May 03, 2018
റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി കേരളത്തില്‍ ഇനിയും വൈകും
കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് നിയമം രൂപീകരിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള നിയമം റദ്ദാക്കുകയാണ് ചെയ്തത്
facebook
FACEBOOK
EMAIL
the-real-estate-regulatory-authority-will-be-delayed-in-kerala

കേരള റിയല്‍ എസ്‌റ്റേറ്റ് (റെഗുലേഷന്‍ & ഡെവലപ്‌മെന്റ്) ആക്റ്റ് 2015 റദ്ദാക്കിയിട്ട് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനാവശ്യമായ പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തുകയോ പുതിയ അഥോറിറ്റിയെ നിയമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ റെറ നിയമം പാസാക്കുകയും അതിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക അഥോറിറ്റിയെ 
നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര റെറ നിലവില്‍ വരുന്നതിന് മുന്‍പുള്ള ആക്റ്റായതിനാലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2017 ജൂലൈയില്‍ അത് റദ്ദാക്കിയത്. നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയതോടെ ഫലത്തില്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനവും നിലക്കുകയായിരുന്നു.

റൂള്‍സുമില്ല, നിയമവുമില്ല

2017 മെയ് മാസത്തിലാണ് കേന്ദ്ര നിയമം നിലവില്‍ വന്നത്. ജൂലൈ മാസത്തില്‍ തന്നെ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അതിന്റെ റൂള്‍സ് കൊണ്ടുവരേണ്ടതായിരുന്നു. അത് ചെയ്യാതെ പകരം നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കുകയാണ് ഉണ്ടായത്. നിയമം പൂര്‍ണ്ണമായും റദ്ദാക്കാതെ അതില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ വരുത്താമായിരുന്നു. 'ഇതിലേക്കായി റൂള്‍സ് രൂപീകരിച്ചാല്‍ മതി. റൂള്‍സ് രൂപീകരിക്കാതെ തന്നെ കേന്ദ്ര നിയമപ്രകാരം അഥോറിറ്റിയെ നിയമിക്കാനും സര്‍ക്കാരിന് സാധിക്കും 'റെറയുടെ മുന്‍ ചെയര്‍മാനായ എസ്.അജയകുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിലേക്കായി പുതിയ ആക്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ടി വരുമെന്ന് ബില്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം കേരളത്തിനും ബാധകമായിട്ടുള്ള ഒന്നാണ്. എന്നാല്‍ സംസ്ഥാനമാണ് അതിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടത്. 'റൂള്‍സാണ് ഇതിലെ നിര്‍ണായകമായൊരു ഘടകം. അവയുടെ രൂപീകരണത്തില്‍ അല്‍പം കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പോരായ്മകള്‍ കൂടി കണക്കിലെടുത്ത് മികച്ച ഒരു നിയമം കേരളത്തില്‍ കൊണ്ടുവരാന്‍ സാധിച്ചേക്കും'' ക്രെഡായ്‌യുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായ എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. റെറക്കായുള്ള ചട്ടങ്ങളുടെ രൂപീകരണം, അഥോറിറ്റി ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവരുടെ നിയമനം, അപ്പലേറ്റ് അഥോറിറ്റിയുടെ രൂപീകരണം തുടങ്ങിയ നിരവധി നടപടി ക്രമങ്ങളാണ് ഇതിലേക്കായി സര്‍ക്കാര്‍ ഇനി പൂര്‍ത്തീകരിക്കേണ്ടത്.

കാലതാമസമുണ്ടാകും

റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറിയെ ഇടക്കാല റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയായി നിയമിച്ചിട്ടുണ്ട്. 'ആക്റ്റ് നടപ്പാക്കിയ പല സംസ്ഥാനങ്ങളിലും അതിന്റെ പോര്‍ട്ടല്‍ പോലും റെഡിയായിട്ടില്ല. കൂടാതെ അവിടത്തെ നിയമങ്ങളിലുണ്ടായിട്ടുള്ള പോരായ്മകളാണ് മറ്റൊരു വലിയ പ്രശ്‌നം' രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇടക്കാല അഥോറിറ്റി രൂപീകരിച്ച സാഹചര്യത്തില്‍ പൂര്‍ണ തോതിലുള്ള അഥോറിറ്റിയുടെ രൂപീകരണത്തിനും പ്രവര്‍ത്തനത്തിനും ഇനിയും കാലതാമസമുണ്ടായേക്കുമെന്നാണ് സൂചന. റെറ നിലവില്‍ വരുന്നത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതിനാല്‍ അത് ഇന്‍ഡസ്ട്രിക്കും ബില്‍ഡേഴ്‌സിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top