May 16, 2017
തകര്‍ന്നടിഞ്ഞിട്ടും തകര്‍പ്പന്‍ വിജയം
പ്രതിസന്ധികളെ ഊര്‍ജമാക്കി മാറ്റിയ ഒരു സംരംഭകന്റെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥ
facebook
FACEBOOK
EMAIL
sreekumar-menon-inspirational-story

22ാം വയസില്‍ ആരെയും അസൂയപ്പെടുത്തുന്ന വിജയം, വെറും 10 മാസംകൊണ്ട് താഴേക്ക്, പ്രതിസന്ധി പരമ്പരകളുടെ പടുകുഴിയില്‍ നിന്ന് കര കയറാനാകാതെ നീണ്ട 15 വര്‍ഷം.... തന്റെ രണ്ടാം വരവില്‍ വി.എ ശ്രീകുമാര്‍ മേനോന്‍ എന്ന സംരംഭകന്‍, നമ്മെയെല്ലാം ഞെട്ടിക്കുകയാണ് - പിഴയ്ക്കാത്ത തന്ത്രങ്ങളിലൂടെ, സൂപ്പര്‍ ഹിറ്റ് പരസ്യങ്ങളിലൂടെ ബിസിനസ് ബ്രാന്‍ഡുകളെയും വ്യക്തി ബ്രാന്‍ഡുകളെയും ജനമനസുകളില്‍ കുടിയിരുത്തുന്ന മാന്ത്രികനായ്, ഏഷ്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ സംവിധായകനായ്...

1000 കോടിയുടെ ചിത്രം എന്ന വാര്‍ത്ത സൃഷ്ടിച്ച അമ്പരപ്പും അസൂയയും കൗതുകവും കഥകളും നാടുനീളെ പരന്നതോടെ ജീവിതവിജയത്തിന്റെ പുതിയ മുഖമായി ഈ പാലക്കാട്ടുകാരന്‍. അമിതാഭ് ബച്ചനും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഐശര്യ റായിയും മഞ്ജുവാര്യരും ഉള്‍പ്പെടെ, ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ചെയ്ത, വ്യത്യസ്തമായ ഒട്ടേറെ ഹിറ്റ് പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍, പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന ഏജന്‍സിയുടെ മേധാവി എന്നീ മേല്‍വിലാസങ്ങള്‍ക്കപ്പുറം വളരുകയാണ് ശ്രീകുമാര്‍.

മഹാഭാരതം എന്ന ഇതിഹാസം എം.ടിയുടെ രണ്ടാമൂഴത്തിലൂടെ സിനിമയാകുമ്പോള്‍ ബെന്‍ഹറും ഷോലെയുംപോലെ കാലത്തിന് സ്പര്‍ശിക്കാന്‍ കഴിയാത്ത ചിത്രമാകണം എന്ന വാശിയോടെയാണ് ശ്രീകുമാര്‍ അതിന്റെ പണിപ്പുര ഒരുക്കുന്നത്. എന്നാല്‍ ഈ സംവിധായകന്റെ ജീവിതം തന്നെ ഒരു സിനിമാക്കഥയെ വെല്ലുന്ന വിധത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളും തിരിച്ചടികളും അപമാനവും നഷ്ടവും പോരാട്ടവും തിരിച്ചുവരവുമെല്ലാം കലര്‍ന്ന ഒരു അസാമാന്യ കഥയാണെന്ന് എത്രപേര്‍ക്കറിയാം?

22-ാമത്തെ വയസില്‍ സി.എ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ശ്രീകുമാര്‍ പരസ്യമേഖലയിലേക്കെത്തുന്നത്. വ്യത്യസ്തങ്ങളായ പരസ്യങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ശ്രദ്ധയും അംഗീകാരവും നേടി കുതിച്ചുയര്‍ന്നു. പരസ്യരംഗമാണ് തന്റെ തട്ടകം എന്ന് ശ്രീകുമാര്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. പക്ഷെ വെറും 10 മാസങ്ങള്‍കൊണ്ട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഒരു ക്ലയ്ന്റ് ഡീഫോള്‍ട്ട് ചെയ്തതിലൂടെ ശ്രീകുമാറിന്റെ സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞു.

'ബാക്കിയായത് കോടികളുടെ ബാധ്യതയും 140 ഓളം ചെക്ക് കേസുകളും അറസ്റ്റ് വാറന്റുകളുമാണ്. 'കളേഴ്‌സ് ഓഫ് ദ് വേള്‍ഡ്' എന്ന് പേരിട്ട എന്റെ പരസ്യകമ്പനി എന്റെ ജീവിതത്തിലെ നിറങ്ങള്‍ തന്നെ ഇല്ലാതാക്കി'.

പാലക്കാട്ടെ നാല് പുരാതന കുടുംബങ്ങളിലൊന്നിലേക്ക് പൊലീസും കേസും എത്തിയപ്പോള്‍ തകര്‍ന്നത് ശ്രീകുമാറിന്റെ അച്ഛനും അമ്മയുമാണ്. സ്വത്തുക്കള്‍ വിറ്റ് കടം തീര്‍ക്കേണ്ട അവസ്ഥ. ആളുകളുടെ ചോദ്യങ്ങള്‍ നേരിടാന്‍ കഴിയാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി എല്ലാവരും. അതിനിടയില്‍ വിവാഹവും കഴിഞ്ഞതുകൊണ്ട് എങ്ങനെയും പിടിച്ചു നില്‍ക്കുക എന്നല്ലാതെ ശ്രീകുമാറിന് മറ്റൊരു വഴിയുമില്ലായിരുന്നു. കിട്ടിയ തുകയ്ക്ക്, തന്റെ പേരില്‍ കിട്ടിയ 30 ഏക്കറോളം സ്ഥലം വിറ്റും കിട്ടുന്ന വര്‍ക്കുകള്‍ ചെയ്തും കുറേനാള്‍. സ്ഥിരമായി പൊലീസ് കേസുകളും.

'ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഞാന്‍ നോക്കുമ്പോള്‍ പുറത്ത് ചവിട്ടുപടിയില്‍ അച്ഛന്‍ തളര്‍ന്നിരിക്കുന്നു. എന്നെ അന്വേഷിച്ച് വന്ന്, വിഷമിച്ച്, ആകെ തളര്‍ന്ന്, തകര്‍ന്ന്.... വീടിന്റെ അതിരിനു അകലെ
കൂടി പോലും ഒരു പൊലീസ് വാഹനം കടന്നുപോയാല്‍ കുടുംബത്തിന് മാനക്കേടായി എന്ന് വിശ്വസിച്ചിരുന്ന ആളാണ് അന്ന് ആ സ്റ്റേഷന്റെ വാതില്‍ക്കല്‍ ഇരുന്നു പോയത്. ഇന്നും എന്റെ മനസ്സില്‍ നീറ്റലാണ് അന്നത്തെ ആ കാഴ്ച. ഈ വിഷമങ്ങളും സമ്മര്‍ദവും താങ്ങാന്‍ കഴിയാതാകണം അച്ഛന്‍ മരിച്ചത്. ഹെമറേജ് ആയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ച് വീട്ടില്‍ കയറിയ ഞാന്‍ കാണുന്നത് ഒരു പുതിയ അറസറ്റ് വാറന്റുമായി കാത്തുനില്‍ക്കുന്ന പൊലീസിനെ. എന്റെ സ്ഥിതിയില്‍ സഹതാപം തോന്നി അവര്‍ അന്ന് തിരിച്ചു പോയി.'


ആ പ്രതിസന്ധിഘട്ടമാണ് ശ്രീകുമാറിന് ഇന്നും കരുത്ത് നല്‍കുന്നത്. അതില്‍ നിന്ന് പഠിച്ച പാഠങ്ങളും. കുറ്റപ്പെടുത്താതെ, തളര്‍ത്താതെ ഭാര്യയും കൂട്ടുകാരും താങ്ങായി കൂടെ നിന്നു. പ്രാര്‍ത്ഥനകള്‍ കൊണ്ട് മനസിനെ ശാന്തമാക്കി, ജപങ്ങളിലൂടെ ആത്മവിശ്വാസം ചോരാതെ സൂക്ഷിച്ച്., ആത്മഹത്യ എന്ന ചിന്തയെ ദൂരെ മാറ്റിനിര്‍ത്തി ശ്രീകുമാര്‍. ഒരാള്‍ പറ്റിച്ചു എന്നല്ല, സ്വയം ജാഗ്രത പാലിക്കേണ്ടിയിരുന്നു എന്ന വലിയ പാഠത്തിന്റെ ബലത്തില്‍ മുന്നോട്ട് പോയ ശ്രീകുമാറിന്റെ ജീവിതശൈലിയും വീക്ഷണവും തന്നെ അതോടെ മാറി.

'ഏറ്റവും പ്രൊഡക്ടീവ് ആകേണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ ചെലവഴിക്കേണ്ടി വന്നു. ഒരുപാട് പിന്നിലായിപ്പോയി എന്ന ചിന്ത മനസിലുള്ളതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ അധ്വാനിക്കുന്നത്. രാത്രി മൂന്ന് മണിക്കൂറിലേറെ ഉറങ്ങാനും എനിക്ക് കഴിയില്ല. കാരണം, പാഴാക്കാന്‍ ഇനി എനിക്ക് സമയമില്ല, ആ വര്‍ഷങ്ങളുടെ നഷ്ടം നികത്താനാണ് എന്റെ ശ്രമം. മരിച്ചുപോയ അച്ഛന് വേണ്ടി ഇനി എനിക്ക് ഇതല്ലേ ചെയ്യാന്‍ കഴിയൂ. അച്ഛനുള്ള ശ്രദ്ധാഞ്ജലിയാണ് എന്റെ ജീവിതം'.

 


  'അച്ഛനുള്ള ശ്രദ്ധാഞ്ജലിയാണ് എന്റെ ജീവിതം'

'ഏറ്റവും പ്രൊഡക്ടീവ് ആകേണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെലവഴിക്കേണ്ടി വന്നു. ഒരുപാട് പിന്നിലായിപ്പോയി എന്ന ചിന്ത മനസിലുള്ളതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ അധ്വാനിക്കുന്നത്. രാത്രി മൂന്ന് മണിക്കൂറിലേറെ ഉറങ്ങാനും എനിക്ക് കഴിയില്ല. കാരണം, നഷ്ടപ്പെട്ട എന്റെ വര്‍ഷങ്ങള്‍ക്ക് ശതകോടികളേക്കാള്‍ മൂല്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാഴാക്കാന്‍ ഇനി എനിക്ക് സമയമില്ല, ആ വര്‍ഷങ്ങളുടെ നഷ്ടം നികത്താനാണ് എന്റെ ശ്രമം. മരിച്ചു
പോയ അച്ഛന് വേണ്ടി ഇനി എനിക്ക് ഇതല്ലേ ചെയ്യാന്‍ കഴിയൂ. അച്ഛനുള്ള ശ്രദ്ധാഞ്ജലിയാണ് എന്റെ ജീവിതം'.


അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍

'സെലിബ്രിറ്റികളെ ഡീല്‍ ചെയ്യുന്നത് പ്രശ്‌നമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ, വളരെ പ്രൊഫഷണലാണ് ഇവര്‍ എല്ലാവരും എന്നതാണ് സത്യം. പിന്നെ, നമ്മള്‍ ചെയ്യുന്ന കാര്യത്തിലും നമ്മുടെ കഴിവിലും സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ ആരും നമുക്കൊരു പ്രശ്‌നവും സൃഷ്ടിക്കില്ല.' സെലിബ്രിറ്റികള്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ശ്രീകുമാര്‍ പങ്കുവെക്കുന്നു.

 അമിതാഭ് ബച്ചന്‍

അല്‍ഭുതമാണ് അമിതാഭ് ബച്ചന്‍. 76-ാം വയസിലും ആദ്യ സിനിമയുടെ ആവേശത്തോടെയാണ് കാമറയുടെ മുന്നിലെത്തുന്നത്. സമയത്തിനു മുന്‍പേ സെറ്റിലെത്തും, ഡയലോഗ് കാണാതെ പഠിച്ചിരിക്കും. സ്‌ക്രിപ്റ്റ് ആദ്യം തന്നെ വായിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ചോദിച്ച് മനസിലാക്കും. ഷൂട്ടിംഗ് തുടങ്ങിയാല്‍ ഒരു ഇടപെടലുമില്ല. പുതിയ സംവിധായകരോടും 
ഏറ്റവും ആദരവോടെയേ പെരുമാറുകയുള്ളു. അത് ഒരു ശീലമാണ് അദ്ദേഹത്തിന്.

 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ബ്രാന്‍ഡിനെ കുറിച്ച് വിശദമായി പഠിച്ചിട്ടേ സച്ചിന്‍ കാംപെയ്ന്‍ ഏറ്റെടുക്കുകയുള്ളു. അഭിനയത്തിലെ തന്റെ പരിമിതികള്‍ സച്ചിന് നന്നായി അറിയാം, അതുകൊണ്ട് സ്‌ക്രിപ്റ്റില്‍ സര്‍പ്രൈസുകളൊന്നും പാടില്ല, ഏറ്റെടുക്കുന്ന ഉത്തരവാദിത്തവും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും എന്താണെന്ന് മനസിലാക്കിയാണ് സച്ചിന്‍ ഓരോ പരസ്യവും ചെയ്യുന്നത്.

 ഐശ്വര്യ റായ് 

മികച്ച പ്രൊഫഷണലാണ് ഐശ്വര്യ. എന്നാല്‍ സ്റ്റാര്‍ പവര്‍ ഉപയോഗിക്കാനറിയാം. വളരെ ചെറുപ്പത്തില്‍ തന്നെ സെലിബ്രിറ്റി ആയതുകൊണ്ട് അത്തരം രീതികളാണ് ശീലം, എന്തെല്ലാം ഡിമാന്‍ഡ് ചെയ്യാം എന്ന് വ്യക്തമായി അറിയാം. പക്ഷേ, അനാവശ്യമായ ഇടപെടലുകള്‍ ഒന്നുമില്ല.

 മഞ്ജു വാര്യര്‍

നെഗറ്റീവ് കാര്യങ്ങള്‍ പോലും പോസീറ്റിവാക്കാന്‍ മഞ്ജുവിന് കഴിയും. ഇന്ന് മലയാള സിനിമയില്‍ പരാജയം ഒരുവിധത്തിലും ബാധിക്കാത്ത നിലയിലേക്ക് മഞ്ജു വളര്‍ന്നു കഴിഞ്ഞു. വളരെ ആത്മാര്‍ത്ഥമായാണ് ജോലി ചെയ്യുന്നത്. സ്വയം വിശ്വാസമുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യാന്‍ മടിക്കില്ല. മഞ്ജുവിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് അവരെ ഇത്ര ജനപ്രിയയാക്കിയത്.


 

ജീവിതത്തിലും പ്രൊഫഷനിലും താങ്ങായി ഷര്‍മിള

വിവാഹജീവിതത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ടപ്പോഴെല്ലാം മനസിന് പോറലേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ശ്രീകുമാറിന് കരുത്തേകിയ ഭാര്യ ഷര്‍മിള പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സിന്റെ ഡയറക്റ്റര്‍ കൂടിയാണ്.

'ഒന്നിനു പുറകെ മറ്റൊന്നായി പ്രശ്‌നങ്ങള്‍ കടന്നുവരുമ്പോള്‍ ആരും അറിയാതെയാണെങ്കിലും കുറ്റപ്പെടുത്തിപ്പോകും, - തീരുമാനങ്ങള്‍ പിഴച്ചുപോയതിനെക്കുറിച്ചോ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിനെക്കുറിച്ചോ. എന്നാല്‍ എന്റെ ഭാര്യയില്‍ നിന്ന് ഒരിക്കലും കുറ്റപ്പെടുത്തലുകളുണ്ടായില്ല. സങ്കടങ്ങള്‍ എനിക്കൊപ്പം നിന്ന് സഹിച്ചു. സന്തോഷങ്ങളില്‍ എന്നേക്കാളധികം സന്തോഷിച്ചു.

ശ്രീകുമാര്‍-ഷര്‍മിള ദമ്പതികളുടെ ഏക മകള്‍ ലക്ഷ്മി ബി എ മലയാളം വിദ്യാര്‍ത്ഥിനിയാണ്


 

അടുത്ത കാലത്ത് താങ്കളുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു പരസ്യ കാംപെയ്ന്‍ ഏതാണ്?

ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബ്രാന്‍ഡ് കാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ഗുജറാത്തില്‍ ഒതുങ്ങേണ്ട ഒരു നേതാവിനെ ഗ്ലോബല്‍ ലീഡറാക്കിയ കാംപെയ്ന്‍. വര്‍ഗീയത മുതല്‍ ഡീമോണിറ്റൈസേഷന്‍ വരെയുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടും മോദിയുടെ ഇമേജിന്റെ തിളക്കം മങ്ങാത്തത് ബ്രാന്‍ഡിംഗിന്റെ കരുത്തിലാണ്. അവിശ്വസനീയമായ രീതിയിലാണ് ഈ ബ്രാന്‍ഡിംഗ് നടക്കുന്നത്. 

 

ഇപ്പോള്‍ മഹാഭാരത' ഉയര്‍ത്തുന്ന വലിയ ആരവങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ശ്രീകുമാര്‍ ഓര്‍ക്കുന്നതും കടന്നു വന്ന വഴികള്‍ തന്നെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ കണ്ടതിന്റെ ഇരുത്തത്തോടെ, ജാഗ്രതയോടെ.... ശ്രീകുമാറുമായുള്ള ഇന്റര്‍വ്യൂ

 http://www.dhanamonline.com/article/sreekuamar-menon-inteview/3808/2

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
3
smiletear
43%
0
smile
0%
2
neutral
29%
1
grin
15%
1
angry
15%
 
Back to Top