Nov 09, 2017
റീറ്റെയ്‌ലിന്റെ സാധ്യതകള്‍ കേരളം അറിയാനിരിക്കുന്നതേയുള്ളു'
റീറ്റെയ്‌ലിന്റെ സാധ്യതകള്‍ കേരളം പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല അപാരമായ ഉപഭോഗമാണ് ഇവിടെയുള്ളത്.
facebook
FACEBOOK
EMAIL
retail-business-a-great-opportunities-in-kerala

ഇന്ത്യയില്‍ റീറ്റെയ്‌ലിന് അനുകൂലമായ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളതെന്ന് റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സിഇഒ ആയ കുമാര്‍ രാജഗോപാലന്‍. പുതിയ പരിഷ്‌കാരങ്ങളും നയങ്ങളും രാജ്യത്തിന്റെ സാമ്പത്തിക നിലയെ അപ്പാടെ ഇളക്കിമറിച്ചു എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെ ഉല്‍പ്പന്നങ്ങളെയും സര്‍വീസുകളെയും കുറിച്ച് നല്ല അവബോധമുള്ള ഉപഭോക്താക്കളും, ഇകൊമേഴ്‌സും ടെക്‌നോളജിയുടെ ആധിപത്യവും ഈ മേഖലയ്ക്ക് പുതിയ അവസരങ്ങളാണ് നല്‍കുന്നത്'

ഡീമോണിറ്റൈസേഷനും ജിഎസ്ടിയും സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ആശങ്കകളെയും റീറ്റെയ്ല്‍ രംഗം എങ്ങനെയാണ് നേരിടുന്നത്?

ഡീമോണിറ്റൈസേഷന്‍ റീറ്റെയ്ല്‍ മേഖലയില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല. ആദ്യകാലത്തെ ചില പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ഒരു വലിയ ആഘാതമായില്ല നോട്ട് പിന്‍വലിക്കല്‍. അതേസമയം, ജിഎസ്ടിയുടെ പല കാര്യങ്ങളും ഇനിയും വ്യക്തമാകാനുണ്ട്. ബി 2 സി വില്‍പ്പനയില്‍ ഇതുമൂലമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ ധനകാര്യ മന്ത്രിക്ക് നല്‍കിയ സബ്മിഷനില്‍ ഉടന്‍ തീരുമാനമുണ്ടാകും. പക്ഷെ, ജിഎസ്ടി ഇന്നത്തെ റീറ്റെയ്‌ലര്‍മാര്‍ക്ക് ആശ്വാസമാണ് എന്നതാണ് സത്യം. കാരണം, പലതരം നികുതികള്‍ പല തരത്തില്‍ നല്‍കുന്നതിന് പകരം വളരെ വ്യക്തമായ ഒരു സംവിധാനമുള്ളതല്ലേ നല്ലത്?

അപ്പോള്‍ ഇന്ത്യയിലെ റീറ്റെയ്ല്‍ മേഖല വളര്‍ച്ചയുടെ വഴിയില്‍ തന്നെയാണോ?

എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്കു അനുകൂലമായി നടക്കുന്ന സമയമാണിത്. ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും ഈ മേഖലയുടെ വളര്‍ച്ച ഏറെയാണ്. വന്‍തോതിലുള്ള റീറ്റെയ്‌ലിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഒട്ടനവധി അവസരങ്ങളും സാധ്യതകളുമാണുള്ളത്. ഇതില്‍ ടെക്‌നോളജിക്ക് വലിയ പങ്കുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന ചെയ്യില്ല എന്നൊന്നും ഇനി ആര്‍ക്കും പറയാന്‍ കഴിയില്ല, കാരണം, ഇത് ഉപഭോക്താക്കളുടെ കാലമാണ്. എന്ത് വേണം, എവിടെ നിന്ന് വാങ്ങണം എന്നെല്ലാം കൃത്യമായി അറിയാവുന്ന കസ്റ്റമറാണ് ഇന്നുള്ളത്. സ്വയം മോഡേണായില്ലെങ്കില്‍ ഇന്നത്തെ റീറ്റെയ്‌ലര്‍ നിലനില്‍ക്കില്ല.

കേരളത്തിലോ?

റീറ്റെയ്‌ലിന്റെ സാധ്യതകള്‍ കേരളം പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. അപാരമായ ഉപഭോഗമാണ് ഇവിടെയുള്ളത്. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഉള്ളതുകൊണ്ട് മലയാളികളുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും വളരെ ഗ്ലോബലുമാണ്. പക്ഷേ, ടൂറിസത്തിന് നല്‍കുന്ന പ്രാധാന്യം ഇവിടെ റീറ്റെയ്ല്‍ മേഖലയ്ക്ക് നല്‍കിയിട്ടില്ല. ഒരു റീറ്റെയ്ല്‍ പോളിസിയും കേരളത്തിനില്ല. ഷോപ്പിംഗ് മാള്‍ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് എന്ന് ഇവിടെ ആരും തിരിച്ചറിയുന്നില്ല എന്നത് കഷ്ടമാണ്. ജിഎസ്ടി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം നടക്കുന്ന സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ നികുതിവരുമാനം നേടുന്നത് എന്നോര്‍ക്കണം. റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് ഉടന്‍ തന്നെ ഒരു സബ്മിഷന്‍ നല്‍കുന്നുണ്ട്.

ഇ കൊമേഴ്‌സിന്റെ വെല്ലുവിളി എങ്ങനെയാണ് നേരിടുന്നത്?

സത്യത്തില്‍ ഇ കൊമേഴ്‌സ് അല്ല, എഫ്ഡിഐ പോളിസി ആണ് ഇന്ത്യയിലെ റീറ്റെയ്ല്‍ രംഗം നേരിടുന്ന പ്രശ്‌നം. ചില കമ്പനികള്‍ക്ക് മാത്രം ഇവിടെ ഒരു മേധാവിത്വം എങ്ങനെ ലഭിച്ചു? 
വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ നിയന്ത്രണങ്ങളുണ്ട്, പക്ഷേ, ആമസോണ്‍ എങ്ങനെയെല്ലാമാണ് ബിസിനസ് വിപുലമാക്കുന്നതെന്നു നോക്കൂ. ഈ നയം മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

റീറ്റെയ്‌ലര്‍മാരുടെ കൂട്ടായ്മ എന്ന നിലയില്‍ ഈ മേഖലയിലുള്ളവരുടെ വളര്‍ച്ചയ്ക്കായുള്ള എന്തെല്ലാം പദ്ധതികളാണ് അസോസിയേഷനുള്ളത്?

ഈ രംഗത്ത് കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരണം എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അതിനായി ഒട്ടേറെ പരിശീലന പരിപാടികളും വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഇതോടൊപ്പം തുടര്‍ വിദ്യാഭ്യാസത്തിനും ഏറെ 
പ്രാധാന്യം നല്‍കുന്നു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഒരു ബിബിഎ കോഴ്‌സ് പ്ലാന്‍ ചെയ്തതും അതുകൊണ്ടുതന്നെ.

കുറഞ്ഞ ചെലവില്‍, കറസ്‌പോണ്ടന്റ്‌സ് കോഴ്‌സ് ആയി പഠിക്കാനുള്ള സൗകര്യമാണ് ഞങ്ങള്‍ ചെയ്യുന്നത്. മികച്ച പരിശീലനം ലഭിച്ചവരെ ലഭിക്കും എന്നുമാത്രമല്ല, ജീവനക്കാരെ നന്നായി പരിഗണിക്കുന്നു എന്ന നേട്ടവും റീറ്റെയ്‌ലര്‍മാര്‍ക്ക് സ്വന്തമാകും.

സംരംഭകരായാലും ജീവനക്കാരായാലും എന്തുകൊണ്ടാണ് കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്ത് എത്താത്തത്?

ആഗോളരംഗത്ത് റീറ്റെയ്‌ലില്‍ സ്ത്രീകളുടെ സാന്നിധ്യം അമ്പത് ശതമാനത്തില്‍ ഏറെയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് വളരെ കുറവാണ്. പല സംസ്ഥാനങ്ങളുടെയും തൊഴില്‍ നയത്തില്‍ സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. സ്ഥാപനങ്ങളില്‍ കൂടുതല്‍ കസ്റ്റമേഴ്‌സ് എത്തുന്നത് വൈകുന്നേരങ്ങളിലായതുകൊണ്ട് പല സ്ത്രീകള്‍ക്കും മികച്ച തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നു. ഈ രംഗത്തെക്കുറിച്ച് പഠിക്കാതെ സ്ത്രീകള്‍ എങ്ങനെ സംരംഭകരാകും? പക്ഷെ, പലയിടത്തും ചെറിയ കടകളുടെ നടത്തിപ്പില്‍ കുടുംബത്തിന്റെ മുഴുവന്‍ പങ്കാളിത്തവും കാണാറുണ്ട്, സ്ത്രീകള്‍ക്ക് വലിയ റോളുമുണ്ട്. ഈ സ്ഥിതി ഫോര്‍മല്‍ റീട്ടെയ്ല്‍ രംഗത്തേക്ക് കൂടി വ്യാപിക്കണം. സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമുള്ള രംഗമാണ് റീറ്റെയ്ല്‍. അവര്‍ക്ക് പ്രൊഡക്റ്റുകളോട് സ്വാഭാവികമായ ഒരു അടുപ്പമുണ്ട്. കസ്റ്റമറുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവും സ്ത്രീകള്‍ക്കാണ് കൂടുതല്‍.

പലരുടെയും പ്രധാന ആശങ്ക സുരക്ഷിതത്വമാണ്. അതുകൊണ്ടുതന്നെ തൊഴില്‍സ്ഥലം പൂര്‍ണ്ണമായും സ്ത്രീ സൗഹൃദമാക്കാന്‍ അസോസിയേഷന്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, ലൈംഗിക പീഡനമാകാവുന്ന കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അവബോധം സൃഷ്ടിക്കാന്‍ ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമും തുടങ്ങി. അമ്പതിനായിരത്തിലേറെ ജീവനക്കാരാണ് ഇതുവരെ ആ ട്രെയ്‌നിംഗ് മൊഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.

റീറ്റെയ്ല്‍ മേഖലയിലെ തൊഴിലിടങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ പൂര്‍ണ്ണ സുരക്ഷ എല്ലാവരും ഉറപ്പുവരുത്തിയേ മതിയാകൂ.

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ റീറ്റെയ്ല്‍ സംരംഭങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

വേണ്ടത് 'ജവാനി' (യൗവനം) ആണ്. സ്ഥാപനത്തിന് വയസായി എന്ന് തോന്നുന്ന നിമിഷം അതിന്റെ അവസാനമാണ്. അതുകൊണ്ട് നിങ്ങളുടെ സ്ഥാപനത്തെ എപ്പോഴും ചെറുപ്പമാക്കി നിലനിര്‍ത്തുക, പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
100%
0
grin
0%
0
angry
0%
 
Back to Top