May 13, 2017
റെഡ് സിഗ്നലുമായി ഐ.ടി കമ്പനികള്‍, ഗുഡ്‌ബൈ സന്ദേശം ഭയന്ന് ടെക്കികള്‍
കണ്ണഞ്ചിപ്പിക്കുന്ന ശമ്പളവും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി മിടുക്കരായ യുവാക്കളെ ആകര്‍ഷിച്ചിരുന്ന ഐ ടിമേഖലയുടെ തിളക്കം അവസാനിക്കുകയാണോ
facebook
FACEBOOK
EMAIL
unemployment-in-it-sector-in-india
കണ്ണഞ്ചിപ്പിക്കുന്ന ശമ്പളവും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി മിടുക്കരായ യുവാക്കളെ ആകര്‍ഷിച്ചിരുന്ന ഐ.ടിമേഖലയുടെ തിളക്കം അവസാനിക്കുകയാണോ.
 
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.ടി രംഗത്ത് തൊഴിലെടുക്കുന്നവരുടെ ഭാവി അത്ര ശുഭകരമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വദേശവല്‍ക്കരണ നടപടികളും ഓട്ടോമേഷനിലേക്ക് മാറാനുളള ഐ.ടികമ്പനികളുടെ തീരുമാനവുമെല്ലാം ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
 
രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിലെ പ്രമുഖ ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന, മലയാളികള്‍ അടക്കമുളള മൂവായിരത്തിലേറെ പേര്‍ക്കാണ് ജോലി നഷ്ടമായത്. ഈ വര്‍ഷം രാജ്യത്തെ പ്രമുഖ ഏഴ് ഐ.ടി കമ്പനികള്‍ 56,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കൂടി പുറത്തുവന്നതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകളിലും നെഞ്ചിടിപ്പ് ഉയുകയാണ്. 
 
ഗുഡ്‌ബൈ സന്ദേശങ്ങള്‍ നിത്യേനെ..
 
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുളള ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഐ.ടി മേഖല ഇപ്പോള്‍ നേരിടുന്നത്. നിത്യേനെ ജോലി നഷ്ടമാകുന്നവരുടെ ഗുഡ് ബൈ സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു.
 
ആരുടെയെല്ലാം ജോലി എപ്പോള്‍ നഷ്ടമാകുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതി. ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്‌നോളജീസ് ലിമിറ്റഡ്, യു.എസ് കമ്പനിയായ കോഗ്‌നൈസന്റ് ടെക്‌നോളജീസ്, ഡി.എക്‌സ്.എല്‍ തുടങ്ങിയ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ട് ചിലവു ചുരുക്കാന്‍ ശ്രമിക്കുന്നത്. ജിവനക്കാരുടെ എണ്ണം കുറച്ച് കമ്പനികല്‍ റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറുന്നതാണ് തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയ്ക്കുന്നത്.
 
പ്രവര്‍ത്തന മികവ് കുറഞ്ഞവരെ ഐ.ടി കമ്പനികള്‍ പിരിച്ചുവിടുന്നത് പുതിയ കാര്യമല്ലെന്നും ഈ വര്‍ഷവും ഇത്തരത്തില്‍ പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ടെന്നും കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഋഷികേശന്‍ നായര്‍ പറഞ്ഞു. പഴയ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ പുതിയവരെ നിയമിക്കുന്നുമുണ്ട്. ടെക്‌നോളജി മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍. എന്നാല്‍ ഓരോ കമ്പനികളും എത്രപേരെ പിരിച്ചുവിട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അക്കാര്യത്തില്‍ മറുപടി പറയേണ്ടത് അതത് കമ്പനികളാണെന്നും ഋഷികേശന്‍ നായര്‍ പറഞ്ഞു. 
 
പുതിയ അവസരങ്ങള്‍ കുറയും
 
ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതാദ്യമല്ലെങ്കിലും ഇപ്പോള്‍ ജോലി പോകുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ പ്രയാസമായിരിക്കുമെന്ന് ടെക്‌നോപാര്‍ക് മുന്‍ സി.ഇ.ഒ ഡോ.ജി വിജയരാഘവന്‍ പറഞ്ഞു. പിരിച്ചുവിടുന്നത് മികവില്ലാത്തവരെയാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത് പുതിയ അവസരങ്ങള്‍ കുറയ്ക്കും. ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കായി മാറിനില്‍ക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഡോ.വിജയരാഘവന്‍ പറഞ്ഞു. 
 
പുറത്താക്കപ്പെടുന്നത് സീനിയോരിറ്റി ഉളളവര്‍ 
 
ഇക്കുറി ജോലി നഷ്ടമായവരേറെയും സീനിയോരിറ്റി ഉളളവരാണ്. എട്ടു വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയം ഉളളവരും പ്രതിമാസം ഒരു ലക്ഷത്തിനുമേല്‍ ശമ്പളം പറ്റുന്നവരുമാണ് ജോലി പോയവരില്‍ ഏറെയും. കോഗ്‌നൈസന്റ് ടെക്‌നോളജീസ് അടുത്തിടെ, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വൊളന്ററി സെപ്പറേഷന്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ആയിരത്തിലേറെ പേര്‍ ജോലിയില്‍നിന്ന് മാറേണ്ടിവരുമെന്നാണ് സൂചന.
 
ഉയര്‍ന്ന ശമ്പളം നല്‍കേണ്ട ജീവനക്കാരുടെ എണ്ണം കുറച്ച് ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സിന് ഊന്നല്‍ നല്‍കാനാണ് കമ്പനികളുടെ നീക്കമെന്ന് ജീവനക്കാര്‍ പറയുന്നു. മികച്ച ശമ്പളം ഉറപ്പെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ ലോണുകള്‍ എടുത്തവരും നിക്ഷേപപദ്ധതികളുടെ ഭാഗമായവരുമെല്ലാം ഇതോടെ പ്രതിസന്ധിയിലാകും. 
 
ശമ്പളം കുറവ്, ഐ.ടികോഴ്‌സുകളുടെ ഡിമാന്റും ഇടിഞ്ഞു
 
വന്‍ ശമ്പളം സ്വപ്‌നംകണ്ട് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍സയന്‍സ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളുടെ കുത്തൊഴിക്കായിരുന്നു ഇതുവരെ. എന്നാല്‍ ഐ.ടി രംഗത്തെ അനിശ്ചിതാവസ്ഥയും കുറഞ്ഞ ശമ്പളവും ഇത്തരം കോഴ്‌സുകളുടെ ഡിമാന്റും ഇടിച്ചു. പല ഐ.ടി സ്ഥാപനങ്ങളും തുടക്കക്കാര്‍ക്ക് 6000 രൂപ മുതലാണ് ശമ്പളം നല്‍കുന്നത്.
 
ഇതോടെ കേരളത്തിലെ പല പ്രധാന സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകളിലും സീറ്റുകള്‍ കാലിയാണ്. അതേസമയം, ഐ.ടി സ്ഥാപനങ്ങള്‍ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പ്രവര്‍ത്തന മികവ് ഉറപ്പാക്കാനുളള നടപടികള്‍ മാത്രമാണ് സ്വീകരിച്ചുവരുന്നതെന്നും ഇന്‍ഫോസിസ് ്ഉള്‍പ്പെടെയുളള പ്രമുഖ കമ്പനികള്‍ അറിയിച്ചു
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top