Aug 27, 2016
'സൗത്ത് ഇന്ത്യന്‍ ബാങ്ക് റീട്ടെയ്ല്‍ ബാങ്കിംഗ് പവര്‍ഹൗസാകും'
എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തേകുന്നത് തന്ത്രപരമായ ചുവടുവെപ്പുകള്‍
facebook
FACEBOOK
EMAIL
south-indian-bank-retail-banking-powerhouse

 ന്ത്യന്‍ ബാങ്കിംഗ് രംഗത്ത് നിന്ന് കേള്‍ക്കുന്നത് അത്ര ശുഭകരമായ വാര്‍ത്തകളല്ല. ലോകത്തിലെ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വെല്ലുവിളികളെ താരതമ്യേന പ്രതിരോധിച്ച് നില്‍ക്കുമ്പോഴും സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടുവെന്ന സൂചനയുമില്ല. ഇതിനിടയിലും കേരളം ആസ്ഥാനമായ, എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും കാഴ്ചവെച്ചിരിക്കുന്നത് നല്ല പ്രകടനമാണ്. അറ്റാദായം, പ്രവര്‍ത്തന ലാഭം, വായ്പ, നിക്ഷേപം, CASA, പ്രവാസി നിക്ഷേപം, പലിശ വരുമാനം, ഇതര വരുമാനം, മൊത്തം ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം കാര്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ''ബാങ്കിന്റെ ഡിഎന്‍എ തിരിച്ചറിഞ്ഞ് റീറ്റെയ്ല്‍ ബാങ്കിംഗില്‍ ശ്രദ്ധ ഊന്നിയതിന്റെ ഗുണഫലമാണിതൊക്കെ. തന്ത്രപരമായ ആ ചുവടുമാറ്റം സമ്മാനിക്കുന്ന നേട്ടം വരും നാളുകളില്‍ ബാങ്കിന് കൂടുതല്‍ കരുത്തേകും,'' ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.ജി മാത്യു ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തിയ വി.ജി മാത്യു, കാറും കോളും നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളില്‍ എസ്.ഐ.ബിക്ക് സമ്മാനിച്ചിരിക്കുന്നത് കൃത്യമായ ഫോക്കസാണ്.

ബാങ്കിന്റെ തന്ത്രപരമായ ചുവടുവെപ്പുകളെ കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും ബാങ്കിംഗ് രംഗത്തെ മാറ്റങ്ങളെ പറ്റിയും ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും എസ്.ഐ.ബി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതിനു പിന്നിലെ ഘടകങ്ങളെന്തൊക്കെയാണ്?
റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്ത് ശ്രദ്ധയൂന്നി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണ് ഇപ്പോള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുള്ള വായ്പാ രംഗത്തുനിന്ന് ഞങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍, ഇപിസി, സ്റ്റീല്‍, സിമന്റ് തുടങ്ങിയ മേഖലകളിലെ വായ്പകള്‍ പ്രധാനമായും സമ്മര്‍ദം അനുഭവിക്കുന്ന കാലഘട്ടമാണിത്. പല ബാങ്കുകളുടെയും കിട്ടാക്കടം ഉയരാന്‍ കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് രംഗത്തെ ഈ സമ്മര്‍ദമാണ് മുഖ്യ കാരണം. എസ്.ഐ.ബി ഈ രംഗത്തുനിന്ന് രണ്ടു വര്‍ഷമായി വിട്ടുനില്‍ക്കുന്നതുകൊണ്ടും റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതുകൊണ്ടും മറ്റ് പല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടാക്കടത്തിന്റെ തോത് കുറവാണ്. മാത്രമല്ല അത്തരം വായ്പകള്‍ ഏല്‍പ്പിച്ച സമ്മര്‍ദം കുറഞ്ഞുവരികയുമാണ്.

എന്തുകൊണ്ടാണ് റീട്ടെയ്ല്‍ ബാങ്കിംഗില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചത്?
എണ്‍പതുവര്‍ഷത്തിലേറെ പാരമ്പര്യമുള്ള ബാങ്കാണിത്. അതിന്റെ ഉള്‍ക്കരുത്ത് തന്നെ റീട്ടെയ്ല്‍ ബാങ്കിംഗാണ്. ഈ തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ച ഒന്നാമത്തെ ഘടകം. രണ്ടാമതായി ബിസിനസ് രംഗത്തെ ചാക്രിക ചലനങ്ങള്‍ സ്വാഭാവികമാണ്. ഇത്തരം കയറ്റിറക്കങ്ങള്‍ വലിയ എക്കൗണ്ടുകളില്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ റിസ്‌ക് ഭാഗിച്ച് നല്‍കുന്ന തന്ത്രമാണ് എന്തുകൊണ്ടും നല്ലത്. അതായത് വലിയൊരു എക്കൗണ്ടിനേക്കാള്‍ ഒട്ടനവധി റീട്ടെയ്ല്‍ എക്കൗണ്ടുകള്‍ വഴി എക്കൗണ്ടുകളിലെ സമ്മര്‍ദം കാര്യമായി കുറയ്ക്കാന്‍ സാധിക്കും. റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്ത് ഫോക്കസ് നല്‍കുകയാണ് ഇതിനുള്ള മികച്ച വഴി. മൂന്നാമതായി രാജ്യമെമ്പാടുമായി 838 ശാഖകളും 43 എക്‌സ്‌റ്റെന്‍ഷന്‍ കൗണ്ടറുകളും എല്ലാ വിഭാഗങ്ങളിലുമായി 8000ത്തോളം ജീവനക്കാരും ബാങ്കിനുണ്ട്. റീട്ടെയ്ല്‍ ബാങ്കിംഗ് മികച്ച രീതിയില്‍ നടത്താനുള്ള അടിസ്ഥാനസൗകര്യങ്ങളാണിതൊക്കെ. മറ്റൊന്ന് കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് രംഗത്ത് ഏറ്റവും അനുയോജ്യമായ അവസരമുണ്ടെങ്കില്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത്തരമൊരു സാഹചര്യമില്ലെങ്കില്‍ എസ്.ഐ.ബിയെ പോലുള്ള ബാങ്കിന് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തന്നെയാണ് ഉചിതം. ഇവയൊക്കെ പരിഗണിച്ചാണ് റീട്ടെയ്ല്‍ രംഗത്ത് ശ്രദ്ധയൂന്നിയത്.

റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്ത് ഏതൊക്കെ രംഗങ്ങളിലാണ് ബാങ്ക് ഊന്നല്‍ നല്‍കിയത്? ആ മേഖലകളിലെ പ്രകടനം എങ്ങനെയുണ്ട്?
എസ്.എം.ഇ വായ്പ, കാര്‍ഷിക വായ്പ, ഭവന വായ്പ, വാഹന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിങ്ങനെ ആറു മേഖലകളിലാണ് ബാങ്ക് പ്രധാനമായും ശ്രദ്ധ ഊന്നിയത്. കാര്‍ഷിക, എസ്.എം.ഇ വായ്പകള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പാ പോര്‍ട്ട് ഫോളിയോ യഥാക്രമം 19 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് വര്‍ധിച്ചിരിക്കുന്നത്. താരതമ്യേന പുതിയ പോര്‍ട്ട്‌ഫോളിയോ ആയ വസ്തു ഈടിന്മേലുള്ള വായ്പയും മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. സ്വര്‍ണ വിലയിലുണ്ടായ വ്യതിയാനം മൂലം സ്വര്‍ണപ്പണയ വായ്പാ രംഗത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. പക്ഷേ സ്വര്‍ണ വില വര്‍ധനവിന്റെ പ്രവണത കണ്ടുവരുന്നതോടെ ഈ രംഗത്തും ഉണര്‍വുണ്ടാകുന്നുണ്ട്.

ഈ കണക്കുകളേക്കാളുപരി ബാങ്കിന്റെ പ്രയാണം ശരിയായ ദിശയിലേക്കാണെന്ന് പറയാന്‍ താങ്കളെ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ 11.4 ശതമാനത്തില്‍ നിന്ന് 11.7 ശതമാനമായിട്ടുണ്ട്. ഏറ്റവും പ്രധാനമായി അറ്റ പലിശ മാര്‍ജിന്‍ ഇക്കാലയളവില്‍ 2.54 ശതമാനത്തില്‍ നിന്ന് 2.74 ശതമാനമായി. അറ്റ പലിശ വരുമാനത്തിലും വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിനെ അപേക്ഷിച്ച് 9.78 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ഇതര വരുമാനം 104 കോടി രൂപയില്‍ നിന്ന് 173 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. 67.04 ശതമാനം വര്‍ധന. ഇതോടൊപ്പം കോസ്റ്റ് ഇന്‍കം റേഷ്യോ 52.57 ആയി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 59.28 ആയിരുന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ 54 എങ്കിലും ആക്കി നിലനിര്‍ത്താനും പിന്നീട് ക്രമമായി 45 ലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം.

ബാങ്കിന്റെ സാരഥ്യത്തിലേക്ക് താങ്കളെത്തുമ്പോഴുണ്ടായ ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നു? അവ എത്രമാത്രം നേടിയെടുക്കാന്‍ സാധിച്ചു?
ബാങ്കിന്റെ ഫോക്കസ് റീറ്റെയ്ല്‍ രംഗത്തേക്ക് ആക്കുക കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് വഴിയുണ്ടായ സമ്മര്‍ദ്ദം മാനേജ് ചെയ്യുക അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെടുത്തുക കോസ്റ്റ് ഇന്‍കം റേഷ്യോ നിയന്ത്രിക്കുക ബാങ്കിന്റെ ഇതര വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയവയൊക്കെയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. സമ്പദ്‌രംഗത്തെ വ്യതിയാനങ്ങള്‍ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ഉദ്ദേശിക്കാത്ത പല സംഭവവികാസങ്ങള്‍ക്കും കാരണമായി. പലപ്പോഴും കൂടുതല്‍ പ്രൊവിഷനിംഗ് വേണ്ടി വന്നതിനാല്‍ പ്രവര്‍ത്തന ലാഭം മികച്ച രീതിയില്‍ നേടാന്‍ സാധിച്ചെങ്കിലും അത് അറ്റ ലാഭത്തില്‍ പ്രതിഫലിക്കാതെയുമായി. അത്തരം പ്രശ്‌നങ്ങളില്‍ നിന്നും ബാങ്ക് പുറത്തുകടന്നുവരികയാണ്.

ടെക്‌നോളജി രംഗത്ത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ്?
കോര്‍ ബാങ്കിംഗ് രംഗത്തെ ടെക്‌നോളജി സൊലൂഷനായ ഫിനക്ക്ള്‍ 7ല്‍ നിന്ന് ഫിനക്ക്ള്‍ 10ലേക്ക് ബാങ്ക് വിജയകരമായി അപ്‌ഗ്രേഡ് ചെയ്തു കഴിഞ്ഞു. എന്റെ അറിവില്‍ ഇന്ത്യയില്‍ തന്നെ എസ്.ഐ.ബിക്കുമുമ്പേ ഈ അപ്ഗ്രഡേഷന്‍ സാധ്യമാക്കിയ 2-3 ബാങ്കുകളേയുള്ളൂ. ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഐഡിആര്‍ബിടിയുടെ ബാങ്കിംഗ് ആപ്ലിക്കേഷന്‍ മത്സരത്തില്‍ എസ്.ഐ.ബി മിറര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ബാങ്കിംഗ് ശാഖകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ബി മിറര്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. കേരള ബാങ്കുകള്‍ക്കിടയില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ആദ്യം നടപ്പാക്കിയത് എസ്.ഐ.ബിയാണ്. ടെക്‌നോളജി രംഗത്തെ ആ മികവ് തുടര്‍ന്നും നിലനിര്‍ത്തും. ഡിജിറ്റല്‍ ബാങ്കിംഗിന് ഇനിയും ഫോക്കസ് നല്‍കുവാന്‍ വേണ്ടി പ്രത്യേക വെര്‍ട്ടിക്കലായി വികസിപ്പിച്ച് വരുന്നുണ്ട്.

ടെക്‌നോളജി രംഗത്തെ ഈ മുന്നേറ്റം എങ്ങനെയാണ് ഉപഭോക്താക്കളിലേക്ക് ഗുണകരമായ വിധത്തില്‍ എത്തിക്കുന്നത്?
കളമശ്ശേരിയില്‍ ബാങ്കിന്റെ കേന്ദ്രീകൃത മാര്‍ക്കറ്റിംഗ്, പ്രോസസിംഗ് സെന്റര്‍ പേപ്പര്‍ രഹിത പ്രവര്‍ത്തന കേന്ദ്രമാണ്. ഏറ്റവും നവീനമായ ടെക്‌നോളജി പ്ലാറ്റ്‌ഫോമിന്റെ സഹായത്താല്‍ എക്കൗണ്ട് തുറക്കല്‍, വായ്പകളുടെ പ്രോസസിംഗ് എന്നിവയെല്ലാം അതിവേഗം ഇവിടെ നടക്കുന്നു. മാത്രമല്ല ബാങ്കിന്റെ ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ പ്രത്യേകം രൂപീകരിച്ച മാര്‍ക്കറ്റിംഗ് വിഭാഗം തന്നെയുണ്ട്. ഈ വിഭാഗത്തില്‍ 100ഓളം ഓഫീസര്‍മാരുണ്ട്.

ഇതോടൊപ്പം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളടക്കം കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. വ്യക്തമായ ഫോക്കസ് ബാങ്കിന് ഉള്ളതിനാല്‍ ഉയര്‍ന്നുവരുന്ന ഏത് സാധ്യതകളും താമസംവിന ബാങ്കിന് മുതലെടുക്കാന്‍ സാധിക്കും.

ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതുതായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ?
റീട്ടെയ്ല്‍, കാര്‍ഷിക-എസ്.എം.ഇ മേഖലകളില്‍ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ (ഐ.എഫ്.സി) ബാങ്കിന്റെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ഏതൊക്കെ രംഗങ്ങളില്‍ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം, പുതിയ തന്ത്രങ്ങള്‍ എന്തൊക്കെ സ്വീകരിക്കണം എന്നതിനെ കുറിച്ചൊക്കെ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം.

താങ്കള്‍ കാണുന്ന വെല്ലുവിളികളെന്തൊക്കെയാണ്?
ബാങ്കിംഗ് രംഗത്ത് അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ സംവിധാനങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഇന്ത്യ അതിവിശാലമായ വിപണിയാണ്. ഇത്തരം മാറ്റങ്ങള്‍ വലിയ വെല്ലുവിളിയാകില്ല. ഒപ്പം മാറുന്ന സാഹചര്യങ്ങളില്‍ ഇത്തരം പുതിയ സംരംഭങ്ങളുമായുള്ള പങ്കാളിത്തങ്ങളാണ് ബാങ്ക് തേടുക.

ഞങ്ങളുടെ ബാങ്കിലെ ജീവനക്കാരുടെ ശരാശരി പ്രായം 34 വയസാണ്. അതായത് വളരെയധികം ജീവനക്കാര്‍ 25നും 30നുമിടയില്‍ പ്രായമുള്ളവരാണ്. ഈ യുവശക്തിക്ക് മികച്ച പരിശീലനം നല്‍കി ബാങ്കിന്റെ ഭാവി വാഗ്ദാനങ്ങളാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇതിനായി സമഗ്രമായ പരിശീലന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

ബാങ്കിനെ കുറിച്ചുള്ള താങ്കളുടെ ലക്ഷ്യമെന്താണ്?
2020ല്‍ 1000 കോടി രൂപ അറ്റാദായം നേടുകയെന്നതാണ് ലക്ഷ്യം. അപ്പോള്‍ മൊത്തം ബിസിനസ് ഏകദേശം രണ്ടുലക്ഷം കോടി രൂപയിലെത്തും. നൂതന ടെക്‌നോളജിയുടെ മികവില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ ബാങ്കിംഗ് പവര്‍ഹൗസായി എസ്.ഐ.ബി വളരും. ഇപ്പോഴത്തെ ഓരോ പ്രവര്‍ത്തനവും ആ ദിശയിലുള്ളതാണ്. ബാങ്കിംഗ് മേഖലയിലെ ഏത് രംഗത്തും ഉടലെടുക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ സുസജ്ജമാണ് 'ടീം എസ്‌ഐബി'. വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് കടക്കാനുള്ള അടിസ്ഥാനസൗകര്യവും വൈദഗ്ധ്യവും ബാങ്കിനുണ്ട്. ഇതു തന്നെയാണ് ഞങ്ങളുടെ കരുത്ത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top