വായ്പ വേണോ? ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തൂ
വായ്പ കിട്ടിയില്ലെങ്കില്‍ വില്ലനായിരിക്കുന്നത് നിങ്ങളുടെ ദയനീയമായ ക്രെഡിറ്റ് സ്‌കോര്‍ ആകാം
facebook
FACEBOOK
EMAIL
personal-finance-improve-your-credit-score

വായ്പക്കുള്ള അപേക്ഷ ബാങ്ക് നിരസിച്ച വിഷമത്തിലാണോ നിങ്ങള്‍? ഒരു പക്ഷേ നിങ്ങള്‍ വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടച്ചിട്ടുണ്ടാകും. വായ്പക്ക് ആവശ്യമായ രേഖകളെല്ലാം ബാങ്കില്‍ സമര്‍പ്പിച്ചിട്ടുമുണ്ടാകും. എന്നിട്ടും വായ്പ കിട്ടിയില്ലെങ്കില്‍ വില്ലനായിരിക്കുന്നത് നിങ്ങളുടെ ദയനീയമായ ക്രെഡിറ്റ് സ്‌കോര്‍ ആകാം.സിബില്‍ തുടങ്ങിയ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് ഇവ തയാറാക്കി വായ്പ നല്‍കുന്ന വര്‍ക്ക് ലഭ്യമാക്കുന്നത്. വായ്പ ലഭ്യമാകുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ള ക്രെഡിറ്റ് സ്‌കോറുകളെയാണ് ആശ്രയിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ ലഭിക്കുന്നതില്‍ മികച്ച പരിഗണന കിട്ടുന്നു. ക്രെഡിറ്റ് സ്‌കോര്‍ 700ന് മുകളിലുള്ളവര്‍ക്കാണ് 90 ശതമാനം പുതിയ വായ്പകളും ലഭിക്കുന്നതെന്ന് സിബില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നു. മികച്ച സ്‌കോറുള്ളവര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ സ്‌കോര്‍ കുറയ്ക്കുന്ന വഴികള്‍ തിരിച്ചറിയുകയാണ് പ്രധാനം.

താഴെപ്പറയുന്ന കാര്യങ്ങള്‍ വായ്പ ലഭിക്കുന്നതില്‍ നിങ്ങള്‍ക്ക് വില്ലനായേക്കാം.

വായ്പകളുടെ കൂടിയ എണ്ണം
എന്തിനും ഏതിനും വായ്പ എടുക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കിയേക്കാം. ഇവയുടെ ഒക്കെ മാസതവണ കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞാല്‍ പോലും വായ്പകളെല്ലാം നിങ്ങളെ തിരിഞ്ഞുകുത്താന്‍ ഇടയുണ്ട്. പുതിയൊരു വായ്പക്കായി അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ പഴയ വായ്പാചരിത്രമെല്ലാം പരിശോധിക്കും. 'വായ്പാ
മോഹി'യാണെന്ന തോന്നലുണ്ടാക്കാന്‍ കൂടുതല്‍ വായ്പകള്‍ കാരണമാകും. എന്നാല്‍ ഇതുകൊണ്ട് മാത്രം വായ്പ നിരസിക്കപ്പെടും എന്നര്‍ത്ഥമില്ല. കൂടുതല്‍ ചൂഴ്ന്നുള്ള പരിശോധനകള്‍ ഉണ്ടാവുമെന്നേയുള്ളു.

ഏതൊക്കെ വായ്പകളാണ് എടുത്തത്?
സ്വര്‍ണം, വാഹനവായ്പ തുടങ്ങിയ സുരക്ഷിതമായ വായ്പകളാണോ നിങ്ങള്‍ എടുത്തത്, അതോ പെഴ്‌സണല്‍ ലോണ്‍ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകളോ? ഇതും ക്രെഡിറ്റ് സ്‌കോറില്‍ പരിഗണിക്കാം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുക മുമ്പെടുത്ത വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും മാസതവണയില്‍ മുടക്കം വരുത്തുന്നതും ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തുമെന്ന് മാത്രമല്ല, ഭാവിയില്‍ വായ്പ നിരസിക്കാനും ഇടയാക്കും. വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ എത്ര വൈകി എന്നതനുസരിച്ചായിരിക്കും ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത്. കൂടുതല്‍ വൈകിയാല്‍ അത് സ്‌കോറില്‍ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണം.

വായ്പകള്‍ നേരത്തെ അടയ്ക്കുക
ഒരു ശരാശരി ഇന്ത്യക്കാരന്‍ ശ്രമിക്കുന്നത് വായ്പ മുന്‍കൂറായി അടച്ചുതീര്‍ക്കാനായിരിക്കും. എന്നാല്‍ നിങ്ങളുടെ ധാരണയ്ക്ക് വിപരീതമായി ഇതു ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കുകയാണ് ചെയ്യുന്നത്. വായ്പ എടുത്താല്‍ ഒരു വര്‍ഷമെങ്കിലും അത് നിലനിര്‍ത്തുകയാണ് നല്ലത്. ഇടയ്ക്കിടക്ക് വായ്പകളെടുക്കുകയും അത് പെട്ടെന്ന് തിരിച്ചടയ്ക്കുകയും ചെയ്യുന്നത് നല്ല ശീലമായി ബാങ്കുകള്‍ കാണുന്നില്ല. എന്തുകൊണ്ട് വായ്പ പെട്ടെന്ന് തിരിച്ചടച്ചുവെന്ന ചോദ്യവുമുണ്ടാകാം.

ക്രെഡിറ്റ് ലിമിറ്റുകളുടെ അമിത ഉപയോഗം
ക്രെഡിറ്റ് ലിമിറ്റോടുകൂടിയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നത്. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിലുള്ള തുകയുടെ അടുത്തുവരെ ഉപയോഗിക്കുന്നത് ശീലമാക്കിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമാകാന്‍ ഇടയുണ്ട്. അതുപോലെ ക്രെഡിറ്റ് കാര്‍ഡിന്റെ അമിത ഉപയോഗവും ദോഷം ചെയ്‌തേക്കാം.

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍
.ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക. സ്‌കോര്‍ മോശമാകുന്ന കാരണങ്ങള്‍ കഴിവതും ഒഴിവാക്കുക.
.ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കുക. പെഴ്‌സണല്‍ ലോണ്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം എടുക്കുക. ഇവ ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ് എന്നോര്‍ക്കുക.
.ക്രെഡിറ്റ് കാര്‍ഡ് ജാഗ്രതയോടെ ഉപയോഗിക്കുക, തിരിച്ചടവ് വൈകിക്കരുത്. ഉപയോഗമില്ലാത്ത എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുക.
.തിരിച്ചടവിലുള്ള വീഴ്ചകള്‍ ശ്രദ്ധക്കുറവുകൊണ്ട് സംഭവിക്കാം. അതുകൊണ്ട് തന്നെ തിരിച്ചടവിനെക്കുറിച്ചുള്ള റിമൈന്‍ഡറുകള്‍ ഇ-മെയ്ല്‍ ആയോ എസ്.എം.എസ് ആയോ ലഭിക്കുന്ന സംവിധാനം പ്രയോജനപ്പെടുത്തുക.
.വായ്പ ലഭിക്കും എന്നതുകൊണ്ട് പരമാവധി തുക വായ്പയെടുക്കുന്ന ശീലമുണ്ടെങ്കില്‍ ഉപേക്ഷിക്കുക. ആവശ്യമുള്ള തുക മാത്രം വായ്പ എടുക്കുക.
.വായ്പ തന്ന സ്ഥാപനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top