Jan 20, 2018
ചിയേഴ്‌സ് ! ഈ മലയാളിയുടെ ഗ്ലോബൽ നേട്ടത്തിന്
പോസിറ്റീവായി ചിന്തിച്ച് ഒരു തകര്‍ച്ചയില്‍ നിന്ന് കൂടുതല്‍ ഉയരത്തില്‍ എത്താനുള്ള കഴിവാണ് ഒരു യഥാര്‍ത്ഥ ലീഡറുടെ ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു
facebook
FACEBOOK
EMAIL
success-and-inspirational-story-of-mahesh-madhavan

ഈ മലയാളിയുടെ ഗ്ലോബല്‍ നേട്ടത്തിന് 'എന്റെ കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പോസിറ്റീവായി ചിന്തിച്ച് ഒരു തകര്‍ച്ചയില്‍ നിന്ന് കൂടുതല്‍ ഉയരത്തില്‍ എത്താനുള്ള കഴിവാണ് ഒരു യഥാര്‍ത്ഥ ലീഡറുടെ ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു.'

ഈ കരുത്തും ആത്മവിശ്വാസവും തന്നെയാണ് മഹേഷ് മാധവന്‍ എന്ന പേരിനെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കിയതും. മലയാളികള്‍ പലരും അറിഞ്ഞുതുടങ്ങിയിട്ടില്ലാത്ത ഒരു പ്രൊഫഷണല്‍ വിജയത്തിന്റെ അവകാശിയാണ് മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഈ കണ്ണൂര്‍ സ്വദേശി. 156 വര്‍ഷത്തെ പാരമ്പര്യമുള്ള, ലോകത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്പിരിറ്റസ് കമ്പനിയായ ബക്കാര്‍ഡിയുടെ ഗ്ലോബല്‍ സിഇഓ ആയി ഈ ഏപ്രിലി ല്‍ നിയമിതനാകുകയാണ് മഹേഷ് മാധവന്‍. ഇരുന്നൂറിലേറെ ബ്രാന്‍ഡുകളും ലോകവിപണികളില്‍ ആധിപത്യവുമുള്ള കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു മലയാളി എത്തുന്നത്.

എന്‍ജിനീയറായി കരിയര്‍ തുടങ്ങി മാനേജ്‌മെന്റില്‍ എത്തിയ മഹേഷിനെ വ്യത്യസ്തനാക്കുന്നത് മികച്ച ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ തന്നെ.ഒരു ഗ്ലോബല്‍ സ്പിരിറ്റസ് കമ്പനി നയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന ക്രെഡിറ്റും മഹേഷിനു സ്വന്തം.

'ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ സിഇഒ എന്ന പദവി ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടതല്ല, പക്ഷേ, എന്ത് ജോലി ചെയ്യുമ്പോഴും ഏറ്റവും മികച്ചതായി അത് പൂര്‍ത്തി യാക്കണം എന്ന തൊരു നിര്‍ബന്ധമായിരുന്നു,' ബക്കാര്‍ഡിയിലെതന്റെ യാത്രയെ കുറിച്ച് മഹേഷ് മാധവന്‍ സംസാരിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ഷിപ്പ്‌യാര്‍ഡായ മസ്ഗാവ് ഡോക്‌സില്‍ നിന്ന് ഒരു ഗ്ലോബല്‍ സ്പിരിറ്റസ് കമ്പനിയുടെ മേധാവിയിലേക്കുള്ള ഈ യാത്ര എങ്ങനെയായിരുന്നു?

എന്റെ തുടക്കം എന്‍ജിനീയറായിട്ടാണ്. ആദ്യം മസ്ഗാവ് ഡോക്‌സ്, പിന്നെ കുറച്ചുകാലം ടാറ്റ ഇലക്ട്രിക്. വളരെ വര്‍ത്തനവിരസമായതുകൊണ്ട് ഈ ജോലികളൊന്നും എന്നെ ഒരു തരത്തിലും പ്രചോദിപ്പിച്ചില്ല. അങ്ങനെയാണ് ഞാന്‍ എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ നേടി വിപ്രോയില്‍ ചേരുന്നത്. കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സില്‍ മാനേജ്‌മെന്റ് ട്രെയിനിയായി. ജോലികള്‍ പലതും മാറിവന്നു ഒടുവില്‍ മുംബൈയില്‍ ഏരിയാ മാനേജറായി. ഒട്ടും ഗ്‌ളാമറസല്ലാത്ത ജോലികള്‍ ചെയ്യുമ്പോഴും അത് ഏറ്റവും മികച്ചതായി പൂര്‍ത്തിയാക്കി എന്റെ കമ്പനിക്ക് വിജയങ്ങളും ലാഭവും നേടിക്കൊടുക്കാനാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഗ്ലോബല്‍ സിഇഒ എന്ന റോള്‍ എന്ന സ്വപ്നത്തില്‍ പോലുമില്ലായിരുന്നു.

വിപ്രോയ്ക്ക് ശേഷം ഉല്‍ക്ക അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്തിട്ടാണ് കഉഢ യുടെ മാര്‍ക്കറ്റിംഗില്‍ ചേരുന്നത്. സ്പിരിറ്റസ് രംഗത്തെ ആദ്യ ജോലി. 1997 ല്‍ ബക്കാര്‍ഡി ഇന്ത്യയിലെത്തിയപ്പോള്‍ ഞാന്‍ അവരുടെ മാര്‍ക്കറ്റിംഗ് ഹെഡ് ആയി. തായ്‌ലന്റ്, ഫിലിപ്പീന്‍സ്, സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ പല പ്രദേശങ്ങളിലെ ബിസിനസ് മാനേജ് ചെയ്യുന്നതുള്‍പ്പെടെയുള്ള വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളാണ് എനിക്ക് ബക്കാര്‍ഡിയിലുണ്ടായിരുന്നത്.

മുപ്പത് വര്‍ഷത്തെ എന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. നേട്ടങ്ങള്‍ എല്ലാവരും അംഗീകരിക്കും, പക്ഷെ, ആത്മവിശ്വാസവും, ധൈര്യവും സ്ഥിരോത്സാഹവും വഴി മോശമായ ഒരു സാഹചര്യത്തെ പോസിറ്റീവാക്കി മാറ്റാനുള്ള കഴിവാണ് ഒരു ലീഡറെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതിനൊക്കെപ്പുറമെ ഭാഗ്യവും ഉണ്ടാകേണ്ടത് പ്രധാനമാണ്.

തികച്ചും വ്യത്യസ്തമായ സ്പിരിറ്റ്‌സ് മേഖലയില്‍ മുന്നേറാന്‍ എങ്ങനെയാണ് താങ്കളുടെ മാനേജ്‌മെന്റ് രീതികള്‍ ഉപയോഗപ്പെടുത്തിയത്?

പല കണ്‍സ്യൂമര്‍ പ്രോഡക്ട് കമ്പനികളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും സ്പിരിറ്റ്‌സ് ഇന്‍ഡസ്ട്രിയില്‍ വന്നപ്പോഴാണ് ഇത് എത്ര വ്യത്യസ്തമായ രംഗമാണെന്നു എനിക്ക് മനസിലായത്. ബാര്‍, പബ്, റെസ്റ്റൊറന്റ് എന്നിവിടങ്ങളിലെല്ലാമുള്ള വളരെ വിഭിന്നരായ കസ്റ്റമേഴ്‌സിലേക്കെത്താന്‍ തികച്ചും പുതിയ, ക്രിയേറ്റീവായ മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്ക് എപ്പോഴും കണ്ടെത്തണം.

എന്റെ സ്വന്തം കമ്പനി എന്ന ചിന്ത യോടെയാണ് ഞാന്‍ എപ്പോഴും ജോ ലി ചെയ്യുന്നത്. മറ്റുള്ളരുടെ പെര്‍ഫോമന്‍സ് മികച്ചതാക്കുന്നതും, ഓരോ വര്‍ഷത്തെയും നേട്ടങ്ങള്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതും അങ്ങനെയാണ്.

ബ്രാന്‍ഡിന്റെയും ജീവനക്കാരുടെയും വളര്‍ച്ചയാണ് ഞാന്‍ ലക്ഷ്യമിടുന്നതും. ഓരോ വര്‍ഷവും ഈ ബിസിനസ് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും എനിക്ക് ലഭിച്ച ടീമിന്റെ കരുത്ത് കൊണ്ടാണ്.

ഒരു പുതിയ ബ്രാന്‍ഡ് വിപണിയില്‍ ശ്രദ്ധേയമാക്കുക എളുപ്പമല്ല. സ്മിര്‍ണോഫ് ഇന്ത്യയില്‍ അവതരിപ്പിച്ച് വൈറ്റ് സ്പിരിറ്റ്‌സിനൊരു മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ എന്ത് സ്ട്രാറ്റജിയാണ് ഉപയോഗിച്ചത്?

എപ്പോഴും ഓഫീസിനു പുറത്ത് കൂടുതല്‍ സമയം ചെലവഴിച്ച്, ആളുകളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയാണ് എന്റേത്.

ഉപഭോക്താക്കളെയും ടീം അംഗങ്ങളെയും കണ്ട് സംസാരിക്കും. ബ്രാന്‍ഡുകളുടെയും കമ്പനിയുടെയും വളര്‍ച്ചയ്ക്ക് വേണ്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതും അവരാണ്. ഇത് വെറും ഒരു ജോലി എന്ന് കരുതാതെ എന്റെ കമ്പനിയാണ് എന്ന വിശ്വാസത്തില്‍ അധ്വാനിച്ചത് വലിയ വ്യത്യാസമുണ്ടാക്കി എന്നെനിക്ക് തോന്നുന്നു. സ്ട്രാറ്റജി നിങ്ങളെ ഒരു തലം വരെ മാത്രമേ എത്തിക്കുകയുള്ളു, ബാക്കിയുള്ളത് മികച്ച രീതിയില്‍ ചെയ്യണമെങ്കില്‍ നല്ല പാഷനും ഡെഡിക്കേഷനും വേണം.

കമ്പനിയുടെ വളര്‍ച്ചയില്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്?

ബക്കാര്‍ഡി റം, മാര്‍ട്ടിനി വെര്‍മൂത്ത്, സ്പാര്‍ക്ലിങ് വൈന്‍, ബോംബെ സഫയര്‍ ജിന്‍, ഡ്യുവര്‍സ് ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി, ഗ്രേഗൂസ് വോഡ്ക എന്നിവയാണ് ഞങ്ങളുടെ പ്രധാന ബ്രാന്‍ഡുകള്‍. ഇവയുടെ വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവ കൂടാതെ ഈയിടെ ഞങ്ങള്‍ ഏറ്റെടുത്ത ഏഞ്ചല്‍സ് എന്‍വി ബൂര്‍ബണ്‍, ബാങ്ക്‌സ് റം, സെയിന്റ് ജെര്‍മെയ്ന്‍ എല്‍ഡര്‍ഫ്‌ളവര്‍ ലിക്കര്‍, ലെബ്‌ലോണ്‍ കസാഷ എന്നീ പുതിയ ബ്രാന്‍ഡുകളെ കൂടുതല്‍ പോപ്പുലറാക്കാനുണ്ട്. അതോടൊപ്പം റ്റീലിംഗ് ഐറിഷ് വിസ്‌കിയില്‍ നടത്തിയ നിക്ഷേപവും ശ്രദ്ധിക്കണം. അമേരിക്കയും യൂറോപ്പുമാണ് ഞങ്ങളുടെ പ്രധാന വിപണികള്‍.

ഒട്ടേറെ ലോക്കല്‍ ബ്രാന്‍ഡുകളുടെ ആധിപത്യമുള്ള ഇന്ത്യന്‍, ഏഷ്യന്‍ വിപണികള്‍ക്കായി എന്താണ് പ്ലാന്‍?

മികച്ച മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. ഇവിടെ മധ്യവര്‍ഗത്തിന്റെ വലുപ്പം കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇന്റര്‍നാഷണല്‍ പ്രീമിയം ബ്രാന്‍ഡുകളോടുള്ള ഇഷ്ടവും. എങ്കിലും വളരെ സങ്കീര്‍ണവുമാണ് ഈ വിപണി. വില്‍പ്പനയുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്കായതുകൊണ്ട് പലതരം നിയമങ്ങളും നിയന്ത്രണ ങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. വിസ്‌കിയ്ക്ക് മുന്‍തൂക്കമുള്ള മാര്‍ക്കറ്റാണിത്. ബക്കാര്‍ഡിക്ക് ലോക്കല്‍ വിസ്‌കികള്‍ ഒന്നുമില്ല. പക്ഷെ, ധാരാളം വിദേശയാത്രകള്‍ ചെയ്യാനുള്ള കഴിവ് ഇപ്പോള്‍ ഇന്ത്യയിലെ മിഡില്‍ ക്ലാസിനുള്ളതുകൊണ്ട് ഞങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡുകളെല്ലാം അവര്‍ക്ക് പരിചിതമാണ്. പ്രീമിയം, സൂപ്പര്‍ പ്രീമിയം ബ്രാ ന്‍ഡുകളാണ് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ വിപണികളിലും ഞങ്ങളുടെ ഫോക്കസ്.

പ്രീമിയം ലിക്കര്‍ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ എന്താണ്?

ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വളരെ ബോധവാന്മാരായതുകൊണ്ട് എന്ത് കഴിക്കുന്നു, എന്ത് കുടിക്കുന്നു എന്ന കാര്യങ്ങളില്‍ ആളുകള്‍ വളരെ ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് ആല്‍ക്കഹോളിന്റെ അളവ് വളരെ കുറവായ പാനീയങ്ങള്‍ക്ക് ഡിമാന്‍ഡും കൂടുതലാണ്. പല നഗരങ്ങളിലും ഡിസ്‌കോകളും ഡാന്‍സ് ക്ലബുകളും കുറയുകയാണ്. പകരം നല്ല ഭക്ഷണവും മികച്ച കോക്ടെയിലുകളും ലഭ്യമാകുന്ന, വളരെ വ്യത്യസ്തമായ എക്‌സ്പീരിയന്‍ഷ്യല്‍ ഔട്ട്‌ലെറ്റുകളിലാണ് ഇപ്പോള്‍ തിരക്ക്. ഈ രണ്ട് ട്രെന്‍ഡുകളും മാറുന്ന താല്‍പ്പര്യങ്ങളും എങ്ങനെ ബക്കാര്‍ഡി ബ്രാന്‍ഡുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്കാണ് മദ്യവിപണിക്കുള്ളത്. മദ്യനിരോധനവും നിയന്ത്രണങ്ങളും എത്രത്തോളം പ്രായോഗികമാണ്?

മദ്യനിരോധനം ഒരിക്കലും ഫലവത്താകില്ല എന്നാണ് പഠനങ്ങളെല്ലാം തെളിയിച്ചിട്ടുള്ളത്. പകരം വേണ്ടത് മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാകുകയാണ്. ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗം എങ്ങനെയെന്ന അറിവ് നല്‍കണം. ഇതിന് സര്‍ക്കാരിന്റെ പങ്കാളിത്തം ആവശ്യമാണ്. ഇന്‍ഡസ്ട്രിയും ഗവണ്മെന്റും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഈ രംഗത്തും 'റെസ്‌പോണ്‍സിബിള്‍ ബിഹേവിയര്‍' കൊണ്ടുവരാം.

എന്താണ് ബക്കാര്‍ഡിയുടെ വിജയരഹസ്യം?

വിപണിയിലെ ഇത്രയും വര്‍ഷത്തെ ആധിപത്യത്തിന് കാരണം ബക്കാര്‍ഡിയുടെ ഡൈനാമിക് ടീം തന്നെ. ചരിത്രത്തിന്റെ ഭാഗമാണ് ഈ ബ്രാന്‍ഡുകള്‍, ലോകമൊട്ടാകെ അവ മാനേജ് ചെയ്യുന്നത് ഏറ്റവും മികച്ച ടീമുകളും. ഈയൊരു കോമ്പിനേഷന്റെ കരുത്ത് ഒന്നുവേറെ തന്നെയാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷപ്രദമായ ഒരു അനുഭവം ഞങ്ങള്‍ നല്‍കുന്നതും അങ്ങനെയാണ്, അവര്‍ക്ക് ബക്കാര്‍ഡി ബ്രാന്‍ഡുകള്‍ കൂടുതല്‍ ചുമതലാബോധത്തോടെ ആസ്വദിക്കാനും കഴിയും.

വ്യക്തിപരമായി താങ്കള്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പിന്നിലെ കാരണമെന്താണ്?

ഏത് ലീഡറും വിജയിക്കണമെങ്കില്‍ ഒരു ടീം വേണം. 'നിങ്ങള്‍ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ എന്ത് ചെയ്യണം?' എന്ന് എപ്പോഴും ടീമിനോട് ചോദിക്കുന്നത് എന്റെ ഒരു പോളിസിയാണ്. കാരണം, അവര്‍ വിജയിച്ചാല്‍ ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ എല്ലാവരും വിജയിക്കും. എല്ലാവര്‍ക്കും സുരക്ഷയും ആദരവും ലഭിക്കുന്ന, വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ഒരു അന്തരീക്ഷം ഒരുക്കുന്ന തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ കമ്പനിക്ക് വേണ്ടി ഏറ്റവും നല്ല പ്രകടനമായിരിക്കും അവര്‍ കാഴ്ച വയ്ക്കുന്നത്. ഒരു ലീഡര്‍ എന്ന നിലയില്‍ എന്നോട് തന്നെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്താന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതേപോലെ തന്നെയാണ് ടീമിനോടുള്ള സ്‌നേഹവും.ഏറ്റവും പ്രധാനമായ കാര്യം വിജയങ്ങള്‍ തേടിവരുമ്പോള്‍ ഓര്‍ക്കാനുള്ളതാണ്. മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുക, നിങ്ങള്‍ ഇവിടെ നിന്നാണ് യാത്ര തുടങ്ങിയത് എന്നോര്‍ക്കുക, എല്ലാ നേട്ടങ്ങള്‍ക്കും നന്ദിയും കടപ്പാടുമുള്ളവരായിരിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
100%
0
angry
0%
 
Back to Top