Dec 19, 2016
സാം സന്തോഷില്‍ നിന്ന് ബിസിനസ് കേരളത്തിന് എന്ത് പഠിക്കാം?
ജീനോമിക്‌സ് പോലെ സങ്കീര്‍ണമായ ഒരു മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ മനസിലാക്കി സംരംഭം തുടങ്ങി
facebook
FACEBOOK
EMAIL
sam-santosh-success-story

വ്യവസായത്തെ കുറിച്ചുള്ള മലയാളി മിത്തുകള്‍ പാടെ തിരുത്തിയെഴുതുന്ന ചില സംരംഭങ്ങള്‍ ഇടയ്ക്ക് കേരളത്തില്‍ സംഭവിക്കാറുണ്ട്. 'ഇതെങ്ങനെ സാധിച്ചു' എന്ന് മറ്റുള്ളവരെ കൊണ്ട് ചോദിപ്പിക്കുന്ന വിജയങ്ങള്‍, വളരെ നിശബ്ദമായി ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന ബിസിനസുകള്‍, ആഗോളവിപണിയില്‍ മലയാളികള്‍ക്ക് അഭിമാനമാകുന്ന നേട്ടങ്ങള്‍.

സാം സന്തോഷ് കേരളത്തിന് നല്‍കുന്നത് ഇത്തരമൊരു വിസ്മയിപ്പിക്കുന്ന സംരംഭ വിജയമാണ്. അമേരിക്കയിലെ ഐ.റ്റി സംരംഭത്തില്‍ നിന്നും വഴിമാറി കൊച്ചിയില്‍ സാം ആരംഭിച്ച സൈജീനോം എന്ന ജീനോമിക്‌സ് റിസര്‍ച്ച് ലാബ് ഇന്ന് ഈ രംഗത്ത് ഇന്ത്യയില്‍ മുന്‍ നിരയിലാണ്. ജനിതക പഠനം, തന്മാത്രാ ശാസ്ത്രം, ജനറ്റിക് എന്‍ജിനീയറിംഗ് എന്നിവയെല്ലാം ശാസ്ത്ര പുസ്തകങ്ങളിലെ വിഷയമാണ്, സംരംഭങ്ങള്‍ക്കുള്ള ആശയങ്ങളല്ല എന്ന് ഇപ്പോഴും കരുതുന്നവരെ അമ്പരപ്പിക്കുന്നത്ര ഉയരത്തിലാണ് ഇന്ന് സാമും സാമിന്റെ വിജയങ്ങളും. മനുഷ്യരും മൃഗങ്ങളും പക്ഷികളുംവൃക്ഷങ്ങളും ഉള്‍പ്പെടെ ജീവനുള്ള എല്ലാ വസ്തുക്കളുടെയും ഡിഎന്‍എ ഘടനയെക്കുറിച്ചുള്ള പഠനമാണ് ജീനോമിക്‌സ്. ഡാന്‍ ബ്രൗണിന്റെ ബെസ്റ്റ് സെല്ലര്‍ നോവലില്‍ നിന്ന് പലര്‍ക്കും പരിചിതമായ ഡിഎന്‍എ സീക്വെന്‍ സിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കിക്കൊണ്ട് 2010ല്‍ കൊച്ചിയില്‍ ആരംഭിച്ച സൈജീനോം ലാബ് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ വിപണി പിടിച്ചടക്കി.

ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും പാരമ്പര്യവുമുള്ള ഒരു രാജ്യത്ത് ജനിതക മേഖലയിലെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഏറെ സാധ്യതയുണ്ടെന്ന സാമിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളും ഗവേഷണ സ്ഥാപനങ്ങളും വിവിധ ടെസ്റ്റുകളും സര്‍വീസുകളും ആവശ്യപ്പെട്ട് എത്തിയതോടെ സൈജീനോം വിജയമായി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് വ്യത്യസ്ത കമ്പനികളാണ് സൈജീനോമില്‍ നിന്ന് രൂപമെടുത്ത് സ്വതന്ത്രമായത്. ജനിതക പരിശോധനയും ഗവേഷണവും നടത്തുന്ന മെഡ്ജീനോം, കൃഷി മൃഗപരിപാലനം എന്നീ രംഗങ്ങളില്‍ ജനിതക വിവരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തി മികച്ച വിളവും ലാഭവും നേടാന്‍ വേ്യു സേവനങ്ങള്‍ നല്‍കുന്ന അഗ്രിജീനോം, ജീവ ശാസ്ത്ര മേഖലയില്‍ ആവശ്യമായ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മാഗ്ജീനോം എന്നിവയാണ് ഈ സംരംഭങ്ങള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ജീനോമിക്‌സ് ഇന്‍ക്യുബേറ്ററാണ് ഇന്ന് സൈജീനോം.

പഠിച്ചത് എന്‍ജിനീയറിംഗും എംബിഎയും. കൊല്‍ക്കൊത്ത ഐഐഎമ്മില്‍ പഠിക്കുമ്പോള്‍ തന്നെ കേരളത്തിലെ കംപ്യൂട്ടറുകള്‍ക്കായി മലയാളം പ്രോഗ്രാം ചെയ്തതാണ് സാമിന്റെ ആദ്യ സംരംഭ പ്രയത്‌നം. സര്‍ക്കാര്‍ മാറിയപ്പോള്‍ കംപ്യുട്ടറിന്റെ ഭാവി അവതാളത്തിലായെങ്കിലും ഈ പ്രോജക്റ്റ് ഏറെ ആത്മവിശ്വാസം നല്‍കിയെന്ന് സാം. 'ലീഡര്‍ഷിപ്പ് എന്നാല്‍ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള കഴിവാണ് എന്ന് മനസിലായി. അവസരങ്ങള്‍ ചാടിപ്പിടിക്കണമെന്നും.' അതുകൊണ്ട് തന്നെയാണ് പഠനം കഴിഞ്ഞ്, സോഫ്റ്റ്‌വെയര്‍ രംഗത്തെ സാധ്യതകള്‍ മനസിലാക്കി സാമും ഒരു സിലിക്കണ്‍ വാലി എന്‍ട്രപ്രണര്‍ ആയത്. 1992ല്‍ കാല്‍സോഫ്റ്റ് എന്ന പ്രോഡക്റ്റ് എന്‍ജിനീയറിംഗ് കമ്പനിയിലൂടെ. ഒന്നില്‍ നിന്ന് തുടങ്ങി, ഐപിഓ ഉള്‍പ്പടെയുള്ള ഒട്ടേറെ അബദ്ധങ്ങള്‍ ചെയ്‌തെങ്കിലും ഒരു ആഗോള കമ്പനിയായി കാല്‍സോഫ്റ്റിനെ വളര്‍ത്തിയത് സാമിന്റെ വിഷന്‍ തന്നെ. 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍ എട്ട് കമ്പനികള്‍ ഏറ്റെടുത്താണ് കാല്‍സോഫ്റ്റ് ബിസിനസ് വിപുലമാക്കിയത്. ഒടുവില്‍ 2009ല്‍ നാലു കമ്പനികളായി, വന്‍ ലാഭത്തില്‍ ഈ സംരംഭം കൈമാറിയശേഷമാണ് സാമിന്റെ ര്യുാമത്തെ ഇന്നിംഗ്‌സ് തുടങ്ങുന്നത്. തികച്ചും പുതിയ ജീനോമിക്‌സ് രംഗത്ത്. പഴയ ബിസിനസ് അനുഭവങ്ങളും പുതിയ പാഠങ്ങളും ചേര്‍ന്നപ്പോള്‍ ഈ സംരംഭം ഒരു അപൂര്‍വ വിജയമായി. സാമിന്റെ ഈ സംരംഭ പരീക്ഷണങ്ങളില്‍ നിന്ന് വ്യവസായ കേരളത്തിന് പഠിക്കാന്‍ ഏറെയുണ്ട്.

കോര്‍ ബിസിനസില്‍ നിന്ന് വ്യത്യസ്തമായ രംഗങ്ങളിലും വിജയം നേടാന്‍ കഴിയും പത്താം ക്ലാസ് കഴിഞ്ഞ ശേഷം ബയോളജി പഠിക്കാത്ത സാം ജീനോമിക്‌സ് എന്ന ശാസ്ത്രശാഖയെക്കുറിച്ച് അറിഞ്ഞത് പുസ്തകങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും. സയന്‍സും സാങ്കേതികവിദ്യയും ഇഷ്ടമായിരുന്നത് കൊണ്ട് ഈ രംഗത്തെ പുതിയ സാധ്യതകള്‍ മനസിലാക്കി. ഐ.റ്റിയോടൊപ്പം ജീനോമിക്‌സും വരുന്ന കാലത്തിന്റെ ബിസിനസ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സംരംഭത്തെ കുറിച്ച് ചിന്തിക്കുന്നത്. ഈ മേഖലയിലെ ആദ്യ സംരംഭങ്ങളിലൊന്നായതു കൊണ്ട് വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടാന്‍ സൈജീനോമിന് കഴിഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ എട്ട് കമ്പനികളാണ് സാമിന്റെ കാല്‍സോഫ്റ്റ് ഏറ്റെടുത്തത്. അമേരിക്കയിലും ഇന്ത്യയിലും മൂന്നു വീതവും, യു.കെയിലും ജപ്പാനിലും ഓരോന്നും. എല്ലാം എന്‍ജിനീയറിംഗ് പ്രോഡക്റ്റ്് കമ്പനികള്‍, രണ്ട് മുതല്‍ പത്ത് മില്യണ്‍ ഡോളര്‍ വരെ ആസ്തിയുള്ളവ. കാല്‍സോഫ്റ്റിന്റെ ആഗോള സാന്നിധ്യം വിശാലമാക്കാനും കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കാനും ഈ ഏറ്റെടുക്കലുകള്‍ സഹായിച്ചു.
. കമ്പനികള്‍ നേരിടുന്ന പ്രശ്‌നം എന്താണെന്ന് മനസിലാക്കി, അവ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഏറ്റെടുക്കല്‍ വിജയിക്കുമെന്ന് സാം പറയുന്നു.

5 വര്‍ഷം, 50 ശതമാനം ഇക്വിറ്റി
ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ വിജയിക്കാന്‍ അഞ്ച് വര്‍ഷത്തെ സമയം നല്‍കുക. ഇല്ലെങ്കില്‍ അത് വലിച്ചുനീട്ടാതെ അവസാനിപ്പിക്കുക. ശരാശരി വിജയത്തേക്കാള്‍ നല്ലത് പരാജയമാണെന്നാണ് സാമിന്റെ പോളിസി. അതുകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംരംഭം വേണ്ടെന്നു വയ്ക്കുക. ഒരു എക്‌സിറ്റ് പോളിസിആദ്യം തന്നെ രൂപീകരിക്കേണ്ടതും ആവശ്യം. സംരംഭം സ്വന്തം ഫണ്ട് ഉപയോഗിച്ച് തുടങ്ങുകയാണ് ഏറ്റവും നല്ലത്, സാം പറയുന്നു. പിന്നീട് ഏയ്ഞ്ചല്‍ ഫണ്ട് സ്വീകരിക്കുമ്പോഴും വെഞ്ച്വര്‍ ഫണ്ട് തേടുമ്പോഴും സ്ഥാപകന്റെ ഷെയര്‍ 50 ശതമാനത്തിനു മുകളിലായിരിക്കണം കമ്പനിക്ക് വേണ്ടി സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും 

സൈജീനോമിന്റെ സേവനങ്ങള്‍ വിവിധ മേഖലകളിലേക്ക് വ്യാപിച്ചതോടെ വ്യത്യസ്ത കമ്പനികളാക്കി മാറ്റി സാം ഓരോന്നിന്റെയും ഫോക്കസ് കൂടുതല്‍ കൃത്യമാക്കി. മനുഷ്യജീവപരമായ ടെസ്റ്റുകള്‍ എല്ലാം മെഡ്ജിനോമിന്റെ കീഴിലും മറ്റുള്ളവ അഗ്രിജീനോമിന്റെ കീഴിലുമാക്കി. 350ലേറെ ജനിതക ടെസ്റ്റുകള്‍ നടത്തിയ മെഡ്ജിനോം ഇന്ന് ജനറ്റിക് ഡയഗ്‌നോസ്റ്റിക്‌സ് റിസര്‍ച്ച് രംഗത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനിയാണ്. 2011ല്‍ ഇന്‍ക്യുബേറ്റ് ചെയ്ത മെഡ്ജീനോം ആദ്യഘട്ടത്തില്‍ നാല് മില്യണ്‍ ഡോളറും പിന്നീട് 20 മില്യന്‍ ഡോളറുമാണ് വ്യത്യസ്ത ഫണ്ടിഗിലൂടെ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം സ്വതന്ത്ര കമ്പനിയായി മാറിയ മെഡ്ജിനോമിന്റെ ആസ്ഥാനം ബാംഗ്ലൂരാണ്. അഞ്ഞൂറിലേറെ ഹോസ്പിറ്റലുകളും ആയിരത്തിലേറെ ഡോക്റ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഡ്ജീനോമിന്റെ വര്‍ക്കില്‍ 30 മുതല്‍ 40 ശതമാനം വരെ മെഡിക്കല്‍ ടെസ്റ്റുകളും ബാക്കി റിസര്‍ച്ചുമാണ്. അടുത്ത കാര്‍ഷിക വിപ്ലവത്തിന് നേതൃത്വം നല്‍കുക എന്നതാണ്, ഹൈദരാബാദിലും സ്മാര്‍ട്ട് സിറ്റിയിലും സാന്നിധ്യമുള്ള അഗ്രിജീനോമിന്റെ വിഷന്‍. അഞ്ച് മില്യണ്‍ ഡോളര്‍ ഫണ്ടിംഗ്  ലഭിച്ച ഈ കമ്പനിക്കൊപ്പം ജീനോമിക്‌സ് രംഗത്ത് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മാഗ്ജീനോമിനും സാം രൂപം നല്‍കി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top