കള്ളപ്പണക്കാരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്; കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമുള്‍പ്പെടെ 714 ഇന്ത്യക്കാര്‍ പട്ടികയില്‍
കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബി ജെ പി എം പി ആര്‍ കെ സിന്‍ഹ എന്നിലീവരുള്‍പ്പെടെ രാജ്യത്തെ 714 കള്ളപ്പണക്കാരുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്
facebook
FACEBOOK
EMAIL
paradise-papers-with-blacklisters-714-indians-including-union-minister-and-bjp-leader
കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ എന്നിലീവരുള്‍പ്പെടെ രാജ്യത്തെ 714 കള്ളപ്പണക്കാരുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസും ചേര്‍ന്നാണ് ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പാനമ പേപ്പര്‍ ലീക്ക്‌സിന് ശേഷം പ്രമുഖരുടെ പേരുകളുള്ള വലിയ പട്ടികയാണ് പാരഡൈസ് പേപ്പറുകള്‍. 
 
നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം 'കള്ളപ്പണ വിരുദ്ധ ദിനമായി' ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തു വന്നത്. 13. 4 മില്യണ്‍ (13.4 ദശലക്ഷം) രേഖകളാണുളളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്.
 
പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണുള്ളത്. പുറത്തുവന്ന രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ കസ്റ്റമേഴ്‌സ് കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്.
 
2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ, ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതാ ദത്ത്, അമിതാഭ് ബച്ചന്‍ എന്നിവരും സണ്‍ ടി.വി, എസ്സാര്‍- ലൂപ്, എസ്.എന്‍.സി ലാവ്‌ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എം.ജി.എഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകളും പുറത്തുവന്ന രേഖകളില്‍ ഉണ്ട്. 
 
രാജ്യാന്തര തലത്തില്‍ റഷ്യന്‍ സ്ഥാപനത്തിന് ട്വിറ്ററിലും ഫേസ്ബുക്കിലുമുളള നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റന്റെ തോല്‍വിക്ക് വഴിവെച്ചത് റഷ്യന്‍ ഇടപെടലാണെന്ന ആരോപണം ശക്തമാണ്. കൂടാതെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യു.എസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നു.
 
 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top