May 13, 2017
അനുഭവങ്ങള്‍ പാളിച്ചകള്‍-വാറന്‍ ബഫറ്റ് മനസ് തുറക്കുന്നു.
ഈ വര്‍ഷം നടന്ന 53ാമത് വാര്‍ഷികയോഗത്തില്‍ വാറന്‍ ബഫറ്റ് താന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബിസിനസില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശദമായി സംസാരിച്ചു.
facebook
FACEBOOK
EMAIL
warren-buffet-investment-tips-and-mantras

വാറന്‍ എഡ്വേര്‍ഡ് ബഫറ്റ്. ലോകത്തെ ഏതൊരു നിക്ഷേപകന്റെയും ആവേശം. റോള്‍മോഡല്‍. സമ്പന്നരുടെ പട്ടികയില്‍ ലോകത്ത് രണ്ടാംസ്ഥാനമുളള ഈ 86കാരന്റെ പക്കലുളള സ്വത്തിന്റെ മൂല്യം 787.7ബില്ല്യന്‍ യു.എസ് ഡോളര്‍ വരും.

എല്ലാ വര്‍ഷവും തന്റെ കമ്പനിയായ ബര്‍കഷൈര്‍ ഹതാവെയുടെ വാര്‍ഷികയോഗങ്ങളില്‍ ബഫറ്റ് മനസ് തുറക്കും. നിക്ഷേപകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ധനകാര്യ വിധഗ്ധരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയും.

ഈ വര്‍ഷം നടന്ന 53ാമത് വാര്‍ഷികയോഗത്തില്‍ വാറന്‍ ബഫറ്റ് താന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബിസിനസില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശദമായി സംസാരിച്ചു.

ഒപ്പം ഇന്ത്യയെക്കുറിച്ചും തന്റെ കമ്പനിയുടെ നട്ടെല്ലായ ഇന്ത്യാക്കാരനായ അജിത് ജെയിനിനെക്കുറിച്ചും ബഫറ്റ് പ്രതികരിച്ചു...

ഓഹരി നിക്ഷേപരംഗത്ത് വാറന്‍ ബഫറ്റിന്റെ വാക്കുകളള്‍ക്കായി ബിസിനസ് ലോകം കാതോര്‍ക്കാറുണ്ട്. വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കുതിക്കുമ്പോഴും കോര്‍പറേറ്റ് ലോകം ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന കാര്യത്തില്‍ ബഫറ്റിന് നിര്‍ബന്ധമുണ്ട്.

വിജയവഴി കാട്ടുന്ന ആയിരം പുസ്തകങ്ങളേക്കാള്‍ ധാര്‍മ്മികതയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന് വാറന്‍ ബഫറ്റ് ഉറപ്പിച്ചു പറയുന്നു. 86-ാംവയസിലും കമ്പനിയുടെ ദൈനംദിനയോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതില്‍ ബഫറ്റ് വീഴ്ച വരുത്താറില്ല.

ജീവിതം ആസ്വദിച്ച് ജീവിക്കണമെന്ന് വിശ്വസിക്കുന്ന ബഫറ്റ് തന്റെ ഇഷ്ടങ്ങളൊന്നും ആരോഗ്യത്തെക്കരുതി വേണ്ടെന്നു വയ്ക്കാറുമില്ല. കൊക്കകോളയുടെ ഏറ്റവുമധികം ഓഹരികളുളള ബഫറ്റ് കോളയുടെ ആരാധകന്‍ കൂടിയാണ്.

12 ഔണ്‍സിന്റെ അഞ്ചുബോട്ടില്‍ കൊക്കക്കോള താന്‍ നിത്യേനെ കുടിക്കാറുണ്ടെന്ന് ബഫറ്റ് തുറന്നു പറയുന്നു. ഇഷ്ടമില്ലാത്തത് കഴിച്ച് കൂടുതല്‍ ജീവിക്കുന്നതിനേക്കാള്‍ ഇഷ്ടമുളളത് കഴിച്ച് കുറച്ച് ജിവിക്കാനാണ് എനിക്കിഷ്ടം-ബഫറ്റ് നയം വ്യക്തമാക്കുന്നു.

ബഫറ്റിന് സംഭവിച്ച അബദ്ധങ്ങള്‍
----------------------------
ശരിയായ തീരുമാനം ശരിയായ സമയത്ത് എടുക്കുന്നകാര്യത്തില്‍ ലോകത്തെ അഗ്രകണ്യനാണെങ്കിലും ബിസിനസില്‍ ചില വന്‍ അബദ്ധങ്ങള്‍ തനിക്ക് സംഭവിച്ചിട്ടുണ്ടെന്ന് വാറന്‍ ബഫറ്റ് പറയുന്നു. ഗൂഗിളിന്റെയും വാള്‍മാര്‍ട്ടിന്റെയും ഓഹരികള്‍ വാങ്ങാന്‍ കഴിയാതിരുന്നതാണ് പ്രധാനം. ഗൂഗിളിനെ കൈവിട്ടു കളഞ്ഞതാണ് ഏറ്റവും വലിയ പരാജയം. വാള്‍മാര്‍ട്ടും ഗൂഗളും കൈയില്‍നിന്നുപോയ അവസരങ്ങളാണ്-ബഫറ്റ് പശ്ചാത്തപിക്കുന്നു. ആമസോണിന്റെ കാര്യത്തിലും സമാനമായ അബദ്ധമാണ് സംഭവിച്ചത്.

ആമസോണിന്റെ ഒരു ഷെയര്‍ പോലും ഞങ്ങള്‍ വാങ്ങിയില്ല. ആമസോണിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നുപോലും എനിക്ക് വ്യക്തമായിരുന്നില്ല. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോണിനോട് എനിക്ക് ബഹുമാനമേയുളളൂ. എന്നാല്‍ ഇത്തരത്തിലൊരു സര്‍വ്വീസിലൂടെ ഇത്രയധികം നേട്ടമുണ്ടാക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. അതിനാല്‍തന്നെ ആമസോണ്‍ ഓഹരി വാങ്ങിയതുമില്ല.

ബഫറ്റിന്റെ ഇന്ത്യന്‍ ബന്ധം
-----------------------
തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയുടെ സംഭവാനയുമുണ്ടെന്ന് വാറന്‍ ബഫറ്റ് പറയുന്നു. മറ്റാരുമല്ല, ബഫറ്റിന് ശേഷം ബര്‍കഷൈര്‍ ഹതാവെയുടെ അമരക്കാരനാകുമെന്ന് കരുതപ്പെടുന്ന ഇന്ത്യാക്കരനായ അജിത് ജെയിനിന്റെ സംഭാവനയെക്കുറിച്ചാണ് ബഫറ്റ് വാചാലനാകുന്നത്.

ഐ.ഐ.ടി ബിരുദധാരിയായ അജിത് ജെയിന്‍ 1985ലാണ് ബഫറ്റിനെ കണ്ടുമുട്ടുന്നത്. ബര്‍കഷൈര്‍ ഹതാവെയിലെ നിക്ഷേപകര്‍ അജിത് ജെയിനിനോട് നന്ദിയുളളവരാകണമെന്നാണ് ബഫറ്റ് പറയുന്നത്. കാരണം താനുള്‍പ്പെടെ മറ്റെല്ലാവരെയുംകാള്‍ കമ്പനിക്ക് ലാഭംസമ്മാനിച്ചത് അജിയ് ജെയിനാണ്.

കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ മാത്രം 15.3മില്ല്യണ്‍ യു.എസ് ഡോളറാണ് അജിത് ജെയിന്‍ കൈപ്പറ്റിയത്. ഇന്ത്യയോടും ഇന്ത്യാക്കാരോടും പ്രത്യേകം സ്‌നേഹം പുലര്‍ത്തുന്ന ബഫറ്റ് ബൗദ്ധികശേഷിയുടെ കാര്യത്തില്‍ ഇന്ത്യക്ക് വലിയ ഭാവിയാണുളളതെന്നും പ്രവചിക്കുന്നു.

ഐ.ഐ.ടിയില്‍നിന്നുളള ബിരുദധാരികളെ മാത്രമാണ് തന്റെ കമ്പനിയിലേക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന ബില്‍ഗേറ്റ്‌സിന്റെ വാക്കുകള്‍ ബഫറ്റ് ഓര്‍മിച്ചു. 

ലോകം ശ്രദ്ധിച്ച ബഫറ്റിന്റെ വാക്കുകള്‍.
-----------------------------------
ഭാവിയെക്കുറിച്ചുളള ചോദ്യത്തിന് വാറന്‍ ബഫറ്റിന്റെ മറുപടി ഇങ്ങനെ-ഞാന്‍ ഇന്ന് രാത്രി മരിച്ചാല്‍ നാളെ എന്റെ കമ്പനിയുടെ സ്റ്റോക് ഉയരുമെന്ന് ഞാന്‍ കരുതുന്നു. വിലയെന്നത് നിങ്ങള്‍ നല്‍കുന്നതാണ് മൂല്യമാകട്ടെ നിങ്ങള്‍ക്ക് ലഭിക്കുന്നതും. സല്‍പ്പേര് സമ്പാദിക്കാന്‍ വര്‍ഷങ്ങളെടുക്കുമ്പോള്‍ അത് നശിപ്പിക്കാന്‍ അഞ്ചു മിനിട്ട് മാത്രം മതി, ഇതെക്കുറിച്ച് ചിന്തിച്ചാല്‍ നിങ്ങള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ തുടങ്ങും. ഒരു മികച്ച കമ്പനി ന്യായമായ വിലയ്ക്ക് വാങ്ങുന്നതാണ് മികച്ച വിലയ്ക്ക് ന്യായമായ കമ്പനി വാങ്ങുന്നതിനേക്കാള്‍ നല്ലത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top