Mar 13, 2017
'സ്‌കൂളില്‍ മ്യൂസിക് ടീച്ചര്‍ എന്നെ എഴുതിത്തള്ളിയതാണ്'
പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഉള്ളിലിരുപ്പ്‌
facebook
FACEBOOK
EMAIL
usha-uthup

ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്? 

ഞാന്‍ ഒരു മോണിംഗ് പേഴ്‌സണ്‍ ആണ്. വെളുപ്പിന് മൂന്ന് മണിക്ക് ഉറങ്ങിയാലും അഞ്ചിന് എഴുന്നേല്‍ക്കും. ചായ കുടിച്ചശേഷം കുറച്ച് നേരം പ്രാര്‍ത്ഥിച്ച് നടക്കാന്‍ പോകും. കൊല്‍ക്കൊത്തയിലാണെങ്കില്‍ എന്റെ സുഹൃത്തുക്കളെയൊക്കെ കാണുന്നത് അപ്പോഴാണ്.

പ്രോഗ്രാമുകളോ യാത്രകളോ ഇല്ലാത്ത ദിവസം എങ്ങനെ ചെലവഴിക്കും?


എനിക്ക് കൊല്‍ക്കത്തയില്‍ ഒരു റെക്കോഡിംഗ് സ്റ്റുഡിയോ ഉണ്ട്, രാവിലെ അവിടെ പോകും. വീട്ടില്‍ തിരിച്ചുവന്ന് കുറച്ചു നേരം വായിക്കും, ടിവി കാണും. എല്ലാ സൗത്ത് ഇന്ത്യന്‍ ചാനലുകളും കാണും.

വായനയോ?

അത് മുടക്കാറില്ല. ഇപ്പോള്‍ കുറച്ചുനാളായി വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കുകയാണ് ചെയ്യുന്നത്. മൂന്ന് പ്രാവശ്യം വായിച്ച ആല്‍ക്കമിസ്റ്റാണ് ഇപ്പോള്‍ വായിക്കുന്നത്. അതിനൊപ്പം തന്നെ ഗോണ്‍ വിത് ദ് വിന്‍ഡും വായിക്കുന്നുണ്ട്. ലസ്റ്റ് ഫോര്‍ ലൈഫ് ഇപ്പോള്‍ തീര്‍ത്തതേയുള്ളു

മറ്റുള്ളവര്‍ക്ക് വിചിത്രം എന്ന് തോന്നാവുന്ന ഒരു ഇഷ്ടം?


എനിക്ക് തുണികള്‍ ഇസ്തിരിയിടാന്‍ വലിയ ഇഷ്ടമാണ്. അതെനിക്ക് ശരിക്കും ഒരു തെറാപ്പി പോലെയാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ മനസിനെ അലട്ടുമ്പോഴോ വല്ലാത്ത ക്ഷീണം തോന്നുമ്പോഴോ ഒക്കെ ഞാന്‍ ചെയ്യുന്നത് ഇതാണ്. എന്റെ വസ്ത്രങ്ങള്‍ ഇപ്പോഴും അയണ്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്.

ഇഷ്ടവേഷം ഇപ്പോഴും സാരി തന്നെയാണോ?

വീട്ടില്‍ ഞാന്‍ സല്‍വാറാണ് ഉപയോഗിക്കുന്നത്; നടക്കാന്‍ പോകുമ്പോഴും. വെസ്റ്റേണ്‍ വേഷങ്ങളോട് തീരെ താല്‍പ്പര്യമില്ല.

ആകെ എത്ര സാരികള്‍ സ്വന്തമായുണ്ട്?

ഞാന്‍ എണ്ണി നോക്കിയിട്ടില്ല. പല സാരികളും ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കുകയും ചെയ്യും.

 

വളകളുടെ കളക്ഷനോ?

പതിനായിരത്തില്‍ കൂടുതല്‍ കുപ്പിവളകളുണ്ട്.

ആദ്യമായി കിട്ടിയ പ്രതിഫലം?

ഒരു കാഞ്ചീപുരം സാരി. ചെന്നൈയില്‍ ആന്റിയുടെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോഴാണ് യാദൃച്ഛികമായി നയന്‍ ജെംസ് എന്ന നൈറ്റ് ക്ലബില്‍ പാടാന്‍ അവസരം ലഭിച്ചത്. ഒരാഴ്ച പാടിയതിന്റെ പ്രതിഫലമാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ കാഞ്ചീപുരം സാരി.

സ്ഥിരമായി താമസിക്കാന്‍ ഇഷ്ടമുള്ള സ്ഥലം?

കൊല്‍ക്കത്തയും കൊച്ചിയും തന്നെ. കൊച്ചി ശരിക്കും മാജിക്കലാണ്. എന്റെ മക്കള്‍ സണ്ണിയും അഞ്ജലിയും കൊച്ചിയില്‍ ജനിച്ചതുകൊണ്ട് ഈ നഗരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

 

ഏറ്റവും അടുത്ത സുഹൃത്ത്?

ഷീല ജാനകിരാമന്‍, സ്‌കൂള്‍ കാലം മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായ റോഷന്‍, പിന്നെ ഏഷ്യാനെറ്റിലെ ഡയാന സില്‍വസ്റ്റര്‍.

ഏറ്റവും കടുത്ത വിമര്‍ശകര്‍?

എന്റെ ഭര്‍ത്താവും മക്കളും. അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കും, എല്ലാ കാര്യങ്ങളോടും യോജിച്ചില്ലെങ്കിലും.

ആരാണ് ഹീറോ?

എന്റെ മകന്‍ സണ്ണി. പിന്നെ, പേരക്കുട്ടികള്‍. മദര്‍ തെരേസ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കുടുംബം എന്നും ഒരുമിച്ചുണ്ടാകും എന്ന് മദര്‍ പറയുമായിരുന്നു.

പാചകം ഇഷ്ടമാണോ ?

ഞാന്‍ ഒരു ഗംഭീര കുക്കാണ്. പക്കാ വെജിറ്റേറിയന്‍ ആണെങ്കിലും നോണ്‍ വെജ് വിഭവങ്ങള്‍ വളരെ നന്നായി ഉണ്ടാക്കും. സുശീല മാത്യു എന്ന ആന്റിയാണ് പഠിപ്പിച്ചത്. റെസിപ്പികളുടെ ഒരു പുസ്തകം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. എന്റെ ബ്‌ളാക്ക് ബൈബിള്‍ ഓഫ് കുക്കിംഗ്.

ഇനി സിനിമയില്‍ അഭിനയിക്കില്ലേ?

നല്ല റോള് കിട്ടിയാല്‍ തീര്‍ച്ചയായും.

എപ്പോഴും സ്വീകരിക്കുന്ന, വളരെ വ്യത്യസ്തമായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്?

സാരിക്കൊപ്പം ഞാന്‍ എപ്പോഴും ധരിക്കുന്നത് ചെരിപ്പല്ല, സ്‌നീക്കേഴ്‌സാണ്. നമ്മുടെ കംഫര്‍ട്ടാണ് ഫാഷനെക്കാള്‍ പ്രധാനം. പ്രോഗ്രാമുകള്‍ക്കായി പലപ്പോഴും മൂന്ന് മണിക്കൂറിലേറെ നില്‍ക്കേണ്ടിവരും. അപ്പോള്‍ ഷൂസാണ് കൂടുതല്‍ സൗകര്യം. പട്ടുതുണികള്‍ തയ്ച്ച് ചേര്‍ത്ത് ഭംഗിയാക്കിയ ഈ കാഞ്ചീപുരം ഷൂസാണ് എന്റെ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ്.

എപ്പോഴും വിലമതിക്കുന്ന ഒരു ജീവിതപാഠം?

പണത്തിന്റെ മൂല്യം. ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു. മൂന്ന് രൂപയാണ് ഒരു മാസത്തെ പോക്കറ്റ് മണി. 25 പൈസ പോലും കൂടുതല്‍ വേണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്യണം. അച്ഛന്റെ ഷൂസും ബാഡ്ജുമെല്ലാം പോളിഷ് ചെയ്താണ് എക്‌സ്ട്രാ പോക്കറ്റ് മണി നേടിയിരുന്നത്.

വ്യത്യസ്തമായ ശബ്ദത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ?

സംഗീതം എനിക്ക് ചേരില്ല എന്ന് സ്‌കൂളിലെ മ്യൂസിക് ടീച്ചറായ മിസ് സ്റ്റീവന്‍സണ്‍ എപ്പോഴും പറയുമായിരുന്നു. എന്നെ പാടാന്‍ അനുവദിക്കില്ല, പക്ഷെ, എന്റെ താല്‍പ്പര്യം കാരണം എന്തെങ്കിലും മ്യുസിക് ഇന്‍ട്രുമെന്റ് തന്നു മുറിയിലിരുത്തും. എങ്കിലും ക്ലാസില്‍ ഡെസ്‌കിലൊക്കെ താളം പിടിച്ച് റാഫിയുടെ പാട്ടുകള്‍ ഞാന്‍ പാടി തകര്‍ക്കുമായിരുന്നു.

മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

എന്റെ പാട്ടും സംസാരവും കേള്‍ക്കുന്നവര്‍ക്ക് തോന്നും എന്റെ ജീവിതം വളരെ ഈസിയാണെന്ന്. പക്ഷെ ഒരുപാട് കാര്യങ്ങള്‍ എന്നെ അലട്ടുന്നുണ്ട്, എങ്കിലും, ഒരു തരത്തിലും നെഗറ്റീവ് ആകാന്‍ എനിക്കിഷ്ടമല്ല, അതുകൊണ്ട് ഇതൊന്നും ആരും അറിയുകയുമില്ല.

വേദിയില്‍ നില്‍ക്കുമ്പോള്‍ ചിന്തിക്കുന്നതെന്ത്?

സ്റ്റേജ് താഴെയും ഓഡിയന്‍സ് വളരെ ഉയരത്തിലാണെന്നും ചിന്തിക്കും. അവരുടെ അടുത്തെത്താനാണ് ഞാന്‍ ശ്രമിക്കേണ്ടതെന്നും.

ഇന്നത്തെ ഗായകര്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?

ഒരു ഗായകനും ഗായികയും ഗാനത്തേക്കാള്‍ വലുതല്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top