Aug 01, 2017
സംരംഭകര്‍ക്ക് അവസരങ്ങളുമായി ഐഐഎസ്ആര്‍
നിലവിലെ സംരംഭകര്‍ക്കും പുതു സംരംഭകര്‍ക്കും ഒരുപോലെ അവസരങ്ങള്‍ നല്‍കുകയാണ് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്
facebook
FACEBOOK
EMAIL
startup-projects-by-indian-institute-of-spices-research

രാജ്യത്തെ സുഗന്ധവിളകളുടെ കൃഷി രീതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് (ഐഐഎസ്ആര്‍) സംരംഭകര്‍ക്കും നിരവധി അവസരങ്ങള്‍ നല്‍കുന്നു. 1975 ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ചിനു കീഴില്‍ സിപിസിആര്‍ഐയുടെ റീജണല്‍ സ്റ്റേഷന്‍ എന്ന നിലയിലാണ് ഇതിന്റെ തുടക്കം. 1986 ല്‍ ഈ സ്ഥാപനത്തെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സ്‌പൈസസ് ആയി ഉയര്‍ത്തി. 1995 ലാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. 

സുഗന്ധവിളയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാങ്കേതിക വിദ്യകളും അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങളും വികസിപ്പിച്ച് നല്‍കുവാന്‍ ഇതിനകം തന്നെ ഐഐഎസ്ആറിന് സാധിച്ചിട്ടുണ്ടെന്ന് ഡയറക്റ്റര്‍ ഡോ. നിര്‍മല്‍ ബാബു പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ്- ബിസിനസ് പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഐറ്റിഎം-ബിപിഡി) കീഴിലാണ് സംരംഭകര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നത്. നിലവില്‍ ഇതിന്റെ ചുമതല മെമ്പര്‍ സെക്രട്ടറിയും ഐഐഎസ്ആറിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. ടി.ഇ ഷീജയ്ക്കാണ്.

ഐറ്റിഎം-ബിപിഡി സാങ്കേതിക വിദ്യയും ബിസിനസ് ആരംഭിച്ച് ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതിനും അതിന്റെ പ്രചാരണത്തിനും വരെ മുന്‍കൈയെടുക്കുന്നു. ബിസിനസ് ഇന്‍കുബേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍

1. ടെക്‌നോളജി/ പ്രോഡക്റ്റ് ഡെവലപ്‌മെന്റ്, ട്രാന്‍സ്ഫര്‍ കൊമേഴ്‌സ്യലൈസേഷന്‍

2. ടെക്‌നിക്കല്‍ സയന്റിഫിക് സപ്പോര്‍ട്ട്

3. മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട്

4. ബിസിനസ് പ്ലാന്‍ ഡെവലപ്‌മെന്റ്

5. അടിസ്ഥാന സൗകര്യ വികസനം- ഓഫീസ് സൗകര്യം, ലബോറട്ടറി, ഗ്രീന്‍ ഹൗസ്, പ്രോസസിംഗ് സൗകര്യങ്ങള്‍

6. ഫണ്ടിംഗ് ലഭ്യമാക്കാനുള്ള സൗകര്യം (ഗ്രാന്റ്, വായ്പ, ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്)

7. ലീഗല്‍ & ഐപി അഡൈ്വസറി

8. ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍

9. പേറ്റന്റ് സേര്‍ച്ച്, ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍

ഐഐഎസ്ആര്‍ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ മിതമായ നിരക്കില്‍ നല്‍കി വലിയ ബിസിനസ് അവസരങ്ങള്‍ നല്‍കുന്നുവെന്നത് സംരംഭകര്‍ക്ക് ഏറെ ഗുണകരമാണ്. പ്രോസസിംഗ് യൂണിറ്റും നഴ്‌സറിയുമാണ് മറ്റു സംരംഭങ്ങള്‍.

സാങ്കേതിക വിദ്യാ കൈമാറ്റം

വിളകളുടെ അത്യുല്‍പ്പാദന ശേഷിക്കായി വികസിപ്പിച്ചെടുക്കുന്ന ഒമ്പത് ഉല്‍പ്പന്നങ്ങള്‍ക്ക് ഐഐഎസ്ആര്‍ പേറ്റന്റ് നേടിയിട്ടുണ്ട്. വിവിധ വിളകള്‍ക്കുള്ള മൈക്രോ ന്യൂട്രിയന്റ്‌സ്, ബയോകാപ്‌സ്യൂളുകള്‍ തുടങ്ങിയവയാണത്. കിലോക്കണക്കിന് ട്രൈക്കോഡര്‍മ കൃഷിയിടത്തില്‍ വിതറുന്നതിന് പകരം ഏക്കറിന് ആറു മുതല്‍ എട്ടു വരെ ചെറിയ ബയോ കാപ്‌സ്യൂളുകള്‍ നിക്ഷേപിച്ചാല്‍ മതിയെന്നത് ഇവയുടെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. മാത്രമല്ല 30 ശതമാനം വരെ വിവിധ വിളകളുടെ ഉല്‍പ്പാദന ശേഷി കൂട്ടുകയും ചെയ്യും. കാര്‍ഷിക മേഖലയില്‍ ഏറെ ആവശ്യമുള്ള ഉല്‍പ്പന്നങ്ങളാണിവ. ഐഐഎസ്ആര്‍ മുന്നോട്ട് വെക്കുന്ന ഗുണനിലവാര നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ ഈ ഉല്‍പ്പന്നം നിര്‍മിക്കാനാവൂ. ഇത് ഉറപ്പിക്കാനായി നേരത്തെ തന്നെ സംരംഭകരുമായി കരാര്‍ വെക്കുന്നുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി സംരംഭകര്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവാണു വളം ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കമ്പനികളറിയാതെ തന്നെ വിപണിയില്‍ നിന്ന് വാങ്ങി ഐഐഎസ്ആര്‍ പരിശോധിച്ച്, ഗുണനിലവാരമില്ലെങ്കില്‍ ലൈസന്‍സ് കട്ട് ചെയ്യുന്നു. ഈ സാങ്കേതിക വിദ്യ ലഭ്യമാകാന്‍ സംരംഭകന്‍ ചെറിയൊരു തുക കെട്ടിവെക്കേണ്ടതുണ്ട്.

ഇന്‍കുബേഷന്‍ സെന്റര്‍

ഐഐഎസ്ആര്‍ ഒരുക്കിയ ഇന്‍കുബേഷന്‍ സെന്ററില്‍ രണ്ടു മൂന്നു വര്‍ഷം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ചുരുങ്ങിയ വാടക മാത്രമേ ഇതിന് ഈടാക്കുന്നുള്ളൂ. ഇവിടെയുള്ള യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം. വിപണിയില്‍ എത്തിക്കുന്നതിനും മറ്റും ഐഐഎസ്ആറിന്റെ സഹായം ലഭിക്കുകയും ചെയ്യും. മാത്രമല്ല അവരുടെ സ്റ്റാളുകളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു.

സസ്യ വൈവിധ്യം

കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതിക്ക, കറുവാപ്പട്ട തുടങ്ങിയ സുഗന്ധ വിളകളുടെ നിരവധി അത്യുല്‍പ്പാദന ശേഷിയുള്ള ഇനങ്ങളാണ് ഐഐഎസ്ആര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇവ നഴ്‌സറികളില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്താനുള്ള അവസരം സംരംഭകര്‍ക്കുണ്ട്. ഏറെ ആവശ്യക്കാര്‍ ഇതിനുണ്ട്. സാധാരണ ഐഐഎസ്ആറിന് ലഭിക്കുന്ന ഓര്‍ഡറുകള്‍ പൂര്‍ണമായും നല്‍കാന്‍ കഴിയാറില്ല. ഇത്തരം നഴ്‌സറികളില്‍ നിന്ന് ബയ് ബാക്ക് ചെയ്ത ചെടികളാണ് സ്ഥാപനം ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഓരോ വര്‍ഷവും ആറു കോടിയോളം കുരുമുളക് ചെടികളും ഒരു ലക്ഷം ടണ്ണിലേറെ മഞ്ഞള്‍ വിത്തുമൊക്കെ ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഐഐഎസ്ആര്‍ നിബന്ധനകള്‍ക്ക് അനുസൃതമായാകും വിത്തു ചെടികളുടെ ഉല്‍പ്പാദനം. വിദഗ്ധ സംഘം കൃഷിയിടങ്ങള്‍ ഇടക്കിടെ സന്ദര്‍ശിക്കുകയും ചെയ്യും. പറഞ്ഞിരിക്കുന്ന അതേ ജനുസ്സില്‍ പെട്ട ചെടികള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്ന് ഈ പരിശോധന ഉറപ്പു നല്‍കുന്നു.

നഴ്‌സറി
ചെലവൂരില്‍ ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തുടങ്ങിയ നഴ്‌സറിയില്‍ സുഗന്ധ വിളകള്‍ക്ക് പുറമേ മാവ്, കവുങ്ങ്, തെങ്ങ്, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയുടെ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നു. മൊത്ത കച്ചവടം ചെയ്യുന്നവര്‍ക്കും ഇത് അവസരം നല്‍കുന്നു. വിലയിലും മറ്റിടങ്ങളേക്കാള്‍ കുറവുണ്ട്.

പ്രോസസിംഗ് യൂണിറ്റ്

പെരുവണ്ണാമൂഴിയിലെ പ്രോസസിംഗ് യൂണിറ്റാണ് ഐഐഎസ്ആറിന്റെ മറ്റൊരു സംരംഭക സഹായ നടപടി. ഏതൊരു കമ്പനിക്കും മിതമായ നിരക്കില്‍ ഇവിടെയുള്ള ഫാക്റ്ററിയിലെ യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കാനാകും. മുളക്, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ പൊടിക്കാനും പായ്ക്ക് ചെയ്യാനും മറ്റുമുള്ള സംവിധാനം ഇവിടെയുണ്ട്. ഇതിനായി സമീപിക്കുന്ന കമ്പനികള്‍ക്ക് നിശ്ചിത സമയം അനുവദിച്ചു നല്‍കുകയാണ് ചെയ്യുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവന്നാല്‍ പായ്ക്ക് ചെയ്ത ഉല്‍പ്പന്നമായി തിരികെ പോകാം എന്നതാണ് പ്രത്യേകത. പുറത്തെ ഏതൊരു മില്ലിലും നല്‍കേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ ഇതിന് വേണ്ടി വരുന്നുള്ളൂ. ഒരാള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണ് ഈ സൗകര്യം നല്‍കുക. എന്നാല്‍ രേഖാമൂലമുള്ള അപേക്ഷ നല്‍കിയാല്‍ അത് നീട്ടി നല്‍കാറുമുണ്ട്. കേരളത്തിലെ പ്രമുഖ കമ്പനികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

പരിശീലന പരിപാടികള്‍

സ്ഥാപനത്തില്‍ നിന്ന് സാങ്കേതിക വിദ്യ വാങ്ങുന്നവര്‍ക്ക് അതാത് മേഖലയില്‍ മികച്ച പരിശീലനം സ്ഥാപനം ലഭ്യമാക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ചും ഉല്‍പ്പന്നത്തെ ക്കുറിച്ചുമെല്ലാമുള്ള പരിശീലനം ഇതില്‍പ്പെടുന്നു. മാത്രമല്ല ഇന്‍കുബേഷന്‍ സെന്ററിലെ പുതിയ സംരംഭകര്‍ക്കുള്ള പരിശീലനവും ലഭ്യമാക്കുന്നുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top