Mar 16, 2016
യുക്തിപരമായ പുനര്‍ഘടനയിലേക്കുള്ള കാല്‍വെപ്പ്
ഫിനാന്‍സ് ബില്ലിലെ നികുതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച ചില സുപ്രധാന ഭേദഗതികള്‍
facebook
FACEBOOK
EMAIL
test

അഡ്വ. ഷെറി സാമുവല്‍ ഉമ്മന്‍

ഇന്ത്യാ ചരിത്രത്തില്‍ 2016ലെ കേന്ദ്ര ബജറ്റ് ചില പ്രത്യേക ഘടകങ്ങള്‍ കൊണ്ട് സവിശേഷ പ്രാധാന്യം നേടുന്നുണ്ട്. യുക്തിപരമായ ചില പുനര്‍ഘടനയിലേക്കും ലളിതമായ ചില ചട്ടങ്ങളിലേക്കുമുള്ള ചുവടുവെപ്പെന്ന രീതിയിലാണിത്. നികുതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ 2016ലെ ഫിനാന്‍സ് ബില്ലിലെ ചില സുപ്രധാന ഭേദഗതികള്‍ ഇവയൊക്കെയാണ്.

പേഴ്സണല്‍ ഇന്‍കം ടാക്സ്

 • വ്യക്തികള്‍ക്കുള്ള വരുമാന നികുതി നിരക്കില്‍ മാറ്റമില്ല. എന്നാല്‍ ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ള നികുതി ദായകരുടെ സര്‍ചാര്‍ജ് 15 ശതമാനമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 12 ശതമാനമായിരുന്നു.
 • പ്രതിവര്‍ഷം പത്ത് ലക്ഷത്തിനുമേല്‍ ഡിവിഡന്റ് ലഭിക്കുന്നവരുടെ കൈയില്‍ നിന്ന് 10 ശതമാനം നികുതി ഈടാക്കും. കമ്പനികള്‍ നല്‍കുന്ന ഡിവിഡന്റ് ടാക്സിന് പുറമെയാണിത്.
 • അഞ്ചു ലക്ഷത്തില്‍ താഴെ വരുമാനമുള്ള നികുതി ദായകര്‍ക്കുള്ള ഇളവ് 5,000 രൂപയാക്കി. നിലവില്‍ ഇത് 2,000 രൂപയായിരുന്നു.
 • സ്വര്‍ണ നാണ്യ പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശയ്ക്ക് നികുതി ഒഴിവാക്കി.
 • തൊഴിലുടമയില്‍ നിന്ന് വീട് വാടക അലവന്‍സ് ലഭിക്കാത്ത നികുതി ദായകരായ ജീവനക്കാര്‍ക്ക് അവര്‍ നല്‍കുന്ന വീട്ടുവാടകയിലുള്ള പ്രതിവര്‍ഷ കിഴിവ് നിലവിലെ 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി.
 • ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 35 ലക്ഷം രൂപ വരെയുള്ള വായ്പയുടെ പലിശയ്ക്ക് പ്രതിവര്‍ഷം 50,000 രൂപ അധിക ഇളവ് ലഭിക്കും. വീടിന്റെ വില 50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഭവന വായ്പയുടെ പലിശയില്‍ രണ്ടു ലക്ഷം രൂപ വരെ കിഴിവ് നേടാന്‍, വീട് നിര്‍മിക്കാനോ സ്വന്തമാക്കാനോ ഉള്ള കാലപരിധി മൂന്നു വര്‍ഷം എന്നതില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി.
 • ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം 2016 പ്രകാരം വെളിപ്പെടുത്താത്ത വരുമാനത്തിന് 45 ശതമാനം നികുതി ഈടാക്കും. ഇത്തരത്തില്‍ നികുതി വിധേയമാക്കിയാല്‍ വെല്‍ത്ത് ടാക്സില്‍ നിന്നും വിവിധ ചട്ടങ്ങള്‍ പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് മുക്തമാക്കപ്പെടും.

 

സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട നികുതി നിര്‍ദേശങ്ങള്‍

 • സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിഗത നികുതിദായകരുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കാപ്പിറ്റല്‍ ഗെയ്നിന് ചില നിബന്ധനകള്‍ക്ക് വിധേയമായി നികുതി ഇളവ് ലഭിക്കും.
 • സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാന്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിരിക്കുന്ന പ്രത്യേക ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയവര്‍ക്ക് മൂലധന നേട്ടമുണ്ടായാല്‍ അതിന് നികുതി ഇളവ് ലഭിക്കും. മൂന്നുവര്‍ഷം ലോക്ക് ഇന്‍ പിരീഡുള്ള പരമാവധി 50 ലക്ഷം വരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിക്കുക.
 • 2016 ഏപ്രില്‍ ഒന്നിനും 2019 മാര്‍ച്ചിനും ഇടയ്ക്ക് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ആദ്യ അഞ്ചു വര്‍ഷത്തിനുള്ളിലെ മൂന്നുവര്‍ഷത്തെ ലാഭത്തിന് 100 ശതമാനം നികുതി ഇളവുണ്ട്. എന്നിരുന്നാലും 18.5 ശതമാനം എന്ന നിരക്കില്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് (MAT) ഇത്തരം കമ്പനികള്‍ക്ക് ബാധകമായിരിക്കും.

 

നികുതി സംബന്ധമായ മറ്റ് ഭേദഗതികള്‍

 • അഞ്ച് കോടിയില്‍ താഴെ വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്സ് 29 ശതമാനമാക്കി കുറച്ചു.
 • പത്ത് ലക്ഷത്തിനുമേല്‍ വിലയുള്ള ആഡംബര കാറുകള്‍ക്കും രണ്ടുലക്ഷത്തിലേറെ പണം ചെലവിട്ട് വാങ്ങുന്ന ചരക്ക്, സേവനത്തിനും ഒരു ശതമാനം അധിക നികുതി ചുമത്തിയിട്ടുണ്ട്.
 • ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ആഭരണങ്ങളുടെ മേല്‍ ഒരു ശതമാനം എക്സൈസ് നികുതി ഈടാക്കും.
 • ബ്രാന്‍ഡ് നാമമുള്ള അല്ലെങ്കില്‍ ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുന്ന റെഡിമേയ്ഡ് വസ്ത്രങ്ങള്‍ക്കും നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്കും രണ്ടുശതമാനം എക്സൈസ് ഡ്യൂട്ടി.
 • 2016 ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് ടാക്സ് 14.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി.

 

(ടാക്സ്, കോര്‍പ്പറേറ്റ് ടാക്സ് വിഷയങ്ങളില്‍ വിദഗ്ധനായ ലേഖകന്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റും കോസ്റ്റ് എക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയായ ഇദ്ദേഹം നാഷ് കാപിറ്റല്‍ പാര്‍ട്ണേഴ്സിന്റെ സാരഥിയാണ്. ഇ മെയ്ല്‍: sherryoommen@nashcp.com)

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top