പതിനേഴു വര്‍ഷമായി സംരംഭങ്ങളുടെയും സംരംഭകരുടെയും രൂപാന്തരീകരണ മേഖലയിലാണ് ഞാന്‍. വളരാന്‍ കഷ്ടപ്പെടുന്ന നിരവധി സംരംഭകരെ ഞാന്‍ കണ്ടിട്ടുണ്ട്, അവസാനം മനം മടുത്ത് അവശരായി അവര്‍ ശ്രമം ഉപേക്ഷിക്കുന്നു. ക്രമാനുഗതമായൊരു വളര്‍ച്ച (X to 1X to 2X to 3X) നേടാന്‍ വേണ്ടി അവര്‍ പ്രയാസപ്പെടുന്നു... പക്ഷേ, എന്റെ മനസിലേക്ക് വരുന്ന ഒരു ചോദ്യമിതാണ്,'' ഇങ്ങനെ ക്രമാനുഗതമായി വളരുന്നതിനു പകരം, നമുക്ക് ഓരോ തവണയും 10 ഇരട്ടിയായി (10X) വളരാന്‍ സാധിക്കില്ലേ?''
നിരവധി സംരംഭകരുടെ ജീവിതം പഠനവിധേയമാക്കുകയും പല കോഴ്സുകളില്‍ പങ്കെടുക്കുകയും പല സംരംഭകരെയും അടുത്തു നിന്നു നിരീക്ഷിക്കുകയുമൊക്കെ ചെയ്തപ്പോള്‍ എനിക്കു മനസിലായ ഒരു കാര്യമുണ്ട്- അവരെല്ലാം തന്നെ ഒരേ ഗിയറിലാണ് മുന്നോട്ടുപോകുന്നത്, പക്ഷേ എല്ലായ്പ്പോഴും ആക്സിലറേറ്ററില്‍ അമര്ത്തിചവിട്ടുന്നുമുണ്ട്. അങ്ങനെ ഇരട്ടിയും രണ്ടിരട്ടിയുമൊക്കെ വളര്‍ച്ച നേടുന്നു. വീണ്ടും ആക്സിലറേറ്റര്‍ അമര്ത്തിക്കൊണ്ടിരിക്കുമ്പോള് അവരുടെ കാര്‍, അതായത് സ്ഥാപനം മുന്നോട്ടു പോകാനായി പ്രയാസപ്പെട്ട് നിലവിളിക്കുന്നു. എന്നാല്‍, സംരംഭകന് വര്‍ഷങ്ങളായുള്ള തന്റെ ശീലം മൂലം ആക്സിലറേറ്ററില്‍ അതികഠിനമായി ചവിട്ടികൊണ്ടേയിരിക്കുന്നു. അതുകൊണ്ട് അയാള്‍ക്ക് മൂന്നിരട്ടിയും നാലിരട്ടിയും ഒക്കെ വളരാന്‍ സാധിക്കുന്നുണ്ട്, പക്ഷേ ഒരിക്കലും വളര്‍ച്ച പത്തിരട്ടിയോ നൂറിരട്ടിയോ ആകുന്നില്ല.
അധ്വാനം കൂടികൊണ്ടിരിക്കുന്നു, അതായത് കാര്‍ അഥവാ സ്ഥാപനം വിറയ്ക്കുകയും കുലുങ്ങുകയും ശബ്ദമുണ്ടാക്കുകയും ഇന്ധന ചെലവ് ഉയര്‍ത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ, സംരംഭകന് ഗിയര്‍ മാറ്റാന്‍ വിസമ്മതിച്ച് വാശിയോടെ മുന്നോട്ടു പോകുന്നു. ഒരു സമയമെത്തുമ്പോള്‍ സംരംഭകനും അയാളുടെ ടീമും ക്ഷീണിച്ച് തളര്‍ന്ന് പിന്നിലേക്ക് പോകാന്‍ തുടങ്ങുന്നു. നാല് മടങ്ങില്‍ നിന്ന് മൂന്നു മടങ്ങിലേക്കും രണ്ടു മടങ്ങിലേക്കും ഒരു മടങ്ങിലേക്കും പിന്നെ പഴയ അവസ്ഥയിലും എത്തിച്ചേരും.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
കാരണം ലളിതമാണ്; സംരംഭകന് ഗിയര്‍ മാറ്റുന്നില്ല. ഓരോ തവണ ഗിയര്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോഴും 10 ഇരട്ടി വളര്‍ച്ച ഉണ്ടാക്കാന്‍ സാധിക്കും.
ഇവിടെ ഒന്‍പത് എന്‍ട്രപ്രണര്‍ ഗിയറുകളെ കുറിച്ചാണ് എനിക്ക് ഓര്മ വരുന്നത്. ഒന്‍പത് എന്‍ട്രപ്രണര്‍ ഗിയറുകളെ വിശദീകരിക്കുന്നതാണ് ഇതോടൊപ്പമുള്ള ചിത്രം. ഓരോ തവണ ഗിയര്‍ മാറ്റുമ്പോഴും നിങ്ങള്‍ 10 ഇരട്ടി വളര്‍ച്ച നേടുന്നു. അതായത് നിങ്ങളുടെ വരവ്, സമ്പാദ്യം, പദവി, പേര്, പ്രശസ്തി, പണം എന്നിവയെല്ലാം 10 മടങ്ങായി വളരുന്നു. അതേസമയം, ഓരോ തവണ ഗിയര്‍ താഴേക്ക് മാറ്റുമ്പോഴും, അതായത് ഒരു ഉയര്‍ന്ന തലത്തിലുള്ള ജോലിയില്‍ നിന്ന് താഴ്ന്ന ജോലിയിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ 10 മടങ്ങ് താഴേക്ക് പോവുകയാണ്.
ഗിയര്‍ 1 ദ് വിക്ടിം
ഇവിടെ സംരംഭകന് തന്റെ കഴിവിനുമപ്പുറമുള്ള ജീവിതമാണ് നയിക്കുന്നത്. സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്നു. ലോകത്തിലുള്ള എല്ലാവരെയും അയാള്‍ കുറ്റപ്പെടുത്തുന്നു. ജീവിത സാഹചര്യങ്ങളുടെ ഇരയാണ് താന്‍ എന്നാണ് അയാളുടെ തോന്നല്‍. ഏതെങ്കിലും തരത്തിലുള്ള കാര്യപ്രാപ്തിയോ കഴിവോ ഉണ്ടാക്കിയെടുക്കുന്നില്ല, പക്ഷേ അയാള്‍ക്കു ചുറ്റുമുള്ള എല്ലാത്തിയെും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഗിയര്‍ 2 ദ് സര്‍വൈവര്‍
ഇവിടെ സംരംഭകന് പരാജയപ്പെടില്ല. അയാള്‍ പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു. അതുകൊണ്ടു തന്നെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ കഴിയും.
ഗിയര്‍ 3 ദ് വര്‍ക്കര്‍
എന്തും ചെയ്യാന്‍ സന്നദ്ധതയുള്ളവരാണ് ഈ വിഭാഗം സംരംഭകര്‍. ഇരുപത്തിനാലു മണിക്കൂറും തന്റെ സ്ഥാപനത്തില്‍ എന്തെങ്കിലും ജോലികള്‍ ചെയ്യാനുണ്ടോയെന്നു നോക്കി നടക്കും. അതെല്ലാം ഏറ്റെടുക്കുന്നതുകൊണ്ടുതന്നെ എപ്പോഴും അയാള്‍ തിരക്കിലായിരിക്കും, അങ്ങനെ ആത്യന്തികമായി സ്ഥാപനത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞതും മുഖ്യ ജോലിക്കാരനുമായി സംരംഭകന് സ്വയം മാറും.
ഗിയര്‍ 4 ദ് പ്ലെയര്‍
തന്റെ ജോലിയല്ലാത്തതിനോടെല്ലാം നോ പറയാന്‍ പഠിച്ച സംരംഭകന്. മാനേജര്‍മാരുടെ ജോലികള്‍ ചെയ്യാനായി മാനേജര്‍മാര്‍ ഉണ്ടായിരിക്കും. മാത്രമല്ല ഒരിക്കലും മാനേജര്‍മാരുടെ ജോലി ചെയ്യാന്‍ തയാറാകുകയുമില്ല ഇത്തരം സംരംഭകര്‍.
ഗിയര്‍ 5 ദ് പെര്‍ഫോമര്‍
ദീര്‍ഘകാലമായി വളരെ വിജയകരമായി ജോലി ഡെലിഗേറ്റ് ചെയ്യുന്നതിനാല്‍ ജോലികളെല്ലാം ടീമിലെ ഏറ്റവും അനുയോജ്യരായ വ്യക്തികളെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇക്കൂട്ടര്‍. തനിക്ക് മാത്രം ചെയ്യാനാകുന്ന, തന്റെ വൈദഗ്ധ്യം അല്ലെങ്കില്‍ അതുല്യമായ കഴിവുകള്‍ കാണിക്കാവുന്ന ജോലികളാണ് സംരംഭകന് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതും. അതിനാല്‍ അയാളൊരു മികച്ച പെര്‍ഫോര്‍മര്‍ ആയി മാറുന്നു. അതോടെ ധാരാളം ആളുകള്‍ ആകൃഷ്ടരാകുകയും വിഭവങ്ങളും സാഹചര്യങ്ങളും പണവുമെല്ലാം അയാളിലേക്ക് വന്നു ചേരുകയും ചെയ്യുന്നു. അയാള്‍ക്ക് കഴിയുന്നതോ അല്ലെങ്കില്‍ വൈദഗ്ധ്യമുള്ളതോ ആയ ജോലിയാണെങ്കില്‍ പോലും മറ്റുള്ളവരെ ഏല്‍പ്പിച്ചിരിക്കുന്നു.
ഒരു മേഖലയില്‍ മാത്രം അയാള്‍ മാസ്റ്റര്‍ ആവുകയും അയാള്‍ക്ക് അത്ര മികവില്ലാത്ത മറ്റു മേഖലകളില്‍ ഏറ്റവും മികച്ച ടീമിനെ സൃഷ്ടിക്കാനാകുകയും ചെയ്തു. അതുവഴി, പ്രത്യേക വൈദഗ്ധ്യമുള്ള ടീമിനെ തന്നെ അയാള്‍ സൃഷ്ടിച്ചു.
ഗിയര്‍ 6 ദ് കണ്ടക്ടര്‍
ഇവിടെ സംരംഭകന് ഓര്‍ക്കസ്ട്രയിലെ കണ്ടക്ടറായി മാറുന്നു. സദസിനോട് പുറകു തിരിഞ്ഞ് നില്ക്കുന്ന അയാളുടെ മുന്നില്‍ തന്റെ ടീം ആണ് പ്രകടനം നടത്തുന്നത്. സദസ് അവരുടെ സംഗീത പ്രകടനത്തില്‍ അലിഞ്ഞ് നില്ക്കുമ്പോള് മുകളിലേക്കും താഴേക്കും കൈകള്‍ ഉയര്‍ത്തുന്ന കണ്ടക്ടറിനെ പോലെ അയാള്‍ നിലകൊള്ളുന്നു. അയാള്‍ ഒരു സംഗീതോപകരണവും വായിക്കുന്നില്ല. എല്ലാ ഉപകരണങ്ങളില്‍ നിന്നും എല്ലാ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നു.
ഗിയര്‍ 7 ദ് ട്രസ്റ്റീ
സ്ഥിരമായി ടീമിനെ കൊണ്ട് മികച്ച പ്രകടനം കാഴ്ചവെപ്പിക്കുന്നതിനാല് വിപണിയില്‍ നല്ല വിശ്വാസം നേടിയെടുത്തു. അതുകൊണ്ടു തന്നെ വിപണി അയാളിലും കമ്പനിയിലും അന്ധമായ വിശ്വാസം അര്‍പ്പിക്കുന്നു.
ഗിയര്‍ 8 ദ് കംപോസര്‍
കമ്പനി അടുത്ത 10 മുതല്‍ 30 വര്‍ഷം വരെയുള്ള കാലയളവില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിഷന്‍ തയാറാക്കുകയാണ് ഈ സംരംഭകന്. ഇവിടെ അയാള്‍ ഒരു വിഷനറി മാത്രമാണ്. കമ്പനിക്ക് നയപരമായ നേതൃത്വം മാത്രം നല്കുന്നു. അതായത് അയാള്‍ സംഗീതം സൃഷ്ടിക്കുന്നു. അതേ പോലെ തന്റെ ചുറ്റുമുള്ള ലോകവും! കമ്പനി മെലഡികള്‍ക്കു പുറകെ മെലഡികള്‍ പാടിക്കൊണ്ടേയിരിക്കുന്നു.
ഗിയര്‍ 9 ദ് ലെജന്‍ഡ്
അയാളുടെ കാലഘട്ടത്തിലെ ഒരു ബിംബമായി സംരംഭകന് മാറുന്നു. ഒന്നില്‍ നിന്ന് രണ്ടെന്ന ക്രമത്തില്‍ ഓരോ തവണ ഗിയര്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോഴും നിങ്ങളുടെ പ്രകടനവും 10 ഇരട്ടി വളരുന്നു. ഇതാണ് നമ്മള് സംരംഭകര്‍ക്ക് ലഭിക്കുന്ന ചോയ്സ്, നമുക്ക് ഒന്നെങ്കില്‍ ഗിയര്‍ മാറ്റി മുകളിലേക്കു പോകാം അല്ലെങ്കില്‍ താഴേക്കു വരാം. ഞാന്‍ ഒന്നു കൂടി പറയാം നിങ്ങള്‍ ഉയര്‍ന്ന ഗിയറില്‍ നിന്ന് താഴത്തെ ഗിയറിലേക്ക് പോകുന്ന സമയത്ത് നിങ്ങളുടെ പ്രകടനവും 10 മടങ്ങ് താഴേക്ക് പോകുന്നു.
അതിനാല്‍ ശ്രദ്ധാലുവായിരിക്കുക
ഓരോ ഗിയറും ഓരോ കെണി ആണ്. ഒരു 'എന്‍ട്രപണര്‍ ട്രാപ്പ്' അഥവാ 'ഒരു ചക്രവ്യൂഹം', നിങ്ങള്‍ ഗിയര്‍ മാറ്റിയില്ലെങ്കില്‍ നിങ്ങളുടെ പ്രകടനം ആ ചക്രവ്യൂഹത്തില്‍ കുടുങ്ങി പോകും.
അതിനാല്‍ എന്റെ പ്രിയ സംരംഭകരെ, എല്ലായ്പ്പോഴും ആക്സിലറേറ്റര്‍ അമര്ത്തിക്കൊണ്ടിരിക്കുന്നതൊഴിവാക്കൂ, ചെറിയൊരു ബ്രേക്ക് എടുക്കൂ, ചിന്തിക്കൂ, ആക്സിലറേറ്ററില്‍ നിന്ന് കാലെടുക്കു. എന്നിട്ട് ക്ലച്ച് അമര്‍ത്തൂ, ഗിയര്മാറ്റൂ വീണ്ടും ആക്സിലറേറ്റ് ചെയ്യൂ. നിങ്ങള്‍ ഓരോ തവണ ഇത് ചെയ്യുമ്പോഴും 10 മടങ്ങ് വളര്‍ച്ചയുണ്ടാകുന്നു. (സ്മാര്‍ട്ട് ട്രെയ്നിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് മെന്ററും ചെയര്‍മാനുമാണ് ലേഖകന്‍)