Dec 01, 2017
'ശൈലി മാറ്റിയാല്‍ ചെറുകിടക്കാര്‍ക്കും കോര്‍പ്പറേറ്റാകാം'
പൈപ്പ്, പൈപ്പ് ഫിറ്റിംഗ്‌സ് രംഗത്തെ പ്രമുഖ ബ്രാന്‍ഡായ എയ്‌സര്‍ പൈപ്പ്‌സ് അടിമുടി പ്രൊഫഷണല്‍ കമ്പനി ആയതെങ്ങനെ?
facebook
FACEBOOK
EMAIL
small-scale-industry-can-be-a-corporate-when-they-change-the-attitude

ടി.എസ് ഗീന

നിറ പുഞ്ചിരിയുള്ള മുഖങ്ങള്‍, അലക്ഷ്യമായൊരു പേപ്പര്‍ പോലും പാറിക്കിടക്കാത്ത വൃത്തിയുള്ള അച്ചടക്കവും ആത്മവിശ്വാസവും ആവേശവും ശരീരഭാഷയാക്കിയ പ്രൊഫഷണല്‍ ടീം... എറണാകുളം ജില്ലയിലെ എരുമത്തല വ്യവസായ വികസന എസ്റ്റേറ്റിലെ എയ്‌സര്‍ പൈപ്പ്‌സിന്റെ യൂണിറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെടുക ഇതൊക്കെയാണ്. കൃത്യമായ സിസ്റ്റം അടിസ്ഥാനമാക്കി അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ മുന്നേറുന്ന ഒരു സംരംഭമെന്ന വിശേഷണത്തിലേക്ക് ഇവര്‍ കടന്നെത്തിയത് വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ പരിശ്രമം കൊണ്ടാണ്. ഇന്ന് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ പ്രസ്ഥാനം മാതൃകയായി മാറുന്നതും അതുകൊണ്ടു തന്നെയാണ്.

കമ്പനിയുടെ ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.കെ അബ്ദുല്‍ കരീമാണ്. ഇന്ത്യയിലെയും വിദേശത്തെയും ബഹുരാഷ്ട്ര കമ്പനികളില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി 2011ലാണ് അബ്ദുല്‍ കരീം എയ്‌സറിലെത്തുന്നത്. എയ്‌സറിനെ മികവുറ്റ ബ്രാന്‍ഡും പ്രൊഫഷണല്‍ കമ്പനിയുമാക്കി വളര്‍ത്തിയതെങ്ങനെയെന്ന് അബ്ദുല്‍ കരീം വിശദമാക്കുന്നു.

കെപിഎംജി പോലുള്ള ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫഷണലായ താങ്കളെ എയ്‌സറിലേക്ക് അടുപ്പിച്ചത് എന്താണ്?

എയ്‌സര്‍ സിഇഒ അബ്ദുല്‍ ജബ്ബാര്‍ എന്റെ അടുത്ത ബന്ധുവാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമായായിരുന്നു എന്റെ പ്രൊഫഷണല്‍ കാലഘട്ടം മുഴുവന്‍. നാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം വന്ന കാലത്താണ് ജബ്ബാര്‍ ഒരിക്കല്‍ എയ്‌സറിന്റെ ബാലന്‍സ് ഷീറ്റൊന്നു പരിശോധിക്കാന്‍ സമീപിച്ചത്. തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ഇവിടേക്ക് എത്തിച്ചത്. സുതാര്യമായ, പലിശ രഹിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം ജബ്ബാര്‍ അപ്പാടെ സ്വീകരിച്ചുവെന്നു മാത്രമല്ല സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവും തന്നു. അങ്ങനെയാണ് എയ്‌സറിന്റെ നേതൃനിരയിലേക്ക് എത്തുന്നത്.

(വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്നതായിരുന്നു അന്നത്തെ അവസ്ഥയെന്ന് കരീമിന്റെ വാക്കുകള്‍ കേട്ടിരുന്ന ജബ്ബാര്‍ വിശദീകരിക്കുന്നു. ''അന്നത്തെ ഞങ്ങളുടെ എക്കൗണ്ടന്റ് തന്നെ എന്നോട് പറയുമായിരുന്നു, ഇനി നമുക്കൊരു പ്രൊഫഷണല്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വേണമെന്ന്, കരീമിനെ സമീപിച്ചതും ആ ലക്ഷ്യത്തോടെ തന്നെയാണ്,'' ജബ്ബാര്‍ പറയുന്നു)

എന്താണ് താങ്കള്‍ എയ്‌സറില്‍ ചെയ്തത്?

ആദ്യമായി കൃത്യമായ വിഷനും മിഷനുമുണ്ടാക്കി. ഏതൊരു പ്രസ്ഥാനത്തിന്റെയും നട്ടെല്ല് അവിടുത്തെ ജീവനക്കാരാണ്. അവരുടെ വികസനത്തില്‍ ശ്രദ്ധയൂന്നുന്നതോടെ കമ്പനി വളര്‍ച്ചാ പാതയില്‍ സ്വാഭാവികമായും മുന്നേറും. കമ്പനിയിലെ ജീവനക്കാര്‍ക്ക് നിരന്തര പരിശീലനം നല്‍കി. 'ീേ ാമസല വൗാമി ഹശളല ലമശെലൃ മിറ ലെരൗൃല' എന്ന എയ്‌സര്‍ കോര്‍ പര്‍പ്പസ് ഉരുവിട്ടാണ് ഓരോ എയ്‌സര്‍ ജീവനക്കാരന്റെയും ദിനം തുടങ്ങുന്നത് തന്നെ. ചിട്ടയായുള്ള പ്രവര്‍ത്തനങ്ങളിലൂടെ അങ്ങേയറ്റം പൊസിറ്റീവ് മനോഭാവമുള്ള ടീം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇന്ന് അവര്‍ ഏറ്റുപറയും, ഞങ്ങളാണ് ഈ കമ്പനിയുടെ ഉടമസ്ഥര്‍ എന്ന്.

ഇത്തരമൊരു സംസ്‌കാരം എങ്ങനെ കെട്ടിപ്പടുക്കാം?

സംരംഭകന്‍ എല്ലാം സ്വയം ചെയ്താല്‍ പ്രസ്ഥാനം വളരില്ല. മാനേജ്‌മെന്റ് മാറണം; മനോഭാവവും. ഇവിടെയാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാരഥികള്‍ക്ക് പിഴവ് പറ്റുന്നത്. അവര്‍ പൂര്‍ണമായും സംരംഭത്തിന്റെ ദൈനം ദിന നടത്തിപ്പില്‍ നിന്ന് മാറി നില്‍ക്കണം. ബിസിനസ് 'നടത്താന്‍' അല്ല, അത് കെട്ടിപ്പടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇന്നലെ വരെ എന്നിലൂടെ മാത്രം കടന്നുപോയ പലതും ഇന്ന് താന്‍ പോലും അറിയാതെ നടക്കുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കുമാവില്ല. പക്ഷേ അത് തന്നെ ചെയ്തിരുന്നാല്‍ പ്രസ്ഥാനം ഒരുനാളും വളരില്ല.

എയ്‌സറില്‍ എത്രമാത്രം ഇത് പ്രാവര്‍ത്തികമാക്കി?

(ചോദ്യം കേട്ടിരുന്ന ജബ്ബാര്‍ ചിരിയോടെ പറഞ്ഞു, മാസങ്ങളോളം ഞാനിവിടെ ഇല്ലെങ്കിലും എയ്‌സര്‍ മുന്നോട്ടു പോകും; ഒന്നിലും കോട്ടം തട്ടാതെ) ആദ്യം ഇവിടെ കൃത്യമായ സിസ്റ്റമുണ്ടാക്കി. വ്യക്തികള്‍ക്കല്ല പ്രധാനം സിസ്റ്റത്തിനാണ് എന്ന സ്ഥിതിയിലേക്ക് മുഴുവന്‍ സംവിധാനവും മാറി. ഗുണമേന്മ, സുതാര്യത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്‌കാരം ഇവിടെ രൂഢമൂലമാക്കി. ഓരോ ജീവനക്കാരന്റെയും വ്യക്തിത്വ വികസനം പോലും ഉറപ്പാക്കുന്ന പരിശീലന പരിപാടികള്‍ കൊണ്ടുവന്നു. 

ഇതോടൊപ്പം കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകളെല്ലാം ഒരു കുടക്കീഴിലാക്കി. 2011ല്‍ 25 കോടി രൂപയായിരുന്നു എയ്‌സറിന്റെ വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 79 കോടി രൂപയായി. ഫണ്ട് സമാഹരണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു ശൈലിയുണ്ട്. ഞങ്ങള്‍ക്ക് ബാങ്ക് വായ്പയില്ല. ഞങ്ങളുടെ ബന്ധുക്കളില്‍ നിന്നും സൃഹൃത്തുകളില്‍ നിന്നുമാണ് ഫണ്ട് സ്വീകരിക്കുന്നത്. അവരുടെ നിക്ഷേപത്തിന് അനുസൃതമായ റിട്ടേണ്‍ നല്‍കും.

പ്രൊഫഷണലിസം കൊïണ്ടുവരുന്നതില്‍ ഭൂരിപക്ഷവും പരാജയപ്പെടുന്നത് എന്തുകൊണ്ടണ്ടാണ്?

ആദ്യമായി പ്രൊഫഷണലിസം എന്നതിനെ പറ്റിയുള്ള ധാരണയിലെ ചില പിഴവുകള്‍ മാറ്റണം. സ്യൂട്ടും ടൈയും കെട്ടിയുള്ള ആളുകളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരിക എന്നതല്ല പ്രൊഫഷണലിസം. പ്രൊഫഷണല്‍ യോഗ്യതയുള്ളവിദഗ്ധരെ പ്രസ്ഥാന
ത്തിന്റെ വിഭവശേഷിയുടെ സമ്പൂര്‍ണ വിനിയോഗം സാധ്യമാക്കിക്കൊണ്ട് മുന്നോട്ടു നയിക്കാനുള്ള പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി നിയോഗിക്കുകയാണ് വേണ്ടത്. ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തി ആ ചുമതല പൂര്‍ണമായി അവര്‍ക്ക് സംരംഭകന്‍ കൈമാറണം.

നമുക്ക് നമ്മുടെ ടീമില്‍ വിശ്വാസമില്ലാതെ ഒന്നും കൊണ്ടു നടക്കാന്‍ പറ്റില്ല. ചിലപ്പോള്‍ പാളിച്ചകള്‍ സംഭവിച്ചെന്നിരിക്കും. പക്ഷേ വലിയൊരു ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ചില്ലറ വീഴ്ചകള്‍ അപ്രധാനമായി കരുതണം.

നമ്മുടെയിടയില്‍ കാണുന്ന മറ്റൊരു പ്രശ്‌നം ആരും വിഷണറികളല്ല എന്നതാണ്. വലിയ വീക്ഷണമുള്ളവര്‍ക്കേ വലിയ പ്രസ്ഥാനവും സൃഷ്ടിക്കാന്‍ പറ്റൂ. ഒന്നിനും ഡോക്യുമെന്റേഷനില്ല എന്നതാണ് മറ്റൊരു അപാകത. ഏതൊരു പ്രസ്ഥാനത്തിനും അത് വേണം. മറ്റൊന്ന് കൃത്യനിഷ്ഠയാണ്. ടീമിലുള്ള വിശ്വാസം, ഡോക്യുമെന്റേഷന്‍, സമയ നിഷ്ഠ, ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാരന്റെ വരെ ക്രിയാത്മക നിര്‍ദേശങ്ങള്‍ക്ക് സ്ഥാനമുള്ള ഡെമോക്രാറ്റിക് സംവിധാനം എന്നിവയെല്ലാം ഒത്തുവരുമ്പോഴാണ് പ്രസ്ഥാനം പ്രൊഫഷണല്‍ സംവിധാനത്തിലേക്ക് മാറുന്നത്. 

എയ്‌സര്‍ ടീമിനെ സ്ഥിരം പ്രചോദിപ്പിച്ച് നിര്‍ത്തുന്നതെങ്ങനെ?

എല്ലാ ദിവസവും എയ്‌സര്‍ ജീവനക്കാര്‍ കമ്പനിയുടെ ലക്ഷ്യത്തിനായി താന്‍ എന്തുചെയ്യണമെന്ന് ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നും രാവിലെ അരമണിക്കൂര്‍ ഇത്തരം പ്രചോദനാത്മകമായ കാര്യങ്ങള്‍ക്കാണ് നീക്കിവെയ്ക്കുന്നത്. എല്ലാ വര്‍ഷവും എയ്‌സര്‍ ദിനം ഞങ്ങള്‍ ആഘോഷിക്കുന്നു. ജീവനക്കാരെ പല ഹൗസുകളാക്കി തിരിച്ച് കലാ, കായിക ഇനങ്ങളില്‍ മത്സരം നടത്തുന്നു. ഇതിലെ ജേതാക്കള്‍ക്ക് സമ്മാനം നല്‍കുന്നത് ജീവനക്കാര്‍ തന്നെ തെരഞ്ഞെടുക്കുന്ന ഇവിടുത്തെ ജീവനക്കാരാണ്. ഞങ്ങള്‍ ജീവനക്കാരെ വളര്‍ത്താനാണ് നോക്കുന്നത്. അവര്‍ കമ്പനിയെ വളര്‍ത്താനും പരിശ്രമിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
1
smile
50%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top