Jul 13, 2017
'റെറ' നടപ്പാക്കാന്‍ റെഡിയായോ? ബില്‍ഡര്‍മാര്‍ക്കായി അഞ്ചു വഴികള്‍
റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 'റെറ'(റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആക്റ്റ് )നിയമം ബില്‍ഡര്‍മാര്‍ക്ക് പല നിലയിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്
facebook
FACEBOOK
EMAIL
rera-act-a-new-face-in-real-estate

റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 'റെറ'(റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആക്റ്റ് )നിയമം ബില്‍ഡര്‍മാര്‍ക്ക് പല നിലയിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും കരാറില്‍ വീഴ്ചവരുത്തുന്ന ബില്‍ഡര്‍മാര്‍ക്ക് കടുത്ത ശിക്ഷയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ജൂലൈ 31നകം എല്ലാ സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് തയ്യാറാക്കണമെങ്കിലും മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമേ ഈ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുളളൂ. എങ്കിലും ബില്‍ഡര്‍മാര്‍ റെറ നടപ്പാക്കാന്‍ സജ്ജമാകണമെന്നാണ് വിധഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇതിനായി നിര്‍ദ്ദേശിക്കുന്ന അഞ്ചു മാര്‍ഗ്ഗങ്ങള്‍ ഇതാ..

1. ബിസിനസ് റീ ഡിസൈന്‍ ചെയ്യുക.

അലോട്ട്‌മെന്റ് ലെറ്ററുകള്‍, ബ്രോഷറുകള്‍, വില്‍പ്പന കരാറുകള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം റീ ഡിസൈന്‍ ചെയ്യുക. റെറ വരുന്നതോടെ നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നതിനാല്‍ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിവതും ലളിതമാക്കണം. സംസ്ഥാനങ്ങള്‍ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലെങ്കിലും ബില്‍ഡര്‍മാര്‍ കൃത്യമായി രജിസ്‌ട്രേഷന്‍ എടുക്കണം. 500 സ്‌ക്വയര്‍ മീറ്ററിനു മുകളിലുളള വാണിജ്യ സംബന്ധമോ പാര്‍പ്പിട സംബന്ധമോ ആയ എല്ലാ തരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവരും റെറ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ട്. 

2. നടപടിക്രമങ്ങള്‍ മനസിലാക്കുക

ബില്‍ഡര്‍മാരില്‍ നല്ലൊരു ശതമാനവും റെറ നിയമത്തെക്കുറിച്ച് ബോധവാന്‍മാരല്ലെന്നാണ് പ്രമുഖ ഓഡിറ്റിംഗ് കമ്പനിയായ കെ.പി.എം.ജിയുടെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ തലവന്‍ നീരജ് ബന്‍സല്‍ പറയുന്നത്. 'റിയല്‍ എസ്റ്റേറ്റ് രംഗത്തെ പലരും കരുതുന്നത് ചില ഫോമുകള്‍ പൂരിപ്പിച്ച നല്‍കിയാല്‍ മതിയെന്നും ഇതിനായി നിയമസഹായം തേടിയാല്‍ മതിയെന്നുമാണ്. എന്നാല്‍ ഇതല്ലാതെ കുറേയേറെ കാര്യങ്ങളുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും ഒരുപോലെ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ധാരണയുണ്ടാവണം. നിയമവും ചട്ടവും കൃത്യമായി നടപ്പാക്കുന്നതിന് വലിയ ശ്രമങ്ങളും തുടര്‍ച്ചയായ മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണ് ' നീരജ് ബന്‍സല്‍ പറയുന്നു. 

3. പരിശീലന പരിപാടികളില്‍ പങ്കെടുക്കുക

റെറ നിയമം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ബില്‍ഡര്‍മാര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഌസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റെറ നടപ്പാകുന്ന പശ്ചാത്തലത്തില്‍ ആളുകളുടെ നോഭാവത്തില്‍ തന്നെ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് തല്‍വാര്‍ പറയുന്നു. കേന്ദ്ര ഭവനകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍. ഇതുള്‍പ്പെടെ ഈ രംഗത്തെ വിധഗ്ധര്‍ നല്‍കുന്ന ക്ലാസുകളില്‍ സംബന്ധിക്കുന്നതിലൂടെ നിയമത്തെക്കുറിച്ചുളള അറിവ് വര്‍ദ്ധിപ്പിക്കാം. 

4. നിര്‍മാണ കരാറില്‍ പ്രത്യേകം ശ്രദ്ധിക്കുക

റെറ നിയമപ്രകാരം ഒരു കെട്ടിടത്തിന് അഞ്ചു വര്‍ഷംവരെ വാറണ്ടിയുണ്ട്. അതായത് ഇക്കാലയളവില്‍ വരുന്ന ഏത് അറ്റകുറ്റപ്പണികളും ബില്‍ഡറുടെ ചുമതലയാണ്. 
മാത്രമല്ല ഉപഭോക്താവ് ഒരു തകരാര്‍ ചൂണ്ടിക്കാട്ടിയാല്‍ 45 ദിവസത്തിനകം ഇത് പരിഹരിക്കുകയും വേണം. അതിനാല്‍ തന്നെ കരാറില്‍ ഏര്‍പ്പെടുന്നതുമുതല്‍ വില്‍പന വരെയുളള എല്ലാ കാര്യങ്ങളും വ്യക്തമാക്കി വേണം കരാറിന് രൂപംനല്‍കാന്‍. നിര്‍മാണത്തിനിടെ എന്തെങ്കിലും ഭേധഗതി കൊണ്ടുവരണമെങ്കില്‍ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടു പേരുടെ സമ്മതം വേണമെന്നും റെറ നിയമത്തില്‍ പറയുന്നുണ്ട്. 

5. രജിസ്‌ട്രേഷന്‍ നമ്പര്‍ വിപണന ഉപാധിയാക്കുക

റെറ രജിസ്‌ട്രേഷന്‍ എടുക്കുന്ന ഏതൊരു ബില്‍ഡര്‍ക്കും രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ബില്‍ഡറുടെ വിശ്വസ്ഥതയുടെ അടയാളമായി രജിസ്‌ട്രേഷന്‍ നമ്പറിനെ അവതരിപ്പിക്കാനാകും. പരസ്യങ്ങളിലും മറ്റും രജിസ്‌ട്രേഷന്‍ നമ്പറിന് മുന്തിയ പ്രാധാന്യം നല്‍കുക. റെറ നിയമം കര്‍ശനമാകുന്നതോടെ ബില്‍ഡറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപഭോക്താക്കള്‍ ചോദിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top