മികച്ച ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
മികച്ച ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഓഹരി ഉടമകള്‍ക്ക് 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
facebook
FACEBOOK
EMAIL
south-indian-bank-profit-high
സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 392.50 കോടിരൂപയുടെ ലാഭം. ആകെ ബിസിനസ് 1,13,201 കോടിരൂപയായി ഉയര്‍ത്താനും ബാങ്കിനായി. നടപ്പു സാമ്പത്തികവര്‍ഷം റീടെയില്‍ വായ്പാ വിതരണത്തില്‍ 20ശതമാനം വളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന ബാങ്ക് ഓഹരി ഉടമകള്‍ക്ക് 40ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.ജി.മാത്യു കൊച്ചിയില്‍നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 
 
കഴിഞ്ഞസാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍മാത്രം 75.54 കോടി രൂപയുടെ ലാഭമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 97,506 കോടി രൂപയുടെ ബിസിനസായിരുന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയത്. വിവിധ നിക്ഷേപ, വായ്പാ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുവഴി 15,695കോടി രൂപയുടെ ബിസിനസ് അധികമായി നേടിയാണ് 1,13,201 കോടിരൂപയെന്ന ഉയര്‍ന്ന ബിസിനസ് നേട്ടത്തില്‍ ബാങ്കെത്തിയത്. നിക്ഷേപ സമാഹരണത്തില്‍ 18.66 ശതമാനം വളര്‍ച്ച നേടാനും ബാങ്കിനായി. കഴിഞ്ഞ വര്‍ഷം 55,721 കോടിരൂപയായിരുന്ന നിക്ഷേപം 66,117കോടി രൂപയായാണ് ബാങ്ക് ഉയര്‍ത്തിയത്. എന്‍.ആര്‍.ഐ ഡിപ്പോസിറ്റികളുടെ കാര്യത്തില്‍ 2518 കോടിരൂപയുടെ വളര്‍ച്ചയും കോര്‍ ഡിപ്പോസിറ്റികളുടെ കാര്യത്തില്‍ 7729കോടി രൂപയുടെ വളര്‍ച്ചയും ബാങ്ക് കൈവരിച്ചു. 
 
വായ്പാവിതരണം 47,084 ആയി ഉയര്‍ത്താനും എസ്.ഐ.ബിക്കായി. എസ്.എം.ഇ വായ്പകള്‍, കാര്‍ഷിക വായ്പകള്‍, ഓട്ടോ വായ്പകള്‍, പണയവായ്പകള്‍ എന്നിവയ്ക്കായിരുന്നു ഇക്കുറി വായ്പാവിതരണത്തില്‍ ഊന്നല്‍ നല്‍കിയത്. കോര്‍പ്പറേറ്റ് ലോണുകളേക്കാള്‍ തുടര്‍ന്നും ഇത്തരം ലോണുകള്‍ക്കാകും ബാങ്ക് ഊന്നല്‍ നല്‍കുകയെന്നും റീടെയില്‍ വായ്പാ വിതരണത്തില്‍ 20ശതമാനം വളര്‍ച്ചയാണ് ഈവര്‍ഷം ലക്ഷ്യംവയ്ക്കുന്നതെന്നും മാനേജിംഗ് ഡയറക്ടര്‍ വി.ജി മാത്യു അറിയിച്ചു. നിഷ്‌ക്രിയ ആസ്ഥിയുടെ അനുപാതം 1.45 ആയി കുറയ്ക്കാനായത് എസ്.ഐ.ബിക്ക് മറ്റൊരു നേട്ടമായി. കഴിഞ്ഞവര്‍ഷം 2.89 ശതമാനമായിരുന്നു നിഷ്‌ക്രിയ ആസ്ഥി. ബാങ്ക് നടത്തിയ വലിയ ശ്രമത്തിന്റെ ഫലമായാണ് നിഷ്‌ക്രിയ ആസ്ഥി നിയന്ത്രിക്കാനായതെന്ന് വി.ജി. മാത്യുപറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം സൗത്ത് ഇന്ത്യന്‍ ബാങ്ക് 25 പുതിയ ബ്രാഞ്ചുകളും 25 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും 150 എ.ടി.എം കൗണ്ടറുകളും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 850 ബ്രാഞ്ചുകളും 50 എക്സ്റ്റന്‍ഷ്ന്‍ കേന്ദ്രങ്ങളും 1320 എ.ടി.എം കൗണ്ടറുകളുമാണ് ഉളളത്. ഡെല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, കോസ്റ്റല്‍ ആന്ധ്ര തുടങ്ങി പുതിയ മേഖലകളില്‍ ഒന്നിലേറെ ബ്രാഞ്ചുകള്‍ തുടങ്ങാനാണ് തീരുമാനമെന്നും വി.ജി.മാത്യു പറഞ്ഞു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top