Oct 03, 2017
ഭൂമി വില ഉടന്‍ ഉയരില്ല
വന്‍ നഗരങ്ങളിലും ഇടത്തരം ടൗണുകളിലും ഗ്രാമങ്ങളിലും ഭൂമിവിലയില്‍ വ്യത്യസ്തമായ ട്രെന്‍ഡുകളാണ് നിലനില്‍ക്കുന്നത്.
facebook
FACEBOOK
EMAIL
real-estate-land-price-step-down

വര്‍ഷം

ന്‍ നഗരങ്ങളിലും ഇടത്തരം ടൗണുകളിലും ഗ്രാമങ്ങളിലും ഭൂമിവിലയില്‍ വ്യത്യസ്തമായ ട്രെന്‍ഡുകളാണ് നിലനില്‍ക്കുന്നത്. ഒന്നാംകിട നഗരങ്ങളില്‍ വില മാറ്റമില്ലാതെ തുടരുമ്പോള്‍ രണ്ടാംനിര നഗരങ്ങളില്‍ കുറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഗ്രാമങ്ങളിലും വില താഴുന്നു. കൃഷി ഭൂമിക്കാണെങ്കില്‍ ഉല്‍പ്പന്നവിലയെ ആശ്രയിച്ചാണ് വില നിലവാരം. ഏലം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറിയതിനാല്‍ അത്തരം തോട്ടങ്ങള്‍ക്ക് വിലയേറിയിട്ടുണ്ട്

മൂവാറ്റുപുഴ നഗരത്തിലെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന പ്ലോട്ട് അതിന്റെ ഉടമ രണ്ട് വര്‍ഷം മുമ്പ് വില്‍ക്കാനാലോചിച്ചു. ഇതേ നഗരത്തില്‍ പുതിയ ഷോറും തുടങ്ങാന്‍ സ്ഥലം അന്വേഷിച്ച കേരളത്തിലെ പ്രമുഖ റീറ്റെയ്ല്‍ ഗ്രൂപ്പിനെയാണ് അന്ന് പ്ലോട്ടുടമ സമീപിച്ചത്. മികച്ച വില ഓഫര്‍ ചെയ്‌തെങ്കിലും സ്ഥലം കൊടുത്തില്ല. ഭാവില്‍ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയില്‍ പിന്‍മാറുകയായിരുന്നു. ഏതാനം മാസം മുമ്പ് ബിസിനസ് ആവശ്യത്തിന് കുറെ പണം വേണ്ടി വന്നപ്പോള്‍ പ്ലോട്ടുടമ ഇതേ ഗ്രൂപ്പിനെ വീണ്ടും സമീപിച്ചു. നേരത്തെ പറഞ്ഞതിലും പകുതി വിലയാണപ്പോള്‍ റീറ്റെയ്ല്‍ ഗ്രൂപ്പ് നിര്‍ദ്ദേശിച്ചത്. പകുതി വിലയ്ക്ക് സ്ഥലം വില്‍ക്കാതെ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിനടുത്തുള്ള മറ്റൊരു പ്ലോട്ട് വില്‍ക്കാനൊരുങ്ങുകയാണിപ്പോള്‍ ഉടമ.

കേരളത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ രീതിയില്‍, അല്ലെങ്കില്‍ ചില്ലറ ഏറ്റകുറച്ചിലുകളോടെ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴയില്‍ ഭൂമി വില പകുതി കുറഞ്ഞിട്ടില്ല. പക്ഷെ ഒരു രണ്ടാംനിര നഗരത്തില്‍ ഉയര്‍ന്ന വിലയില്‍ സ്ഥലം വാങ്ങി, ബഹുനില കെട്ടിടം പണിത്, ഷോറൂം ഒരുക്കുവാനുള്ള ചെലവും കിട്ടാവുന്ന വരുമാനവും വച്ച് നോക്കുമ്പോള്‍ പദ്ധതി തല്‍ക്കാലം മരവിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതി റീറ്റെയ്ല്‍ ഗ്രൂപ്പ് പിന്‍മാറുകയായിരുന്നു. അതല്ലെങ്കില്‍ സ്ഥലം പകുതി വിലക്ക് കിട്ടണം.

അതേസമയം നെടുമ്പാശേരിയിലെ സ്ഥലത്തിന് അത്യാവശ്യം ഡിമാന്റുണ്ട് താനും. ലൊക്കേഷന്റെ പ്രത്യേകത കൊണ്ട് വലിയ കുറവില്ലാതെ ആ സ്ഥലം വിറ്റ് പോകും. ഇതാണ് സ്ഥലം കൈമാറ്റത്തിലെ നിലവിലെ ട്രെന്‍ഡ്. ലൊക്കേഷനനുസരിച്ചാണ് ഡിമാന്റും വിലയും.

സ്വര്‍ണം പോലെ എളുപ്പം വിറ്റ് പണമാക്കി മാറ്റാന്‍ കഴിയുന്ന നിക്ഷേപമായിരുന്നു ഇതുവരെ ഭൂമി. കൈയിലുള്ള പണവും ചെറിയ വായ്പയും സ്വരുക്കൂട്ടി നിക്ഷേപമിറക്കിയാലും ലാഭം ഉറപ്പാക്കിയിരുന്ന മേഖല. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. ഉടന്‍ റിട്ടേണ്‍ പ്രതീക്ഷിച്ച് നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നു ഈ രംഗം.

എന്താണ് സംഭവിക്കുന്നത്

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ മേഖലകളില്‍ പ്രത്യേകമായ തിരുത്തലുകളാണ് നടക്കുന്നത്. പൊതുവെ സ്ഥലവില കൂടുന്നുവെന്നോ കുറയുന്നുവെന്നോ പറയാനാവാത്ത അവസ്ഥ. അതേസമയം ചില മേഖലകളില്‍ സ്ഥലവിലയില്‍ അനക്കമുണ്ട് താനും. വിമാനത്താവളം, ഒാവര്‍ബ്രിഡജ്, ഫ്‌ളൈ ഓവര്‍ തുടങ്ങി വികസന സാധ്യത ഉള്ള ഇടങ്ങളിലാണ് നേരിയ തോതിലെങ്കിലും വിലയനക്കമുള്ളത്. കേരളത്തിലങ്ങോളമിങ്ങോളം ഭൂമി കച്ചവടം കുത്തനെ ഇടിഞ്ഞു എന്നത് സത്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ പ്രമാണം രജിസ്‌ട്രേഷനുകളില്‍ ഒരു ലക്ഷത്തിലധികം കുറവ് വന്നിട്ടുണ്ട്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ഒന്നാം നിര സിറ്റികളില്‍ സ്ഥലവില കാര്യമായ മാറ്റമില്ലാതെ തുടരുമ്പോള്‍ കാഞ്ഞങ്ങാട്, കൊയിലാണ്ടി, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, ചാലക്കുടി, കായംകുളം തുടങ്ങിയ രണ്ടാം നിര സിറ്റികളില്‍ വിലയില്‍ കുറവ് വന്നിട്ടുണ്ട്. കൃഷിഭൂമിയുടെ ഡിമാന്റിലും വന്‍ കുറവ് വന്നിട്ടുണ്ട്.

നാണ്യവിളകളുടെ വിലയിടിവാണ് പ്രധാന കാരണം. റബ്ബര്‍, കാപ്പി തോട്ടങ്ങള്‍ക്ക് കുറയുന്നുണ്ടെങ്കിലും നിലവിലെ വിലയില്‍ വിറ്റൊഴിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ഈ രംഗത്ത് കച്ചവടം വളരെ കുറവാണ് നടക്കുന്നത്. അത്യാവശ്യക്കാര്‍ തോട്ടത്തിന്റെ റോഡ് സൈഡിലുള്ള പത്തോ പതിനഞ്ചോ സെന്റ് വിറ്റ് കടമൊതുക്കി വില അനങ്ങുന്നതും കാത്തിരിപ്പാണ്. അതേ സമയം ഇടുക്കി, കട്ടപ്പന, വയനാട് മേഖലകളില്‍ ഏലത്തോട്ടത്തിന് വില കയറിയിട്ടുണ്ട്. ഏലം വില കൂടിയതാണ് കാരണം.

വന്‍കിട നഗരങ്ങളില്‍

കേരളത്തില്‍ പൊതുവെ വില കുറയുന്ന ട്രെന്‍ഡാണ് നിലവിലുള്ളതെങ്കിലും മുന്‍നിര നഗരങ്ങള്‍ ഇക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു. ഇവിടെ ആവശ്യത്തിന് ഭൂമിയില്ലാത്തതിനാല്‍ പഴയ വില തുടരുകയാണ്. അതുകൊണ്ട് തന്നെ കച്ചവടങ്ങളും നടക്കുന്നില്ല. ഇനിയും വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉടമകള്‍ സ്ഥലം വില്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് കാര്യം. അതേസമയം നിലവിലെ ഉയര്‍ന്ന വിലയക്ക് ഭൂമി വാങ്ങുന്നത് ലാഭകരമായിരിക്കില്ലെന്നാണ് ബില്‍ഡര്‍മാരുടെ വാദം.

'ഒന്നാംനിര നഗരങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റുകള്‍ക്കോ കൊമേഴ്ഷ്യല്‍ സംരംഭങ്ങള്‍ക്കോ അനുയോജ്യമായ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയാണ്. നഗരങ്ങളിലെ ഭൂമി സര്‍ക്കാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ ലോക്ക് ചെയ്തിട്ടിരിക്കുയാണ്. ഈ സ്ഥിതി മാറണം. പത്തും ഇരുപതും വര്‍ഷമായി വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. നിയമകുരുക്കുകള്‍ നിരത്താതെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഈ ഭൂമിയില്‍ നിര്‍മാണം നടത്താന്‍ അനുമതി നല്‍കുകയാണ് വേണ്ടത്. നഗരങ്ങളില്‍ ഭൂമി വില കുറയണമെങ്കില്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് ക്രെഡായി കേരളാ സെക്രട്ടറി ജനറലും കൊച്ചിയിലെ അബാദ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ.നജീബ് സഖറിയ പറയുന്നു.

നിലം, പാടം, നികത്തുഭൂമി എന്നിങ്ങനെ വിവിധ പേരുകളില്‍ ഉപയോഗശ്യൂന്യമായി കിടക്കുന്ന ഭൂമി നഗരപരിധിയില്‍ ധാരാളമുണ്ട്. ഇവയാണെങ്കില്‍ ഉപയോഗിക്കാനുമാവില്ല. ഇവയെ ലീഗലൈസ് ചെയ്യുകയാണ് വേണ്ടത്.


രണ്ടാം നിര നഗരങ്ങളില്‍

മുന്‍നിര നഗരങ്ങളില്‍ ഭൂമി കിട്ടാതായതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ രണ്ടാം നിര നഗരങ്ങളിലേക്ക് ചേക്കേറിയിരുന്നു. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വലിയ സാധ്യതയില്ലാത്ത ഇവിടെ വലിയ മാളുകള്‍ക്കും കച്ചവട കേന്ദ്രങ്ങള്‍ക്കുമെല്ലാമായിട്ടാണ് ഭൂമി വാങ്ങി കൂട്ടിയത്. വിപണിയിലെ അസ്ഥിരതയും നോട്ടു നിരോധനവും ജി.എസ.്ടിയുമെല്ലാം ഈ രംഗത്ത് വന്‍ തിരിച്ചടിയായി. ടയര്‍ വണ്‍ നഗരത്തിലെ കച്ചവടം രണ്ടാംനിര നഗരങ്ങളില്‍ കിട്ടാതായതോടെ ഇത്തരം കച്ചവട കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി. രണ്ടാം നിര നഗരങ്ങളിലെ പല മാളുകളിലും വ്യാപാരികളെ കിട്ടാതെ വലയുകയാണിന്ന്. പെരിന്തല്‍മണ്ണയിലെ രണ്ട് മാളുകളിലും വ്യാപാരികളെ കിട്ടാതെ മുറികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലുളളവര്‍ തന്നെ വാടക കുറയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തിരൂരിലെ പ്രസിദ്ധമായ മാര്‍ക്കറ്റില്‍ ആയിരത്തോളം മുറികളില്‍ 30 ശതമാനം മാത്രമാണ് വാടകയ്ക്ക് പോയിട്ടുള്ളത്. രണ്ടാംനിര നഗരങ്ങളിലെ പൊതു സ്ഥിതിയാണിത്. പലരും മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും വില്‍ക്കാനിട്ടിരിക്കുകയാണ്. ഈ സാഹചര്യമാണ് ചെറുകിട നഗരങ്ങളില്‍ ഭൂമി വില കുറയാന്‍ പ്രധാന കാരണം.

ബിസിനസ് മേഖല മാന്ദ്യത്തിലായതിനാല്‍ കൊമേഴ്‌സ്യല്‍ സ്‌പെയ്‌സിന് പഴയ ഡിമാന്റില്ല. വിലയുടെ കാര്യത്തില്‍ എല്ലാവരും ഇപ്പോള്‍ ശ്രദ്ധാലുക്കളാണ്. തിരുവനന്തപുരം എസ്എഫ്എസ് ഹോംസിന്റെ മാര്‍ക്കറ്റിംഗ് ഹെഡിന്റെ അഭിപ്രാ
യം ഇതാണ്.

ഇതിന്റെ അനുരണനങ്ങള്‍ ചെറുകിട നഗരങ്ങളിലും പഞ്ചായത്തുകളിലും പ്രതിഫലിക്കുന്നുണ്ട്. നിക്ഷേപം എന്ന നിലയില്‍ ഭൂമി അനാകര്‍ഷകമായതോടെ പല മേഖലകളിലും വില കുറഞ്ഞിട്ടുണ്ട്. 20 മുതല്‍ 30 ശതമാനം വരെ
ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും വില കുറഞ്ഞു. കാസര്‍കോഡ്, ഇടുക്കി, വയനാട് പോലുള്ള ഗ്രാമങ്ങളില്‍ വിലയിടിവ് ഇതിലും ഏറെയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് ഇടുക്കി, വയനാട് അടക്കമുള്ള ജില്ലകളെ ബാധിച്ചത്. കൃഷി സ്ഥലങ്ങളുടേയും മറ്റും വില 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് പ്രോപ്പര്‍ട്ടിനേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ അബ്‌ജോ ജോയ് വ്യക്തമാക്കി.

അനുകൂല മാറ്റം എപ്പോള്‍

ഭൂമി വിലയില്‍ ഉടനൊരു പോസിറ്റീവ് ട്രെന്‍ഡിന് സാധ്യതയില്ലെന്ന കാര്യത്തില്‍ ഈ രംഗത്തുള്ളവര്‍ക്ക് ഒരേ സ്വരമാണ്. കേരളത്തില്‍ ഭൂമിവില ഇപ്പോള്‍ തന്നെ 30 ശതമാനത്തോളം കൂടുതലാണെന്നാണ് ഡോ.നജീബ് സഖറിയ പറയുന്നത്. ഇത് കുറയേണ്ടതുണ്ട്. മുമ്പ് എന്‍ ആര്‍ ഐ നിക്ഷേപകര്‍ തന്നെയാണ് ഈ സ്ഥിതിയിലെത്തിച്ചത്. നിലവിലുള്ള വിലയില്‍ ഭൂമി വാങ്ങി അതിനനുമതി നേടി മൂന്നോ നാലോ വര്‍ഷമെടുത്ത് പണി തീര്‍ത്താല്‍ അത്യവശ്യം ലാഭവും 3035 ശതമാനം നികുതിയും നല്‍കി വാങ്ങാവുന്ന മാര്‍ക്കറ്റ് നിലവിലില്ല. ഇപ്പോള്‍ പ്രോജക്റ്റുകളുടെ ലൊക്കേഷനനുസരിച്ച് അപ്പാര്‍ട്ട്‌മെന്റ് വിലയുടെ 3040 ശതമാനം ഭൂമി വിലയാണ്. ഇത്രയും വരുക എന്നു പറഞ്ഞാല്‍ വ്യവസായത്തിന് പിടിച്ച് നില്‍ക്കാനാകില്ല എന്നാണര്‍ത്ഥം. അതുകൊണ്ട് നഗരങ്ങളിലെ ഭൂമി ലഭ്യത കൂട്ടുകയാണ് വേണ്ടത്ഡോ.നജീബ് സഖറിയ വ്യക്തമാക്കുന്നു. വില ഉയരാനുള്ള യാതൊരു സാധ്യതയും കാണുന്നില്ലെന്നു തന്നെയാണ് കോഴിക്കോട് ഹൈലൈറ്റ് ബില്‍ഡേഴ്‌സ് ഡയറക്റ്റര്‍ മെഹബൂബും പറയുന്നത്.

എന്‍ ആര്‍ ഐ നിക്ഷേപം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് പലരും തീരുമാനം മാറ്റിവയ്ക്കുകയാണ്. പലര്‍ക്കും ജോലിയുടെ കാര്യത്തില്‍ തന്നെ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു നിക്ഷേപത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് പലരും. കേരളത്തില്‍ ഈ രംഗത്ത് നിക്ഷേപം നടത്തുന്നവരില്‍ 5060 ശതമാനവും എന്‍ ആര്‍ ഐ നിക്ഷേപകരാണ്.


ഡിമോണിറ്റൈസേഷനെ തുടര്‍ന്ന് വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കു കുറഞ്ഞതാണ് മറ്റൊരു കാരണം. ഡിമോണിറ്റൈസേഷന്‍ സൃഷ്ടിച്ച ആശങ്കയില്‍ നാലു മാസത്തെ കച്ചവടം താളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ വില്‍പ്പന ഇടിവില്‍ നല്ലൊരു ശതമാനം ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം സഹിക്കേണ്ടി വന്നു. ഇതും വിപണിയെ ബാധിച്ചു.


വിവിധ കാരണങ്ങളാല്‍ വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയുന്നതിനാല്‍ ഭൂമി വിലയില്‍ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്നാണ് തിരുവനന്തപുരം ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ പി. ഹരികുമാര്‍ പറയുന്നത്. അതേസമയം വലിയ നഗരങ്ങളില്‍ 5060 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഡിമാന്റില്‍ കുറവുണ്ടായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

ഭൂമി ഇടപാടുകള്‍ കുറയാന്‍ 10 കാരണങ്ങള്‍

1 വിദേശ മലയാളികള്‍ ഗള്‍ഫിലെ പ്രതിസന്ധി കാരണം ഭൂമിയിലെ നിക്ഷേപത്തില്‍ നിന്നും പിന്‍മാറി

2 കേരളത്തിലെ അബ്കാരി ബിസിനസിലുണ്ടായ വന്‍ തകര്‍ച്ച

3 നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന ബ്ലാക്ക് മണി ഇടപാടുകള്‍ കുറഞ്ഞു

4 അഡ്വാന്‍സ് നല്‍കിയ ശേഷം ഏജന്റുമാര്‍ ഭൂമി മറിച്ചുവില്‍ക്കുന്ന പ്രവണത അവസാനിച്ചു

5 ബിസിനസ് മേഖലയിലെ മാന്ദ്യം കൊമേഴ്‌സ്യല്‍ പ്ലോട്ടുകളുടെ ഡിമാന്റിലും ഇടിവുണ്ടാക്കി

6 വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു

7 വില്‍ക്കുന്നവര്‍ ഭൂമി വില വീണ്ടും പഴയ നിലവാരത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വില്‍പ്പന നീട്ടിവെക്കുന്നു. വാങ്ങുന്നവര്‍ ഇനിയും വില കുറയാന്‍ കാത്തിരിക്കുന്നു.

8 വില ഉയരില്ല എന്ന യാഥാര്‍ത്ഥ്യം വിപണി ഉള്‍ക്കൊള്ളാന്‍ സമയം എടുത്തേക്കും. അതോടെ വീണ്ടും വില കുറയാനാണ് സാധ്യത

9 ഭൂമി വാങ്ങി മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും വില്‍പ്പന നടത്തിയാല്‍ ആദ്യം നല്‍കിയ സ്റ്റാംപ് ഡ്യൂട്ടിയുടെ ഇരട്ടിയും ആറ് മാസത്തിനുള്ളിലാണ് വീണ്ടും വില്‍പ്പനയെങ്കില്‍ ആദ്യം നല്‍കിയ സ്റ്റാംപ് ഡ്യൂട്ടിയുടെ ഒന്നര മടങ്ങും നല്‍കണമെന്നാണ് നിയമം. ഇതാണ് ഏജന്റുമാര്‍ മുഖേനയുള്ള മറിച്ചുവില്‍പ്പനയ്ക്ക് തിരിച്ചടിയായത്.

10 കണ്‍സ്ട്രക്ഷന് അനുയോജ്യമായ ഭൂമിയുടെ ലഭ്യത നഗരത്തിനുള്ളില്‍ കുറവായതാണ് അവിടെ കച്ചവടത്തിന് തടസമായത്.

 

ലാന്‍ഡ് രജിസ്‌ട്രേഷനില്‍ വന്‍ കുറവ്


കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്‌ട്രേഷനില്‍ 102923 ഡോക്യുമെന്റുകളുടെ കുറവ് ഉണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്‌ട്രേഷനില്‍ കഴിഞ്ഞ വര്‍ഷം കുറവുണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 121.88 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മുതല്‍ രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി ആറ് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം. അതോടൊപ്പം രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീയും നല്‍കണമെന്നതിനാല്‍ ആകെ 10 ശതമാനമാണ് രജിസ്‌ട്രേഷനുള്ള ചെലവ്. ഇതാണ് സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തിയത്. 

വര്‍ഷം       ഡോക്യുമെന്റുകളുടെ എണ്ണം    ആകെ വരുമാനം
2015-16    973410   2531.89 കോടി
2016-17    870487   2653.77 കോടി
2017-18   349300   1184.63 കോടി (ഈ വര്‍ഷം ഓഗസ്റ്റ് വരെ)

 

ഏലത്തോട്ടം വില കയറി, റബര്‍ കുറഞ്ഞു

ഏലത്തിന് മാര്‍ക്കറ്റ് വില ഉയര്‍ന്നതോടെ കൃഷിഭൂമിക്കും വിലയേറി. ഇടുക്കി വയനാട് ജില്ലകളില്‍ ഏലത്തോട്ടത്തിന് 510 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ജീപ്പ് റോഡ് സൗകര്യമുള്ള ഏലത്തോട്ടത്തിന് ഏക്കറിന് 3040 ലക്ഷം രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 2025 ലക്ഷമായിരുന്നു. അന്ന് കിലോയ്ക്ക് 500600 രൂപയുണ്ടായിരുന്ന ഏലത്തിന് നിലവിലെ വില 1200 രൂപയാണ്. ഒരു കിലോ ഉണക്ക ഏലക്കായയുടെ ഉല്‍പ്പാദന ചെലവ് 700 രൂപയാണ്. നിലവിലെ വില വെച്ച് ഏക്കറൊന്നിന് ഒരു ലക്ഷം രൂപയോളമാണ് ആദായം കിട്ടുക.


നല്ല വരുമാനമുള്ള കാപ്പി, തേയില, കുരുമുളക് തോട്ടങ്ങള്‍ക്ക് ഏക്കറിന് 40 ലക്ഷമാണ് വില. വയലാണെങ്കില്‍ 10 ലക്ഷമാണ് വില. പക്ഷെ ഇത് വാങ്ങാനാളില്ല. 40 ലക്ഷം രൂപ നല്‍കി വാങ്ങുന്ന കാപ്പിത്തോട്ടത്തില്‍ നിന്ന് പരമാവധി ലഭിക്കുക വര്‍ഷം ഒന്നര ലക്ഷം രൂപയാണ്. റബര്‍ വില ഇടിഞ്ഞതോടെ തോട്ടത്തിന് വില കുറഞ്ഞെങ്കിലും പോക്കറ്റ് റോഡെങ്കിലുമുള്ള, പുരയിടമായ സ്ഥലത്തിന് കോതമംഗലം, പെരുമ്പാവൂര്‍, കൂത്താട്ടുകുളം മേഖലയില്‍ 50 ലക്ഷമെങ്കിലും നല്‍കണം. റോഡ് സൗകര്യമില്ലാത്ത നിലങ്ങളിലാണ് റബറെങ്കില്‍ 20 ലക്ഷത്തിന് ലഭിച്ചേക്കാം. കൃഷി ആദായകരമല്ലാത്തതിനാല്‍ വാങ്ങാനാളില്ല എന്നുള്ളതാണ് നിലവിലെ പ്രശ്‌നം.

 

ട്രെന്‍ഡ് ഇങ്ങനെ

കണ്ണൂര്‍

വില സ്ഥിരതയിലാണ്. കച്ചവടം അത്യാവശ്യക്കാരിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കൊമേഴ്‌സ്യല്‍ പ്ലോട്ടുകള്‍ക്കാണ് ഡിമാന്റ്. കെട്ടിടങ്ങള്‍ നഗരത്തില്‍ ഉയരുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്തിനാണ് ആവശ്യക്കാര്‍ ഏറെ.4 0 ലക്ഷമാണ് ഇവിടെ സെന്റിന് വില. ക്ലാട്ടെക്‌സ് ജംഗ്ഷന്‍ മുതല്‍ ചൊവ്വ വരെ 2030 ലക്ഷം വിലയുണ്ട്. മട്ടന്നൂരാണ ഹോട്ട് സ്‌പോട്ട്. വില 56 ലക്ഷം. എയര്‍പ്പോര്‍ട്ട് റോഡാണെങ്കില്‍ 1014 ലക്ഷം.

കോഴിക്കോട്

കാര്യമായി കച്ചവടം നടക്കുന്നില്ല. വലിയ പ്ലോട്ടുകള്‍ക്ക് പ്രവാസികള്‍ കുറഞ്ഞ തോതില്‍ ആവശ്യക്കാരായുണ്ട്. റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കും ചുരുങ്ങിയ ഡിമാന്റുണ്ട്. മാവൂര്‍ റോഡ് തന്നെയാണ് ഇപ്പോഴും ഹോട്ട് സ്‌പോട്ട്. 6065 ലക്ഷമാണിവിടെ സെന്റിന് വില. നഗരത്തില്‍ മിക്കയിടത്തും 40 ലക്ഷമാണ് നിരക്ക്. ഉള്‍പ്രദേശങ്ങളില്‍ 75000 മുതല്‍ 1.25 ലക്ഷം വരെ നല്ല ഭൂമി ലഭിക്കും. ബൈപ്പാസ് റോഡില്‍ നിരക്ക് 3540 ലക്ഷമാണ്. പക്ഷെ കരഭൂമിയായി പലതും ഇവിടെ പിരഗണിക്കുന്നില്ല.

വയനാട്

വയനാട്ടില്‍ മൂന്ന് തലങ്ങളിലായാണ് ഭൂമി വില. ശരാശരി സൗകര്യമുള്ള ഭൂമി ഏക്കറിന് 25 ലക്ഷത്തിന് ലഭിക്കും.റിസോര്‍ട്ടിന് അനുയോജ്യമായതിന് വില ഒന്നു മുതല്‍ മൂന്ന് ലക്ഷം വരെയാണ്. മാനന്തവാടി ബത്തേരി, കല്‍പ്പറ്റ പോലുള്ള സ്ഥലങ്ങളില്‍ 4050 ലക്ഷമാണ് സെന്റിന് വില. പുറം ജില്ലകളില്‍ നിന്നുള്ള കച്ചവടക്കാര്‍ എത്താതായതോടെ വില കുറഞ്ഞിട്ടുണ്ട്.

മലപ്പുറം

കൊമേഴ്‌സ്യല്‍ സ്‌പേസിനായിരുന്നു ഇവിടെ ഡിമാന്റ്. എന്നാല്‍ ചെറുകിട കച്ചവടരംഗം താറുമാറായതോടെ ഇത്തരം സ്ഥലങ്ങള്‍ക്ക് ആളില്ലാതായി. പെരിന്തല്‍മണ്ണയിലെ 2012 ല്‍ പൂര്‍ത്തിയാകാനിരുന്ന 69 അപ്പാര്‍ട്ട്‌മെന്റുകളുള്ള പാര്‍പ്പിട സമുച്ചയം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ആവശ്യക്കാരില്ലാത്തതാണ് പ്രശ്‌നം. പെരിന്തല്‍മണ്ണയാണ് ഹോട്ട് സ്‌പോട്ട്. 2530 ലക്ഷം രൂപയാണ് ഇവിടുത്തെ വില.

തിരുവനന്തപുരം

തലസ്ഥാനത്ത് ഭൂമിയിടപാട് കുറഞ്ഞിട്ടുണ്ട്. വില സ്തംഭനാവസ്ഥയിലാണ്. വിദേശ മലയാളികള്‍ വിപണി വിട്ടൊഴിഞ്ഞതാണ് പ്രധാന കാരണം. കവടിയാര്‍ ആണ് സ്ഥലവിലയില്‍ മുന്നില്‍. 30 ലക്ഷമാണ് ഇവിടെ സെന്റിന്.വെള്ളയമ്പലം, ശാസ്തമംഗലം ഭാഗങ്ങളില്‍ 25 ലക്ഷമാണ് വില. കഴക്കൂട്ടത്ത് 15 ലക്ഷവും നെയ്യാറ്റിന്‍കര ഏഴു ലക്ഷവുമാണ് വില.

കൊല്ലം

കൊല്ലത്ത് വില കുറയുന്നുണ്ട്. ചിന്നക്കട, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഭൂമി വില താഴുന്നുണ്ട്. ചിന്നക്കടയില്‍ വില 40 ല്‍ നിന്ന് 30 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ഇത് 35 ല്‍നിന്ന് 30 ആയി.

കാസര്‍കോഡ്

സ്ഥലം വാങ്ങാന്‍ ആളില്ലാത്തതാണ് കാസര്‍കോഡിന്റെ പ്രശ്‌നം. റബ്ബര്‍ തോട്ടം വില്‍പ്പന ഇല്ലെന്ന് തന്നെ പറയാം. ഏതാനും മാസം മുമ്പ് 10 ലക്ഷം കൊടുത്ത് വാങ്ങിയ സ്ഥലത്തിന് ഇപ്പോള്‍ ആറുലക്ഷമാണ് പറയുന്നത്. കാഞ്ഞങ്ങാട്ട് നഗരത്തിനടുത്ത് 25 സെന്റ് ഭൂമി അടുത്തിടെ വിറ്റത് സെന്റൊന്നിന് 1.75 ലക്ഷം രൂപ നിരക്കിലാണ്. നഗരത്തില്‍ 30 ലക്ഷം വരെ വിലയുണ്ട്. 1015 സെന്റ് സ്ഥലങ്ങള്‍ക്ക് ഡിമാന്റുണ്ട്.കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്ന പെരിയയാണ് കാസര്‍കോഡിന്റെ ഹോട്ട് സ്‌പോട്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
4
smiletear
80%
1
smile
20%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top