Jul 20, 2017
ദിലീപിന്റെ അറസ്റ്റും തിളക്കം മങ്ങിയ റിയല്‍ എസ്റ്റേറ്റും
ഒരു മികച്ച നിക്ഷേപ മേഖല എന്ന നിലയില്‍ രൂപപ്പെട്ട ശേഷം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം ഇത്രത്തോളം പ്രതിസന്ധിയിലായ ഒരു ഘട്ടമില്ല.
facebook
FACEBOOK
EMAIL
real-estate-sector-and-dileep-issue

ഒരു മികച്ച നിക്ഷേപ മേഖല എന്ന നിലയില്‍ രൂപപ്പെട്ട ശേഷം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം ഇത്രത്തോളം പ്രതിസന്ധിയിലായ ഒരു ഘട്ടമില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍പോലും ഇങ്ങനെയൊരു തളര്‍ച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഉണ്ടായിട്ടില്ല. കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്കനുസരിച്ച് അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനിടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വളര്‍ച്ച പ്രതീക്ഷിക്കേണ്ടെന്നാണ് ഈ മേഖലയിലെ വിധഗ്ധരുടെ അഭിപ്രായം. നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലോ സ്‌റ്റോക്കിലോ സ്ഥിരവരുമാനം ഉറപ്പുളള മറ്റു മേഖലകളിലോ നിക്ഷേപിക്കുകയാകും ഉചിതമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗുലാം എം സിയ പറയുന്നു. റിയല്‍ എസ്റ്റേറ്റിലെ പ്രതിസന്ധി കൂടുതല്‍ മോശമാകാമെന്നാണ് ഗുലാം എം സിയയുടെ നിരീക്ഷണം. 

വളര്‍ച്ച മുരടിച്ച് നഗരങ്ങള്‍ 

ഡീമോണിറ്റൈസേഷന്‍, ജി.എസ്.ടി, റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കൊണ്ടുവന്ന റെറ നിയമം- ഒന്നിനു പിറകെ ഒന്നായി വന്ന ഈ മൂന്നു ഘടകങ്ങളാണ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയെ കീഴ്‌മേല്‍ മറിച്ചത്. ഇന്ത്യയിലെ പ്രധാന എട്ടു നഗരങ്ങളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ 22 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പഠനത്തില്‍ പറയുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂനെ, ചെന്നൈ, ഹൈദരാബാദ് കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ എട്ടു നഗരങ്ങളില്‍ ചെന്നൈ ഒഴികെ മറ്റെല്ലായിടത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടിവുണ്ടായെന്നാണ് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ കണക്കുകള്‍. ഡല്‍ഹി ഉള്‍പ്പെടുന്ന നാഷണല്‍ ക്യാപിറ്റല്‍ റീജിയണിലാണ് ഫഌറ്റുകള്‍ വില്‍ക്കാനാവാത്ത സ്ഥിതി ഏറ്റവും രൂക്ഷം. 1.8 ലക്ഷം യൂണിറ്റുകളാണ് ഇവിടെ വില്‍ക്കാന്‍ ബാക്കിയുളളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാനെടുത്ത സമയത്തേക്കാള്‍ വേഗതയില്‍ ഫ്‌ലാറ്റുകള്‍ വിറ്റു പോകുന്നുണ്ടെങ്കില്‍ ആശങ്ക വേണ്ട. മുംബൈയില്‍ ഇത്തരമൊരു സാഹചര്യമുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്ന ഫഌറ്റുകള്‍ മൂന്നു വര്‍ഷം കൊണ്ട് വിറ്റു പോകുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍, നിര്‍മിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയമെടുത്താണ് ഫഌറ്റുകള്‍ വിറ്റു പോകുന്നത്. അഹമ്മദാബാദിലും സ്ഥിതി സങ്കീര്‍ണ്ണമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ ഡല്‍ഹിയില്‍ 73 ശതമാനവും അഹമ്മദാബാദില്‍ 79 ശതമാവും കുറവ്് വന്നിട്ടുണ്ട്. നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ചെന്നൈ മാത്രമാണ് ഈ പട്ടികയില്‍ വേറിട്ടു നില്‍ക്കുന്നത്. 

റെറ: വിജ്ഞാപനമിറക്കാതെ സംസ്ഥാനങ്ങള്‍ 

കേന്ദ്ര റെറ നിയമത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനങ്ങള്‍ അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് റെറ വിജ്പാപനം പുറത്തിറക്കേണ്ടതാണെങ്കിലും കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടില്ല. ജൂലൈ 31 നകം വിജ്ഞാപനം പുറത്തിറക്കാത്ത സംസ്ഥാനങ്ങള്‍ കേന്ദ്ര റെറ നിയമത്തിനു കീഴില്‍ വരികയും കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരികയും ചെയ്യും. സംസ്ഥാനത്തെ ഭൂമി വിലയുമായോ സാഹചര്യങ്ങളുമായോ ഒരു പൊരുത്തവുമില്ലാത്ത കേന്ദ്ര നിയമത്തിനു കീഴിലേക്ക് കാര്യങ്ങള്‍ പോയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് കേരളാ റിയല്‍റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്‌ജോ ജോയ് പറഞ്ഞു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശക്തമായ ഒരു നയം രൂപപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബില്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നു. 


ദിലീപിന്റെ അറസ്റ്റും തിളക്കം മങ്ങിയ റിയല്‍ എസ്റ്റേറ്റും

ചലച്ചിത്ര മേഖലയുടെ താരത്തളക്കം കൊണ്ടും റിയല്‍ എസ്റ്റേറ്റ് രംഗം ശ്രദ്ധ നേടിയിരുന്നു. ചലച്ചിത്ര താരങ്ങളില്‍ നല്ലൊരു പങ്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവരാണ്. അറസ്റ്റിലായ നടന്‍ ദിലീപായിരുന്നു സിനിമാ രംഗത്തുനിന്നും റിയല്‍ എസ്റ്റേറ്റില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ താരങ്ങളിലൊരാള്‍. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇത്തരം ഇടപാടുകള്‍ ഏറെയും. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ കാര്യങ്ങള്‍ മൊത്തം മാറി മറിഞ്ഞു. ദീലീപിന് 600 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നുമുളള വാര്‍ത്ത കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. ഈ മേഖലയിലേക്കുളള പണത്തിന്‍രെ ഒഴുക്ക് കുറയാന്‍ ഇതും കാരണമാകാം. മാത്രമല്ല ദിലീപിന്റെ അറസ്റ്റും ഭൂമിയിടപാടുമായി ബന്ധപ്പെട്ട മറ്റു നിയമ നടപടികളും സിനിമാ മേഖലയില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവരെ കുറച്ചു കാലത്തേക്കെങ്കിലും പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാം. 

'ബൂം' ഉണ്ടാകാമെന്നും പ്രവചനം 

അതേസമയം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറെ വൈകാതെ ഒരു കുതിപ്പിനുളള സാധ്യത പ്രവചിക്കുന്നരും ഉണ്ട്. ഇപ്പോള്‍ മികച്ച ആസൂത്രണത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് തംരംഗം തിരിച്ചുവരുമ്പോള്‍ മികച്ച നേട്ടം കൊയ്യാമെന്നും ഈ രംഗത്തെ പല പ്രമുഖരും പറയുന്നു. ഏതായാലും വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പൊതുവെ നല്ല സമയം ആണ്. എങ്കിലും ജി.എസ്.ടിയുടെ സ്വാധീനം കൂടി വിലയിരുത്തിയ ശേഷം വീട് വാങ്ങുന്നതാകും ഉചിതമെന്നും റിയല്‍ എസ്റ്റേറ്റ് രംഗത്തുളളവര്‍ പറയുന്നു. ബില്‍ഡേഴ്‌സിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ തുടങ്ങുന്നതോടെ ഉല്‍പ്പാദനച്ചിലവ് കുറയാം. എന്നാല്‍ ബില്‍ഡേഴ്‌സ് ജി.എസ്.ടിയുടെ നേട്ടം എത്രത്തോളം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അന്തിമ ഫലം വിലയിരുത്താനാവുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top