The Future is Now! വഴി മാറി നടക്കൂ, പുതിയ അവസരങ്ങളിലേക്ക്
ഡിസ്‌റപ്ഷന്‍ ഏവരും അല്‍പ്പം ഭയത്തോടെ നോക്കുന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്നത് അവസരങ്ങളുടെ വലിയ ലോകമാണ്
facebook
FACEBOOK
EMAIL
the-future-is-now-change-the-way-to-big-new-opportunities

1980 കളുടെ മധ്യത്തില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്തെ അമേരിക്കന്‍ ഭീമനായ അഠ&ഠ 2000ത്തില്‍ സെല്‍ഫോണ്‍ വിപണിയുടെ വലുപ്പമെന്തായിരിക്കുമെന്ന് പഠിക്കാന്‍ മക്കിന്‍സിയെ ചുമതലപ്പെടുത്തി. 15 വര്‍ഷം കൊണ്ട് ഒന്‍പത് ലക്ഷം മൊബീല്‍ ഫോണുകള്‍ വിറ്റഴിയുന്ന വിപണിയായി മാറുമെന്നായിരുന്നു മക്കിന്‍സിയുടെ കണ്ടെത്തല്‍. അത്രയും വലിപ്പം മാത്രം ആര്‍ജിക്കുന്ന വിപണിക്കായി വന്‍ നിക്ഷേപം നടത്തേണ്ടന്നായിരുന്നു ആ ബഹുരാഷ്ട്ര ഭീമന്റെ വിലയിരുത്തല്‍. എന്നാല്‍ സംഭവിച്ചത്എന്താണ്? 109 മില്യണ്‍ സെല്‍ഫോണുകളാണ് 2000ത്തില്‍ ലോകത്ത് വിറ്റഴിഞ്ഞത്. ലാന്‍ഡ് ഫോണില്‍ നിന്ന് മാറാന്‍ തയാറാകാതിരുന്ന അഠ&ഠ യുടെ ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ മാര്‍ക്കറ്റ് ഇല്ലാതെയുമായി!

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അഠ&ഠ യുടെ വിപണി കീഴ്‌മേല്‍ മറിക്കപ്പെട്ടുവെങ്കിലും പുതിയ ഒന്ന്, ഒരുപക്ഷേ നിലവിലുണ്ടായതിനേക്കാള്‍ ശക്തവും വിപുലവുമായ മറ്റൊരു വിപണി സൃഷ്ടിക്കപ്പെട്ടു.

ആ പുതിയ വിപണിയില്‍ ആരാണ് രാജക്കന്മാരായത്? പഴയ പ്രതാപികളോ, അതോ അവസരം കണ്ട് അതിവേഗം മുന്നോട്ട് വന്ന് മാറ്റങ്ങള്‍ക്കു മുമ്പേ ഓടിയവരോ? എന്താ സംശയം... പുതിയവര്‍ തന്നെ. അതിന് എന്താണ് കാരണം? നിലവില്‍ ഒരു മേഖലയില്‍ മുടിചൂടാമന്നന്മാരി വിലസുന്ന കമ്പനികളില്‍ പലതിനും പുതിയ മേഖലയില്‍ വന്‍ നിക്ഷേപം നടത്തല്‍ അത്ര ലളിതമായ കാര്യമല്ല. വിപണി പഠനം നടത്തണം, അവര്‍ക്ക് അനുയോജ്യമായ വിധം ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കണം. എന്നാല്‍ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ആദ്യമായി നടക്കുന്നവര്‍ക്ക് ഇത്തരമൊരു കെട്ടുപാടുകളേ ഇല്ല.

ഇതാണ് ഡിസ്‌റപ്ഷന്‍ ലോകത്തിന് നല്‍കുന്നഅവസരം. ഇനി വരുമെന്നു പറയുന്ന മാറ്റങ്ങള്‍ തന്നെ നമ്മുടെ നാട്ടില്‍ വരാന്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ തന്നെയെടുത്തേക്കാം. ചരിത്രത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ ഈ വിധം സംശയത്തോടെ നോക്കുന്നവര്‍ എന്നുമുണ്ടായിരുന്നു. 1995ല്‍ റോബര്‍ട്ട് മെറ്റകാഫ്, 1996ല്‍ ഇന്റര്‍നെറ്റ് അതിദയനീയമായി തകര്‍ന്നടിയുമെന്ന് പ്രവചിച്ചിരുന്നു. 1977ല്‍ കെന്‍ ഓസ്ലന്‍, ഒരു വീട്ടില്‍ ഒരു കംപ്യൂട്ടര്‍ എന്നത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണെന്നാണ് പറഞ്ഞത്. ഇവരാരും അറിവില്ലാത്തവരായിരുന്നില്ല. പക്ഷേ അവരുടെ നിഗമനങ്ങള്‍ അപ്പാടെ പാളിയെന്നതാണ് വാസ്തവം. അതായത് കാലാതീതമായി കാര്യങ്ങള്‍ കാണാന്‍ കഴിവുള്ളവര്‍ എന്നു നാം വിശ്വസിക്കുന്നവര്‍ക്ക് വരെ, ഭാവിയില്‍ നിലവിലുള്ളതിനെ അപ്പാടെ പിഴുതെറിഞ്ഞ് വരുന്നതിനെ മുന്‍കൂട്ടി കാണാന്‍ സാധിച്ചിട്ടില്ല.

എവിടെയാകും സുനാമി ആഞ്ഞടിക്കുക?

വരും കാലത്ത് ഏറ്റവും കൂടുതല്‍ കീഴ്‌മേല്‍ മറിക്കലിന് സാക്ഷ്യം വഹിക്കുന്നത് ഏത് രംഗമാകും? ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എനര്‍ജി ഈ രണ്ടു രംഗങ്ങളാകുമെന്നാണ് എന്റെ വിലയിരുത്തല്‍. ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിന്‍ ഇലക്ട്രിക് വെഹിക്ക്‌ളിന് വഴിമാറുകയാണ്. ഇതൊക്കെ നമ്മുടെ നാട്ടിലും കണ്‍മുന്നിലും വരാന്‍ അഞ്ചോ പത്തോ വര്‍ഷമെടുക്കുമെന്നു തന്നെ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും.


അടുത്തിടെ ഞാന്‍ ചൈനയില്‍ പോയിരുന്നു. അവിടെയൊരു ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണ ഫാക്റ്ററി സന്ദര്‍ശിച്ചു. ഏതാനും നാളുകള്‍ കൊണ്ട് അഞ്ച് മടങ്ങാണ് ഫാക്റ്ററി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത് 50 ലക്ഷം ബാറ്ററികളാണ്. വന്‍തോതിലുള്ള ഉല്‍പ്പാദനം മൂലം ലിഥിയം അയോണ്‍ ബാറ്ററികളുടെ വില പ്രതിവര്‍ഷം 17-20 ശതമാനം കുറയുന്ന പ്രവണതയാണുള്ളത്.


ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ഈ ബാറ്ററിയാണ്. മാത്രമല്ല മൊബീല്‍ ഫോണിലും സമാനമായ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ എന്ത് നടക്കുന്നു?

2030 നുശേഷം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കൂ എന്ന ലക്ഷ്യമാണുള്ളത്. 2023 ഓടെ ലോകത്തില്‍ മൊത്തം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാകുമെന്നാണ് കണക്കുകൂട്ടുന്നത്. 2028 ഓടെ ഇത് 80 ശതമാനമായി ഉയരും. ഇതിന് പലകാരണങ്ങളുണ്ട്. ലിഥിയം അയോണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. പ്രതിവര്‍ഷം 15 ശതമാനമെന്ന തോതില്‍ വില കുറഞ്ഞേക്കും. രണ്ടാമത്തെ സുപ്രധാന ഘടകം, ഇലക്ട്രിക് വാഹനങ്ങളുടെ മെയ്ന്റനന്‍സ് ചെലവ് വളരെ കുറവാണ്. ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിന്‍ ഉപയോഗിച്ചുള്ള വാഹനത്തില്‍ 2000 ചലന ഭാഗങ്ങളുണ്ടെങ്കില്‍ ഇലക്ട്രിക് വാഹനത്തില്‍ ഇത് 25 എണ്ണമേയുള്ളൂ. ഇത് മെയ്ന്റനന്‍സ് കോസ്റ്റ് കുത്തനെ കുറയാന്‍ ഇടയാക്കും. മൂന്നാമതായി ഇന്ധന ചെലവിലുള്ള വ്യത്യാസമാണ്. ഇപ്പോള്‍ തന്നെ ഒറ്റ ചാര്‍ജ്ജിംഗില്‍ 80 കിലോമീറ്ററോളം ഓടുന്ന ഇലക്ട്രിക് കാറുകള്‍ ചൈനയില്‍ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സമയവും കുറഞ്ഞിരിക്കുന്നു. ഈ മാറ്റം മുന്‍കൂട്ടി കണ്ട് ചൈനയുടെ റോഡരികില്‍, നമ്മുടെ നാട്ടില്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ക്ക് സമാനമായി, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളാണുള്ളത്. ടാക്‌സികള്‍ വരെ വഴി മധ്യേ ഇവയില്‍ നിന്ന് കുറഞ്ഞ സമയം കൊണ്ട് ആവശ്യത്തിന് ചാര്‍ജ് ചെയ്ത് യാത്ര തുടരുന്നു.

ഇന്ത്യയില്‍ സുസുകിയും തോഷിബയും രണ്ട് ബില്യണ്‍ യെന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മാണ ഫാക്ടറിക്കായി നിക്ഷേപിക്കുന്നു. ഇതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ വന്‍കിട ഫാക്റ്ററികളാണ് സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയിലെല്ലാം ഉല്‍പ്പാദനം ആരംഭിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ വിലപിന്നെയും താഴും.

ഏറ്റവും പുതിയ ലിഥിയം അയോണ്‍ ബാറ്ററി കാര്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ഓടും. ഈ ബാറ്ററി ഒരു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാനുമാകും. അതായത് വെറും 20 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ കാറോടിക്കാം.

ഊര്‍ജ മേഖലയില്‍ എന്തു സംഭവിക്കും?

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രംഗത്തെന്ന പോലെ കീഴ്‌മേല്‍ മറിക്കലിന് സാക്ഷ്യം വഹിക്കുന്ന മറ്റൊരു രംഗമാകും ഊര്‍ജോല്‍പ്പാദന മേഖല. 2022 ഓടെ സൗരോര്‍ജ ഉല്‍പ്പാദനം 100 ഗിഗാവാട്ട് ആക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്നത്. ആ ലക്ഷ്യം നിശ്ചയിച്ച കാലത്ത് പലരും നെറ്റി ചുളിച്ചു. ഇത് നടക്കാന്‍ പോകുന്നില്ലെന്ന് അവര്‍ കരുതി. ഇന്നത്തെ സ്ഥിതിയെന്താ? ആ ലക്ഷ്യം നാം മറികടന്നു. സോളാര്‍ എനര്‍ജിയില്‍ കുറേക്കൂടി വലിയൊരു ലക്ഷ്യം നിശ്ചയിക്കാനൊരുങ്ങുകയാണ് രാജ്യമിപ്പോള്‍.

നിലവില്‍ സോളാര്‍ എനര്‍ജി സംഭരിച്ചു വെയ്ക്കുന്നതിനുള്ള ബാറ്ററിയുടെ വിലയും ആയുസുമൊക്കെയാണ് പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ ലിഥിയം അയോണ്‍ ബാറ്ററിയുടെ വില കുറയുകയും സംഭരണ ശേഷി ഉയരുകയും ചെയ്യുമ്പോള്‍ അത്തരം ബാറ്ററികള്‍ സോളാര്‍ പ്ലാന്റുകളില്‍ സര്‍വസാധാരണമാകും. ഓരോ വീടും ഓരോ ഊര്‍ജ്ജോല്‍പ്പാദക കേന്ദ്രങ്ങളായി മാറും. നമ്മുടെ ഇപ്പോഴത്തെ വൈദ്യുതി വിതരണ സമ്പ്രദായവും വൈദ്യുതി ബോര്‍ഡും ഇല്ലാതാവുന്ന കാലം വരുമെന്ന് ചിന്തിച്ചാലും അധികമാവില്ല. എന്തായാലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകള്‍ സോളാര്‍ എനര്‍ജിയുപയോഗിച്ച് ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ഥിതി വന്നേക്കാം. ഇപ്പോള്‍ തന്നെ പരമ്പരാഗത ഊര്‍ജോല്‍പ്പാദക കമ്പനികളെ സോളാര്‍ എനര്‍ജി കീഴ്‌മേല്‍ മറിച്ചു കഴിഞ്ഞു. ഉയര്‍ന്ന നിരക്കുള്ള ഊര്‍ജ്ജം വാങ്ങാന്‍ ഉപഭോക്താക്കളുണ്ടാകില്ല. ഇപ്പോള്‍ തന്നെ താപവൈദ്യുത നിലയങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നാളെ അവയില്‍ പലതും അടച്ചുപൂട്ടും.

എന്താണ് അവസരം?

ഭാവിയില്‍ ഈ രണ്ടു രംഗങ്ങളിലും എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണ് വിവരിച്ചത്. ഇതിലൂടെയുണ്ടാകുന്ന നഷ്ടങ്ങളെയല്ല സംരംഭകരും തൊഴില്‍ അന്വേഷകരും കാണേണ്ടത്. മറിച്ച് അവസരങ്ങളെയാണ്. വന്‍കിട കമ്പനികള്‍ക്ക് പുതിയ മേഖലയിലേക്ക് അതിവേഗ ചുവടുമാറ്റം സാധ്യമാകണമെന്നില്ല. എന്നാല്‍ പുതുതലമുറ സംരംഭകര്‍ക്ക് നാളത്തെ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് ഇന്നേ തുടക്കമിടാം. നമ്മുടെ നാട്ടിലെ റോഡുകളില്‍ ഇ റിക്ഷകള്‍, നിലവിലെ ഓട്ടോറിക്ഷകളെ മാറ്റുന്ന കാലം അധികം ദൂരെയല്ല. ഇന്നിപ്പോള്‍ 80 കിലോമീറ്റര്‍ ഓടാന്‍ എട്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്യണം. എന്നാല്‍ പുതിയ ബാറ്ററികള്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ പരമാവധി ഒരു മണിക്കൂറെ എടുക്കൂ. ബാറ്ററികളുടെ ഭാരവും കുറയുകയാണ്.

ഓട്ടോമൊബീല്‍, എനര്‍ജി മേഖലകളില്‍ മാത്രമായി ഈ കീഴ്‌മേല്‍ മറിക്കലുകളുടെ പ്രഭാവം ഒതുങ്ങി നില്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാനും ചിന്തിക്കാനും സംരംഭകരും തൊഴില്‍ അന്വേഷകരും തയാറായാല്‍ വരാനിരിക്കുന്ന സുനാമിയെ അതിജീവിക്കാം.

എന്താണ് സംഭവിക്കാന്‍ പോകുന്നത്?

ഇലക്ട്രിക് കാറുകള്‍ നിരത്തുകള്‍ കീഴടക്കുന്ന കാലം വിദൂരമല്ല. ഇതോടൊപ്പം ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകളും ഓടിത്തുടങ്ങി. അപ്പോള്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത്.

ആദ്യമായി നമ്മുടെ നാട്ടിലെ പെട്രോള്‍, ഡീസല്‍ പമ്പുകളുടെ സ്ഥാനത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പാതയോരങ്ങള്‍ കൈയടക്കും.

ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിനുള്ള വാഹനങ്ങള്‍ വലിയ വില കൊടുത്ത് ആളുകള്‍ വാങ്ങില്ല. പകരം ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി കുത്തനെ ഉയരും.

പരമ്പരാഗത മെക്കാനിക്കല്‍ എന്‍ജിനീയറിംഗും മറ്റും കഴിഞ്ഞിറങ്ങുന്ന എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയും. വാഹനങ്ങളുടെ എന്‍ജിനും പ്രവര്‍ത്തന രീതിയും എല്ലാം മാറുന്നതാണ് കാരണം.

ഡ്രൈവര്‍ലെസ് കാറുകള്‍ നിരത്തില്‍ വരുന്നതോടെ കാര്‍ സ്വന്തമായി വാങ്ങുന്നവരുടെ എണ്ണം കുറയും. സ്വന്തമായി വാഹനമുള്ളവര്‍ തന്നെ അത് സ്വന്തം ആവശ്യത്തിനു ശേഷം വാടകയ്ക്ക് നല്‍കുന്ന പ്രവണതയും കൂടും. ഇതോടെ നിരത്തില്‍ 40 ശതമാനം വാഹനങ്ങള്‍ കുറയും.

എണ്ണയുല്‍പ്പാദക രാജ്യങ്ങളെയും എണ്ണ കമ്പനികളെയും ഈ മാറ്റം വല്ലാതെ പിടിച്ചുലയ്ക്കും.

എണ്ണ കമ്പനികളിലെ തൊഴില്‍ സാധ്യതകളെയും ബാധിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്നതോടെ ഓട്ടോമൊബീല്‍ രംഗത്തെ പരമ്പരാഗത കമ്പനികളില്‍ പലതിന്റെയും പ്രസക്തി നഷ്ടമാകും. ഓട്ടോ പാര്‍ട്‌സ് നിര്‍മാണ കമ്പനികളില്‍ പലതും അപ്രസക്തമാകും. ഗിയര്‍ വീല്‍, റേഡിയേറ്റര്‍, സ്റ്റിയറിംഗ് റോഡ് നിര്‍മാണ കമ്പനികള്‍ക്ക് വിപണി തന്നെ നഷ്ടമാകും. ഇത്തരം കമ്പനികള്‍ അടച്ചു
പൂട്ടേണ്ടി വരും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top