Jan 16, 2018
സാങ്കേതികവിദ്യ വാഹനവിപണിയെ മാറ്റി മറിക്കും!
വരാനിരിക്കുന്ന മാറ്റങ്ങള്‍ ഓട്ടോമൊബീല്‍ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെങ്കിലും ചില വെല്ലുവിളികള്‍ ഡീലര്‍മാരെ കാത്തിരിക്കുന്നുണ്ട്
facebook
FACEBOOK
EMAIL
technology-will-change-the-face-of-automobiles-in-india

സാം കെ.എസ്

 

ഇന്ത്യയിലെ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രി എണ്ണത്തിലും ഉല്‍പ്പാദനക്ഷമതയിലും ലോകത്തെ തന്നെ ഏറ്റവും വലുതാണ്. മാനുഫാക്ചറിംഗ് രംഗത്തെ ശ്രദ്ധേമായ വര്‍ഷങ്ങളായിരുന്ന 1940കളിലാണ് ഇന്ത്യന്‍ കമ്പനികളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സും പ്രീമിയറും കാറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1960 മുതല്‍ 1980കളില്‍ വരെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്നത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ആയിരുന്നു. 1980കളില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനും പ്രീമിയറിനും പുതിയൊരു എതിരാളി ഉണ്ടായി, മാരുതി ഉദ്യോഗ് ലിമിറ്റഡ്. പതിയെ സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ വഴി ഹ്യുണ്ടായ്, ഹോണ്ട, ഫോര്‍ഡ് തുടങ്ങിയ വിദേശ വാഹനനിര്‍മാതാക്കള്‍ ഇന്ത്യയിലെത്തി. 2000-2010 കാലഘട്ടത്തിനിടെ ലോകത്തെ എല്ലാ വലിയ കാര്‍ കമ്പനികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനുഫാക്ചറിംഗ് സൗകര്യങ്ങള്‍ സ്ഥാപിച്ചു.

കാര്‍ വിപണിയില്‍ മാനുഫാക്ചറിംഗ് മേഖലയിലും റീറ്റെയ്ല്‍ രംഗത്തും കഴിഞ്ഞ 30 വര്‍ഷങ്ങള്‍ വലിയ മാറ്റങ്ങളുടേതായിരുന്നു. ആഗോളവല്‍ക്കരണം ലോകത്തിലെ എല്ലാ പ്രമുഖ കാര്‍ ബ്രാന്‍ഡുകളെയും ഇന്ത്യയിലെത്തിച്ചു. ഇന്ന് വാഹനനിര്‍മാതാക്കള്‍ക്ക് വളരെ പ്രാധാന്യമുള്ള വിപണിയാണ് ഇന്ത്യ.

കേരളത്തിലെ ഓട്ടോമൊബീല്‍ വിപണിയില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?

* അടിസ്ഥാന സൗകര്യം


ഡിസ്‌പ്ലേയ്ക്കും സര്‍വീസിനുമുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള സ്ഥലം എന്നതില്‍ നിന്ന് ലോകോത്തരനിലവാരത്തിലുള്ള ഫുള്ളി ഇന്റഗ്രേറ്റ്ഡ് സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ ഒരുക്കുന്നത്. കാര്‍ ഡിസ്‌പ്ലേ ഏരിയ, യൂസ്ഡ് കാര്‍ ഷോറൂം, ആഡംബരപൂര്‍ണ്ണമായ കസ്റ്റമര്‍ ലോഞ്ച്, കസ്റ്റമര്‍ കാര്‍ പാര്‍ക്കിംഗ് ഏരിയ, സൗജന്യ വൈ-ഫൈ സോണ്‍, ഇന്ററാക്റ്റീവ് സര്‍വീസ് റിസപ്ഷന്‍ ഏരിയ, അത്യാധുനിക സര്‍വീസ് എക്വിപ്‌മെന്റ്‌സ്, കഫെറ്റീരിയ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രമാത്രം സൗകര്യങ്ങള്‍ ഒരുക്കേണ്ടതുകൊണ്ട് ഇപ്പോള്‍ ഓട്ടോ ബിസിനസ് ഏറെ മൂലധനം ആവശ്യമുള്ള മേഖല കൂടിയാണ്. ഇക്കാരണം കൊണ്ടുതന്നെ ഇപ്പോള്‍ ചെറിയ ഡീലര്‍ഷിപ്പുകള്‍ അപ്രത്യക്ഷമാകുകയും വലിയ ബിസിനസ്് ഗ്രൂപ്പുകള്‍ വിവിധ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകള്‍ സ്വന്തമാക്കുകയും ചെയ്യുന്നു.

 

ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്


കേരളത്തിലുള്ള ഡീലര്‍ഷിപ്പുകളുടെ എണ്ണത്തിലും സാന്ദ്രതയിലും വലിയ കുതിച്ചുചാട്ടമുണ്ടായി. രാജ്യത്തെ ഓട്ടോ
റീറ്റെയ്‌ലിംഗില്‍ ഏറ്റവും ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ ജനപ്രിയ ബ്രാന്‍ഡുകളുടെ ചെറിയ ഒരു ഔട്ട്‌ലെറ്റെങ്കിലും 50-60 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകും. എന്തിന്, മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയം ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകള്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ഇടങ്ങളിലുമുണ്ട്.

 

*  ഉപഭോക്തൃ കേന്ദ്രീകൃതം


ഇഷ്ടപ്പെട്ട കാര്‍ ബുക്ക് ചെയ്ത് കാലങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇപ്പോഴില്ല. 1990കളുടെ ആദ്യം ഇഷ്ടപ്പെട്ട കാര്‍ ലഭിക്കാനായി ബുക്ക് ചെയ്ത് ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവരുമായിരുന്നു. ഇന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ വിവിധ ബ്രാന്‍ഡുകളുടെ വ്യത്യസ്ത കാറുകളോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ബ്രാന്‍ഡില്‍ തന്നെ വിവിധ മോഡലുകളോ ഉണ്ട്. അതുകൊണ്ട് കാര്‍ വാങ്ങല്‍ രണ്ടോ മൂന്നോ ദിനം കൊണ്ടു നടക്കും.

*  പ്രൊഫഷണലിസം


ഉപഭോക്താവുമായുള്ള ഇടപെടലില്‍ ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ സുതാര്യമായിരിക്കുകയാണ്. കമ്പനി അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മിക്ക വില്‍പ്പനക്കാരും പ്രവര്‍ത്തിക്കുന്നത്. ഡീലറും ഉപഭോക്താവും തമ്മിലുള്ള ഇടപെടലുകളുടെ നിലവാരം കാര്‍ കമ്പനികള്‍ ഓഡിറ്റുകളിലൂടെയും സര്‍വേകളിലൂടെയും കൃത്യമായി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ജീവനക്കാരെ തെരഞ്ഞെടുക്കാനും അവരുടെ നിലവാരം ഉയര്‍ത്തുന്നതിനുമായി കൃത്യമായി പരിശീലനങ്ങള്‍ കൊടുക്കുന്നതിനും അതുവഴി സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പുവരുത്തുന്നതിനും ഡീലര്‍ഷിപ്പുകള്‍ ശ്രദ്ധിക്കുന്നു.

സാങ്കേതികവിദ്യ


മുമ്പ് ഉപഭോക്താക്കളോട് കാര്‍ ഡീലര്‍മാരായിരുന്നു ഏത് കാര്‍ വാങ്ങണം എന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഉപ
ഭോക്താക്കള്‍ ഓണ്‍ലൈനില്‍ നിന്ന് വിവിധ മോഡലുകളെക്കുറിച്ച് വിശദമായി പഠിച്ച്, ഡീലര്‍ഷിപ്പില്‍ ചെന്ന് തങ്ങള്‍ക്ക് ഏതു കാര്‍ ആണ് വേണ്ടത് എന്നു പറയുകയാണ് പതിവ്.

സര്‍വീസിംഗിലാകട്ടെ, ഉപഭോക്താവിന്റെ കാറിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് അറിയാനുള്ള പുതിയ സാങ്കേതികവിദ്യയുണ്ട്. അതുപോലെ തന്നെ ഡീലര്‍ഷിപ്പുകളും ഡീലര്‍ മാനേജ്‌മെന്റ് സിസ്റ്റം പോലെയുള്ള വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.

 

* സേഫ്റ്റി & എന്‍വയോണ്‍മെന്റല്‍ റെഗുലേഷന്‍സ്

പാസഞ്ചറുടെയും കാല്‍നടക്കാരന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളും ഭാരത് എമിഷന്‍ നയങ്ങളും വാഹന
വിപണിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

 

* സര്‍ക്കാര്‍ തീരുവകള്‍


ഏതാനും ദശകങ്ങള്‍ക്കുമുമ്പ് കാറിന്റെ മൊത്തം വിലയുടെ രണ്ട് ശതമാനം മാത്രമായിരുന്നു റോഡ് നികുതിയെങ്കില്‍ ഇപ്പോഴത് 6-20 ശതമാനം വരെയായിരിക്കുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം, ലോക്കല്‍ സെയ്ല്‍സ് ടാക്‌സ്, മറ്റ് എക്‌സൈസ് ഡ്യൂട്ടി തീരുവകള്‍ എന്നിവയിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.

എന്തായിരിക്കും ഭാവി?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ കാറുകള്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും. സാങ്കേതികവിദ്യയിലുണ്ടാകുന്ന കുതിപ്പ് തലകീഴ്‌മേല്‍ മറിക്കുന്ന നാല് മാറ്റങ്ങള്‍ക്കായിരിക്കും തുടക്കം കുറിക്കുന്നത്. വൈവിധ്യമാര്‍ന്ന ഗതാഗത മാര്‍ഗങ്ങള്‍, ഓട്ടോണമസ് വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (EV), കണക്റ്റഡ് കാറുകള്‍ എന്നിവയാണവ. ഈ ഓരോ ഘടകങ്ങളും ഓട്ടോമൊബീല്‍ മേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങളുണ്ടാക്കാന്‍ പോന്നതാണ്. ഈ നാലു ഘടകങ്ങളും കൂടി ചേരുമ്പോള്‍ അടുത്ത ദശകത്തിന്റെ അവസാനത്തോടെ ലോകം യാത്ര ചെയ്യുന്ന രീതിയില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. അടുത്ത 12-15 വര്‍ഷം കൊണ്ട് തലകീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇത് ഈ മേഖലയില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും സൃഷ്ടിച്ചിരിക്കുകയാണ്.

 


 

സാബു ജോണി
മാനേജിംഗ് ഡയറക്റ്റര്‍, ഇവിഎം ഗ്രൂപ്പ്, കൊച്ചി

തലകീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങള്‍ക്കായി ഓട്ടോമൊബീല്‍ വിപണി ഒരുങ്ങുകയാണെന്നും ഇത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ സംഭവിക്കുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. കഇ എന്‍ജിനുകള്‍ ഇലക്ട്രിക്, ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് വഴിമാറുന്നതോടെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം നിര്‍മിച്ച് വിപണിയിലിറക്കുകയെന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ കഇ എന്‍ജിനുകളുടെ ഉല്‍പ്പാദനം നിര്‍ത്തുകയും ഇലക്ട്രിക് വാഹനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിപണിയിലെത്തിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഓട്ടോ റീറ്റെയ്ല്‍ മേഖലയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സംസാരിച്ചാല്‍ ഡീലര്‍ഷിപ്പുകളുടെ ലാഭം കുറയാനുള്ള സാധ്യതയാണ് കാണുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ സര്‍വീസ് നിരക്കും അപകടങ്ങളും മറ്റും കുറയുന്നതോടെ സര്‍വീസ്, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷുറന്‍സ്, ബോഡിഷോപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഡീലര്‍ഷിപ്പുകളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായേക്കാം. ഇപ്പോഴത്തെ ജീവനക്കാരുടെ സ്‌കില്ലുകളായിരിക്കില്ല മാറുന്ന സാഹചര്യങ്ങളില്‍ ആവശ്യമായി വരുക. ഒറിജിനല്‍ മാനുഫാക്ചര്‍ എക്വിപ്‌മെന്റ് (OEM) രംഗത്ത് നിലവിലുള്ള വലിയ പ്ലെയേഴ്‌സ് ഇല്ലാതാകുകയും പുതിയവര്‍ കടന്നുവരുകയും ചെയ്‌തേക്കാം. ഇത് അടുത്ത ദശകത്തില്‍ ഓട്ടോമൊബീല്‍ മേഖലയില്‍ വലിയ മാറ്റമായിരിക്കും സൃഷ്ടിക്കുന്നത്.

 

റെമി തോമസ്
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍,
മുത്തൂറ്റ്
ഓട്ടോമോട്ടീവ്

അടുത്ത 5-10 വര്‍ഷം കൊണ്ട് ഓട്ടോമൊബീല്‍ വിപണിയില്‍ വലിയ മാറ്റങ്ങളായിരിക്കും വരുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം യാത്ര ചെയ്യാനുള്ള മാര്‍ഗം എന്നതിലുപരി അവരുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ ഭാഗമായി മാറും. ലോകത്തെമ്പാടുമുള്ള വാഹനനിര്‍മാതാക്കള്‍ക്ക് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവരുടേതായ വ്യാഖ്യാനങ്ങളാണ് ഉള്ളത്. സാങ്കേതികവിദ്യയില്‍ അതിവേഗത്തിലാണ് മാറ്റം സംഭവിക്കുന്നത് എന്നതിനാല്‍ വരുന്ന ഡിജിറ്റല്‍ പരിണാമം ഏതു രീതിയിലായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. ഇന്ത്യ പോലുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ ഈ പ്രശ്‌നത്തിന്റെ ആഴം നാലുമടങ്ങായിരിക്കും. സേഫ്റ്റി & എമിഷന്‍ മാനദണ്ഡങ്ങള്‍, അടിസ്ഥാനസൗകര്യം, പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലെ മനോഭാവം, വിലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വിപണി... തുടങ്ങിയ സങ്കീര്‍ണ്ണതകളാണിതിന് കാരണം. വരാനിരിക്കുന്ന മാറ്റങ്ങളെ സ്വീകരിക്കാന്‍ ഡീലര്‍ സമൂഹം തയാറെടുക്കേണ്ടിയിരിക്കുന്നു.

അബ്ദുള്‍ ജബ്ബാര്‍
മാനേജിംഗ് ഡയറക്റ്റര്‍,
അമാന ടൊയോട്ട, കോഴിക്കോട്

രാജ്യാന്തരവിപണികളിലെ ഓട്ടോമൊബീല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അതു സംഭവിക്കാന്‍ കുറച്ചുകാലം കൂടി എടുക്കും. പക്ഷെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ വ്യാപ കമാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഈ മേഖലയില്‍ ഉടന്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാക്കും. എന്നാല്‍ ഇതിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് സമയം എടുത്തേക്കും. ഈ മാറ്റം വന്നുകഴിഞ്ഞാല്‍ വാഹനത്തിന്റെ സര്‍വീസ് ആവശ്യമായി വരുന്നത്
കുറയുന്നതുകൊണ്ട് ഡീലര്‍ഷിപ്പുകളുടെ ലാഭത്തില്‍ ഇടിവുണ്ടായേക്കാം. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ജീവനക്കാരുടെ എണ്ണം ഡീലര്‍ഷിപ്പുകള്‍ പരിമിതപ്പെടുത്തേണ്ടിവരും. പുതിയ സ്‌കില്ലുകളും മള്‍ട്ടി ടാസ്‌കിംഗ് കഴിവുകളുമുള്ള മികച്ച ജീവനക്കാരെ കണ്ടെത്തേണ്ടിവരും.

 

അജ്മല്‍ അബ്ദുള്‍ വഹാബ്
ഡയറക്റ്റര്‍, ഇന്‍ഡസ് മോട്ടോഴ്‌സ് & ബ്രിഡ്ജ് വേ മോട്ടോഴ്‌സ്,
കോഴിക്കോട്

2030ഓടെ വാഹനമേഖലയില്‍ ഒരു വലിയ മെയ്‌ക്കോവര്‍ ആണ് വരാനിരിക്കുന്നത് എന്നു പറയാം. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ വാഹനങ്ങള്‍ തുടങ്ങി റിന്യൂവബിള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന എന്‍ജിനുകളോട് കൂടിയ വാഹനങ്ങള്‍ക്കുള്ള
പാത വരും നാളുകള്‍ തുറക്കും. ഗതാഗത മേഖലയില്‍ വരുന്ന കീഴ്‌മേല്‍മറിക്കുന്ന മാറ്റങ്ങള്‍ അതായത് കര, കടല്‍, വായു മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതരീതികളില്‍ വരുന്ന മാറ്റങ്ങള്‍ വാഹനവ്യവസായത്തെ ശക്തമായി സ്വാധീനിക്കും. ഭാവി എന്തായിരിക്കും എന്ന ഊഹങ്ങള്‍ നടത്തുന്നതിനപ്പുറം ഈ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്കൊപ്പം മാറുകയെന്നതാണ് പ്രധാനം. ഡീലര്‍ഷിപ്പുകളുടെ റോള്‍ എന്തായിരിക്കും എന്നതാണ് പ്രധാന ചോദ്യം. സേവനദാതാവ് എന്ന നിലയില്‍ മാറുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംതൃപ്തി പകരുക എന്ന ഡീലറുടെ റോള്‍ ഭാവിയില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top