Oct 04, 2017
സൂരജ് പാണയില്‍ റിയാദിലെ ഇന്ത്യന്‍ മുഖം
റിയാദ് ഭരണാധികാരികളുടെ സ്വപ്‌നങ്ങള്‍ അതേപടി യാഥാര്‍ത്ഥ്യമാക്കിയത് കണ്ണൂര്‍ അഴീക്കോട്ടെ പാണയില്‍ വീട്ടില്‍ സൂരജ് എന്ന എന്‍ ആര്‍ ഐ സംരംഭകന്റെ നേതൃത്വത്തിലാണ്
facebook
FACEBOOK
EMAIL
suraj-pannayil-the-real-indian-face-in-riyadh

സൗദി അറേബ്യന്‍ തലസ്ഥാന നഗരിയായ റിയാദ് ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒരിക്കലും മറക്കാത്ത ചില ലാന്‍ഡ് മാര്‍ക്കുകളുണ്ട്. അത് റിയാദ് എയര്‍ബേസിനോട് ചേര്‍ന്നുള്ള, ലോകത്തെ ഏറ്റവും വലിയ കൃത്രിമ പുല്‍ത്തകിടിയായാലും കിംഗ് അബ്ദുല്ല റോഡിന്റെ മനോഹാരിതയായാലും വിവിധ റോഡുകളിലെ മേല്‍പ്പാലങ്ങളോ ടണലുകളോ ആയാലും അവയിലൊക്കെ ഒരു മലയാളിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

റിയാദ് ഭരണാധികാരികളുടെ ഈ സ്വപ്‌നങ്ങള്‍ അതേപടി യാഥാര്‍ത്ഥ്യമാക്കിയത് കണ്ണൂര്‍ അഴീക്കോട്ടെ പാണയില്‍ വീട്ടില്‍ സൂരജ് എന്ന എന്‍ ആര്‍ ഐ സംരംഭകന്റെ നേതൃത്വത്തിലാണ്. സൗദി അറേബ്യയിലെ പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനികളിലൊന്നായ റിയാദ് വില്ലാസിന്റെ സ്ഥാപകനും അമരക്കാരനുമാണ് സൂരജ്.

റിയാദ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ നിരവധി പ്രോജക്റ്റുകളാണ് ഈ മലയാളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചത്.
400ലേറെ പേര്‍ക്ക് നേരിട്ടും ആയിരത്തിലേറെ പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന സൂരജ് അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമാണ്. സൗദിക്കു പുറമേ ഇന്ത്യയിലും ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും വൈവിധ്യമാര്‍ന്ന ബിസിനസ് സ്ഥാപനങ്ങള്‍ സൂരജിനുണ്ട്. അഴീക്കോട്ടെ ഒരു ഗ്രാമത്തില്‍ നിന്നും ആരുമറിയാതെ നാടുവിട്ട സൂരജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ജോലി നേടിയതും പിന്നീട് സംരംഭകനായതുമൊക്കെ ഒരു ഗുണപാഠ കഥ പോലെ ആകര്‍ഷകമായ ചരിത്രമാണ്.

പട്ടാളത്തില്‍ നിന്ന് തിരികെ

പട്ടാളക്കാരനാകണമെന്ന് സൂരജ് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എല്ലാവരെയും പോലെ റിക്രൂട്ട്‌മെന്റിന് പോയി വന്നപ്പോഴും ജോലി കിട്ടുമെന്നൊന്നും കരുതിയതുമില്ല, ആഗ്രഹിച്ചുമില്ല. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ സൂരജിനെ പട്ടാളത്തിലെടുത്തു. കഠിനമായ പരിശീലന കാലയളവ് പൂര്‍ത്തീകരിച്ച സൂരജിന് പക്ഷേ അവിടെ കൂടുതല്‍ കാലം നില്‍ക്കാനായില്ല. തിരികെ നാട്ടിലേക്ക് തന്നെ തിരിച്ചു. എന്നാല്‍ പട്ടാളത്തില്‍ നിന്നു ഓടിപ്പോയവനോടുള്ള നാട്ടുകാരുടെ പരിഹാസവും മറ്റുമായി നാട്ടില്‍ നില്‍ക്കാന്‍ മനസ് അനുവദിച്ചില്ല. 1991ല്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറി. സിവില്‍ എന്‍ജിനീയറിംഗ് പോളി ഡിപ്ലോമ കഴിഞ്ഞ സൂരജ് ഡല്‍ഹിയിലെത്തി സെക്ഷന്‍ ബി യും എഴുതിയെടുത്ത് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി

സൂരജിനടുത്തേക്ക് സൗദി

ഇതിനിടയിലാണ് സൗദി അറേബ്യയില്‍ നിന്ന് ഒരു സര്‍വേയറായി ജോലി ഓഫര്‍ ലഭിക്കുന്നത്. ഒന്നും നോക്കാതെ ഡല്‍ഹിയില്‍ നിന്ന് നേരെ സൗദിയിലേക്ക്. സൗദി പൗരന്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍സ് & ലാന്‍ഡ് ഡെവലപ്‌മെന്റ് ബിസിനസായിരുന്നു അത്. 45 ജീവനക്കാരുള്ള ചെറിയ കമ്പനി. മൂന്നു മാസം കൊണ്ട് തന്നെ സൂരജ് കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായി. ആറു വര്‍ഷം കൊണ്ട് പ്രോജക്റ്റ് മാനേജരായി നിയമിതനാവുകയും ചെയ്തു. 20 വര്‍ഷത്തിലേറെ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ പോലും പ്രോജക്റ്റ് എന്‍ജിനീയറായിരിക്കെയാണ് സൂരജിന്റെ സ്ഥാനക്കയറ്റം. ജോലിയില്‍ പതിനഞ്ചു വര്‍ഷം തുടര്‍ന്ന ശേഷം 2007ലാണ് നിര്‍ണായകമായ ഒരു തീരുമാനവുമായി സൂരജ് ജോലി രാജിവെച്ചത്.

2007ല്‍ റിയാദ് വില്ലാസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി 2008ല്‍ കണ്‍സ്ട്രക്ഷന്‍ & ലാന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനമായി പ്രവര്‍ത്തനം തുടങ്ങി. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിക്കു (ടഅഏകഅ) കീഴില്‍ നൂറു ശതമാനവും ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വന്തം സംരംഭം എന്ന ആശയത്തെ സുഹൃത്തുക്കള്‍ നിരുത്സാഹപ്പെടുത്തിയപ്പോഴും ദൃഢനിശ്ചയത്തോടെ സ്വന്തം പേരില്‍ ഒരു ഇന്ത്യന്‍ കമ്പനി സൗദിയില്‍ രൂപീകരിച്ചുകൊണ്ട് സൂരജ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്ത്യാക്കാര്‍ക്ക് മാതൃകയായി.

നേരത്തെ സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ലാന്‍ഡ്സ്‌കേപ്പ് ആര്‍കിടെക്ചറില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്ന സൂരജ് 2016 ല്‍ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ തന്നെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് എംബിഎ റാങ്കോടെ പാസായി.

കോണ്‍ട്രാക്റ്റര്‍ ആയിരുന്ന അഴീക്കോട് ചാലില്‍ പാണയില്‍ കുഞ്ഞനന്തന്റെ മകനായ സൂരജിന്റെ രക്തത്തിലും ബിസിനസ് പാരമ്പര്യം നന്നായി ഉണ്ടായിരുന്നു. എണ്ണം പറഞ്ഞ ചില പ്രോജക്റ്റുകളിലൂടെ റിയാദ് വില്ലാസിനെ സൗദി അറേബ്യയിലെ പ്രമുഖ
കോണ്‍ട്രാക്റ്റിംഗ് കമ്പനിയായി ഉയര്‍ത്താന്‍ സൂരജിന് സാധിച്ചതും അതുകൊണ്ടു തന്നെ. ഇപ്പോള്‍ സഹോദരന്‍ രാഗേഷ് പാണയില്‍ കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ എന്ന നിലയിലും മൂത്ത സഹോദരന്‍ ശ്രീജിത്ത് നാട്ടിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിശ്വസ്ത ബിസിനസ് പങ്കാളികളായി കൂടെയുണ്ട്.

പ്രോജക്റ്റുകളിലെ വൈവിധ്യം

പൊതുമേഖലയിലും സ്വകാര്യമേഖലയിലും വൈവിധ്യമാര്‍ന്ന പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയാണ് റിയാദ് വില്ലാസ് വ്യത്യസ്തത പുലര്‍ത്തിയത്. റിയാദ് എയര്‍ബേസിനോട് ചേര്‍ന്നുള്ള ഉറൂബ-അബൂബക്കര്‍ സിദ്ദിഖ് റോഡുകളെ ബന്ധിപ്പിക്കുന്ന ക്ലോവര്‍ ലീവ് സംവിധാനത്തിന്റെ ചുറ്റുമുള്ള അലങ്കാരങ്ങള്‍ 1.60 ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള പുല്‍ത്തകിടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫിഫ നിലവാരത്തിലുള്ള 22 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വിശാലതയുള്ള ഈ പുല്‍ത്തകിടി വലിപ്പം കൊണ്ട് പല റെക്കോഡുകളും നേടി. കിംഗ് അബ്ദുല്ല റോഡിന്റെ ഇരുവശങ്ങളിലായുള്ള റെഡ് ഗേറ്റുകള്‍, ഇടത്താവളങ്ങള്‍, പാര്‍ക്കുകള്‍, മ്യൂസിക് ഫൗണ്ടന്‍ എന്നിവയ്‌ക്കൊപ്പം മേല്‍പ്പാലങ്ങളുടെയും ടണലുകളുടെയും സൗന്ദര്യവല്‍ക്കരണവും റിയാദ് വില്ലാസാണ് ഏറ്റെടുത്ത് നടത്തിയത്. ഖാലിദ് ബിന്‍ വലീദ്, കിംഗ് അബ്ദുല്‍ അസീസ്, ഉലയ്യ ടണല്‍, സലാഹുദ്ദീന്‍ അയ്യൂബി ടണല്‍, ഹഫറുല്‍ ബാതിനിലെ കിംഗ് ഖാലിദ് സൈനിക സിറ്റി, സൗദി ഇലക്ട്രിസിറ്റി, വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂളുകളിലെ കളിസ്ഥലങ്ങളുടെ നിര്‍മാണം തുടങ്ങി നിരവധി പ്രോജക്റ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയാക്കി.അരാംകോയുടെയും ലുലുമാളിന്റെയും സൗദിയിലെ മുഖ്യ കോണ്‍ട്രാക്റ്റര്‍മാരിലൊരാളാണ്. 

യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനിയായ സൗത്ത് പസഫിക് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി, സിംഗപ്പൂരിലെ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയായ ഡിറ്റോ എഫക്‌സ് എന്നിവയുടെ സാരഥിയും സൂരജ് പാണയില്‍ തന്നെ. സൗദിയില്‍ റെസ്റ്റൊറന്റ് ശൃംഖലയുടെയും സ്‌പോഞ്ച് കമ്പനിയുടെയും ബിസിനസ് പങ്കാളി കൂടിയാണ് സൂരജ്. പാണയില്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് എന്ന പേരില്‍ മാതൃരാജ്യമായ ഇന്ത്യയിലും ബിസിനസ് വ്യാപിപ്പിച്ച അദ്ദേഹം കണ്ണൂരിലെ കിംസ്റ്റ് ആശുപത്രി ചെയര്‍മാന്‍ കൂടിയാണ്. അടുത്തിടെ എന്‍കെ ഫുഡ്‌സ് എന്ന പേരില്‍ അഴീക്കോട്ടു തന്നെ പുതിയൊരു സ്ഥാപനത്തിനും തുടക്കമിട്ടു. വറുത്ത കായ, മരച്ചീനി ചിപ്‌സ്, ശര്‍ക്കര ഉപ്പേരി എന്നിവയാണ് ഈ സ്ഥാപനത്തില്‍ നിന്ന് വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ മാസം തുറന്ന കണ്ണൂരിലെ ഏറ്റവും വലിയ മെഡിക്കല്‍ സ്റ്റോറായ ദയ മെഡിക്കല്‍സ് ഉടമ കൂടിയാണ് സൂരജ്. കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത് ഗ്രീന്‍ ഷോര്‍ കോണ്‍ക്രീറ്റ് പ്രോഡക്റ്റ്‌സ് എന്ന മറ്റൊരു സ്ഥാപനവും അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. വിദേശ മണ്ണില്‍ 25 വര്‍ഷത്തിലധികമായി കഴിയുന്ന സൂരജിന് നാട്ടിലേക്ക് മടങ്ങാന്‍ മോഹം. റിയാദ് വില്ലാസിനെ ഉപേക്ഷിച്ചല്ല, മറിച്ച് മികച്ചൊരു പ്രൊഫഷണല്‍ ടീമിനെ വിന്യസിച്ചിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തന
ങ്ങള്‍ തടസമില്ലാതെ നടക്കുമെന്ന് ഉറപ്പാക്കിയാണ് സൂരജ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

പൊതുപ്രവര്‍ത്തകന്‍

പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളിലും ഓടിയെത്തുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് സൂരജ്. കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് സൗദി അറേബ്യയുടെ ചെയര്‍മാനാണ്. കേരള ബിസിനസ് ഫോറത്തിന്റെ ചെയര്‍മാന്‍ കൂടിയായ സൂരജ് ഇതിനു കീഴിലുള്ള കെബിഎഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് മെമ്പറുമാണ്. ഇന്ത്യന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനുമാണ് സൂരജ്. പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമാണ്.

ചികിത്സയ്ക്കും പഠനത്തിനും ധനസഹായം നല്‍കുന്ന ദയാ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ അമരക്കാരനാണ് സൂരജ്. കഴിഞ്ഞ എട്ടുവര്‍ഷമായി വില്ലേജിലെ 120ലേറെ പേര്‍ക്ക് മുടങ്ങാതെ പെന്‍ഷനു നല്‍കി വരുന്നുണ്ട്. ഏറ്റവുമൊടുവിലായി ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയുടെ പണിപ്പുരയിലാണ് അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, സ്‌പോര്‍ട്‌സ് , പെന്‍ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ട്രസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശത്വത്തില്‍ മൂന്നു പുതിയ ട്രസ്റ്റുകള്‍ കൂടി രൂപീകൃതമായിട്ടുണ്ടെന്നത് പ്രവര്‍ത്തന മികവ് എടുത്തുകാട്ടുന്നു. ദരിദ്രജനവിഭാഗങ്ങള്‍ക്കായുള്ള ഡയാലിസിസ് സെന്റര്‍, അഴീക്കോടിന്റെ സൗന്ദര്യവത്കരണം തുടങ്ങിയ പ്രോജക്റ്റുകളുടെ പണിപ്പുരയിലാണിപ്പോള്‍ സൂരജ്. കൈരളി ടിവി, ദര്‍ശന ടിവി തുടങ്ങിയവയുടേതടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഷംനയാണ് ഭാര്യ. ആദിഷും അമിതയും
മക്കളാണ്.

സൂരജിന്റെ വിജയ മന്ത്രങ്ങള്‍

വികാരമല്ല, വിവേകം നയിക്കണം: സംരംഭകന്‍ സ്വന്തം കഴിവുകളും പോരായ്മകളും മനസിലാക്കിയിരിക്കണം. മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയുമൊക്കെയാണ് കഴിവായി പരിഗണിക്കുക. സെന്റിമെന്റ്‌സ്, ദേഷ്യം അടക്കമുള്ള സ്വഭാവ ദൂഷ്യങ്ങള്‍ കഴിവുകേടുമാണ്. അതറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍

സമയം നഷ്ടപ്പെടുത്തരുത്: ഒരു ദിവസത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. എട്ടു മണിക്കൂര്‍ ജോലി ചെയ്യാന്‍, എട്ടു മണിക്കൂര്‍ ഉറങ്ങാന്‍. അതിനിടയിലുള്ള എട്ടു മണിക്കൂര്‍ പലരും ഉല്‍പ്പാദനപരമല്ലാതെ വിനിയോഗിക്കുന്നു. ടൈം മാനേജ്‌മെന്റ് അല്ല വേണ്ടത്. സമയം നഷ്ടപ്പെടാതെ നോക്കുക എന്നതാണ്. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. അന്നന്ന് ചെയ്യേണ്ടത് അന്നന്നു തീര്‍ക്കുകയും അവനവന്‍ ചെയ്യേണ്ടത് അവനവന്‍ തന്നെ ചെയ്യുകയും വേണം.

ലാഭം കുറഞ്ഞാലും ഗുണനിലവാരം മുറുകെ പിടിക്കുക: ഒരു പദ്ധതി ഉദ്ദേശിച്ച ഗുണനിലവാരത്തില്‍ സമയത്തിന് പൂര്‍ത്തീകരിക്കാന്‍ ആവില്ലെന്ന് കണ്ടാല്‍ ഉപഭോക്താവിനെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഞങ്ങള്‍ ചെയ്യാറ്. പൂര്‍ണമായ ഗുണനിലവാര നിഷ്‌കര്‍ഷ പുലര്‍ത്താന്‍ സമയം കൂടുതല്‍ ആവശ്യമെങ്കില്‍ അത് നല്‍കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നു. അവര്‍ക്ക് മികച്ചതു തന്നെ വേണം. പണത്തിലായാലും സമയത്തിലായാലും വിട്ടുവീഴ്ചകളാവാം. എന്നാല്‍ ഗുണനിലവാരത്തില്‍ അതു പാടില്ല.

ബന്ധങ്ങള്‍ വിടാതെ നോക്കുക: ഏത് പ്രതിസന്ധിയിലും ഉപകരിക്കുന്നത് ബന്ധങ്ങളാണ്. അത് കൈവിടരുത്.


സാധ്യതകള്‍ തേടിയെത്തും

ഏതു കാര്യത്തിനും സ്വന്തം വഴി തെരഞ്ഞെടുക്കാന്‍ സൂരജ് മിടുക്കനായിരുന്നു. എല്ലാവരും മണ്ടത്തരമാകുമെന്ന് പറഞ്ഞ പല കാര്യങ്ങളിലും സൂരജ് അങ്ങനെയല്ലെന്ന് തെളിയിച്ചു. റിയാദ് വില്ലാസിന്റെ തുടക്കത്തിലും ഉണ്ടായി അതുപോലൊരു സംഭവം. പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ വേണം. പത്തു പേരെ നിയമിക്കാനായിരുന്നു തീരുമാനം. ഈ രംഗത്ത് മുന്‍പരിചയമുള്ളവരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, ഒരു എന്‍ജിനീയറേയും ഒന്‍പത് തൊഴിലാളികളെയും കൊണ്ടുവരൂ. വലിയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാം. പുറത്തു നിന്നുള്ള തൊഴിലാളികളെയും താല്‍ക്കാലികമായി എടുത്ത് ജോലി തീര്‍ക്കുക
യും 30 ശതമാനത്തോളം ലാഭം ഉണ്ടാക്കുകയും ചെയ്യാം. എന്നാല്‍ സൂരജിന് അത് സ്വീകാര്യമായിരുന്നില്ല. ഒന്‍പത് എന്‍ജിനീയര്‍മാരെയും ഒരു ഓഫീസ് ജീവനക്കാരനേയും കൊണ്ടു വന്നു. തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷേ കഴിവുള്ള എന്‍ജിനീയറെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് സൂരജ് കണക്കു കൂട്ടി.

ഒരു വലിയ പ്രോജക്റ്റിനു പകരം ചെറിയ ഒന്‍പത് പ്രോജക്റ്റുകള്‍ ഏറ്റെടുക്കാം, 30 ശതമാനം ലാഭം വേണ്ട. പത്തു ശതമാനമാണെങ്കിലും ഒന്‍പത് പ്രോജക്റ്റുകളില്‍ നിന്നാകുമ്പോ 90 ശതമാനത്തിനു തുല്യമായല്ലോ എന്ന ചിന്തയായിരുന്നു സൂരജിന്.
*****
കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങാന്‍ സൂരജിന്റെ കൈയിലുള്ള സമ്പാദ്യമൊന്നും തികയുമായിരുന്നില്ല. വിവേകമുണ്ടെങ്കില്‍ ബാക്കിയെല്ലാം നമ്മുടെ വഴിയിലേക്ക് വരുമെന്ന് കരുതുന്ന സൂരജിന് മുന്നിലേക്ക് ആവശ്യമായതെല്ലാം ഒന്നൊന്നായി കടന്നുവന്നതും മറ്റൊരു ടെക്‌നികിലൂടെ. പതിനഞ്ചു വര്‍ഷത്തെ സര്‍വീസിനിടയില്‍ സൂരജ് സമ്പാദിച്ച സുഹൃത്തുക്കളായിരുന്നു, ആ വഴി. കോടീശ്വരന്മാരായ സൗദി പൗരന്മാരും സര്‍ക്കാര്‍ തലത്തില്‍ പോലും വലിയ പിടിപാടുള്ളവരും അതില്‍പ്പെടുന്നു. തന്റെ ബുദ്ധിയും മറ്റുള്ളവരുടെ പണവും സ്വാധീനവും ഉപയോഗിച്ച് സൂരജ് കെട്ടിപ്പൊക്കിയത് വലിയൊരു സാമ്രാജ്യം തന്നെയായിരുന്നു. അവരുടെ നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായ പ്രതിഫലം നല്‍കാനും സൂരജിന് മടിയുണ്ടായില്ല. സൗദി ഭരണകൂടം ഉള്‍പ്പടെ വലിയ ക്ലയ്ന്റുകളെയെല്ലാം റിയാദ് വില്ലാസിന് നേടിക്കൊടുത്തതും സൂരജിന്റെ ഈ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ തന്നെയായിരുന്നു.
*****
വില കൂടിയ ഉപകരണങ്ങളാണ് റിയാദ് വില്ലാസ് പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നത്. അപ്പോള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അവ കൂടുതല്‍ കാലം നില്‍ക്കില്ല. അതിനൊരു പോംവഴി കണ്ടെത്തി, സൂരജ്. ഉപകരണങ്ങളില്‍ ജീവനക്കാര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക. ജീവനക്കാര്‍ക്കും നേട്ടമാകുന്ന ഈ പദ്ധതി വലിയ വിജയമായിരുന്നുവെന്ന് സൂരജ് പറയുന്നു. ജീവനക്കാരുടെ പിഎഫില്‍ നിന്നും മറ്റുമുള്ള ഒരു വിഹിതം ഇതിനായി വിനിയോഗിക്കുന്നു. അതില്‍ നിന്നുള്ള വാടക വരുമാനം തിരികെ ജീവനക്കാര്‍ക്ക് നല്‍കുന്നു. സ്വന്തം ഉപകരണങ്ങളെ നന്നായി നോക്കുമെന്ന് മാത്രമല്ല കമ്പനിയോട് കൂടുതല്‍ അടുപ്പവും ഇതു വഴിയുണ്ടാകുന്നു. അവര്‍ക്ക് അധിക വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കുന്നു.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top