അറിയാം, നികുതി ഇളവിനുള്ള വഴികള്‍
ശമ്പളക്കാര്‍ക്കും വ്യക്തികള്‍ക്കും നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന വിവിധ സെക്ഷനുകള്‍.
facebook
FACEBOOK
EMAIL
tax-personal-finance-planning

ശരിയായ നികുതി ആസൂത്രണത്തിന് നികുതി ഇളവ് ലഭിക്കുന്നതിനുള്ള വഴികളും അറിഞ്ഞിരിക്കണം. അവയില്‍ ചിലത് ഇതാ.

സെക്ഷന്‍ 80DD

വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഇതിലെ നികുതി ഇളവ് ബാധകമാണ്. നേഴ്‌സിംഗ്, ട്രെയ്‌നിംഗ്, റീഹാബിലിറ്റേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ചികില്‍സാ ചെലവുകള്‍ക്ക് ഇതിലൂടെ ഇളവ് ലഭിക്കും. നികുതിദായകരെ ആശ്രയിച്ച് കഴിയുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ആന്വിറ്റി ലഭിക്കത്തക്ക വിധത്തില്‍ എല്‍.ഐ.സി, യു.ടി.ഐ തുടങ്ങിയവയുടെ പദ്ധതികളില്‍ നടത്തിയിട്ടുള്ള നിക്ഷേപത്തിനും നികുതി ഇളവ് നേടാനാകും. സാധാരണയായുള്ള പോരായ്മകള്‍ക്ക് പരമാവധി 75,000 രൂപയും സങ്കീര്‍ണ്ണമായ പോരായ്മകള്‍ക്ക് 1,25,000 രൂപയും വരെ നികുതി ഇളവ് ലഭിക്കുന്നതാണ്.

സെക്ഷന്‍ 80DDB

വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം നേടാം. 40 ശതമാനമോ അതിലധികമോ പോരായ്മയുണ്ടാക്കുന്ന ന്യൂറോളജിക്കല്‍ രോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, ക്യാന്‍സര്‍, എയ്ഡ്‌സ്, വൃക്കകളുടെ തകരാറ്, അമിതരക്തസ്രാവം, ഹീമോഗ്ലോബിന്റെ കുറവ്, ഹെമെറ്റോളൊജിക്കല്‍ തകരാറുകള്‍ എന്നിവയയുടെ ചികില്‍സക്കായി നികുതിദായകനോ ആശ്രിതനോ പരമാവധി 40,000 രൂപ വരെ നികുതിയിളവ് ലഭിക്കും. 60 വയസ്സിന് മുകളില്‍ 80 വയസ്സിന് താഴെയുള്ള നികുതിദായകര്‍ക്ക് 60,000 രൂപ വരെയും 80 വയസ്സിന് മുകളിലുള്ള നികുതിദായകര്‍ക്ക് 80,000 രൂപ വരെയും ഇതിലേക്കായി ഇളവ് ലഭിക്കുന്നതാണ്.

സെക്ഷന്‍ 80E

വ്യക്തികള്‍ക്ക് മാത്രമാണിതിന്റെ ആനുകൂല്യമുള്ളത്. ഉന്നത വിദ്യാഭ്യാസ വായ്പയുടെ പലിശയായി അടച്ച തുക എത്രയാണെങ്കിലും അതിന് ഇതിലൂടെ ഇളവ് നേടാം. നികുതിദായകനോ പങ്കാളിക്കോ അവരുടെ മക്കള്‍ക്കോ അല്ലെങ്കില്‍ ലീഗല്‍ ഗാര്‍ഡിയനായിട്ടുള്ള വിദ്യാര്‍ത്ഥിയുടെ പഠനത്തിനോ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശക്കാണ് നികുതി ഇളവ് ലഭിക്കുക. പലിശ പൂര്‍ണ്ണമായി അടഞ്ഞുതീരുന്നതുവരെയോ അല്ലെങ്കില്‍ എട്ട് വര്‍ഷത്തേക്കോ ഏതാണോ ആദ്യം അതുവരെ മാത്രമേ ഇതിന്റെ ഇളവ് ലഭിക്കുകയുള്ളൂ.

സെക്ഷന്‍ 80G

എല്ലാ നികുതിദായകര്‍ക്കും ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉള്‍പ്പെടെ സെക്ഷന്‍ 80ഏ യില്‍ വിവരിച്ചിട്ടുള്ള നിരവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് നേടാനാകും. സ്ഥാപനങ്ങളെയും ഫണ്ടുകളെയും അടിസ്ഥാനമാക്കി 50 ശതമാനം അല്ലെങ്കില്‍ 100 ശതമാനം നികുതി ഇളവാണ് ഇതിലൂടെ ലഭ്യമാക്കിയിട്ടുള്ളത്.

സെക്ഷന്‍ 80GG

വീട്ടുവാടക അലവന്‍സ് ലഭിക്കാത്ത വ്യക്തികള്‍ക്ക് മാത്രമേ ഇതിലൂടെ ഇളവ് നേടാനാകൂ. വാടക ഇനത്തില്‍ മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തിലധികം നല്‍കേണ്ടിവരുന്ന വ്യക്തികള്‍ക്ക് പ്രതിമാസം 2000 രൂപയോ അല്ലെങ്കില്‍ മൊത്തം വരുമാനത്തിന്റെ 25 ശമാനമോ ഏതാണോ കുറവ് അതിനുള്ള നികുതി ഇളവ് ലഭിക്കുന്നതാണ്.

സെക്ഷന്‍ 80GGA

ബിസിനസില്‍ അല്ലെങ്കില്‍ പ്രൊഫഷനില്‍ ഏര്‍പ്പെടാത്ത നികുതിദായകര്‍ക്കാണിതിന്റെ ആനുകൂല്യമുള്ളത്. ശാസ്ത്രീയ, സാമൂഹിക മേഖലകളിലെ ഗവേഷണം, ഗ്രാമീണ വികസന പദ്ധതി തുടങ്ങിയവയിലേക്കുള്ള സംഭാവനക്കാണ് ഇതിലൂടെ നികുതി ഇളവ് ലഭിക്കുക.

സെക്ഷന്‍ 80TTA

വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഇതിന്റെ ഇളവ് നേടാനാകും. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ സേവിങ്‌സ് എക്കൗണ്ടിലെ നിക്ഷേപത്തിനുള്ള പലിശ വരുമാനത്തിനാണ് ഇതിലൂടെ നികുതി ഇളവ് ലഭിക്കുക. ഇത് പരമാവധി 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

സെക്ഷന്‍ 80U

വ്യക്തികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം. ആക്ടില്‍ വിവരിച്ചിട്ടുള്ള പോരായ്മകള്‍ നേരിടുന്ന നികുതിദായകര്‍ക്കാണ് ഇളവ് ലഭിക്കുക. സാധാരണയായുള്ള പോരായ്മകള്‍ക്ക് 75,000 രൂപയും സങ്കീര്‍ണ്ണമായ പോരായ്മകള്‍ക്ക് 1,25,000 രൂപയും ഇളവ് ലഭിക്കും. സെക്ഷന്‍ 80ഉഉ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്തിട്ടുള്ളവര്‍ക്ക് ഈ സെക്ഷന്റെ ഇളവ് ലഭിക്കുന്നതല്ല.

സെക്ഷന്‍ 24 (b)

വ്യക്തികള്‍ക്ക് മാത്രമാണിത് ബാധകം. വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ എടുത്ത ഭവനവായ്പയുടെ പലിശക്ക് പരമാവധി 2,00,000 രൂപ വരെ നികുതി ഇളവ് ലഭിക്കുന്നതാണ്. നിലവിലുള്ള വീട് നവീകരിക്കുന്നതിനുള്ള വായ്പയാണെങ്കില്‍ 30,000 രൂപയും വാടകക്ക് നല്‍കുന്ന വീടാണെങ്കില്‍ അടച്ച മുഴുവന്‍ പലിശക്കും ഇളവ് ലഭിക്കുന്നതാണ്.

സെക്ഷന്‍ 10 (14)2

ശമ്പള വരുമാനക്കാരായ ജീവനക്കാര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം. യാത്രാ ബത്തയായി ലഭിക്കുന്ന തുകക്ക് ഇതിലൂടെ നികുതി ഇളവ് നേടാം. ഇത് പ്രതിമാസം പരമാവധി 1600 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ക്ലെയിമിനായി ബില്ലുകള്‍ ആവശ്യമില്ല.

സെക്ഷന്‍ 17 (2)7

ശമ്പള വരുമാനക്കാര്‍ക്ക് മാത്രമായുള്ള ആനുകൂല്യമാണിത്. സൂപ്പര്‍ ആന്വേഷന്‍ ഫണ്ടിലേക്ക് തൊഴിലുടമ അടയ്ക്കുന്ന തുകക്കാണ് ഇതിലൂടെ ഇളവ് നേടാനാകുന്നത്. ഇത് പരമാവധി 1,00,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

സെക്ഷന്‍ 17 (2)8

ഇതിന്റെയും ആനുകൂല്യം ശമ്പള വരുമാനക്കാര്‍ക്ക് മാത്രമാണ്. ജീവനക്കാരന് ലഭിക്കുന്ന മെഡിക്കല്‍ അലവന്‍സിനാണ് ഇതിലൂടെ ഇളവ് നേടാനാകുന്നത്. ഇളവിനുള്ള പരമാവധി പരിധി 15,000 രൂപയാണ്. ക്ലെയിം ലഭിക്കുന്നതിനായി ബില്ലുകള്‍ നല്‍കേണ്ടതുണ്ട്.

സെക്ഷന്‍ 10 (13A)

ഇതും ശമ്പള വരുമാനക്കാര്‍ക്ക് മാത്രമാണ്. ജീവനക്കാരന് ലഭിക്കുന്ന വീട്ടുവാടക അലവന്‍സിനാണ് ഇതിലൂടെ ഇളവ് ലഭിക്കുക. മെട്രോ നഗരങ്ങളില്‍ വാര്‍ഷിക ശമ്പളത്തിന്റെ 50 ശതമാനത്തിനും നോണ്‍- മെട്രോ നഗരങ്ങളില്‍ 40 ശതമാനത്തിനുമാണ് ഇളവ്. എച്ച്.ആര്‍.എയായി ലഭിച്ച യഥാര്‍ത്ഥ തുകക്കും കൂടാതെ വീട്ടുവാടകയായി നല്‍കിയ വാര്‍ഷിക ശമ്പളത്തിന്റെ 10 ശതമാനത്തിനും ഇതിലൂടെ ഇളവ് നേടാവുന്നതാണ്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top