Jun 11, 2018
നഷ്ടം കുമിഞ്ഞു കൂടി പൊതുമേഖലാ ബാങ്കുകൾ, പി.എൻ.ബി മുന്നിൽ
രണ്ടെണ്ണം മാത്രം വാർഷിക-നാലാം പാദ ഫലങ്ങളിൽ ലാഭം രേഖപ്പെടുത്തി
facebook
FACEBOOK
EMAIL
total-net-loss-of-public-sector-banks-topped-rs-87000-crore-in-fy18
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 87,357 കോടി രൂപയെന്ന് കണക്കുകൾ. വിവാദച്ചുഴിയിൽപ്പെട്ട പി.എൻ.ബിയാണ് നഷ്ടത്തിൽ ഏറ്റവും മുന്നിൽ. 
 
ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ, 19 ബാങ്കുകളുടെയും കൂടി നഷ്ടക്കണക്കാണിത്. രണ്ടെണ്ണം 
മാത്രം വാർഷിക-നാലാം പാദ ഫലങ്ങളിൽ ലാഭം കാണിച്ചു. 2016-17 സാമ്പത്തിക വർഷത്തിൽ എല്ലാ പൊതുമേഖലാ ബാങ്കുകളും കൂടി 474 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്.
 
ബാങ്കിംഗ് മേഖലയെ മാത്രമല്ല, രാജ്യത്തിൻറെ മൊത്തം  കോർപ്പറേറ്റ് മേഖലയുടെ പ്രകടനത്തെയും ഇത് കാര്യമായി ബാധിച്ചു. 'എസ് ആൻഡ് പി-ബി.എസ്.ഇ -500' ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തിയ ആദ്യ 10 കമ്പനികളിൽ ഒൻപതെണ്ണവും പൊതുമേഖലാ ബാങ്കുകളാണ് എന്നതാണ് ആശങ്കാജനകമായ വസ്തുത. ഇതിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് മാത്രമാണ് ബാങ്കിങ് മേഖലക്ക് പുറത്തുള്ള ഒരേയൊരു കമ്പനി. 
 
 
നീരവ് മോദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കുരുങ്ങിയ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നഷ്ടം 12,283 കോടി രൂപയാണ്. വാർഷിക നഷ്ടം 8,238 കോടി രൂപയായ ഐഡിബിഐ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 6,547 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുണ്ട്. 
 
ഇക്കാലയളവിൽ ഇന്ത്യൻ ബാങ്ക് 1,259 കോടി രൂപയും വിജയ ബാങ്ക് 727 കോടി രൂപയും ലാഭം രേഖപ്പെടുത്തി.
 
കിട്ടാക്കടത്തിനും ജീവനക്കാരുടെ വേതനത്തിനും വേണ്ടി കൂടുതൽ തുക നീക്കി വെയ്‌ക്കേണ്ടി വന്നതാണ് നഷ്ടം ഉയരാൻ കാരണമെന്നാണ് ബാങ്കുകളുടെ വിശദീകരണം. 
 
ഡിസംബർ 2017 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ മൊത്തം കിട്ടാക്കടം 8.31 ലക്ഷം കോടിയാണ്. റിസർവ് ബാങ്ക് ഇപ്പോൾ  പൊതുമേഖലാബാങ്കുകളിൽ 11 എണ്ണത്തിനെ  പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (PCA) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണിത്.  ആറു ബാങ്കുകൾ കൂടി ഈ ലിസ്റ്റിൽ ഉടൻ ഉൾപ്പെടുത്താൻ ആർബിഐ ആലോചിക്കുന്നുണ്ട്.        
 
നഷ്ടം ഉയർന്നതോടെ പാപ്പരത്ത നിയമത്തിന്റെ സഹായത്താൽ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ബാങ്കുകൾ. ആദ്യ പാദത്തിൽ 8000 കോടി രൂപ തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ്  പി.എൻ.ബി പ്രതീക്ഷിക്കുന്നത്. അതേസമയം, എസ്ബിഐ 30,000 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിൽ തിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top