Apr 27, 2018
സിന്തൈറ്റിലെ തൊഴിലാളി സമരം സംസ്ഥാനത്തിന്റെ മുഖം രക്ഷിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം
പ്രശ്‌നം അതിവേഗം പരിഹരിച്ചില്ലെങ്കില്‍ കേരളത്തിലെ ബിസിനസ് അനുകൂല അന്തരീക്ഷത്തെ കുറിച്ച് മോശം പ്രതിച്ഛായ ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടും
facebook
FACEBOOK
EMAIL
synthite_dr-viju-jacob

കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബഹുമുഖ പരിപാടികളുമായി മുന്നോട്ടു പോകുന്നതിനിടെ തൊഴിലാളി സമരത്തെ തുടര്‍ന്ന് കേരളം ആസ്ഥാനമായുള്ള രാജ്യാന്തര കമ്പനി ഇവിടം വിടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നു. 

സുഗന്ധ വ്യഞ്ജന സംസ്‌കരണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസാണ് സി ഐ ടി യുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സമരത്തെ തുടര്‍ന്ന് കേരളത്തിന് പുറത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ നിര്‍ബന്ധിതമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത ട്രാന്‍സ്ഫറുകള്‍ റദ്ദ് ചെയ്യുക, വാര്‍ഷിക ബോണസുകളും ഡി എയും നല്‍കുക എന്നിങ്ങനെ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തൊഴില്‍ സൗഹൃദത്തിനും മികച്ച പ്രവര്‍ത്തനത്തിനും പേരുകേട്ട കേരളത്തിലെ സ്ഥാപനങ്ങളിലൊന്നാണ് സിന്തൈറ്റ്. നീണ്ട 46 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇവിടെ തൊഴില്‍ സമരം നടക്കുന്നത്.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹ സമരവും തൊഴിലാളി യൂണിയന്‍ ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതമാകുമെന്ന് മാനേജ്‌മെന്റ് പറയുന്നത്.

സിന്തൈറ്റ് കടയിരുപ്പ് യൂണിറ്റിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും സിന്തൈറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയിലുള്ളവരാണെന്ന് അധികൃതര്‍ പറയുന്നു. വെറും 60 പേരുടെ പിന്തുണയുമായാണ് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു മാസത്തിലേറെയായി വിവിധ സമര പരിപാടികള്‍ അവലംബിച്ചതിനു ശേഷമാണ് കമ്പനിയുടെ മുന്നില്‍ സി ഐ ടി യു കുടില്‍ കെട്ടി സത്യാഗ്രഹ സമരത്തിലേക്ക് കടന്നത്.

ലോകത്തിലെ പ്രമുഖ ഒലിയോറെസിന്‍ നിര്‍മാതാക്കളായ സിന്തൈറ്റിലെ തൊഴില്‍ സമരത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മാത്രമല്ല, വിദേശത്തുനിന്നുള്ള ഇടപാടുകാരും കമ്പനി സന്ദര്‍ശിക്കാറുണ്ട്. സമരം നീണ്ടുപോയാല്‍ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് മോശം കാഴ്ചപ്പാട് ദേശീയ, രാജ്യാന്തര തലത്തില്‍ പ്രചരിക്കാന്‍ കാരണമാകും.

ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാവശ്യം ശക്തമാകുകയാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top