ചെറുകിട വ്യവസായികള്‍ ആവശ്യപ്പെടുന്ന 50 കാര്യങ്ങള്‍
കേരളത്തിന്റെ നട്ടെല്ലായ ചെറുകിട വ്യവസായ മേഖലയുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ ഒരിക്കലും കേരളം ബിസിനസ് സൗഹൃദമായ സംസ്ഥാനമായി മാറില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരും പൊതുജനങ്ങളും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
facebook
FACEBOOK
EMAIL
small-scale-industries-are-the-back-bone-of-kerala-economy

കേരളത്തിന്റെ നട്ടെല്ലായ ചെറുകിട വ്യവസായ മേഖലയുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ ഒരിക്കലും കേരളം ബിസിനസ് സൗഹൃദമായ സംസ്ഥാനമായി മാറില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരും പൊതുജനങ്ങളും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്താറുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് പലപ്പോഴും കാര്യങ്ങള്‍ നടക്കാറില്ല. പുതിയ വ്യവസായ നയത്തെ ഏറെ പ്രതീക്ഷയോടെ കാണുമ്പോഴും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് വിളിച്ചു പറയുകയാണ് ഇവിടുത്തെ വ്യവസായികള്‍. 

കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള ചെറുകിട വ്യവസായികളോട് ധനത്തിന്റെ പ്രതിനിധികള്‍ സംസാരിച്ചപ്പോള്‍ അവരില്‍ നിന്ന് ഉയര്‍ന്നു വന്ന 50 ആവശ്യങ്ങളാണ് ഇവിടെ ക്രോഡീകരിച്ചിരിക്കുന്നത്. തുടക്കക്കാര്‍ മുതല്‍ വര്‍ഷങ്ങളായി ഈ രംഗത്തു നില്‍ക്കുന്നവര്‍ വരെ ആവശ്യങ്ങളുടെ പട്ടികയുമായി ഇതില്‍ കൂട്ടുചേര്‍ന്നു.

വ്യവസായികള്‍ക്ക് സമ്പൂര്‍ണ പോര്‍ട്ടല്‍: വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സുകളുടെയും മറ്റുള്ള എല്ലാ വിവരങ്ങളുടെയും വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും വെബ്‌സൈറ്റില്‍ വ്യക്തതയോടെ വിശദമാക്കുക. അതായത് ആര്‍ക്കൊക്കെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്, എവിടെയൊക്കെ അപേക്ഷ സമര്‍പ്പിക്കണം, എന്തൊക്കെ അപേക്ഷകള്‍ നല്‍കണം, അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം എന്നുതുടങ്ങി പുതുതായി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സംരംഭകന്‍ ചെയ്യേണ്ട എല്ലാ നടപടിക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം.
ഏകജാലക സംവിധാനം: വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോഡിനേഷന്‍ ഇല്ലാത്തതു വ്യവസായികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതൊഴിവാക്കാനായി ഒരു സീനിയര്‍ ഉദ്യോഗസ്ഥന് കീഴില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക ബോര്‍ഡ് വ്യവസായ മേഖലയ്ക്കായി രൂപീകരിക്കണം. ഇത് ഒരു ഏകജാലക സംവിധാനം നടപ്പിലാക്കാന്‍ സഹായിക്കും.

കല്‍പ്പിത ലൈസന്‍സ്: വിവിധ വകുപ്പുകളില്‍നിന്നും സംരംഭകര്‍ക്ക് ലഭിക്കേണ്ട അനുമതികള്‍ നിശ്ചിത സമയത്തിനകം ലഭിച്ചില്ലെങ്കില്‍ അതിന് പകരം കല്‍പ്പിത ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തണം.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക: സംസ്ഥാനത്തെ എല്ലാ വ്യവസായ എസ്റ്റേറ്റുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുക. റോഡ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം എന്നിവയൊക്കെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആവശ്യം. ചെറുകിട വ്യവസായ എസ്റ്റേറ്റുകളിലെ കെട്ടിടങ്ങളുടെ സ്ഥിതി ശോചനീയമാണ്.

മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളിലെ ഷെഡുകളാണ് ഏറ്റവും പരിതാപകരമായ അവസ്ഥയിലുള്ളത്. എസ്റ്റേറ്റുകളെ ഒന്നടങ്കം ദേശീയ നിലവാരത്തിലേക്കെങ്കിലും എത്തിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കണം.

ഭൂമി ലഭ്യതയും കൈമാറ്റവും: വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കുറച്ച് സംരംഭകര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ മറ്റുള്ളവര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. കൂടാതെ സംരംഭം മുന്നോട്ട് കൊണ്ടുപോകാനാകാതെ നിര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളിലെ ഭൂമി കൈമാറ്റ നിയമങ്ങള്‍ സംരംഭകര്‍ക്ക് അനുകൂലമായ രീതിയിലാക്കുക. ഇതിലൂടെ പൂട്ടിക്കിടക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പുതിയ സംരംഭകര്‍ക്ക്അവസരം ലഭിക്കും. കൂടാതെ ഭൂമി ലഭ്യതക്കുറവ് പരിഹരിക്കാന്‍ ഭൂബാങ്ക് രൂപീകരിക്കുകയും വേണം. 

തൊഴിലാളിക്ഷാമത്തിനു നിയമഭേദഗതി: തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ അക്കാദമികതലത്തില്‍ വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപാര വ്യവസായ മേഖലകളില്‍ ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂര്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യാനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയവും വരുമാനവും നേടാനാകും.

മാത്രമല്ല തൊഴിലാളി ക്ഷാമത്തിന് ചെറിയൊരു പരിഹാരവും ഇതിലൂടെ കണ്ടെത്താനാകും. 

ഫ്‌ളെക്‌സിബിള്‍ എംപ്ലോയ്‌മെന്റ് സംവിധാനം: ഫ്‌ളെക്‌സിബിള്‍ എംപ്ലോയ്‌മെന്റ് സംവിധാനം കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിര്‍ബന്ധമായും നടപ്പാക്കുക. സംരംഭകന് ആവശ്യമുള്ള സമയത്ത് മാത്രം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. നഷ്ടത്തിലോടുന്ന അനേകം ചെറുകിട സംരംഭങ്ങള്‍ക്കിത് പ്രയോജനകരമാകും.

തൊഴില്‍ നിയമങ്ങളിലെ അശാസ്ത്രീയത നീക്കണം: മിനിമം വേജസ് നിയമത്തിലെ ഭേദഗതികള്‍ തൊഴിലുടമകള്‍ക്ക് ഭീഷണിയാകുന്നുണ്ട്. തൊഴില്‍ മേഖലയിലെ അത്യാവശ്യ വ്യവസ്ഥകളെല്ലാം പാലിച്ചുവരുന്ന സ്ഥാപനമാണെങ്കില്‍ പോലും ലേബര്‍ ഓഫീസറുടെ പരിശോധന കഴിഞ്ഞാല്‍ അഞ്ചോ ആറോ ന്യൂനതകള്‍ കണ്ടെത്താന്‍ വലിയ പ്രയാസം ഉണ്ടാകില്ല. പുതിയ ഭേദഗതിപ്രകാരം ഓരോ വീഴ്ചയ്ക്കും അഞ്ച് ലക്ഷം രൂപ പിഴ നല്‍കേണ്ടതുണ്ട്. ഇതു പുനഃപരിശോധിക്കണം.

മാനദണ്ഡങ്ങള്‍ വയ്ക്കണം: ഒരു വ്യവസായ സംരംഭത്തെക്കുറിച്ച് പരാതിയുണ്ടായാല്‍ അത് അന്വേഷിച്ചശേഷം നടപടി സ്വീകരിക്കുന്നതിന് പകരം ആദ്യമേ തന്നെ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ സ്വീകരിച്ചിട്ടുള്ളത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പരിശോധിച്ച് അനുമതി നല്‍കിയ സ്ഥാപനങ്ങള്‍ പോലും വ്യാജ പരിസ്ഥിതിവാദികളുടെ ഇടപെടല്‍ മൂലം പൂട്ടിപോകുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. ഇതില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിക്കുക.

പരിശോധന പീഡനമാകരുത്: വ്യാപക പരിശോധന ആവശ്യമായിട്ടുള്ള വ്യവസായ സംരംഭങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സംവിധാനം നടപ്പാക്കുക. ചില പഞ്ചായത്തുകളില്‍ സെക്രട്ടറിയും പ്രസിഡന്റും കൂടാതെ ഏതാനും മെമ്പര്‍മാരും ചേര്‍ന്നാണ് യൂണിറ്റുകളുടെ പരിശോധനയ്ക്കായി എത്തുന്നത്. ഇത് ഈ രംഗത്ത് വന്‍ അഴിമതിക്കും കൈക്കൂലിക്കും അവസരമൊരുക്കിയിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഏത് വ്യവസായവും പൂട്ടിക്കാം എന്ന നില മാറണം.

ഓണ്‍ടൈം പേമെന്റ് നിര്‍ബന്ധമാക്കണം: ബില്ലുകളുടെ ഓണ്‍ടൈം പേമെന്റ് നിയമാനുസൃതമായി നിര്‍ബന്ധമാക്കുക. പേമെന്റുകള്‍ യഥാസമയം ലഭിക്കുകയാണെങ്കില്‍ കിട്ടാക്കടത്തിലും നഷ്ടത്തിലുമൊക്കെ അകപ്പെട്ടിരിക്കുന്ന പകുതിയിലേറെ സംരംഭങ്ങള്‍ ലാഭത്തിലാകുമെന്നാണ് വിലയിരുത്തല്‍. ഓണ്‍ടൈം പേമെന്റുകള്‍ നടത്താത്ത സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യണം.

ബില്‍ ഡിസ്‌കൗണ്ടിംഗ് സംവിധാനം വേണം: ഓണ്‍ടൈം പേമെന്റ് നിയമപരമായി നിര്‍ബന്ധമാക്കുന്നതോടെ ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള നിശ്ചിത ക്രെഡിറ്റ് പീരീഡ് അനിവാര്യമായേക്കും. ഇതിന് പരിഹാരമായി എല്ലാ ബാങ്കുകളും മുഖേന ബില്‍ ഡിസ്‌ക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കണം. അതിലൂടെ ചെറുകിടക്കാര്‍ക്ക് അവരുടെ ബില്ലുകള്‍ ഉടനടി പണമാക്കി മാറ്റാനാകും. പകരം ബില്ലിലെ തുക ഒരു നിശ്ചിത പീരീഡിനുള്ളില്‍ കമ്പനികള്‍ ബാങ്കുകള്‍ക്ക് നല്‍കിയാല്‍ മതി. ഈയൊരു സംവിധാനം നടപ്പാക്കപ്പെട്ടാല്‍ ചെറുകിടഇടത്തരം സംരംഭങ്ങളുടെ കാഷ്ഫ്‌ളോ വളരെയേറെ മെച്ചപ്പെടുകയും അതിന്റെ ഫലമായി ബിസിനസ് വളര്‍ച്ച നേടാനും സാധിക്കും.

റേറ്റിംഗ് കൊണ്ടുവരണം: ഓണ്‍ടൈം പേമെന്റ് നടത്തുന്ന സംരംഭങ്ങള്‍ക്ക് റേറ്റിംഗ് കൊണ്ടുവരണം. ഇതിലൂടെ റേറ്റിംഗ് കുറഞ്ഞവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യാന്‍ ആരും തയാറാകില്ല. അതിനാല്‍ മികച്ച റേറ്റിംഗ് നിലനിര്‍ത്തേണ്ടത് സംരംഭങ്ങളുടെ ആവശ്യമായി മാറും. ജിഎസ്ടിയില്‍ നിലവിലുള്ള ഓട്ടോമാറ്റിക് റേറ്റിംഗ് സംവിധാനത്തോടൊപ്പം പേമെന്റുകളിലെ കൃത്യതയും കൂട്ടിച്ചേര്‍ക്കുകയാണ് ഇതിനുള്ള സുഗമമായ മാര്‍ഗം.

ഏകീകൃത രജിസ്റ്റര്‍ സംവിധാനം: ഒരു വ്യവസായി അയാളുടെ സംരംഭത്തില്‍ നിയമപരമായി സൂക്ഷിക്കേണ്ട നിരവധി രജിസ്റ്ററുകളുണ്ട്. ഇതിനുപകരം ഒരു ഏകീകൃത രജിസ്റ്റര്‍ സംവിധാനം നടപ്പാക്കുന്നത് സംരംഭകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു
പോലെ ഗുണകരമാകും.

വായ്പകള്‍ എളുപ്പത്തിലാക്കണം: വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണം. മുദ്രാ ലോണ്‍ പോലുള്ള ഗവണ്‍മെന്റ് സ്‌കീമുകളുടെ പ്രയോജനം തുടക്കക്കാരായ ചെറുകിട വ്യവസായികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഇത് അന്വേഷിച്ച് കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.

വനിത വായ്പകള്‍ സുഗമമാക്കണം: വനിതകള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാമ്യത്തിന് നല്‍കാന്‍ സ്വന്തം പേരില്‍ സ്ഥലമോ വസ്തുവോ ഇല്ലാതെ വരുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതിനാല്‍ അവര്‍ക്ക് ജാമ്യമില്ലാത്ത വായ്പകളോ സംരംഭം തന്നെ ജാമ്യമാക്കികൊണ്ടുള്ള വായ്പകളോ അനുവദിക്കാനുള്ള സൗകര്യം ഉണ്ടാക്കണം.

പലിശ കുറയ്ക്കണം: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിച്ചാല്‍ ഇന്ന് നഷ്ടത്തിലായിട്ടുള്ള പകുതിയിലധികം സംരംഭങ്ങളും ലാഭത്തിലാകുന്നതാണ്. വ്യവസായ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറച്ച് ഭവന, കാര്‍ഷിക വായ്പകളുടേതിന് സമാനമാക്കണം.

നികുതി ഇളവ് വേണം: സംസ്ഥാന സര്‍ക്കാരിന് മുന്‍പ് അഞ്ച് ശതമാനം വാറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒമ്പത് ശതമാനം നികുതി കിട്ടുന്നുണ്ട്. ചെറുകിട വ്യവസായ മേഖലയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഈ വിഭാഗത്തിന് പലിശ സബ്‌സിഡിയോ നികുതി ഇളവോ ലഭ്യമാക്കുക. 

ഫണ്ടിംഗ് സാധ്യതകള്‍: വെഞ്ച്വര്‍ ഫണ്ടിംഗ് പോലുള്ള സ്വകാര്യ നിക്ഷേപങ്ങള്‍ നേടിയെടുക്കാന്‍ ചെറുകിട വ്യവസായ മേഖലകളിലുള്ളവര്‍ക്ക് അറിയില്ല. അത് അവര്‍ക്ക് പരിചിതമാക്കി മാറ്റാനുള്ള പരിശീലന പരിപാടികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കണം. 

മാലിന്യ സംസ്‌കരണം -- വ്യക്തതവേണം: മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ഇന്നും വ്യക്തതയില്ല. കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശേഖരിക്കുകയില്ല എന്ന നിയമം ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് തിരിച്ചടിയാണ്.

വൈദ്യുതി ചാര്‍ജ് ഏകീകരിക്കണം: വൈദ്യുതിയുടെ കാര്യത്തില്‍ വന്‍കിട വ്യവസായികളോടും ചെറുകിട വ്യവസായികളോടുമുള്ള വിവേചനം മാറ്റണം. ഒരു യൂണിറ്റ് വൈദ്യുതിക്ക് രണ്ടു വിഭാഗവും 5.50 രൂപ വില നല്‍കണമെങ്കിലും ഡ്യൂട്ടിയിനത്തില്‍ ചെറുകിട വ്യവസായികള്‍ ഒരു യൂണിറ്റിന് 55 പൈസ നല്‍കേണ്ടി വരുമ്പോള്‍ വന്‍കിട വ്യവസായികള്‍ക്ക് 10 പൈസ മാത്രം നല്‍കിയാല്‍ മതി. ഇത് ഒരുപോലെ ആക്കണമെന്നാണ് ചെറുകിട വ്യവസായികള്‍ ആവശ്യപ്പെടുന്നത്.

വൈദ്യുതി ക്ഷമത വര്‍ധിപ്പിക്കണം: എസ്എംഇ സെക്ടറിന് എല്‍ടി കണക്ഷന്‍ 150 കിലോവാട്ട് ആക്കി ഉയര്‍ത്തണമെന്നാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി വേള്‍ഡ് ബാങ്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അത് 100 കെവി മാത്രമാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഇത് ഉയര്‍ത്തി നല്‍കണം.

വൈദ്യുതി അപേക്ഷ നേരിട്ടാക്കണം: എല്‍ടി വൈദ്യുതി കണക്ഷന്‍ എടുക്കണമെങ്കില്‍ ഇപ്പോള്‍ ഏഴു പേരെയെങ്കിലും കാണേണ്ട അവസ്ഥയുണ്ട്. അപേക്ഷ നേരിട്ട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ വാങ്ങിച്ച് അതാതു സെക്ഷനുകളിലേക്ക് കൊടുക്കുന്ന രീതിയിലേക്ക് വരണം.

സൗരോര്‍ജപദ്ധതികള്‍ നടപ്പാക്കുക: വൈദ്യുതിക്ഷാമം തീര്‍ക്കാന്‍ വീണ്ടും ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്നതിന് പകരം വന്‍കിട സൗരോര്‍ജ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുക. വ്യാപാര വ്യവസായ മേഖലയില്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേക പ്രോല്‍സാഹനം നല്‍കുക.

വൈദ്യുതിയും വെള്ളവും സബ്‌സിഡി നിരക്കില്‍: വൈദ്യുത ചാര്‍ജിലേയും വാട്ടര്‍ ചാര്‍ജിലേയും വര്‍ധന, ഊര്‍ജരൂപങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് തലവേദനയാണ്. ഇത്തരം വ്യവസായങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനം വരണം.

ബില്ലില്ലാത്ത വില്‍പ്പന തടയുക: ജിഎസ്ടി നിലവില്‍ വന്ന ശേഷം ഉദ്യോഗസ്ഥരുടെ പരിശോധനയില്ല. റോഡുകളില്‍ കൂടി അനധികൃതമായി നികുതി വെട്ടിച്ച് പലരും സാധനങ്ങള്‍ കടത്തുന്നു. സത്യസന്ധമായി ബിസിനസ് നടത്തുന്നവരെ പരിഹാസ്യരാക്കുന്ന നടപടിയാണിത്. സര്‍ക്കാര്‍ കര്‍ശനമായി ഇതിലിടപെടണം.

സര്‍ക്കാര്‍ പ്രോത്സാഹനം: എസ്എംഇ മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ പോലും രണ്ടാം തലമുറ കടന്നുവരാന്‍ തയാറാകുന്നില്ല. ഇതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോത്സാഹനജനകമായ കാര്യങ്ങള്‍ ഉണ്ടാകണം.

കാലതാമസം ഇല്ലാതാകണം: സര്‍ക്കാര്‍ നേതൃത്വത്തില്‍ പുതിയ വ്യവസായ വികസന പദ്ധതികള്‍ വരുന്നുണ്ട് എങ്കിലും, ഇത് കടലാസില്‍ മാത്രമായി ഒതുങ്ങുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. നയപ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരാനെടുക്കുന്ന കാലതാമസം വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കുന്നു. അത് ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

പര്‍ച്ചേസിന് ഇളവ്: ജിഎസ്ടി വരുന്നതിനു മുന്‍പ് ചെറുകിട വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയ്ക്കു വരെയുള്ള പര്‍ച്ചേസുകള്‍ക്ക് നികുതി നല്‍കേണ്ടതില്ലായിരുന്നു. ഇപ്പോള്‍ അത് ഒരു കോടിയാക്കി കുറച്ചിരിക്കുകയാണ്. പഴയ ഒന്നരക്കോടി വരെയുള്ള ഇളവ് പുനഃസ്ഥാപിക്കണമെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പര്‍ച്ചേസിനും ഈ നികുതി ഇളവ് ബാധകമാക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെടുന്നു.

ഗതാഗത സംവിധാനം: സംസ്ഥാനത്തെ ഗതാഗത സംവിധാനം ഒന്നടങ്കം അഴിച്ചുപണിയുക. റോഡ്, റെയില്‍, തുറമുഖം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മള്‍ട്ടിമോഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കര്‍ശനമായി നടപ്പാക്കുക. സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള സമാന്തര ജലപാത വികസിപ്പിക്കണം.

ഐറ്റിയില്‍ മാത്രമൊതുങ്ങരുത്: ഐ.റ്റി രംഗത്തേക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ യുവസംരംഭകര്‍ കടന്നുവരുന്നത്. എന്നാല്‍ ഉല്‍പ്പാദന മേഖലയിലേക്ക് അധികമാരും വരാത്തൊരു സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഉല്‍പ്പാദന മേഖലയിലേക്കെ
ത്തുന്ന പുതിയ യുവ സംരംഭകര്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം നല്‍കുക.

ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുക: ഹൈടെക് അഗ്രികള്‍ച്ചര്‍ രംഗത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക. കാര്‍ഷികോല്‍പ്പാദന രംഗത്തെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുക.

സാങ്കേതിക സഹായം: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും സംരംഭങ്ങള്‍ക്കാവശ്യമായ ഒട്ടേറെ പുതിയ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. എന്നാല്‍ കേരളത്തിലെ സംരംഭകര്‍ക്ക് ഇവയൊക്കെ ലഭ്യമാക്കുന്നതിന് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കെഎസ്‌ഐഡിസിയോ വ്യവസായ വകുപ്പോ സജ്ജമാക്കണം.

വന്‍കിട-ചെറുകിട കമ്പനികള്‍ക്കിടയിലെ പാലമാകണം: ഐ.റ്റി മേഖലയില്‍ ക്ലൗഡ്, സെര്‍വര്‍ സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ പുതുസംരംഭകര്‍ക്കും പ്രാപ്യമാക്കാന്‍ നടപടി ഉണ്ടാവണം. ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ അത് നല്‍കുന്നുണ്ട്. ഇത്തരം വന്‍കിട കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇടയിലെ പാലമാകാന്‍ സര്‍ക്കാരിന് കഴിയണം. 

ടെക്‌നോളജി സംരംഭങ്ങളെ കൊണ്ടുവരണം: വന്‍കിട വ്യവസായങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ആക്‌സിലറി യൂണിറ്റുകളില്ല. ഇതിന് പരിഹാരമായി ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിന്നും ഉന്നത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെക്‌നോളജി സംരംഭങ്ങളെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം.

ടാക്‌സ് റീഫണ്ടുകള്‍: ടാക്‌സ് റീഫണ്ടുകള്‍ ലഭിക്കാന്‍ കാലതാമസം വരുന്നത് ബിസിനസിനെ ബാധിക്കും. ഒരു ബിസിനസിന് ആവശ്യമായതിനേക്കാള്‍ തുക അതിലേക്ക് മുതല്‍മുടക്കേണ്ടി വരുന്നതും മാസങ്ങള്‍ക്ക് ശേഷം ലാഭം പ്രതീക്ഷിക്കാമെന്നതും ഗുണകരമല്ല. അതിനാല്‍ ടാക്‌സ് റീഫണ്ടുകള്‍ സമയബന്ധിതമായി നല്‍കാനുള്ള സംവിധാനം ഒരുക്കുക

ഫാര്‍മയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കണം: ഔഷധങ്ങള്‍ ഏറ്റവും അധികം വിറ്റഴിഞ്ഞുപോകുന്ന ഒരു കമ്പോളമാണ് കേരളം. എന്നാല്‍ ഇവിടെ വിറ്റഴി ക്കപ്പെടുന്ന 95 ശതമാനം ഔഷധങ്ങളും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഗുണനിലവാരമില്ലാത്ത ഇത്തരം ഔഷധങ്ങള്‍ ഇവിടേക്കെത്താതിരിക്കാന്‍ ഫാര്‍മ ഇന്‍ഡസ്ട്രിയില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് സജ്ജമാക്കുക.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി: വ്യവസായ മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുക.

സര്‍വീസ് നികുതി പുനഃപരിശോധിക്കണം: സര്‍വീസ് മേഖലയ്ക്ക് നികുതി വര്‍ധിപ്പിച്ചത് ഐ.റ്റി അടക്കമുള്ള മേഖലയെ ദോഷകരമായി ബാധിക്കുന്നു. ഈ മേഖലയിലെ ഇന്‍പുട്ടിനായി നല്‍കാവുന്നത് സ്റ്റേഷനറിയുടെ ചെലവു മാത്രമാണ്. അത് നാമമാത്രമേ ആകുന്നുള്ളു. ഇന്‍പുട്ട് കിട്ടാത്തതിനാല്‍ കൂടിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. സര്‍വീസ് മേഖലയ്ക്ക് നികുതി വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണം.

റിയല്‍ എസ്റ്റേറ്റില്‍ കംപ്യൂട്ടര്‍വല്‍ക്കരണം: കേരളത്തിലെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കണം. ഏതു പ്രദേശത്തെ ഭൂമി സംബന്ധിച്ചും വിരല്‍തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും അനുമതികള്‍ വേഗത്തിലാക്കാം.

സ്റ്റാര്‍ട്ടപ്പ് സഹായം: സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിനായി സര്‍ക്കാര്‍ കോളെജുകളെയാണ് കൂടുതല്‍ പരിഗണിക്കുന്നത്. അതില്‍ നിന്നു മാറി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ബിസിനസ് നടത്തികൊണ്ടു പോകുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പിനുള്ള സഹായങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ ഫലവത്താകും.

സമയബന്ധിത പദ്ധതികള്‍: സര്‍ക്കാര്‍ പദ്ധതികള്‍ പലതും കാലങ്ങളോളം കിടക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇതു മാറി സമയബന്ധിതിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. വ്യാപാര മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും ഇത് ഒരുപോലെ ഗുണം ചെയ്യും. കൊച്ചി മെട്രോ പോലുള്ള പദ്ധതികള്‍ ഉദാഹരണമായി മുന്നിലുണ്ട്.

ബിടുബി മീറ്റുകള്‍ ഫലപ്രദമാക്കുക: കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ദേശീയ അന്തര്‍ ദേശീയ കമ്പനികളെ കണ്ടെത്തി പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കുക. ഈയൊരു ലക്ഷ്യത്തോടെ നടത്തിവന്ന ബിടുബി മീറ്റിനെ ഏത് തരത്തില്‍ കൂടുതല്‍ ഫലപ്രദമായി നടത്താമെന്നും പരിശോധിക്കണം.

ഏകീകൃത ബൈലോ തയാറാക്കുക: മിനി വ്യവസായ എസ്‌റ്റേറ്റുകളുടെ ജില്ലാ ഭരണസമിതികളായ മീകോസിന് സംസ്ഥാനത്തൊട്ടാകെ ഏകീകൃത ബൈലോയും പ്രവര്‍ത്തന രൂപ രേഖയും ചട്ടങ്ങളും തയാറാക്കുക.

നൈപുണ്യ പദ്ധതികള്‍ ആരംഭിക്കണം: സ്‌കില്‍ ഡെവലപ്‌മെന്റിന് സര്‍ക്കാര്‍ തലത്തില്‍ നടപടി വേണം. സര്‍ക്കാര്‍ നടത്തുന്ന അടഅജ പദ്ധതി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ്. അതു കൂടാതെ ഉയര്‍ന്ന ക്ലാസുകളില്‍ കൂടി നൈപുണ്യ വികസത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഹാര്‍ഡ്‌വെയര്‍ സംരംഭങ്ങള്‍ വേണം: ഐ.റ്റി രംഗത്ത് ഹാര്‍ഡ്‌വെയര്‍ സംരംഭങ്ങള്‍ വളരെ കുറവാണ്. ഈ മേഖലയെ കേരളത്തില്‍ വളരെയധികം ശക്തിപ്പെടുത്താനാകും. അതിലേക്കായുള്ള പദ്ധതികള്‍ നടപ്പാക്കുക.

കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ ഏജന്‍സികളെ ലയിപ്പിക്കുക: വ്യവസായ വികസന ഏജന്‍സികളുടെ ആധിക്യമാണ് കേരളത്തിലുള്ളത്. എന്നാല്‍ വലിയൊരു മുന്നേറ്റമൊന്നും ഈ രംഗത്ത് കൈവരിക്കാനുമായിട്ടില്ല. അതിനാല്‍ സിഡ്‌കോ പോലെ കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ ഏജന്‍സികളെ കണ്ടെത്തി അവയെ മറ്റുള്ളവയില്‍ ലയിപ്പിക്കണം.

തിരിച്ചടവു പദ്ധതികള്‍: ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുമ്പോള്‍, വ്യക്തമായൊരു ആക്ഷന്‍ പ്ലാനിന്റെ അഭാവത്തില്‍ അടുത്ത നടപടി എന്ത് സ്വീകരിക്കണം എന്നറിയാതെ വ്യവസായികള്‍ പ്രതിസന്ധിയിലാകുന്നു. എന്തുകൊണ്ട് തിരിച്ചടവ് മുടങ്ങി എന്നത് മനസിലാക്കി, സംരംഭകര്‍ക്ക് മുന്നോട്ടുള്ള യാത്ര സുഖമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്.

ശത്രുതാ മനോഭാവം വെടിയണം: വ്യവസായികളോടുള്ള മനോഭാവം മാറണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്നയാളാണ് വ്യവസായി എന്നൊരു പരിഗണ സര്‍ക്കാരും ജനങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും വ്യവസായികളോടുള്ള ശത്രുതാ മനോഭാവം മലയാളികള്‍ മാറ്റിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top