Dec 18, 2016
ഹര്‍ത്താല്‍ നഷ്ടപ്പെടുത്തുന്നത് കോടികള്‍, സ്വീകരിക്കാം ബദല്‍ മാര്‍ഗം
കൊച്ചിയിലെ ലുലുമാളിന് ഒറ്റദിവസം കൊണ്ട് നേരിട്ടതാവട്ടെ 10 കോടി രൂപയിലേറെ നഷ്ടം!
facebook
FACEBOOK
EMAIL
strikes-in-kerala-makes-big-losses

അലസന്‍മാരായ മലയാളികള്‍ക്ക് ഹര്‍ത്താല്‍ എന്നാല്‍ ആഘോഷമാണ്. ആ ദിവസം വീട്ടിലിരിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ സ്വതവേ ദുര്‍ബലമായ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇത് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഒറ്റ ദിവസം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് 1500 കോടി രൂപയിലേറെയാണ്. കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന് (SEZ) മാത്രം നഷ്ടം 100 കോടി രൂപയാണെന്നും കണക്കാക്കുന്നു. 25,000ത്തോളം വരുന്ന ജീവനക്കാര്‍ ഒരുദിവസം പണിയെടുക്കാതെ വരുമ്പോഴുള്ള നഷ്ടമാണിത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ കൊച്ചിയിലെ ലുലുമാളിന് ഒറ്റ ദിവസം കൊണ്ട് നേരിട്ടതാവട്ടെ 10 കോടി രൂപയിലേറെ നഷ്ടം!

ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനം നിലച്ചില്ലെങ്കിലും ജീവനക്കാരുടെ ഹാജര്‍ നിലയില്‍ വലിയ കുറവാണ് നേരിട്ടത്. ഇത് സ്വകാര്യ മേഖലയിലെ മാത്രം കണക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ ഉണ്ടായ നഷ്ടം ഇതിലും ഏറെയാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാനുള്ള ശ്രമം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ തിരിച്ചടിയാണ്. ഇന്ന് ഒരു 'ഈര്‍ക്കില്‍ പാര്‍ട്ടി' വിചാരിച്ചാല്‍ പോലും കേരളത്തെ നിശ്ചലമാക്കാന്‍ തക്കവിധം മലയാളിയുടെ മനസ് ഹര്‍ത്താലിന് അനുകൂലമായി നില്‍ക്കുന്നു.

വ്യാപാരികള്‍, വ്യവസായികള്‍, കേറ്ററിംഗ് മേഖല, ഹോട്ടലുകള്‍, ടാക്‌സി, ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍, ഗതാഗത മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലകളിലെ താല്‍ക്കാലിക തൊഴിലാളികള്‍,ചുമട്ടുതൊഴിലാളികള്‍ തുടങ്ങി നാനാവിധ മേഖലകളിലും വിവിധ തരത്തിലുള്ള നഷ്ടമാണ് ഹര്‍ത്താല്‍ വരുത്തിവെക്കുന്നത്. ചില മേഖലകളെ പൂര്‍ണമായും നിശ്ചലമാക്കുമ്പോള്‍ ചിലവയെ ഭാഗികമായും ബാധിക്കുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടിനെ ബാധിച്ചില്ലെങ്കിലും ടാക്‌സി സേവനങ്ങളെ ബാധിച്ചതിനാല്‍ അതിന്റെ ഗുണം ഇല്ലാതായി.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ വിജയമായി കരുതുന്നത് കടകള്‍ അടച്ചിട്ടുണ്ടോ വാഹനങ്ങള്‍ ഓടാതിരുന്നോ എന്നതിനെയാണ്. കേരളത്തിലെ 10 ലക്ഷത്തോളം വ്യാപാരികളെയാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ ഹര്‍ത്താല്‍ ദിവസം ആരും കട തുറക്കുന്നില്ല എന്നതിനാല്‍ സാധാരണ ദിവസങ്ങളില്‍ കട അടച്ചിടാന്‍ താല്‍പ്പര്യപ്പെടാത്തവര്‍പോലും കിട്ടിയ അവസരമായി ഹര്‍ത്താലിനെ കണ്ട് അവധിയെടുക്കാന്‍ തയാറാവുന്നു. എന്നാല്‍ ഒരു മിന്നല്‍ ഹര്‍ത്താല്‍ ഉണ്ടാവുമ്പോള്‍ കേരളത്തിലെ പച്ചക്കറി, ഹോട്ടല്‍, ബേക്കറി തുടങ്ങിയ മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണ്. മറ്റ് വ്യാപാര മേഖലകളെയും ഉല്‍പ്പാദന മേഖലയെയും ഹര്‍ത്താല്‍ തളര്‍ത്തുന്നു

ബദല്‍ മാര്‍ഗം

ഹര്‍ത്താലിന് ബദല്‍ എന്ന രീതിയില്‍ എന്ത് പ്രതിഷേധ മാര്‍ഗമാണ് സ്വീകരിക്കാനാവുക എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകുന്നുണ്ട്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ത്താല്‍ വിരുദ്ധ മുന്നണി മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്.

സ്ഥാപനങ്ങള്‍: സ്ഥാപനങ്ങള്‍ക്ക് ഹര്‍ത്താല്‍ അനുഭാവം പ്രകടിപ്പിച്ച് കറുത്ത കൊടി കെട്ടാം. കൂടാതെ പ്രതിഷേധം രേഖപ്പെടുത്താനുള്ള പുസ്തകം വെക്കാം. ഈ പുസ്തകം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനയ്ക്ക് കൈമാറുകയും അവര്‍ക്കത് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യാം. ഹര്‍ത്താല്‍ നടത്തുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പ്രതിഷേധം അധികൃതരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും.
വാഹനങ്ങള്‍: ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് കറുത്ത കൊടി കെട്ടുകയും വാഹനത്തില്‍ സ്റ്റിക്കറോ പോസ്റ്ററോ പതിച്ച് സര്‍വീസ് നടത്തുകയോ ചെയ്യാം. ഡ്രൈവര്‍മാര്‍ കറുത്ത ബാഡ്ജും ധരിക്കാം.
വ്യക്തികള്‍: കറുത്ത ബാഡ്ജ് ധരിക്കാം. ജീവനക്കാര്‍ക്ക് തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തില്‍ ഹര്‍ത്താലിന് ഇടവരുത്തിയ സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യാം. ഇത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനയിലൂടെ സര്‍ക്കാരിലേക്ക് എത്തുകയും ചെയ്യും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top