May 15, 2018
ചിന്തിക്കൂ, പ്രവര്‍ത്തിക്കൂ ബിസിനസ് ഉടമയെ പോലെ
ഒരു കമ്പനിയുടെ ഓഹരി വാങ്ങുമ്പോള്‍ നമ്മള്‍ അതിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാകുകയാണ് ആ കമ്പനിയുടെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കുക
facebook
FACEBOOK
EMAIL
think-act-and-behave-like-a-business-owner

പൊറിഞ്ചു വെളിയത്ത്

കഴിഞ്ഞ അഞ്ചു വര്‍ഷം ഇക്വിറ്റി ഇന്‍വെസ്റ്റിംഗിനെ സംബന്ധിച്ചി ടത്തോളം അസാധാരണ കാലഘട്ടമായിരുന്നു. സ്‌റ്റോക്കില്‍ നിന്ന് നേട്ടമുണ്ടാക്കല്‍ അനായാസമാക്കിയ അനിതര സാധാരണമായ അവസരങ്ങള്‍ തുറന്നു വന്ന കാലം. ഇനി വരുംനാളുകള്‍ ഇതുപോലെ സമാന സാഹചര്യമായിരിക്കില്ല. സമീപഭാവിയില്‍ താരതമ്യേന കുറഞ്ഞ നേട്ടമായിരിക്കുമെന്ന വസ്തുത അംഗീകരിക്കാന്‍ യുക്തിസഹമായി ചിന്തിക്കുന്ന നിക്ഷേപകര്‍ തയാറാകണം. നിക്ഷേപത്തിനും സമ്പത്ത് ആര്‍ജ്ജിക്കുന്നതിനുമുള്ള ആകര്‍ഷകമായ വഴിയായി ഓഹരികള്‍ ഇനിയും തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. രാഷ്ട്രീയമായ വരുംവരായ്കകള്‍ക്കു അപ്പുറം നിക്ഷേപകര്‍ക്കു ഇന്ത്യയുടെ സ്വാഭാവിക വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിക്കാം. നമ്മുടെ രാഷ്ട്രീയക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ഇക്കോണമി നന്നായി കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യ കൂടുതല്‍ വേഗത്തിലും മെച്ചപ്പെട്ട സ്ഥിതിയിലും വലിപ്പത്തിലും വളര്‍ന്നേനെ എന്നത് വാസ്തവമാണ്.

എണ്ണയെ പേടിക്കണ്ട

ആഭ്യന്തര വിപണിയില്‍ ഡിമാന്റ് മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനകള്‍ ശക്തമാണ്. ഉല്‍പ്പാദനം വര്‍ധിച്ചു വരുന്നു. നിരവധി കമ്പനികള്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുകയാണ്. ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിള്‍ പുനരുജ്ജീവിക്കുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. മൈക്രോ ഇക്കോണമി മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുമ്പോഴും മാക്രോ ഇക്കോണമിയില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണ വില ഇന്ത്യന്‍ ജിഡിപി യില്‍ 0.5 -1 ശതമാനം സ്വാധീനം ചെലുത്തിയേക്കുമെന്ന് ചില കണക്കുകള്‍ സൂചന നല്‍കുന്നു. എന്നാല്‍ എണ്ണ വില വര്‍ധന ഒരു ഹ്രസ്വകാല പ്രതിഭാസമായിരിക്കും. ക്രൂഡിനെ ലോകം ഇനി മേലില്‍ അത്യധികമായി ആശ്രയിക്കില്ല. മാത്രമല്ല അടിസ്ഥാനപരമായി അതിന്റെ സാദ്ധ്യതകള്‍ ദുര്‍ബലവുമാണ്. സാങ്കേതിക മുന്നേറ്റത്തിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്, ഹരിത ഊര്‍ജ സ്രോതസുകളുടെ കാലമാണ് ഇനിയുള്ളത്.

നിയന്ത്രണം ഗുണം ചെയ്യില്ല

പുനഃക്രമീകരണത്തിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പന പട്ടികയില്‍ 300 ലേറെ മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളുണ്ട്. സെബിയുടെ റീ ക്ലാസിഫിക്കേഷന്‍ മാനദണ്ഡം പാലിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ നീക്കം. വാല്യു പിക്കിംഗിനുള്ള അവസരമാണിത്. പക്ഷേ അങ്ങേയറ്റം സെലക്ടീവായിരിക്കണമെന്നു മാത്രം. അധികാരികളും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ചെറു നിക്ഷേപകരെ സംരക്ഷിക്കാന്‍ ഒരുവശത്തു കാപ്പിറ്റല്‍ മാര്‍ക്കറ്റിനെ മൈക്രോ മാനേജ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തു പി സി ജൂവല്ലേഴ്‌സ് പോലുള്ള സ്റ്റോക്കുകളില്‍ അങ്ങേയറ്റത്തെ ഊഹക്കച്ചവടം നടക്കാന്‍ ഇടയാകും വിധത്തില്‍ യുക്തിഹീനമായി സൂചികയിലും F&O യിലും ഓഹരികള്‍ തെരഞ്ഞെടുക്കപ്പെടുന്നു എന്നത് അത്ഭുതകരമായ ഒരു കാര്യമാണ്.

ചെറു നിക്ഷേപകരുടെ നിക്ഷേപ അവസരങ്ങളും ട്രേഡിംഗ് സാധ്യതകളും നിരോധിച്ചുകൊണ്ട് അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യില്ല. മാര്‍ക്കറ്റിലെ ഗതിവിഗതികളെ അനുഭവിച്ചറിയാനും സ്വന്തം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പക്വത നേടാനുമുള്ള അവസരം കൂടിയാണ് ഇതുമൂലം ചെറുകിട നിക്ഷേപകര്‍ക്ക് നിഷേധിക്കപ്പെടുന്നത്.

 

ബിസിനസിന് സമാനമാകുക

സ്റ്റോക്ക് മാര്‍ക്കറ്റ് നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം തിരുത്തലുകള്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റിന്റെ അവിഭാജ്യ ഘടകമായി തുടരും. ഇക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല. ഓഹരി വിലയിലെ ചാഞ്ചാട്ടങ്ങള്‍ സ്വാഭാവികം ആണ് എന്നുള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടു പോവുക എന്നതല്ലാതെ. ഇക്വിറ്റി ഇന്‍വെസ്റ്റിംഗ് ഒരു ദീര്‍ഘകാല പ്രക്രിയയാണ്.

പോര്‍ട്ട് ഫോളിയോയിലെ സ്റ്റോക്കുകള്‍ ദീര്‍ഘകാലം മരവിച്ച സ്ഥിതിയില്‍ കിടന്നോ, മികച്ച പ്രകടനം കാഴ്ച വെയ്ക്കാതെയോ ചില അവസരങ്ങളില്‍ നിക്ഷേപകരുടെ ക്ഷമ പരീക്ഷിച്ചേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ മഹാനായ നിക്ഷേപകന്‍ ബെഞ്ചമിന്‍ ഗ്രഹാമിന്റെ ഈ ഉപദേശം ഓര്‍ക്കാം. ''നിക്ഷേപം കൂടുതല്‍ ബുദ്ധിപൂര്‍വ്വമാകുന്നത് അത് ബിസിനസിന് സമാനമാകുമ്പോളാണ്'' സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ മികച്ചൊരു പോര്‍ട്ട് ഫോളിയോ കെട്ടിപ്പടുക്കുന്നതില്‍ നിക്ഷേപകര്‍ ശ്രദ്ധയൂന്നുക. ബിസിനസുകളുടെ ഉടമകളാണ് തങ്ങളെന്ന് ചിന്തിക്കുക. കമ്പനിയുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top