Oct 14, 2017
'ഇനി ഊതിപ്പെരുപ്പിച്ച മാര്‍ക്കറ്റില്ല, വരാനിരിക്കുന്നത് യഥാര്‍ത്ഥ റിയല്‍ എസ്റ്റേറ്റ് ബൂം'
പൊതുവായ ഒരു മാന്ദ്യം വിപണിയിലുണ്ട്, പക്ഷെ, അത് യഥാര്‍ത്ഥ ആവശ്യക്കാരെയും ബില്‍ഡര്‍മാരെയും വില്‍പ്പനയേയും ബാധിച്ചിട്ടില്ല.
facebook
FACEBOOK
EMAIL
real-estate-real-bhoom-begins-in2017

''പൊതുവായ ഒരു മാന്ദ്യം വിപണിയിലുണ്ട്, പക്ഷെ, അത് യഥാര്‍ത്ഥ ആവശ്യക്കാരെയും ബില്‍ഡര്‍മാരെയും വില്‍പ്പനയേയും ബാധിച്ചിട്ടില്ല.'' കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒരു ഇലയനക്കം പോലുമില്ല എന്ന് പരാതിപ്പെടുന്നവര്‍ക്കിടയില്‍ ഇങ്ങനെ ആത്മവിശ്വാസത്തോടെ പറയുന്നത് അസറ്റ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍. ഡീമോണിറ്ററിശേഷനും ജിഎസ്ടിയും റെറയും പലവിധ ആശങ്കകള്‍ ഉയര്‍ത്തിയെങ്കിലും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയുമുണ്ടെന്ന് എടുത്തുപറയുന്നു ഈ ബില്‍ഡര്‍. ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി, കേരളത്തില്‍ ഹൈ എന്‍ഡ് ജോലികളുടെ അഭാവം, ഉയരുന്ന സ്ഥലവില, അഫോഡബിള്‍ ഹൗസിംഗ്... റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ സുനിലിന്റെ വാക്കുകളിലൂടെ

ഇപ്പോഴത്തെ മാര്‍ക്കറ്റ് ഇതാണ്!

യഥാര്‍ത്ഥ ബയേഴ്‌സ് മാത്രമേ ഇപ്പോഴത്തെ മാര്‍ക്കറ്റിലുള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് വിശ്വാസ്യതയുള്ള ഒരു ബില്‍ഡറുടെ പ്രോപ്പര്‍ട്ടി മാത്രമേ അവര്‍ വാങ്ങുകയുമുള്ളൂ. അല്ലാതെ സ്മാര്‍ട്ട് സിറ്റിയുടെ അടുത്തുള്ള ഫ്‌ളാറ്റ്, ഫ്യൂച്ചറിസ്റ്റിക് ലൊക്കേഷന്‍ എന്നൊക്കെ പറഞ്ഞു മാര്‍ക്കറ്റ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

പൊതുവായ ഒരു മാന്ദ്യം വിപണിയിലുണ്ട്, പക്ഷെ, അത് യഥാര്‍ത്ഥ ആവശ്യക്കാരേയും ബില്‍ഡര്‍മാരെയും വില്‍പ്പനയേയും ബാധിച്ചിട്ടില്ല. ഡിമാന്റിലും കൂടുതല്‍ പ്രൊജക്റ്റുകള്‍ മാര്‍ക്കറ്റിലുള്ളതുകൊണ്ട് സ്വാഭാവികമായും മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണാം. പഴയതുപോലെ ഊതിപ്പെരുപ്പിച്ച ഒരു മാര്‍ക്കറ്റിനുള്ള ഒരു സാധ്യതയില്ല ഇവിടെ എന്നതാണ് പ്രധാനം. ആവശ്യക്കാര്‍ മാത്രമേ വാങ്ങുന്നുള്ളു. അത്തരം പ്രോപ്പര്‍ട്ടികള്‍ വില കുറച്ച് വില്‍ക്കേണ്ട ആവശ്യവും വരുന്നില്ല.

കൊച്ചി മെട്രോയുടെ അരികെ

മെട്രോ സ്റ്റേഷനുകളുടെ അടുത്തുള്ള സ്ഥലങ്ങളില്‍ പ്രോജക്റ്റുകള്‍ ഉണ്ടോ എന്ന് ഒരുപാട് അന്വേക്ഷണം വരുന്നുണ്ട്. ഇതിന്റെ സൗകര്യം ആളുകള്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഇവിടെ നടന്നത് ഗുണം ചെയ്തു. കാര്‍ എവിടെ പാര്‍ക്ക് ചെയ്യും എന്ന ടെന്‍ഷനൊന്നുമില്ല, ആലുവയില്‍ നിന്ന് വന്നു സ്റ്റേഷനിലിറങ്ങിയാല്‍ സ്റ്റേഡിയത്തിലേക്ക് അന്‍പത് മീറ്റര്‍ മാത്രം. ഒരു പുതിയ സംസ്‌കാരം തന്നെയാണ് മെട്രോ വളര്‍ത്തുന്നത്. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രോജക്റ്റുകള്‍ക്ക് ഇനി നല്ല ഡിമാന്റായിരിക്കും.

ജിഎസ്ടിയെ എന്തിന് പേടിക്കണം?

ആദ്യം കുറച്ച് ആശങ്കകളൊക്കെ ഉണ്ടായിരുന്നു, എത്ര ശതമാനം വരും, എങ്ങനെ വരും എന്നൊക്കെ. പക്ഷേ, ഇപ്പോള്‍ അതെല്ലാം മാറിയിട്ടുണ്ട്. ഞങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളവരെ മാത്രമാണ് ഉപയോഗിക്കുന്നത്. അല്ലാത്തവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ഡീമോണിറ്റൈസേഷനും ഞങ്ങളുടെ വില്‍പ്പനയെ കാര്യമായി ബാധിച്ചില്ല.

റെറ നല്ലതാണ്
പല സംസ്ഥാനങ്ങളിലും റെറ പ്രാബല്യത്തില്‍ വന്നെങ്കിലും ഇതുവരെ കേരളത്തില്‍ ഇതിനുവേണ്ട ഒരു മെക്കാനിസവും തുടങ്ങിയിട്ടില്ല. റെഗുലേറ്ററി അഥോറിറ്റിയും രൂപീകരിക്കാനുണ്ട്. റെറ ആദ്യം ഒരു മോഡലായി ഏതെങ്കിലും നഗരത്തിലോ പട്ടണത്തിലോ നടപ്പിലാക്കി, അതിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചശേഷം മാത്രം നിയമമാക്കേണ്ടതായിരുന്നു.

ഇപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നതിനപ്പുറം നിയമം ആയപ്പോള്‍ അവ പ്രാക്ടിക്കലായി ശരിയാകുമോ, ഇങ്ങനെയെല്ലാം നടക്കുമോ എന്ന് ആര്‍ക്കും അറിയില്ല. ഉദാഹരണത്തിന്, ബില്‍ഡര്‍ ഉപഭോക്താക്കളില്‍നിന്നും സമാഹരിച്ച തുകയില്‍ 70 ശതമാനം പ്രത്യേക എക്കൗണ്ടില്‍ സൂക്ഷിക്കണം എന്ന നിബന്ധന. ഒരു ബില്‍ഡര്‍ ഒരേ സമയം അഞ്ച് പ്രോജക്റ്റുകള്‍ ചെയ്യുന്നു, അതില്‍ നാലെണ്ണത്തിന് നല്ല വില്‍പ്പനയുണ്ട്, ഒരു പ്രോജക്റ്റിന് സെയ്ല്‍സ് കുറവാണ്, പൂര്‍ത്തിയാക്കാന്‍ രണ്ട് കോടി കൂടി വേണം. എന്ന സ്ഥിതി വരുമ്പോള്‍ പണി നിര്‍ത്തിവയ്ക്കുകയാണോ ചെയ്യേണ്ടത്? മറ്റ് എക്കൗണ്ടില്‍ നിന്ന് ഈ ഫണ്ട് സമാഹരിക്കുന്നതില്‍ എന്താണ് തെറ്റ്? റെറ പ്രോജക്റ്റിനാണ് അംഗീകാരം കൊടുക്കുന്നത്, അത് ബില്‍ഡര്‍ക്കാണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. ഇങ്ങനെയുള്ള ചില മാറ്റങ്ങള്‍ നിയമത്തില്‍ കൊണ്ടുവരാമായിരുന്നു, പക്ഷേ, ഈ നിയമം വേണം എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒരു കണ്‍ട്രോള്‍ മെക്കാനിസം വേണം എന്ന് ആദ്യം ആവശ്യപ്പെട്ടത് ക്രെഡായ് ആണ്. അനാവശ്യമായ ഘടകങ്ങളെ ഒഴിവാക്കാനും, വര്‍ക്ക് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതെല്ലാം പ്ലസ് പോയ്ന്റുകളാണ്. നിയമം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരമായാല്‍ ഇത് വളരെ ഫലപ്രദമാകും.

എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായോ?

സര്‍ക്കാര്‍ ഫയലുകളുടെ മെല്ലെപ്പോക്ക് അവസാനിക്കണം എന്നതാണ് ഏറ്റവും ആവശ്യമായ കാര്യം. പലപ്പോഴും ഒരു പ്രോജക്റ്റിന്റെ നിര്‍മാണത്തിന് വേണ്ടിവരുന്ന സമയം തന്നെ അനുമതിയും അംഗീകാരവും നേടാന്‍ ചെലവാക്കണം. രണ്ട് വര്‍ഷം കൊണ്ട് നിര്‍മിച്ച് ഉപഭോക്താവിന് കൈമാറാവുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ നാല് വര്‍ഷമെടുക്കുന്നത് അങ്ങനെയാണ്. നിയമങ്ങള്‍ മാറിവരുന്നതും ഒരു തലവേദനയാണ്. തുടങ്ങുമ്പോള്‍ ഒരു നിയമം, പണി പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊന്ന്. ഫയര്‍ സേഫ്റ്റിയുടെ ചട്ടങ്ങളൊക്കെ ഇങ്ങനെയാണ്. പക്ഷേ, ഇപ്പോള്‍ പലതിനും കുറച്ചുകൂടി വ്യക്തതയുണ്ട്. അനുമതി കിട്ടിയ സമയത്തുണ്ടായിരുന്ന നിയമം ബാധകമാകുകയുള്ളു എന്ന് വന്നിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്.

ഡിജിറ്റലാകണം അടിസ്ഥാന കാര്യങ്ങള്‍

ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകും. ഇപ്പോള്‍ വ്യക്തത കുറവായ പല നിയമങ്ങളുമുണ്ട്, അവ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടാം. ആളുകളുടെ ഇടപെടല്‍ കുറവായാല്‍ അഴിമതി കുറയും എന്നുറപ്പുണ്ട്. പക്ഷേ, ചില കാര്യങ്ങളില്‍ പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ സാധ്യമല്ല, പ്രത്യേകിച്ചും ചില കമ്മിറ്റികളുടെ അംഗീകാരം ആവശ്യമുള്ള ഘട്ടങ്ങളില്‍. മിനിസ്ട്രി ഓഫ് ഫോറസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ കമ്മിറ്റിയില്‍ പതിനാറ് പേരുണ്ട്. ഇത് ഡിജിറ്റലൈസേഷനിലൂടെ മാത്രം ചെയ്യാന്‍ കഴിയില്ല. ബില്‍ഡിംഗ് റൂളില്‍ ഇല്ലാത്ത ചില നിര്‍ദേശങ്ങള്‍ പലരും പറയാറുണ്ട്. വെള്ളത്തിന്റെ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് മഴവെള്ള സംഭരണി ഉണ്ടാക്കണം എന്നത് ഒരു ഉദാഹരണം. ഇത് നമുക്ക് കംപ്യൂട്ടറില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം നല്‍കി, ഒരു നിയമത്തിനു രണ്ട് വ്യാഖ്യാനമില്ല എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.

ചെറിയ വീടുകള്‍ക്ക് ഡിമാന്റില്ല

കേരളത്തില്‍ ചെലവ് കുറഞ്ഞ, ചെറിയ വീടുകള്‍ ആര്‍ക്കും വേണ്ട. സ്ഥലവില ഉയര്‍ന്നത് കൊണ്ട് അവയുടെ നിര്‍മാണവും എളുപ്പമല്ല. മാത്രമല്ല ഇവിടെ ലക്ഷ്വറി ഫ്‌ളാറ്റുകള്‍ക്കും കുറഞ്ഞ ചെലവിലുള്ള ഫ്‌ളാറ്റുകള്‍ക്കും ഒരേ നിയമമാണ്. അറുപത് സ്‌ക്വയര്‍ മീറ്ററില്‍ വരെ താഴെ കാര്‍പറ്റ് ഏരിയ വരുന്ന വീടുകള്‍ക്ക് നികുതി ഇളവുണ്ട്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡികളും ഏറെയുണ്ട്. പക്ഷേ, ഇവിടെ ബാങ്കുകളും സ്ഥാപനങ്ങളും ഇതൊന്നും ആരേയും അറിയിക്കുന്നില്ല, ആളുകള്‍ക്കും താല്‍പ്പര്യമില്ല. രണ്ട് വീട് ഒരുമിച്ച് ചേര്‍ക്കാമോ എന്നാണു പലര്‍ക്കും അറിയേണ്ടത്.

ഇവരെ ആവശ്യമുണ്ട്!

കേരളത്തില്‍ ജീവിക്കുന്ന, ഉയര്‍ന്ന ജോലിയുള്ളവര്‍. മാളുകളില്‍ തിരക്കുണ്ടാകാനും തിയറ്ററുകള്‍ നിറയാനും ഫ്‌ളാറ്റുകള്‍ വാങ്ങാനും ഇവര്‍ വേണം. പക്ഷേ, ഇങ്ങനെ ഒരു ആഭ്യന്തര മാര്‍ക്കറ്റ് കേരളത്തിനില്ല. ബാംഗ്ലൂരും മുംബൈയും ഇങ്ങനെയല്ല, അവിടെയൊന്നും ആരും പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ട് അത് വില്‍ക്കാന്‍ ദുബായില്‍ പോകുന്നില്ല. ഐ.റ്റി മേഖലയില്‍ പോലും ഉയര്‍ന്ന ജോലികള്‍ ഇവിടെയില്ല. മികച്ച പര്‍ച്ചേസിംഗ് പവര്‍ ഉള്ള ഒരു സമൂഹം ഇവിടെയുണ്ടായാലേ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം കൂടുതല്‍ വളരുകയുള്ളു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
1
smile
50%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top