഗങ്ങളിലെ പ്രമുഖര്‍
facebook
FACEBOOK
EMAIL
what-should-women-do-to-succeed-in-life

സാമ്പത്തിക ശാക്തീകരണം പ്രധാനം
നിരുപമ റാവു,  മുന്‍ വിദേശകാര്യ സെക്രട്ടറി

സ്ത്രീകള്‍ എല്ലായ്‌പ്പോഴും ഉറച്ച ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉള്ളവരായിരിക്കണം. ഒപ്പം തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ശക്തിയുക്തം സ്ഥാപിക്കാനും കഴിയണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടേണ്ടത് സ്ത്രീ സമൂഹത്തിന്റെ ഒന്നായുള്ള മുന്നേറ്റത്തിന് അനിവാര്യമാണ്. അല്ലാത്തപക്ഷം സ്ത്രീകള്‍ പരിമിതികളുടെ തടവിലാണെന്ന ധാരണ അവര്‍ക്കുണ്ടാകും.

സ്ത്രീകളുടെ ശബ്ദം എല്ലാ കോണുകളിലും മുഴങ്ങിക്കേള്‍ക്കണം. അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങി ചെല്ലണം. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ ആകട്ടെ, നയരൂപീകരണത്തില്‍ സ്ത്രീകള്‍ സജീവ പങ്കാളികളാകണം. സ്ത്രീകള്‍ സാമ്പത്തികമായ സ്വാതന്ത്രം നേടുന്നതിനൊപ്പം തന്നെ അനീതിക്കെതിരെ ഉറക്കെ സംസാരിക്കുവാന്‍ ധൈര്യം ആര്‍ജ്ജിക്കുകയും വേണം.

മാവോ സെതുംങിന്റെ പ്രശസ്തമായൊരു ചൊല്ലുണ്ട്. ണീാലി ഒീഹറ ൗു ഒമഹള വേല ടസ്യ. വീടുകളില്‍ ഒതുങ്ങി കൂടുന്ന സ്ത്രീകളുടെ വൈദഗ്ധ്യവും നൈപുണ്യവും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഉല്‍പ്പാനക്ഷമമാക്കുന്നതിനെയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഈ ചൈനീസ് ചൊല്ല് തന്നെയാണ് സ്ത്രീ സമൂഹത്തോട് പറയാനുള്ളത്. ലോകം മുമ്പെന്നത്തേക്കാള്‍ ഏറെ കണക്റ്റഡ് ആണ്. പുറത്തേക്ക് വരൂ. സ്വന്തം കഴിവും ആത്മവിശ്വാസവും കൈമുതലാക്കി മുന്നേറൂ.

ഒരു ലീഡറുടെ ആകൃതി എന്താണ്?
അഞ്ജലി മേനോന്‍, പ്രശസ്ത സിനിമ സംവിധായിക, തിരക്കഥാകൃത്ത്

ഒരു ടീം ലീഡര്‍ക്ക് വേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണ്? പ്രിയ സംവിധായികയുടെ പ്രസംഗത്തിന് കാതോര്‍ത്തിരുന്ന സ്ത്രീ സംരംഭകരോട് അഞ്ജലി മേനോന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു. ക്രിയേറ്റിവിറ്റി, സ്ഥിരോത്സാഹം, കഠിനാധ്വാനം അങ്ങനെ പല ഉത്തരങ്ങള്‍ സദസില്‍നിന്നുയര്‍ന്നു. അപ്പോള്‍ വന്നു അടുത്ത ചോദ്യം. ഒരു ടീം ലീഡര്‍ക്ക് പ്രത്യേക ആകൃതി ഉണ്ടോ? (What is the shape of a leader?) ശരിക്കും അങ്ങനെയൊന്നുണ്ടോ എന്ന് ശങ്കിച്ചിരുന്നുപോയി പലരും. എന്നാല്‍ ആ ചോദ്യത്തിന് പിന്നിലെ വസ്തുതയെക്കുറിച്ചുള്ള അഞ്ജലിയുടെ വിശദീകരണം കാഴ്ചപ്പാടുകള്‍ ഒന്നാകെ മാറ്റിമറിക്കുന്നതായിരുന്നു. തന്റെ ജീവിതത്തിലെ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരാള്‍ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നത് അഞ്ജലിയുടെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ പതുക്കെ അടുത്തു വന്നു ചോദിച്ചു. താങ്കള്‍ അഞ്ജലി മേനോന്‍ അല്ലേ? അതെയെന്ന് മറുപടി. ഉടനെ വന്നു കമന്റ്; ഞാന്‍ അല്‍പ്പം കൂടി ഉയരമുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ച് നേരം കുഴങ്ങിപ്പോയെന്ന് അഞ്ജലി. ഒരു ടീം ലീഡറിന് പ്രത്യേകമായ ശാരീരിക ബൗദ്ധിക സവിശേഷതകള്‍ ഒന്നും ആവശ്യമില്ല. എന്നാല്‍ സമൂഹം ഒരു നേതാവിന് വേണ്ടതായ ചില സവിശേഷതകള്‍ നേരത്തേ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടിനനുസരിച്ച് മാറാന്‍ നമ്മില്‍ പലരും നിര്‍ബന്ധിതരാകുന്നു. ഈ പ്രവണതയെ നമ്മള്‍ ചെറുക്കണമെന്നും അഞ്ജലി പറഞ്ഞു.

മറ്റുള്ളവരുടെ കാഴ്ചപ്പാടിനനുസരിച്ച് മാറാന്‍ ശ്രമിക്കുമ്പോള്‍ നമ്മളെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്ന ഏതോ ഒരു ഗുണം നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ കാഴ്ചപ്പാടിനനുസരിച്ച് മാറുന്നത് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി തേടലാണ്. എന്നാല്‍ അതു നമ്മെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കെത്തിക്കുകയില്ല എന്നും അവര്‍ ഓര്‍മിപ്പിച്ചു.

കയ്യില്‍ കരുതാം 3C കള്‍
സുമതി ശ്രീനിവാസ്, ടൈ്വലൈറ്റ് ഗ്രൂപ്പ് സ്ഥാപക, സി.ഇ.ഒ

സ്ത്രീകള്‍ എല്ലായ്‌പ്പോഴും കൈയില്‍ കരുതേണ്ട മൂന്ന് ഇ കളുണ്ട്. Common sense (സാമാന്യ ബുദ്ധി), Competence (കാര്യക്ഷമത), Communication (ആശയവിനിമയം) എന്നിവയാണവ.

സംരംഭകരാകാന്‍ ഇറങ്ങി പുറപ്പെടുന്ന സ്ത്രീകള്‍ എവിടെ നിന്നും പ്രചോദനമോ പ്രോത്സാഹനമോ സഹാനുഭൂതിയോ പ്രതീക്ഷിക്കരുത്. അവയെല്ലാം നാം നമ്മുടെ ഉള്ളില്‍ നിന്നു തന്നെ വളര്‍ത്തിയെടുത്ത് മുന്നോട്ടു പോകണം. നമ്മുടെ കഴിവുകള്‍ നാം തിരിച്ചറിയണം. ആ തിരിച്ചറിവില്‍ നിന്ന് വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്ക്കണം. എന്നും നാം ചെയ്യുന്ന കാര്യങ്ങള്‍ അതേ പടി ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നാം അതിവേഗം മുന്നേറണമെന്നില്ല. അപ്പോള്‍ നമ്മുടെ നിത്യജീവിതത്തിലെ അപ്രധാനമായ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി വിലയിരുത്തണം. അപ്രധാനമായവയെ മാറ്റി അതിപ്രധാനമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നി മുന്നേറിയാല്‍ വലിയ ലക്ഷ്യങ്ങള്‍ കൈയെത്തിപ്പിടിക്കാനാകും.

സ്ത്രീകള്‍ ഒരിക്കലും തൊട്ടാവാടികളാകരുത്. ഒരിക്കല്‍ ഒരു മാളില്‍ ചെന്നപ്പോള്‍ ഞാന്‍ എഡിറ്റ് ചെയ്തിറക്കുന്ന മാഗസിന്റെ പേജു കീറി ക്ലീനിംഗ് ബോയ് വാതില്‍ ചില്ല് തുടച്ച് വൃത്തിയാക്കുന്നത് കണ്ടു. വല്ലാത്ത ഷോക്കായിരുന്നു ആ കാഴ്ച. പക്ഷേ ഇപ്പോള്‍ അത്തരം ഷോക്കില്‍ നിന്നെല്ലാം പുറത്തുകടന്നു. Be hard on yourself.

അതുപോലെ ജീവിതത്തില്‍ 'ചീ' പറയേണ്ട അവസരങ്ങളുണ്ടാകും. അപ്പോള്‍ അങ്ങനെ തന്നെ പറയണം. മറ്റൊരു സുപ്രധാനമായ കാര്യം ക്ഷമിക്കാനും ക്ഷമ ചോദിക്കാനും മടികാണിക്കരുത്. നല്ല ബന്ധങ്ങള്‍, ബിസിനസിലും ജീവിതത്തിലും വളര്‍ത്തിയെടുക്കുക. നമ്മള്‍ തന്നെയാകണം നമ്മുടെ ഏറ്റവും വലിയ പ്രേരക ശക്തിയും. മാത്രമല്ല നമ്മുടേതായ ഇടം ഉണ്ടാക്കിയെടുക്കണം. അത്തരത്തിലുള്ള സ്‌പേസ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

ശരാവതി നീന്തിക്കടന്ന കുരുമുളക് രാജ്ഞി
വിക്രം ശ്രീധര്‍, പെര്‍ഫോമന്‍സ് സ്റ്റോറി ടെല്ലര്‍, തിയേറ്റര്‍ പ്രാക്റ്റീഷനര്‍

നാല് ദശാബ്ദത്തിലധികം ഗെര്‍സോപ്പ എന്ന നാട്ടുരാജ്യം ഭരിച്ച ധീരയായ ഒരു രാജ്ഞിയുടെ രസകരമായ കഥ പറഞ്ഞാണ് വിക്രം തന്റെ സ്റ്റോറി ടെല്ലിംഗ് സെഷന്‍ ആരംഭിച്ചത്. ചെന്നഭൈരദേവി എന്ന ധീരയായ രാജ്ഞി എന്തുകൊണ്ടോ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങളില്‍ അര്‍ഹിക്കുന്ന ഇടം നേടാതെപോയി. ഗെര്‍സോപ്പയില്‍നിന്നു ശരാവതി നീന്തിക്കടന്ന് വന്നു പോര്‍ച്ചുഗീസുകാരുമായി കുരുമുളക് വ്യാപാരം നടത്തിയിരുന്നു അവര്‍. തന്റെ നീണ്ട മുടി മുകളില്‍ വരിഞ്ഞു കെട്ടി അതില്‍ കുരുമുളക് നനയാതെ സൂക്ഷിച്ചായിരുന്നു അവര്‍ നദി നീന്തിക്കടന്നത്. പോര്‍ച്ചുഗീസുകാര്‍ അവരെ 'പെപ്പര്‍ ക്വീന്‍' എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീ സമൂഹത്തെയൊന്നാകെ ആവേശം കൊള്ളിക്കുന്ന ഈ കഥ പക്ഷെ ഇന്ത്യക്കാര്‍ കേട്ടിട്ടില്ല ഇവിടെയാണ് വായ്മൊഴിയായി പറഞ്ഞിരുന്ന കഥകളുടെ പ്രസക്തി.

വിക്രമിന്റെ അഭിപ്രായത്തില്‍ കഥകള്‍. മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. കുട്ടിയായിരിക്കുമ്പോള്‍ കഥ ഒരു പുതിയ അറിവോ വിനോദമോ മാത്രമാണ്. കൗമാരപ്രായമെത്തുമ്പോള്‍ കഥകളുടെ വൈകാരിക വശമാണ് കൂടുതല്‍ സ്വാധീനിക്കുക. പിന്നീട് സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍, ഈ കഥകള്‍ നമ്മില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും.വായ്മൊഴിയായി കൈമാറ്റം ചെയ്തുവന്ന കഥകളും പാട്ടുകളും അത് ഏതു ഭാഷയിലുള്ളതുമാകട്ടെ നമ്മോട് ഒറ്റ കാര്യമേ പറയുന്നുള്ളു. പുറമെ എന്തു നടക്കുന്നു എന്ന് ചിന്തിച്ച് വിഷമിക്കേണ്ട. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നൃത്തം ചെയ്യൂ. നിങ്ങള്‍ക്ക് വേണ്ടി ചിരിക്കൂ.

റോബര്‍ട്ട് കെല്ലിയുടെ പാട്ടിലെ വരികള്‍പോലെ (I belive I can fly...) തന്നില്‍ത്തന്നെ ഉറച്ചു വിശ്വസിക്കുക. നമ്മുടെ ഉള്ളിലെ ശക്തിയെ തിരിച്ചറിയുക. ആ ശക്തിയില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കുക.
സുജാത മാധവ് ചന്ദ്രന്‍
(ഗ്ലോബല്‍ ഹെഡ്, അസറ്റ് സൊല്യൂഷന്‍സ് ഓഫ് A&I, TCS

പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. പിരിമുറുക്കങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ തനിക്കു ചുറ്റും ഒരു സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പടുക്കുക വളരെ അത്യാവശ്യമാണ്.
ലേഖ ബാലചന്ദ്രന്‍
(മാനേജിംഗ് ഡയറക്റ്റര്‍, റെസിടെക്)

ചെയ്യുന്ന ജോലി അതെന്തായാലും ഏറ്റവും മികച്ച രീതിയില്‍ ചെയ്തു തീര്‍ക്കുക. ജീവിതത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുക. മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അവയെ പിന്തുടരുകയും ചെയ്യുക. എന്നും ഒരു വിദ്യാര്‍ത്ഥിയായിരിക്കുക.
ശാലിനി ജെയിംസ്
(സ്ഥാപക, ലീഡ് ഡിസൈനര്‍, മന്ത്ര)

സ്വപ്‌നങ്ങളെ പിന്തുടരുക. ജീവിതത്തില്‍ എന്നെങ്കിലും അത് സാധ്യമാകും എന്ന് ഉറച്ച് വിശ്വസിക്കുക. ചെയ്യുന്ന ജോലിയെ അത്യന്തം സ്നേഹിക്കുക. steretoype റോളില്‍ നിന്ന് പുറത്തേക്ക് വരുക.
ഡോ. (അഡ്വ.) തുഷാര ജെയിംസ്
(ഗവണ്‍മെന്റ് പ്ളീഡര്‍, കേരള ഹൈകോര്‍ട്ട്)

നമുക്ക് ചുറ്റുമുള്ളവരെ, പ്രത്യേകിച്ചും നിരാലംബരായ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ പ്രാപ്തരാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ സാമൂഹ്യസേവനമാണ്
ദിവ്യ
(സ്ഥാപക, സിഇഒ, പേപ്പര്‍ ട്രെയില്‍)

ആത്മാര്‍ഥത, കാര്യക്ഷമത, ആത്മവിശ്വാസം എന്നീ കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്ന ജോലിയില്‍ പ്രതിഫലിച്ചാല്‍ ഒരു തരത്തിലുള്ള വിവേചനവും ജീവിതത്തില്‍ നേരിടേണ്ടി വരില്ല.
നീനു ജേക്കബ്
(സീനിയര്‍ വൈസ് പ്രസിഡന്റ്, സ്റ്റാര്‍ ടി വി)

ഒരു ബിസിനസ് ആരംഭിക്കാന്‍ പണം പ്രധാനമാണ് എന്ന് ചിന്തിക്കരുത്. പണം ബിസിനസിന്റെ ഒരു ബൈപ്രോഡക്ട് ആണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം പുറത്തിറക്കാന്‍ കഴിയുമെങ്കില്‍ പണം നമ്മെ തേടിയെത്തും.
അനുഭ സിന്‍ഹ
(മാനേജിംഗ് ഡയറക്ടര്‍, റെയ്സ് 3D ടെക്നോളജീസ്)

സ്ത്രീകള്‍ ജോലിസ്ഥലത്തായാലും പൊതുവേദിയിലായാലും തങ്ങള്‍ക്കു വേണ്ടുന്ന സ്പേസ് ഉപയോഗിക്കാറില്ല. എപ്പോഴും ഒരു കോണില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കും. മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടേതായ സ്പേസ് ഉപയോഗിക്കുക, നിവര്‍ന്ന് നില്‍ക്കുക, വ്യക്തമായി സംസാരിക്കുക.
ആര്‍ദ്ര ചന്ദ്രമൗലി
(സ്ഥാപക, മാനേജിംഗ് ഡയറക്റ്റര്‍, ഏക ബയോകെമിക്കല്‍സ്)

ജീവിതത്തിലെ നഷ്ടങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കി വളര്‍ത്തിയത്. ലഹരിക്കെതിരെ പോരാടാന്‍ എന്നെ പ്രചോദിപ്പിച്ചതും അതാണ്. ലോകത്തില്‍ ഒരു മാറ്റം കൊണ്ടുവരണം. അതിന് എല്ലാവരും ശ്രമിക്കണം.
ആനി റിബു ജോഷി
(ലഹരി വിരുദ്ധ പ്രവര്‍ത്തക)

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വിമെന്‍ മാനേജേഴ്‌സ് ഫോറം സംഘടിപ്പിച്ച 'വിമെന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് LIFE 2018' ആധാരമാക്കി തയ്യാറാക്കിയത്‌

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top