Dec 19, 2017
ഏതാണ് നല്ലത് റിയല്‍ എസ്റ്റേറ്റോ ഓഹരിയോ?
റിയല്‍ എസ്‌റ്റേറ്റ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണോ? നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടിക്കടി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്
facebook
FACEBOOK
EMAIL
real-estate-or-share-market-which-one-is-the-best-for-you

ആര്‍.ബാലകൃഷ്ണന്‍

റിയല്‍ എസ്‌റ്റേറ്റ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണോ? നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടിക്കടി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് ഓഹരിയില്‍ നിക്ഷേപിക്കുന്നതാണ് എന്നാണ് പൊതുവേ ഇതിനെതിരെ വാദിക്കുന്നവര്‍ പറയുന്നത്. എന്നെ സംബന്ധിച്ച് ഈ രണ്ടു മാര്‍ഗങ്ങളിലും പണം നിക്ഷേപിച്ചിട്ട് നേട്ടമുണ്ടാക്കിയവരെയും നഷ്ടപ്പെടുത്തിയവരേയും കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മിടുക്കരായ പലരും ഓഹരിയേക്കാള്‍ സുരക്ഷിത നിക്ഷേപമായി റിയല്‍ എസ്റ്റേറ്റിനെ കാണുന്നുണ്ടെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്തുകൊണ്ട് റിയല്‍ എസ്‌റ്റേറ്റിനോട് താല്‍പ്പര്യം?

ഓഹരികള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത ഭൗതികമായ വലിയ സുരക്ഷിതത്വം നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നതാണ് പ്രധാന ഘടകം. അതായത് ഒരു അപ്പാര്‍ട്ട്‌മെന്റോ, സ്ഥലമോ വാങ്ങിയാല്‍ നമുക്ക് നേരിട്ട് അതു കാണാനും തൊട്ടറിയാനുമൊക്കെ സാധിക്കും. ഓഹരികളിലാകുമ്പോള്‍ സമാനമായ ഒരു അനുഭവം ലഭിക്കില്ല. മ്യൂച്വല്‍ഫണ്ടില്‍ കുറച്ചു പണം നിക്ഷേപിക്കുന്നതിലോ പബ്ലിക് ഇഷ്യുവില്‍ ഒരുകൈ നോക്കുന്നതിനോ പലര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. അതേസമയം, ഒരു വീട് വാങ്ങുന്നതിനോ സ്ഥലം വാങ്ങുന്നതിനോ മുടക്കുന്നതു പോലെ വലിയ തുകകള്‍ ഒറ്റ ഓഹരിയില്‍ മാത്രമായി ഇറക്കില്ല. മുകളില്‍ പറഞ്ഞതു തന്നെയാണ് അതിന്റെ കാരണം. ഓഹരിയില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ തന്നെ വൈവിധ്യവല്‍ക്കരണത്തിനായിരിക്കും പ്രാധാന്യം നല്‍കുക. യഥാര്‍ത്ഥത്തില്‍ വൈവിധ്യവല്‍ക്കരണം കുറഞ്ഞ റിട്ടേണിലേക്കാണ് നയിക്കുക.

നിക്ഷേപം എത്രത്തോളം വൈവിധ്യവല്‍ക്കരിക്കുന്നുവോ അത്രയും കുറവായിരിക്കും റിട്ടേണ്‍.=

വിലകളില്‍ നാടകീയമായ രീതിയിലുള്ള ഉയര്‍ച്ച സംഭവിക്കുന്നതുകൊണ്ടുള്ള സ്വാഭാവികമായ ചായ്‌വും റിയല്‍ എസ്റ്റേറ്റിനോടുണ്ടാകാറുണ്ട്. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമെങ്കിലും റിയല്‍ എസ്റ്റേറ്റിലെ പോലെ വില ഉയരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാകില്ല. വസ്തുവിന്റെ കാര്യത്തിലാണെങ്കിലോ പണ്ട് വാങ്ങിയ വിലയുമായി മാത്രം താരതമ്യം ചെയ്യുകയും അതിലുള്ള ഉയര്‍ച്ച കണ്ട് സന്തോഷിക്കുകയും ചെയ്യുന്നു. പണത്തിന്റെ മൂല്യം, കോംപൗണ്ടിംഗ് തുടങ്ങിയ ആഴത്തിലുള്ള കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല.

പിന്നെ മറ്റൊരു കാര്യം സ്ഥലവിലയെ കുറിച്ചുള്ള ആളുകളുടെ മനസിലെ ഒരു ധാരണയാണ്. അതായത് സ്ഥലത്തിന്റെ ലഭ്യത കുറവായതുകൊണ്ട് എപ്പോഴായാലും സ്ഥല വില ഉയരുമെന്നുള്ള പ്രതീക്ഷ. ഇനിയിപ്പോള്‍ സ്ഥല വില ഏറ്റവും താഴ്ന്നു നില്‍ക്കുകയാണെങ്കില്‍ തന്നെ ആശ്വസിക്കാന്‍ ധാരാളം കാരണങ്ങളും കണ്ടെത്താറുണ്ട്. അതായാത് വാസ്തു പ്രകാരം നല്ല സ്ഥലമാണ്, ഇതിപ്പോ വരുമാനമുണ്ടാക്കാനല്ല കൈവശം വയ്ക്കാന്‍ മാത്രമാണ് എന്നൊക്കെ.

അതേസമയം ഓഹരിയാകുമ്പോള്‍ അത്തരം സെന്റിമെന്റ്‌സൊന്നും പറയാനില്ല. ടാറ്റയുടെ ഒരു ഷെയര്‍ എങ്ങനെയാണോ അതേപോലെ തന്നെയാണ് ബാക്കിയെല്ലാ ഷെയറുകളും.

മുതല്‍ നഷ്ടം വരില്ലായെന്നൊരു വിശ്വാസമാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെ ഇഷ്ടപ്പെടുന്നവര്‍ പറയുന്ന മറ്റൊരു കാര്യം. പക്ഷേ കടം വാങ്ങി വീടുവയ്ക്കുമ്പോഴും സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കുമ്പോഴുമൊക്കെ വസ്തു വിലയിലുണ്ടാകുന്ന വര്‍ധന കണക്കിലെടുക്കാതെ പോകുന്നു. കൂടാതെ റിപ്പയറിംഗ് ചെലവ്, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീയിനങ്ങളിലുള്ള നഷ്ടവും 
പരിഗണിക്കാറില്ല.

ഓഹരികളുടെ റിട്ടേണ്‍ അതിശയിപ്പിക്കും

ഓഹരിയില്‍ മൂലധന നഷ്ടത്തിനുള്ള സാധ്യത കൂടുതല്‍ തന്നെയാണ്. എന്നാലും വിവിധ കാലയളവുകളിലെ ചില സൂചികാ ഓഹരികളുടെ പ്രകടനമൊന്നു നോക്കൂ (ടേബിള്‍). സ്ഥിരമായി, ഇത്രയും റിട്ടേണ്‍ നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് സാധിക്കുമോ? സത്യത്തില്‍ അതേ കുറിച്ച് വിശ്വാസയോഗ്യമായ കണക്കുകളും ലഭ്യമല്ല. വമ്പന്‍ റിട്ടേണ്‍ നല്‍കിയ ഓഹരികളും റിട്ടേണൊന്നും നല്‍കാതെ അപ്രത്യക്ഷരായ കമ്പനികളും വിപണിയില്‍ ഉണ്ട്. ആയിരക്കണക്കിന് ലിസ്റ്റഡ് കമ്പനികളാണ് ഇവിടെയുള്ളത്. അതില്‍ നൂറോ ഇരുന്നൂറോ കമ്പനികള്‍ നല്ല റിട്ടേണ്‍ നല്‍കിയെന്നു പറയുമ്പോള്‍ 90 ശതമാനത്തിലധികം ഓഹരികളും നല്ല റിട്ടേണ്‍ നല്‍കിയിട്ടില്ല എന്നും അര്‍ത്ഥമാക്കാവുന്നതാണ്.

പക്ഷേ, റിയല്‍ എസ്റ്റേറ്റിനു സാധിക്കാത്തത്രയും മികച്ച റിട്ടേണ്‍ നല്‍കാന്‍ ഓഹരിക്കു സാധിക്കുന്നുവെന്ന് ടേബിളില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ്.

ഉദാഹരണത്തിന് നിങ്ങള്‍ 1994 ല്‍ ഫ്രാങ്ക്‌ളിന്‍ ബ്ലൂചിപ് ഫണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്നു വിചാരിക്കുക. എങ്കില്‍ അത് ഇപ്പോള്‍ ഏകദേശം 45 ലക്ഷം രൂപയാകുമായിരുന്നു. അതേപോലെ 1995 ല്‍ ഒരു ലക്ഷം രൂപ റിലയന്‍സ് ഗ്രോത്ത് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നത് 1.07 കോടി രൂപയാണ്. രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞുവെന്നു മാത്രമേയുള്ളു.

നേരിട്ട് ഓഹരിയിലേക്കിറങ്ങാതെ മ്യൂച്വല്‍ഫണ്ട് മാനേജര്‍മാര്‍ വഴിയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നഷ്ട സാധ്യത കുറയ്ക്കാനും ഒപ്പം സ്വയം ഓഹരികള്‍ തെരഞ്ഞെടുക്കുന്ന തലവേദനകള്‍ ഒഴിവാക്കാനും സാധിക്കും. ഗംഭീരമായ റിട്ടേണ്‍ ഒന്നും ലഭിച്ചില്ലെങ്കിലും 10-20 വര്‍ഷം കഴിയുമ്പോള്‍ ഓഹരി സൂചികകള്‍ക്കു സമാനമായതോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്നതോ ആയ റിട്ടേണ്‍ ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നേട്ടം കൂടിയാകും ഇത്.

ഇനിയും റിയല്‍ എസ്‌റ്റേറ്റ് വേണോ ഓഹരി വേണോ എന്ന ആശയക്കുഴപ്പം ഉള്ളവര്‍ക്കായി ഒന്നു കൂടി പറയാം. നിലവില്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓഹരികളില്‍ നിന്നുള്ള വരുമാന നേട്ടത്തിന് നികുതി നല്‍കേണ്ടതുമില്ല.

ഭവന വായ്പാ ഇന്‍സ്റ്റാള്‍മെന്റിനു തുല്യമായ തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഓഹരിയില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വായ്പ തീരുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും റിയല്‍ എസ്‌റ്റേറ്റ് എന്തുകൊണ്ടാണ് മഹത്തായൊരു നിക്ഷേപമാര്‍ഗമല്ലാത്തതെന്ന്. അതേസമയം ഓഹരിയേക്കാള്‍ വളരെ കുറഞ്ഞ റിട്ടേണ്‍ ആണെങ്കിലും റിയല്‍ എസ്റ്റേറ്റ് ഒരു ശക്തമായ നിക്ഷേപമാര്‍ഗമാണ്.

നിക്ഷേപത്തിനു വേണ്ടി വീട് വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍കൂടി പരിഗണിക്കുന്നത് ഉചിതമാകും.

(കടപ്പാട്: മണിലൈഫ് മാഗസിന്‍, www.moneylife.in)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top