'റെറ' ഇംപാക്ട് : റിയല്‍ എസ്റ്റേറ്റ് രംഗത്ത് വളര്‍ച്ച മുരടിച്ചതായി റിപ്പോര്‍ട്ട്
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ 'റെറ' നിയമം കൊണ്ടുവന്നതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വളര്‍ച്ച മുരടിച്ചതായി റിപ്പോര്‍ട്ട്
facebook
FACEBOOK
EMAIL
real-estate-business-in-india-faces-unprecedented-crisis

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ 'റെറ' നിയമം കൊണ്ടുവന്നതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വളര്‍ച്ച മുരടിച്ചതായി റിപ്പോര്‍ട്ട്. പുതിയ പാര്‍പ്പിട സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ 41 ശതമാനത്തിന്റെ കുറവാണ് വന്നത്. വില്‍പ്പനയില്‍ ഏഴു ശതമാനം ഇടിവുണ്ടായെന്നും പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുളള റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങളാണ് ഏജന്‍സി പഠനവിധേയമാക്കിയത്. 

മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂനെ, ചെന്നൈ, ഹൈദരാബാദ് കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ എട്ടു നഗരങ്ങളിലെ സാഹചര്യമാണ് ഏജന്‍സി പരിശോധിച്ചത്. ഇതില്‍ ചെന്നൈ ഒഴികെ മറ്റെല്ലായിടത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടിവുണ്ടായെന്ന് പഠനം വ്യക്തമാക്കുന്നു. ഡല്‍ഹി ഉള്‍പ്പെടുന്ന നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ പരിധിയിലും അഹമ്മദാബാദിലുമാണ് പുതിയ പാര്‍പ്പിട പദ്ധതികള്‍ തുടങ്ങുന്നതില്‍ ഏറ്റവും കുറവുവന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, ജനുവരിക്ക് ശേഷം ഡല്‍ഹിയില്‍ 73 ശതമാനവും അഹമ്മദാബാദില്‍ 79 ശതമാവും മുംബൈയില്‍ 62 ശതമാനവും കുറവ്് രേഖപ്പെടുത്തി. നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ചെന്നൈ മാത്രമാണ് ഈ പട്ടികയില്‍ വേറിട്ടു നില്‍ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കൊണ്ടുവന്ന റെറ നിയമവും കേന്ദ്ര സര്‍ക്കാരിന്റെ മറ്റു നയങ്ങളുമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായതെന്നും നൈറ്റ് ഫ്രാങ്ക് ഇന്ത്യ പറയുന്നു. 

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ പാര്‍പ്പിട പദ്ധതികള്‍ തുടങ്ങുന്നതില്‍ മാത്രമല്ല വില്‍പ്പനയിലും ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന വില്‍പ്പനയേക്കാള്‍ 11 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. എന്നാല്‍ 50 ലക്ഷം രൂപയില്‍ താഴെയുളള വീടുകളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും വളര്‍ച്ചയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. മുന്‍ വര്‍ഷം ഈ വിഭാഗത്തിലുളള വീടുകളുടെ നിര്‍മാണം 52 ശതനമാനമായിരുന്നത് 72 ശതമാനമായി ഉയര്‍ന്നു. ഇത്തരം ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉയര്‍ന്ന പരിഗണനയും വിവിധ ഡിസ്‌കൗണ്ട് പദ്ധതികളും ഇതിന് കാരണമായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പ് നല്‍കുന്ന റെറ നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതോടെ ബില്‍ഡര്‍മാര്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കളില്‍നിന്നും സമാഹരിക്കുന്ന തുകയില്‍ 70 ശതമാനം ബില്‍ഡര്‍മാര്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും റെറ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. യഥാസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തടവും പിഴയും അടക്കം കര്‍ശന ശിക്ഷയും റെറ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സംരംഭകരെ പുതിയ പദ്ധതികളില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിപ്പിക്കുന്നുണ്ട്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top