ചെറുകിട സംരംഭകര്‍ ഒഴിവാക്കേണ്ട 5 സാമ്പത്തിക പിഴവുകള്‍
താല്‍ക്കാലിക ലാഭം മാത്രം തരുന്ന അവസരങ്ങളിലേക്ക് ചെറുകിട സംരംഭകര്‍ എടുത്തുചാടരുത്
facebook
FACEBOOK
EMAIL
small-business-manage-your-business

മാറിവരുന്ന സാമ്പത്തിക വ്യാവസായിക അന്തരീക്ഷങ്ങള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ബിസിനസിന്റെ അടിസ്ഥാന ഘടകങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ഇത്തരം സംരംഭങ്ങളെ മാന്ദ്യകാലഘട്ടത്തില്‍ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. ചെറുകിട സംരംഭങ്ങളെ തകര്‍ച്ചയിലേക്കു നയിക്കുന്നതിന് ഇടയാക്കുന്ന പ്രധാന പിഴവുകള്‍ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
ബിസിനസ് പ്ലാന്‍ ഇല്ലാത്തത്
'ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ പരാജയപ്പെടുന്നതിന് ആസൂത്രണം ചെയ്യുകയാണ്' (Failing to plan is planning to fail) എന്ന പഴമൊഴി ബിസിനസുകാരുടെയും ആപ്തവാക്യമാകണം. താല്‍ക്കാലിക ലാഭം മാത്രം തരുന്ന അവസരങ്ങളിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് ചെറുകിട സംരംഭകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അടിസ്ഥാന ബിസിനസിന്റെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കുന്ന തരത്തില്‍ സംരംഭകരുടെ ശ്രദ്ധ തിരിയരുത്. മല്‍സരത്തിന്റെ സ്വഭാവവും പണം ചെലവിടുന്നതിന്റെ പരിധിയും സാമ്പത്തികമായ വിലയിരുത്തലുകളുമെല്ലാം ഉള്‍പ്പെടുന്ന ഒരു ബിസിനസ് പ്ലാന്‍ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യുന്നതിനു സഹായിക്കും.

പ്രവര്‍ത്തന മൂലധനത്തിന്റെ തെറ്റായ മാനേജ്‌മെന്റ്
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ പണമൊഴുക്ക് ഉറപ്പാക്കുക, ലാഭം വര്‍ധിപ്പിക്കുക എന്നിവയാണ് പ്രവര്‍ത്തന മൂലധന മാനേജ്്മെന്റിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ ഇവ രണ്ടും വിരുദ്ധ ദിശയിലാണ് എന്നതാണ് സംരംഭകര്‍ നേരിടുന്ന വെല്ലുവിളി. അതായത് പല സംരംഭങ്ങളിലും ധനച്ചെലവ് ഏറെ വേണ്ടി വരുന്ന പല മേഖലകളും വളരെക്കുറച്ച് ആദായം മാത്രമാകും നല്‍കുന്നത്. കുറഞ്ഞ മൂലധനവും അടിസ്ഥാന സൗകര്യവുമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ-കള്‍ക്ക് താല്‍ക്കാലികമായി മികച്ച ലാഭം നേടാനാകുമെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പ്രയാസമനുഭവപ്പെടും. മൂലധന സമാഹരണത്തിനായി ഹ്രസ്വകാല ഫണ്ടുകളെ ആശ്രയിക്കാനാണ് പലപ്പോഴും ചെറുകിട സംരംഭകര്‍ ശ്രമിക്കുക. ശാശ്വതമായ വിഭവ- മൂലധന സമാഹരണത്തിനു പകരമായി ഹ്രസ്വകാല ഫണ്ടുകളെ ആശ്രയിക്കുന്നത് ഭാവിയില്‍ പ്രതിസന്ധിയിലേക്ക് നയിക്കാം.

കരുതല്‍ ധനത്തിന്റെ അപര്യാപ്തത
മാന്ദ്യകാലഘട്ടം വെല്ലുവിളികള്‍ എന്നതുപോലെ അവസരങ്ങളും നല്‍കുന്നുണ്ട്. ആകര്‍ഷകമായ വിലയില്‍ ഏറ്റെടുക്കല്‍ നടത്താന്‍ മാന്ദ്യം അവസരമൊരുക്കുന്നു. എന്നാല്‍ കടുത്ത മല്‍സരത്തിന്റെ അന്തരീക്ഷത്തില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള ശേഷിയും മാന്ദ്യകാലത്ത് പരീക്ഷിക്കപ്പെടും. മാന്ദ്യത്തിന്റെ അവസരങ്ങള്‍ സ്വന്തമാക്കാനും വെല്ലുവിളികള്‍ നേരിടുന്നതിനും അടിസ്ഥാനമായി വേണ്ടത് കരുതല്‍ മൂലധനമാണ്. ഇതിനായി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത് ചെറുകിട സംരംഭങ്ങളെ സഹായിക്കും.

തെറ്റായ നിഗമനങ്ങള്‍
പണം വരവിനെക്കുറിച്ചുള്ള തെറ്റായ നിഗമനങ്ങള്‍ നിങ്ങളുടെ സംരംഭത്തിന്റെ താളം തെറ്റിച്ചേക്കാം. ചെലവുകളെ ചുരുക്കിക്കാണാനും ആദായത്തെ വലുതായി സങ്കല്‍പ്പിക്കാനുമുള്ള പ്രവണത സംരംഭകര്‍ക്കിടയിലുണ്ട്. പണം വരവിനെക്കുറിച്ചുള്ള ഇത്തരം നിഗമനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യേകിച്ചും അര്‍ത്ഥശൂന്യമാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന്റെ ഫലമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ വരുന്ന അവസ്ഥയുണ്ടാകാം.

എക്കൗണ്ടിഗിലെ അശ്രദ്ധ
സ്ഥാപനത്തില്‍ ഔദ്യോഗികമായ ഒരു സാമ്പത്തിക ക്രമീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് പല ചെറുകിട സംരംഭകരും അജ്ഞരാണ്. നികുതി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നിര്‍ബന്ധപൂര്‍വം വെക്കുന്ന ഒന്നായാണ് എക്കൗണ്ടിഗ് വിഭാഗത്തെ ഇത്തരക്കാര്‍ കാണുന്നത്. സാമ്പത്തിക വിജയത്തിനുള്ള അടിസ്ഥാനം ശരിയായ എക്കൗണ്ടിഗ് സംവിധാനങ്ങള്‍ കൂടിയാണെന്ന് പലരും വൈകിയ വേളയിലായിരിക്കും മനസിലാക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
100%
0
angry
0%
 
Back to Top