കടല്‍ കടന്ന ഇന്ത്യന്‍ രുചി
മലയാളിയുടെ ഉടമസ്ഥതയിലുള്ള, കേരളത്തില്‍ നിര്‍മാണ യൂണിറ്റുകളുള്ള റോസ്‌റ്റേഴ്‌സ് എന്ന ബ്രാന്‍ഡിന് വിദേശരാജ്യങ്ങളില്‍ കിട്ടുന്നത് മികച്ച സ്വീകാര്യത
facebook
FACEBOOK
EMAIL
roasters-inspirational-and-motivational-brand

യൂറോപ്പില്‍ സ്ഥിര താമസക്കാരനായ ഒരു പാതി മലയാളി ഒരിക്കല്‍ മലയാളി സംരംഭകനായ മുഹമ്മദ് കുട്ടിയെ വിളിച്ച് ചോദിച്ചു; നിങ്ങളുടെ ഉല്‍പ്പന്നം യൂറോപ്പിലും ലഭ്യമാകുമോ? ഇല്ലെങ്കില്‍ സ്ഥിരമായി അത് ലഭിക്കാന്‍ എന്താണ് വഴി?

കപ്പ, കായ, ചക്ക ചിപ്‌സുകളടക്കമുള്ള മലയാളത്തിന്റെ തനത് രുചികള്‍ കടല്‍ കടത്തി അന്യദേശക്കാരുടെയും പ്രിയ വിഭവങ്ങളാക്കി മാറ്റിയ റോസ്‌റ്റേഴ്‌സ് എന്ന ബ്രാന്‍ഡിന്റെ ഉടമകള്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിദേശ മലയാളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളാണ് റോസ്‌റ്റേഴ്‌സിന്റെ ഓരോ ഉല്‍പ്പന്നങ്ങളും. ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ മാത്രം ലഭ്യമാകുന്ന റോസ്‌റ്റേഴ്‌സ് ഉല്‍പ്പന്നങ്ങളുടെ രുചി
പ്പെരുമ യൂറോപ്പിലും എത്തിയതിന്റെ സൂചനയാണ് ഇങ്ങനെയുള്ള ഓരോ വിളികളും. യൂറോപ്പിലേക്കുള്ള ഗേറ്റ് വേ എന്ന നിലയില്‍ ദുബായ്‌യില്‍ ലഭിക്കുന്ന ഓരോ ഉല്‍പ്പന്നവും യൂറോപ്പിലേക്കും ആഫ്രിക്കയി
ലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമെത്തും. അങ്ങനെ ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും ആവശ്യപ്പെടാന്‍ മാത്രം എന്തു രുചി രഹസ്യമാണ് റോസ്‌റ്റേഴ്‌സില്‍ ഒളിഞ്ഞിരിക്കുന്നത്?

ജീവനക്കാരന്‍ ഉടമയായ കഥ

റോസ്‌റ്റേഴ്‌സിന്റെ രുചിക്കു പിന്നില്‍ ഒരു പതിമൂന്നുകാരന്റെ ജീവിതത്തോടുള്ള പോരാട്ടത്തിന്റെ കഥയുണ്ട്. എടപ്പാളിനടുത്ത് ആനക്കരയിലെ മുഹമ്മദ് കുട്ടി എന്ന ആ പയ്യന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പാണ് ഉപജീവനമാര്‍ഗം തേടി വീടു വിട്ടത്. മുംബൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം മാമന്റെ സഹായത്തോടെ ഒരു കടയില്‍ സഹായിയായി കൂടി. 1974 ല്‍ പതിനെട്ടാം വയസില്‍ പുതിയ മേച്ചില്‍പ്പുറം തേടി ദുബായ്‌യിലുമെത്തി. ആ യാത്ര അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. ഓഗസ്റ്റ് 9ന് ഒരു കപ്പലില്‍ കയറി നാലു ദിവസം യാത്ര ചെയ്ത് 13നാണ് പ്രതീക്ഷകളുടെ മണലാരണ്യത്തില്‍ കാലു കുത്തുന്നത്. ഹോട്ടലുകളിലും റെഡിമെയ്ഡ് കടകളിലുമായിരുന്നു ആദ്യം ജോലി. 1982 ല്‍ അല്‍ മവാകെബ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു. ചങ്ങരംകുളം സ്വദേശി ഡിഫന്‍സ് മുഹമ്മദായിരുന്നു ഉടമ. കമ്പനി ഏറെയൊന്നും വളര്‍ന്നിട്ടില്ലായിരുന്നു. ഡ്രൈവര്‍ കം സെയ്ല്‍സ്മാന്‍ എന്ന നിലയിലാണ് മുഹമ്മദ് കുട്ടി ജോലിക്ക് കയറിയത്. രാപ്പകലില്ലാത്ത അധ്വാനമായിരുന്നു പിന്നീടങ്ങോട്ട്. എങ്ങിനെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക എന്നതായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ കഠിനാധ്വാനവും സ്ഥാപനത്തോടുള്ള കൂറും മനസിലാക്കിയ ഉടമ തന്റെ സ്ഥാപനത്തില്‍ ചെറിയൊരു പങ്കാളിത്തം കൂടി മുഹമ്മദ് കുട്ടിക്ക് നല്‍കി. ജോലിയില്‍ പ്രവേശിച്ച് മൂന്നു വര്‍ഷമേ ആയിരുന്നുള്ളൂ അപ്പോള്‍.

കമ്പനിയുടെ ഉടമയ്ക്ക് പെട്ടെന്ന് ഗള്‍ഫ് വിട്ട് നാട്ടിലേക്ക് വരേണ്ടി വന്നപ്പോള്‍ സ്ഥാപനം മുഹമ്മദ് കുട്ടിക്ക് തന്നെ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ കമ്പനി മുഹമ്മദ് കുട്ടി വാങ്ങി. 2004 ലായിരുന്നു അത്.

കമ്പനിയുടെ പേര് അദ്ദേഹം മാറ്റിയില്ല. എന്നാല്‍ ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യം കൊണ്ടുവന്നു. ഇന്ത്യന്‍ സ്‌നാക്കുകളും ബേക്കറിയും നട്ട്‌സും വിറ്റിരുന്ന സ്ഥാനത്ത് കേരളത്തിന്റെ നാട്ടു രുചികള്‍ എല്ലാം നിറച്ചുവെച്ചു.

പുതിയ പേരും ആളും

2004 ലായിരുന്നു മകള്‍ ഷബ്‌നയുടെ വിവാഹം. അബുദാബിയില്‍ ഐ.റ്റി മേഖലയില്‍ ജോലി ചെയ്തിരുന്ന നഹാസ് കമറുദ്ദീനായിരുന്നു വരന്‍. നഹാസിന്റെ വരവ് കുടുംബത്തിന്റെ മാത്രമല്ല അല്‍ മവാകെബിന്റെയും ഉണര്‍വിന് വഴിയൊരുക്കി.

വെബ്ഡിസൈനിംഗിലും ഇ കൊമേഴ്‌സിലും വൈദഗ്ധ്യമുണ്ടായിരുന്ന നഹാസ് വൈവിധ്യമാര്‍ന്ന വിപണന തന്ത്രങ്ങളിലൂടെ, പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അല്‍ മവാകെബ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമായി.

2006 ല്‍ റോസ്‌റ്റേഴ്‌സ് എന്ന ബ്രാന്‍ഡ് നാമം പിറവിയെടുത്തു. കൊല്ലത്തെ റോട്ടോഗ്രാഫിക്‌സ് ഉടമ പരേതനായ രഘുനാഥ് അല്‍മവാകെബിന് പുതിയ മുഖം നല്‍കുന്നതില്‍ ഏറെ സഹായിച്ചുവെന്ന് മുഹമ്മദ് കുട്ടി നന്ദിയോടെ ഓര്‍ക്കുന്നു. അതുവരെ അല്‍മവാകെബ് എന്ന പേരില്‍ തന്നെയായിരുന്നു ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിയിരുന്നത്.

ഉല്‍പ്പന്നങ്ങളിലെ വൈവിധ്യം

ബനാന ചിപ്‌സ്, ജാക്ക് ഫ്രൂട്ട് ചിപ്‌സ്, ടപിയോക ചിപ്‌സ്, ശര്‍ക്കര ഉപ്പേരി, ബനാന ഫോര്‍കട്ട് ചിപ്‌സ്, മിക്‌സചര്‍, മുറുക്ക്, കപ്പലണ്ടി മിഠായി എന്നിങ്ങനെ മലയാളിയെ ഗൃഹാതുരത്വത്തിലാഴ്ത്തുന്ന ഉല്‍പ്പന്നങ്ങളാണ് റോസ്‌റ്റേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. ഇവയ്ക്ക് പുറമേ പാലട, അരി അട തുടങ്ങി പായസത്തിനുള്ള ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിച്ചു. 2013 ഓടെ ഏതാനും പുതിയ വിഭവങ്ങള്‍ കൂടി വിപണിയിലെത്തിക്കാന്‍ റോസ്‌റ്റേഴ്‌സിനായി. പുട്ടുപൊടി (ഗോതമ്പ്, വൈറ്റ്, ചെമ്പ എന്നിങ്ങനെ മൂന്നു തരം), അരിപ്പൊടികള്‍ (പത്തിരി, ഇടിയപ്പം, അപ്പം, ദോശപ്പൊടി, ഇഡ്ഡലിപ്പൊടി എന്നിവയ്ക്ക് വെവ്വേറെ), വറുത്ത റവ, ഗോതമ്പ് നുറുക്ക്, ചുക്കു കാപ്പി, അച്ചാര്‍ (കടുമാങ്ങ, കട്ട് മാങ്ങ, ഗാര്‍ലിക്, ലെമണ്‍ എന്നിങ്ങനെ നാലുതരം), പുളി (നാടന്‍, കൊടംപുളി), റസ്‌ക് എന്നിങ്ങനെ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിര തന്നെയുണ്ട് റോസ്‌റ്റേഴ്‌സിന്റേതായി.

ഗള്‍ഫിലും കേരളത്തിലും

1992 ല്‍ അജ്മാനില്‍ സ്ഥാപിച്ച അല്‍മവാകെബ് നട്ട്‌സ് ട്രേഡിംഗ് എന്ന ഉല്‍പ്പാദന യൂണിറ്റിലും 2002 ല്‍ എടപ്പാളിനടുത്ത് പോട്ടൂരില്‍ സ്ഥാപിച്ച ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന പേരിലുള്ള യൂണിറ്റിലുമായാണ് റോസ്‌റ്റേഴ്‌സിന്റെ ഉല്‍പ്പാദനം. പോട്ടൂരില്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ഫാക്ടറിയോട് ചേര്‍ന്ന് കമ്പനിയുടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും നിലവില്‍ റോസ്‌റ്റേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ല.

യുഎഇ ആണ് റോസ്‌റ്റേഴ്‌സിന്റെ പ്രധാന വിപണി. കൂടാതെ ഖത്തറിലും ഒമാനിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. യുഎഇയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉല്‍പ്പന്നം ആവശ്യപ്പെട്ട് പലരും ബന്ധപ്പെടാറുമുണ്ടെന്ന് മുഹമ്മദ് കുട്ടി പറയുന്നു. ജിസിസിക്ക് പുറത്തുള്ള വിപണിയും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

രുചിയുടെ രഹസ്യം

നൂറു ശതമാനം വെജിറ്റേറിയനാണ് റോസ്‌റ്റേഴ്‌സ് ഉല്‍പ്പന്നങ്ങളെല്ലാമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് കുട്ടിയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ നഹാസ് കമറുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ബ്രാന്‍ഡഡ് അസംസ്‌കൃതവസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ രുചിയും ആറു മാസത്തെ ഷെല്‍ഫ് ലൈഫും ഇവയ്ക്ക് ലഭിക്കുന്നു. അഞ്ചു ടണ്ണിലേറെ പ്രതിദിന ഉല്‍പ്പാദന ശേഷിയുണ്ട് പോട്ടൂരിലെ യൂണിറ്റിന്. കൃഷിയിടത്തില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന വിളകളാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കപ്പയും കായയും ചക്കയും അടക്കമുള്ള വസ്തുക്കള്‍ എത്തിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഈര്‍പ്പം പോലും കടക്കാത്ത ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഫാക്ടറിയില്‍ അവ സംസ്‌കരിച്ച് ഉല്‍പ്പന്നമാക്കി മാറ്റുന്നു. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്.

വിപണന തന്ത്രം

ഐ.റ്റി മേഖലയില്‍ പ്രാഗത്ഭ്യമുള്ള നഹാസിന്റെ വരവോടെ റോസ്‌റ്റേഴ്‌സിന്റെ വിപണന തന്ത്രങ്ങളിലും ഏറെ മാറ്റം ഉണ്ടായിട്ടുണ്ട്. മുഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് ഷംസീറും ഡയറക്റ്റര്‍ എന്ന നിലയില്‍ കമ്പനിയുടെ എല്ലാ കാര്യങ്ങളിലും ഇവര്‍ക്കൊപ്പമുണ്ട്. സോഷ്യല്‍ മീഡിയയില്‍ റോസ്‌റ്റേഴ്‌സിന് ശക്തമായ സാന്നിമുണ്ട്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, യൂട്യൂബ് എന്നിവയിലെല്ലാം ലക്ഷക്കണക്കിന് പേരാണ് റോസ്‌റ്റേഴ്‌സിനെ അറിയുന്നത്. ഗൂഗ്ള്‍ ആഡ്‌സിലും റോസ്‌റ്റേഴ്‌സ് പരസ്യങ്ങള്‍ തെളിയുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പത്ര ദൃശ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു റോസ്‌റ്റേഴ്‌സ്. ലുലു അടക്കുള്ള എല്ലാ വമ്പന്‍ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും റോസ്‌റ്റേഴ്‌സ് ചൂടപ്പം പോലെ വിറ്റഴിയുന്നു. എന്നാല്‍ വിപണി വിപുലീകരണത്തിനായി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ അല്‍മവാകെബ് ഗ്രൂപ്പ് തയാറല്ല. വിതരണക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കടമായി നല്‍കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഗ്രൂപ്പിന് വരുത്തി വെക്കുന്നതിനാല്‍ റെഡി കാഷ് പര്‍ച്ചേസിന് മാത്രമാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ മാത്രമേ ഗ്രൂപ്പിനുള്ളൂ.

വിജയമന്ത്രം

എന്താണ് ഗ്രൂപ്പിന് മുന്നേറ്റത്തിന് കാരണമെന്ന് ചോദിച്ചാല്‍ മുഹമ്മദ് കുട്ടി നിരന്തരമായ പരിശ്രമം. കൂടാതെ മരുമകന്‍ നഹാസിന്റെ ബിസിനസിലേക്കുള്ള കടന്നു വരവും. സമയം നോക്കാതെയുള്ള ജോലിയാണ് ഇതുവരെയും ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ജീവനക്കാരുടെ കൂട്ടായ ശ്രമവും വിജയത്തില്‍ നിര്‍ണായകമായി. ജീവനക്കാരുമായി നല്ല ബന്ധമാണ് ഗ്രൂപ്പിനുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്പതിലേറെ പേരാണ് അജ്മാനിലെ യൂണിറ്റില്‍ ജോലി ചെയ്യുന്നത്. നാട്ടില്‍ തിരിച്ചെത്തിയാലും അവര്‍ അതിന്റെ സാരഥികളുമായുള്ള ബന്ധം സൂക്ഷിക്കുന്നുവെന്നത് ബന്ധത്തിന്റെ ഇഴയടുപ്പം കാട്ടുന്നു.

എന്താണ് വെല്ലുവിളികള്‍?

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വലിയ പ്രശ്‌നം. കായക്ക് ഇപ്പോള്‍ വില 70 രൂപ കടന്നു. ആ വിലയ്ക്ക് അതു വാങ്ങി ഉല്‍പ്പന്നമുണ്ടാക്കി വിറ്റാല്‍ മുതലാവാത്തതിനാല്‍ ബനാന ചിപ്‌സിന്റെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തില്‍ ബിസിനസ് നടത്താനും കുറച്ചു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ഭരണാധികാരികളുടെ കുഴപ്പമല്ല ബ്യൂറോക്രസിയാണ് കുഴപ്പക്കാര്‍. ബിസിനസിന് നല്ലത് വരുത്താന്‍ ഭരണാധികാരികള്‍ ശ്രമിക്കുമ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നത് അവരാണ്. നേരെ മറിച്ച് യുഎഇയില്‍ ബിസിനസ് നടത്താന്‍ വലിയ ബുദ്ധിമുട്ടില്ല. രേഖകള്‍ എല്ലാം ശരിയാണെ
ങ്കില്‍, ക്രെഡിറ്റ് കാര്‍ഡുമുണ്ടെങ്കില്‍ ഇവിടെയിരുന്നും അവിടത്തെ ട്രേഡ് ലൈസന്‍സ് പുതുക്കാനാകും- നഹാസ് പറയുന്നു. എല്ലാറ്റിനും ഏകജാലക സംവിധാനമുണ്ട് അവടെ. അവധി ദിവസമായ വെള്ളിയാഴ്ച
പോലും സേവനം ലഭ്യമാക്കാന്‍ അവിടെ മടിയില്ല.

മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു

മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്ന് മുഹമ്മദ് കുട്ടിയും നഹാസും പറയുന്നു. 20 ശതമാനം റോസ്‌റ്റേഴ്‌സ് ഉല്‍പ്പന്നങ്ങളുള്ള കണ്‍വീനിയന്റ് സ്റ്റോറുകളായാണ് അവ വിഭാവനം ചെയ്തിരിക്കുന്നത്. 35 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ദുബായ്‌യിലാണ് ഗ്രൂപ്പിന് കീഴില്‍ അജ്മാനില്‍ അല്‍മവാകെബ് ഫ്‌ളോര്‍ മില്‍സ് അതിനോടനുബന്ധിച്ച് മിനി സൂപ്പര്‍മാര്‍ക്കറ്റ്, നട്ട്‌സ് വ്യാപാരത്തിനുള്ള അല്‍ മവാകെബ് നട്ട്‌സ് എല്‍എല്‍സി എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ഇ മെയ്ല്‍: care@roastersfoods.com, info@mawakebnuts.com. വെബ്‌സൈറ്റ്: www.roastersfoods.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top