Nov 08, 2017
ഓഹരി വിപണി പുതിയ വളര്‍ച്ചാപഥത്തില്‍
ഓഹരി നിക്ഷേപത്തില്‍ പാലിക്കാന്‍ ശാശ്വതമായ നിയമങ്ങളൊന്നുമില്ല, സൂക്ഷ്മമായി സാഹചര്യം വിലയിരുത്തി ശ്രദ്ധയോടെ നടത്തുന്ന നിക്ഷേപം വന്‍ നേട്ടം നല്‍കും
facebook
FACEBOOK
EMAIL
share-market-boom-create-new-opportunities-for-india

ദീപാവലിക്ക് നിഫ്റ്റി എക്കാലത്തെയും ഉയരത്തിലെത്തിയിരിക്കുകയാണ്. കുറച്ച് ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും അന്ത്യം പ്രവചിച്ച വിദഗ്ധരെല്ലാം ഇപ്പോള്‍ മൗനത്തിലായിരിക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ വരവോടെ വിപണികള്‍, കൂടുതല്‍ കാര്യക്ഷമവും പ്രതികരണാത്മകവും ആവുകയും അതുവഴി വിപണി പെട്ടെന്നുള്ള ശക്തമായ തിരുത്തലുകളിലേക്കും വന്‍ മുന്നേറ്റങ്ങളിലേക്കും നയിക്കപ്പെടുകയും ചെയ്യുന്നു. ഓര്‍മിക്കുക, നിഫ്റ്റി 300 പോയിന്റ് ഇടിഞ്ഞാലൊന്നും ഇന്ത്യയുടെ ഇക്വിറ്റി സ്‌റ്റോറി അവസാനിക്കില്ല. വിപണി കരുത്തോടെയിരിക്കാന്‍ നമുക്ക് തിരുത്തലുകളെ സ്വാഗതം ചെയ്യാം, യഥാര്‍ത്ഥ നിക്ഷേപകന് അതുകൊണ്ട് യാതൊന്നും സംഭവിക്കാനില്ല. വിലയിടിയുമ്പോള്‍ ബുദ്ധിപരമായി ഓഹരികള്‍ വാങ്ങാനും വില നന്നായി ഉയരുമ്പോള്‍ ബുദ്ധിപരമായി ഓഹരി വിറ്റഴിക്കാനുമുള്ള അവസരമാണ് വിപണി ചാഞ്ചാട്ടങ്ങള്‍ യഥാര്‍ത്ഥ നിക്ഷേപകന് നല്‍കുന്നത്.

ആള്‍ട്ടര്‍നേറ്റീവ് ഫണ്ടുകള്‍ ഉചിതം

സമര്‍ത്ഥമായ ഓഹരികളുടെ തെരഞ്ഞെടുപ്പാണ് ദീര്‍ഘകകാല ഓഹരി നിക്ഷേപത്തിന്റെ കാതല്‍. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസക്കാലയളവില്‍ നിരവധി ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും വിപണി സാക്ഷ്യം വഹിച്ചു. ഈ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഇക്വിറ്റി ഇന്റലിജെന്‍സ് പിഎംഎസിനു നിക്ഷേപകര്‍ക്കു ശരാശരി 22.3 ശതമാനം റിട്ടേണ്‍ നല്‍കാന്‍ ആയി. ഇതേകാലയളവില്‍ നിഫ്റ്റി 6.7 ശതമാനം റിട്ടേണാണ് നല്‍കിയത്. അടുത്തിടെ അവതരിപ്പിച്ച ഇക്യു ഇന്ത്യ ഫണ്ടും (AIF) മികച്ച പ്രകടനം നടത്തുന്നുണ്ട്. വരും കാലത്ത്, മികച്ച പ്രവര്‍ത്തനകാര്യക്ഷമതയുള്ള ആള്‍ട്ടര്‍നേറ്റീവ് ഫണ്ടുകള്‍ ആയിരിക്കും അതിസമ്പന്ന നിക്ഷേപകര്‍ക്ക് (HNIs) നിക്ഷേപത്തില്‍ ഏറ്റവും ഉചിതവും പ്രിയങ്കരവും ആയ മാധ്യമമാകുക എന്ന് എനിക്കു തോന്നുന്നു. എന്നാല്‍ സെബി നിയന്ത്രണങ്ങള്‍ പ്രകാരം AIF ല്‍ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ നിക്ഷേപിക്കാന്‍ ആകൂ.

എസ്‌ഐപി വിപ്ലവം വന്നതോടു കൂടി ഇന്ത്യയില്‍ ഓഹരി നിക്ഷേപത്തിന് ആക്കം കൂടിയിട്ടുണ്ട്. സെബിയുടെ പുതിയ കണക്കുകളനുസരിച്ച് 21 ലക്ഷം കോടി രൂപയുടെ മ്യൂച്വല്‍ഫണ്ട് വ്യവസായം സെപ്റ്റംബറില്‍ 12 ലക്ഷം പുതിയ റീറ്റെയ്ല്‍ ഫോളിയോകളാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപകരുടെ എണ്ണം 6.20 കോടിയ്ക്കു മുകളിലായി. എന്നിരുന്നാലും ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ട് വ്യവസായത്തിന് ഇനിയുമേറെ ദൂരം പോവാനുണ്ട്. മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോഴും നിക്ഷേപം നടത്തുന്നത്. ആളുകളുടെ പ്രിയപ്പെട്ട നിക്ഷേപമാര്‍ഗമായ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ അഞ്ചിലൊരു ശതമാനം മാത്രമാണ് മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രിയുടെ ആസ്തിമൂല്യം (AUM).

സംവത് 2074 ല്‍ നേട്ടം കൊയ്യാം

സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും പുതിയ വളര്‍ച്ചാപഥത്തിലേക്ക് പ്രവേശിക്കുകയാണ്, മുന്നോട്ടു പോകുന്തോറും കരുത്താര്‍ന്ന സൂചകങ്ങളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ, അതായത് സംവത് 2073 ലെ വലിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തില്‍ ലഭിച്ചുതുടങ്ങും. ഓഹരി നിക്ഷേപകരെയും വാല്യു ഇന്‍വെസ്റ്റിംഗിലെ തുടക്കക്കാരെയും സംബന്ധിച്ചിടത്തോളം നേട്ടമിപ്പോഴും സ്‌മോള്‍ ക്യാപില്‍ തന്നെയാണ്. സംവത് 2074 ല്‍ നിഫ്റ്റി നിക്ഷേപകര്‍ക്ക് 15 ശതമാനം വളര്‍ച്ച നേടാം. എന്നാല്‍ ബുദ്ധിപൂര്‍വമായി ഓഹരികള്‍ തെരഞ്ഞെടുക്കുന്ന സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ റിട്ടേണ്‍ നേടാനായേക്കും.

ഓഹരി തെരഞ്ഞെടുപ്പിലെ ഒരേയൊരു സുവര്‍ണനിയമം ഇതില്‍ ശാശ്വതമായ നിയമങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് എല്ലാ കാര്യങ്ങളിലും മാറ്റം വരുന്നു, മാറുന്ന സാഹചര്യങ്ങളെ ഒരാള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നും അതിനോടെങ്ങനെ പ്രതികരിക്കുന്നുവെന്നും ആശ്രയിച്ചിരിക്കും നിക്ഷേപത്തിലെ വിജയം. നിക്ഷേപിച്ചു കൊണ്ടേയിരിക്കൂ.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top