പിണറായി വലത്തോട്ട്
കമ്യൂണിസ്റ്റ് വരട്ടുതത്വവാദങ്ങള്‍ക്ക് പകരം വികസനത്തിന്റെ തത്വശാസ്ത്രം മുറുകെ പിടിക്കാനാണ് പിണറായിയുടെ ശ്രമം.
facebook
FACEBOOK
EMAIL
pinarayi-vijayan-kerala-chief-minister

ശ്രീനിവാസ പ്രസാദ്

 

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതിനുശേഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ 'വലതുപക്ഷ' ചായ്‌വ് പ്രകടമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലങ്ങളായി മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും പ്രതീകങ്ങളായി കാണുന്ന ഐ.റ്റി കമ്പനികള്‍ക്കും മള്‍ട്ടിനാഷണലുകള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പ് പരവതാനി വിരിക്കുകയാണ് അദ്ദേഹം. കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കി മാറ്റുന്നതിനായി വന്‍കിട പ്രോജക്റ്റുകളില്‍ സ്വകാര്യ മൂലധന പങ്കാളിത്തം ഉണ്ടാകുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. കേരളത്തിലെ ഇടുങ്ങിയ ദേശീയ പാതകളുടെ വീതി കൂട്ടുന്നതിന് അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഇതിനര്‍ത്ഥം, ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ഒട്ടേറെ പേര്‍ക്ക് വീടും കുടിയും നഷ്ടമാകുമെന്നാണ്. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് എന്തു കാരണത്തിന്റെ പേരിലാകട്ടെ, കേരള ബ്രാന്‍ഡ് കമ്യൂണിസത്തിന് യോജിച്ചതല്ല. റെയില്‍വേ ബോര്‍ഡ് അനുമതി ലഭിച്ചാല്‍ പുതിയ അതിവേഗ റെയ്ല്‍പ്പാതയ്ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കല്‍, സ്വകാര്യ മൂലധനപങ്കാളിത്തം എന്നതുതന്നെയാണ് ഇതിന്റെ പച്ച മലയാളം.

 മാറ്റം പെട്ടെന്നല്ല

ഇത്തരം ഒരു നിലപാട് മാറ്റം പെട്ടെന്ന് സംഭവിച്ച ഒന്നല്ല. ഇലക്ഷന്‍ വിജയത്തിനു മുന്‍പ്, കഴിഞ്ഞ ജനുവരിയില്‍ പിണറായി വിജയന്‍ ഈ മാറ്റങ്ങളുടെ സൂചന നല്‍കിയിരുന്നു. എ.കെ.ജി പഠന-ഗവേഷണ കേന്ദ്രം നടത്തിയ 'കേരള വികസന സെമിനാറില്‍ അദ്ദേഹം പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭത്തെക്കുറിച്ച് പറയുകയുണ്ടായി. ഇതിന് ഒരു ദിവസം മുമ്പ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ മധ്യവര്‍ഗം നവ ലിബറല്‍ കാപ്പിറ്റലിസത്തില്‍ ചില പ്രയോജനങ്ങള്‍ കാണുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ ഇടതു പരിപാടികളില്‍ ആകൃഷ്ടരല്ലെന്നും പറഞ്ഞുവെക്കുന്നു. കാരാട്ടിന്റെയും വിജയന്റെയും വലതുപക്ഷത്തേക്കുള്ള വ്യതിയാനമായി ഇതിനെ കാണാം. സോഷ്യല്‍ ഡെമോക്രസി എന്ന ഈ ആശയം ഫലത്തില്‍ മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കലാണ്. മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളില്‍ നിന്നും രക്ഷ നേടുന്നതിനായി പിണറായിയുടെ സഹായത്തോടെ കാരാട്ട് കൃത്യമായ വലത് വ്യതിയാനം സ്വീകരിക്കുകയാണിവിടെ. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങുമ്പോള്‍ അവിടെ ബി.ജെ.പി നേട്ടം കൊയ്യാതിരിക്കണമെങ്കില്‍ ഇതാണ് ഏക മാര്‍ഗമെന്ന് അവര്‍ കരുതുന്നു.

 ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സഖ്യം തിരിച്ചടിയായി മാറിയിരിക്കുകയാണ്. അപ്പോള്‍ കാരാട്ടും പിണറായിയും വലതു വ്യതിയാനത്തിലൂടെ പുതിയ പാത വെട്ടിത്തുറക്കുകയാണ്.

 പിണറായി സ്വകാര്യ മൂലധനത്തെക്കുറിച്ച് നയം വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ പലരുടെയും നെറ്റി ചുളിയുകയാണ്. കാരണം ഇടതുമുന്നണി ഇത്തരം കാലഹരണം ചെയ്യപ്പെട്ട ആശയങ്ങളുടെ വക്താക്കളായ നേതാക്കന്മാര്‍ വളര്‍ത്തിയെടുത്ത മുന്നണിയാണ്. ഇത്തരക്കാരുടെ എതിര്‍പ്പ് ഇനിയും ശക്തമായി ഉയര്‍ന്നേക്കാം. എന്നാല്‍ പിണറായി തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. അഞ്ചു വര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ എന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. ഇത് സാധ്യമാകണമെങ്കില്‍ അടിസ്ഥാന സൗകര്യവികസനം, സ്വകാര്യ സംരഭകരോട് ഉദാരമായ നയങ്ങള്‍ തുടങ്ങിയ സമീപനങ്ങള്‍ അത്യാവശ്യമാണ്.

 ഐ.റ്റി മേഖല വഴി നിരവധി തൊഴിലവസരങ്ങള്‍ തുറന്നെടുക്കാമെന്ന് ആദ്യമായി പറയുന്ന ഇടതു നേതാവല്ല പിണറായി വിജയന്‍. 1990ല്‍ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് കമ്മീഷന്‍ ചെയ്യുന്നത് ഇടത് മുഖ്യമന്ത്രി ഇ.കെ നായനാരുടെ കാലത്താണ്. പക്ഷേ അദ്ദേഹത്തിന്റെ കാലത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ കാര്യമായി പരിഗണിച്ച മറ്റ് രണ്ട് സിപിഎം മുഖ്യമന്ത്രിമാരാണ് ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും. പക്ഷെ അവരുടേത് അര്‍ദ്ധ മനസോടെയുള്ള നീക്കങ്ങളായിരുന്നു. ഇത് കമ്പനികളെ നിരാശരാക്കി. ഇതിന് വിരുദ്ധമായി, വന്‍കിട സോഫ്റ്റ്

വെയര്‍ കമ്പനികളെയും മള്‍ട്ടിനാഷണലുകളെയും സംസ്ഥാനത്തേക്ക് ക്ഷണിക്കുമ്പോള്‍ പിണറായി വിജയന്‍ പ്രത്യയശാസ്ത്രപരമായ തടസവാദങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളും ശരീരഭാഷയും അദ്ദേഹം ബിസിനസ് മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

 എതിര്‍പ്പ് പാര്‍ട്ടിക്കുള്ളിലും

ഒട്ടും സമയം കളയാതെ അദ്ദേഹം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെ കാണുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച പദ്ധതിയില്‍ നിന്ന് പിന്നോക്കം പോകാന്‍ കാരണമെന്തായിരുന്നുവെന്ന് ആരായുന്നു. എന്നാല്‍ വിജയന്റെ ഈ നീക്കങ്ങള്‍ക്കെല്ലാം പാര്‍ട്ടിക്കുള്ളില്‍ നിന്നും, ട്രേഡ് യൂണിയനുകളില്‍ നിന്നും പ്രത്യേകിച്ച് വി.എസ് അച്യുതാനന്ദനില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാം.

 ഐ.റ്റി രംഗം പരിശോധിക്കുമ്പോള്‍ പിണറായി വിജയന്‍ താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. പക്ഷെ മറ്റു പല പദ്ധതികളുടെയും കാര്യത്തില്‍ സ്ഥിതി അതല്ല. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ സി.പി.ഐ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതൊന്നുംതന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ കേരളത്തെ വികസനത്തിന്റെ പാതയില്‍ എത്തിക്കാനുള്ള തിടുക്കത്തിലാണ് പിണറായി. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പെട്ടെന്ന് ഡല്‍ഹിയില്‍പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെ കണ്ട് പിന്തുണ തേടിയത്. 2000ത്തില്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ ചെന്നില്ലെന്നോര്‍ക്കണം.

 തുടക്കം മികച്ചത്

ഒരു കാര്യം വ്യക്തമാണ്. ഇടതുപക്ഷത്തിന്റെ വരട്ടുതത്വവാദങ്ങളെ നിശബ്ദമാക്കുന്നതിന് പിണറായി വിജയന്‍ രാഷ്ട്രീയമായി തന്നെ തയാറെടുക്കുകയാണ്. മോദിയും ഇതര കേന്ദ്രമന്ത്രിമാരുമായി അദ്ദേഹം നടത്തിയത് സൗഹൃദസംഭാഷണം മാത്രമല്ല, കേന്ദ്രത്തില്‍ നിന്ന് എന്തൊക്കെ നേടിയെടുക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഒരു പരിശോധനകൂടി സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. പിണറായി വിജയന്‍ സ്ഥാനമേറ്റിട്ട് അധികമായില്ല. അദ്ദേഹത്തെ വിലയിരുത്താനുള്ള സമയവുമായില്ല. പക്ഷെ ആദ്യത്തെ ആഴ്ചയില്‍തന്നെ കുറച്ചു കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞിരിക്കുന്നു. ലക്ഷ്യബോധമില്ലാതെ അഞ്ചുവര്‍ഷം തള്ളിനീക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥാനത്ത് നല്ല ഭരണം ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ നല്‍കാന്‍ കഴിഞ്ഞിരിക്കുന്നു.

 കേരളത്തിന് നല്ലത് ചെയ്യാനുള്ള ഉറച്ച നീക്കങ്ങളുമായി ഭരണത്തില്‍ തുടര്‍ന്നാല്‍ പിണറായിക്ക് വിമര്‍ശകരെ ഓര്‍ത്ത് അധികം ടെന്‍ഷനാവേണ്ടി വരില്ല. പിണറായി പൊതു സ്വീകാര്യനാകുന്നതോടെ അച്യുതാനന്ദനും പിന്‍വാങ്ങേണ്ടിവരും. പ്രത്യയശാസ്ത്രം പറഞ്ഞ് സി.പി.ഐ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മുതിര്‍ന്നാല്‍ അവരെയും നിശബ്ദരാക്കാന്‍ പിണറായിക്ക് കഴിയും എന്നതിന് സംശയമില്ല.

 കടപ്പാട്: www.firstpost.com. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍. 

ട്വിറ്റര്‍ ഐഡി: @sprasadindia

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top