Apr 03, 2018
പെയ്‌സ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് തിളക്കമാര്‍ന്ന നേട്ടത്തോടെ പുത്തന്‍ ചുവടുവയ്പുകള്‍
facebook
FACEBOOK
EMAIL
pace-hitech_geethu-sivakumar

ര്‍മ്മനിയിലെ റെസ്റ്റോറന്റ് ചെയിനായ LIMESന് വേണ്ടി വെബ്‌സൈറ്റും ഇ.ആര്‍.പിയും ഇ-കൊമേഴ്‌സും ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിച്ചു നല്‍കുക, അതുപയോഗിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ അവര്‍ റെസ്റ്റോറന്റുകളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിക്കുക, കാനഡയിലെ ആക്‌സിസ് എംഇപി എന്ന റിക്രൂട്ടിംഗ് ഏജന്‍സിക്കായി പോര്‍ട്ടല്‍ വികസിപ്പിച്ച് നല്‍കുക... വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവിനുള്ളില്‍ തന്നെ ഇത്തരം മികച്ച നേട്ടങ്ങളുമായി മുന്നേറുകയാണ് തലസ്ഥാനത്തെ സംരംഭമായ പെയ്‌സ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും 22കാരിയുമായ ഗീതു ശിവകുമാര്‍ എന്ന യുവസംരംഭകയും.

ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുകയാണ് പെയ്‌സ് ഹൈടെക്. 'പൊതുവായ സാങ്കേതികവിദ്യകള്‍ക്ക് പുറമേ അത്യപൂര്‍വ്വമായിട്ടുള്ള നൂതന സങ്കേതങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഞങ്ങളുടെ സവിശേഷത' ഗീതു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമന്വയിപ്പിച്ചിട്ടുള്ള ഇ.ആര്‍.പി, ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തല്‍ എന്നിവ ഉള്‍പ്പെടെ നാല് ഉല്‍പ്പന്നങ്ങളാണ് പെയ്‌സ് ഹൈടെക് വികസിപ്പിച്ചെടുത്തിട്ടുള്ളത്. കാനഡയില്‍ നിന്നുള്ള രണ്ട് പ്രോജക്ടുകള്‍ക്ക് പുറമേ ടെക്‌നോപാര്‍ക്കിലെ ചില കമ്പനികളുടെയും പ്രോജക്ടുകളാണ് ഇപ്പോള്‍ പെയ്‌സ് ഹൈടെക് ഏറ്റെടുത്തിരിക്കുന്നത്.

പഠനവും ബിസിനസും ഒരുമിച്ച്

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കവേ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളിയുടെ ഫെലോഷിപ് ഗീതു കരസ്ഥമാക്കിയിരുന്നു. പ്ലസ് വണ്‍ പഠനകാലത്ത് ഐ.റ്റി മിഷനും ടെക്‌നോപാര്‍ക്കും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാന ഐ.റ്റി ഫെസ്റ്റില്‍ മികച്ച വെബ് ഡെവലപ്പര്‍ സ്ഥാനം നേടിയതും 2012ല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ജപ്പാന്‍ സന്ദര്‍ശിച്ചതുമാണ് സംരംഭകത്വത്തിലേക്ക് ചുവടുവയ്ക്കാന്‍ ഗീതുവിന് പ്രേരണയേകിയത്. തലസ്ഥാനത്തെ ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജില്‍ പഠനം നടത്തവേ കോളെജിന്റെ വെബ്‌സൈറ്റും മറ്റും ചെയ്തിരുന്ന ഗീതു അവിടെ ഇന്‍കുബേറ്റര്‍ അവതരിപ്പിച്ചപ്പോള്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചു. 2015 ലായിരുന്നു ഇത്.

സര്‍വ്വീസ് അധിഷ്ഠിത പ്രോജക്ടുകളാണ് അക്കാലയളവില്‍ ഗീതു ചെയ്തിരുന്നത്. സംസ്ഥാന ശാസ്ത്രഭവന്‍ സംഘടിപ്പിച്ച ഒരു പ്രോഗ്രാമില്‍ വച്ച് ബീറ്റ ഗ്രൂപ്പ് ചെയര്‍മാനായ ഡോ.ജെ.രാജ്‌മോഹന്‍ പിള്ളയെ പരിചയപ്പെട്ട ഗീതുവിന് അദ്ദേഹം ബീറ്റ ഇന്റലിജന്‍സില്‍ ചില അവസരങ്ങള്‍ നല്‍കി. അത് ഫലപ്രദമായി നിര്‍വ്വഹിച്ചതോടെ ഗീതുവിന്റെ സ്റ്റാര്‍ട്ടപ്പിനെ കഴിഞ്ഞ വര്‍ഷം ബീറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തു. 'ബീറ്റ ഗ്രൂപ്പിന്റെ ഭാഗമായതോടെ ചെറുതും വലുതുമായ പ്രോജക്ടുകള്‍ക്ക് പുറമേ വിദേശ പ്രോജക്ടുകളും ലഭ്യമായി' ഗീതു പറഞ്ഞു. പെയ്‌സ് ഹൈടെക്കിന്റെ പ്രവര്‍ത്തനം കഴിയുന്നത്ര വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് രാജ്യാന്തര തലത്തിലുള്ള മികച്ച പ്രോജക്ടുകള്‍ നിര്‍വ്വഹിക്കണമെന്നതാണ് ഗീതുവിന്റെ ലക്ഷ്യം. ഡോ.ജെ. രാജ്‌മോഹന്‍ പിള്ളയാണ് കമ്പനിയുടെ ചെയര്‍മാന്‍.

വിപണിയിലെ മത്സരത്തെ നേരിടുന്നതിനായി മാര്‍ക്കറ്റിംഗില്‍ ശക്തമായ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ രൂപീകരിക്കുന്നതിനും ഗീതു തയ്യാറെടുക്കുന്നു. ഇരുപത് ജീവനക്കാരാണ് പെയ്‌സ് ഹൈടെക്കിലുള്ളത്. സ്റ്റാര്‍ട്ടപ് തുടങ്ങിയപ്പോഴുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും ഗീതുവിനോടൊപ്പമുണ്ട്. കവടിയാറാണ് ഗീതുവിന്റെ സ്വദേശം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top