Jul 04, 2017
'എക്‌സ്‌പോഷറി'ന്റെ അഭാവം കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് വെല്ലുവിളിയാകുന്നു
ആഗോള ബിസിനസ് മേഖലകളില്‍ വരുന്ന പുതിയ മാറ്റങ്ങളും വരാനിരിക്കുന്ന കീഴ്‌മേല്‍ മറിക്കലുകളും അറിയാതെ പോയാല്‍ സംരംഭകര്‍ തങ്ങളുടെ ബിസിനസില്‍ നിന്ന് തന്നെ പുറത്തായേക്കാം
facebook
FACEBOOK
EMAIL
sajeev-nair-about-exposure-in-small-scale-business

കണ്‍സള്‍ട്ടിംഗ് ബിസിനസിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകള്‍ ഞാന്‍ സിംഗപ്പൂരിലും മലേഷ്യയിലുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കല്‍ കൂടിയായിരുന്നു. ഏതൊരു സംരംഭകനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ വര്‍ഷങ്ങള്‍ വളരെ കഠിനമായിരിക്കും. രാവെന്നോ പകലെന്നോ ഇല്ലാതെ അദ്ധ്വാനിക്കേണ്ടി വരും. കഠിനയത്‌നങ്ങള്‍, വെല്ലുവിളികള്‍, അനിശ്ചിതാവസ്ഥ... ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പുതുസംരംഭകര്‍ക്കും മനസു മടുക്കും, അത് അവരുടെ സംരംഭത്തെയും ബാധിക്കും. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തന്റെ സ്വപ്‌നങ്ങളിലും ലക്ഷ്യങ്ങളിലും മനസുകേന്ദ്രീകരിക്കാന്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ കഴിയൂ. 

ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിച്ചുതുടങ്ങിയാല്‍ പിന്നെ കംഫര്‍ട്ട് സോണില്‍ ഒതുങ്ങിക്കൂടാനുള്ള സാധ്യത വളരെ വലുതാണ്. ചില സംരംഭങ്ങളുടെ വളര്‍ച്ച ചില ഘട്ടത്തിലെത്തുമ്പോള്‍ മുരടിക്കുന്നതിന്റെ കാരണം ഇതാണ്. കുറച്ചുകാലത്തിനുശേഷം തങ്ങളുടെ 'ബിഗ് ഡ്രൈവ്' നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷത്തോടെയിരിക്കുന്നുവെന്നുമുള്ള കാര്യം മിക്ക സംരംഭകരും അംഗീകരിക്കുന്ന കാര്യമാണ്. അവര്‍ സംരംഭത്തെ നയിച്ചുകൊണ്ടു പോകുന്നുവെന്ന് മാത്രം. വലിയ അവസരങ്ങള്‍ മുന്നില്‍ കണ്ടാലും അത് പ്രയോജനപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നില്ല. ഈ അവസ്ഥ കുറച്ചുകാലം മുമ്പുവരെ കുഴപ്പമില്ലായിരുന്നു. എന്നാല്‍ വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നത് അതിവേഗമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ യാതൊരു മാറ്റവുമില്ലാതെ കഴിയുന്നത് ഒട്ടും സുരക്ഷിതമല്ല. 

സാഹചര്യം പ്രവചനാതീതം

ആരാണ് നിങ്ങളെ തിരിച്ചടിക്കുക, എവിടെ നിന്നാണ് തിരിച്ചടി വരുക... എന്നൊന്നും അറിയാന്‍ കഴിഞ്ഞെന്നുവരില്ല. വലിയ കോര്‍പ്പറേറ്റ് കമ്പനികളായ നിക്കോണും കാനണും പരസ്പരം പോരാടുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. പക്ഷെ മൊബീല്‍ ഫോണ്‍ (കാമറ ഫോണുകള്‍) മേഖലയില്‍ നിന്നാണ് അവര്‍ക്ക് ശരിയായ മല്‍സരം വരുന്നതെന്ന കാര്യം അവരുടെ വന്യമായ സ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. മികച്ച മാര്‍ക്കറ്റ് ഇന്റലിജന്റ് വിഭാഗങ്ങളുള്ള വന്‍ കോര്‍പ്പറേറ്റുകളില്‍ ഇതാണ് സംഭവിച്ചതെങ്കില്‍ നമ്മുടേതുപോലുള്ള ചെറിയ സ്ഥാപനങ്ങളില്‍ എന്തായിരിക്കും സംഭവിക്കുക? അതുകൊണ്ടു തന്നെ നാം കംഫര്‍ട്ട് സോണുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടിയിരിക്കുന്നു. എന്റെ ക്ലൈന്റ്‌സിനെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാനായി ഉപദേശിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും മുമ്പ് ഞാന്‍ എന്റെ തന്നെ കംഫര്‍ട്ട് സോണ്‍ പൊട്ടിച്ച് പുറത്തുവരേണ്ടതുണ്ടല്ലോ. അതുതന്നെയാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്.

നാം ഇപ്പോള്‍ ജീവിക്കുന്നത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടത്തിലാണെന്ന യാഥാര്‍ത്ഥ്യം എല്ലാ സംരംഭകരും മനസിലാക്കേണ്ടതുണ്ട്. വലിയൊരു സാമ്പത്തിക വളര്‍ച്ചയ്ക്കാണ് നാം ദൃക്‌സാക്ഷിയാകുന്നത്. സാങ്കേതികവിദ്യയും ഇന്റര്‍നെറ്റിന്റെ അപാരസാധ്യതകളും ചേര്‍ന്ന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരുന്ന ഒരു സംരംഭം സൃഷ്ടിക്കുകയെന്നത് ഏവര്‍ക്കും സാധ്യമാക്കിയിരിക്കുകയാണ്. സാധ്യതകള്‍ വിശാലമാണ്. വന്‍ വളര്‍ച്ചയ്ക്ക് അവസരങ്ങളുള്ളതും ഭാവിസാധ്യതകളുള്ള ബിസിനസ് മോഡലാണ് നിങ്ങളുടേതെങ്കില്‍ ഫണ്ട് കുറവാണെന്നത് നിങ്ങളെ തടയുന്ന ഒരു കാര്യമേയല്ല. സംരംഭകര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ കഴിയുന്ന സമയമാണിത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തരംഗം

ഭാവിയില്‍ റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നീ രണ്ടു മേഖലകളായിരിക്കും മറ്റു ബിസിനസ് മേഖലകളെ കീഴ്‌മേല്‍ മറിക്കാന്‍ പോകുന്നത്. 2025ഓടെ 40-60 ശതമാനം ജോലികളായിരിക്കും റോബോട്ടിക്‌സിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെയും വരവോടെ ഇല്ലാതാകുന്നത്. ഇക്കാര്യം സംരംഭകരുമായുള്ള സംവാദത്തില്‍ ഞാന്‍ പറഞ്ഞപ്പോള്‍ പലരും അല്‍ഭുതത്തോടെയും അല്‍പ്പം ഭയത്തോടെയുമാണ് അത് കേട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മെഷിനുകളെ നിയന്ത്രിക്കുന്നു, ഡ്രൈവറില്ലാ കാറുകളും ഡ്രോണുകളും നിങ്ങള്‍ക്കുള്ള പാഴ്‌സല്‍ വീട്ടിലെത്തിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വിദൂരമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരു കെട്ടുകഥ കേള്‍ക്കുന്നതുപോലെയണ് സംരംഭകര്‍ കേട്ടത്. പക്ഷെ അവരെല്ലാം അതിവേഗം ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയും.

അല്‍ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍

സിംഗപ്പൂരിലെ ഒരു പുതുതലമുറ കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ എന്നോട് പറഞ്ഞത് അവരുടെ മാനുഫാക്ചറിംഗ് പ്രോസസ് മുഴുവന്‍ നിയന്ത്രിക്കുന്നത് റോബോട്ട് ആണെന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വഴി മെഷിന്‍ മെഷിനോട് തന്നെ ആശയവിനിമയം നടത്തി ഉപഭോക്താവിന്റെ പ്രത്യേക ആവശ്യങ്ങളനുസരിച്ച് പെഴ്‌സണലൈസ്ഡ് കോസ്മറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. സാധ്യതകള്‍ മാത്രമായി നാം കരുതുന്ന കാര്യങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായി ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്നു എന്ന രീതിയിലേക്ക് ലോകം അത്രയേറെ വേഗത്തിലാണ് മാറുന്നത്.

ഏറ്റവും ബുദ്ധിശാലികളായ ആളുകളുള്ള സംസ്ഥാനമായിട്ടും എന്തുകൊണ്ടാണ് ഇവിടെനിന്ന് വന്‍ സ്ഥാപനങ്ങള്‍ കാര്യമായി ഉയര്‍ന്നുവരാത്തതെന്ന് പലരും അല്‍ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്. ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ സംരംഭം തുടങ്ങിയ പല മലയാളി സംരംഭകര്‍ക്കും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നില്ല. എന്തുകൊണ്ടാണിത്? ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനുള്ള എക്‌സ്‌പോഷര്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് എന്റെ നിഗമനം. മറ്റു നഗരങ്ങളിലുള്ള സംരംഭകരെ താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ ആളുകള്‍ അത്രത്തോളം അപ്ഡേറ്റഡ് അല്ല. ഇതിന് പഴിക്കേണ്ടത് ഇവിടത്തെ മാധ്യമങ്ങളെയാണ്. നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയവും സിനിമയുമാണ് മുഖ്യവിഷയം. രാഷ്ട്രീയക്കാരെയും സിനിമാതാരങ്ങളെയുമാണ് അവര്‍ സെലിബ്രിറ്റികളായി കാണുന്നത്. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ലോകത്തെക്കുറിച്ചുള്ള നമ്മുടെ എക്‌സ്‌പോഷര്‍ കൂട്ടുന്നതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം. ഈ കോളത്തിലൂടെ ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കേരളത്തിലെ ബിസിനസ് കമ്യൂണിറ്റിയെ അറിയിച്ച് അവരെ നിരന്തരം അപ്‌ഡേറ്റ്ചെ യ്യുമെന്നത് ഞാന്‍ അതൊരു ദൗത്യമായി എടുത്തുകഴിഞ്ഞു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top