Apr 05, 2018
ന്യൂ ഇന്ത്യ ഗ്ലോബല്‍ മെഡിക്ലെയിം പോളിസി വിദേശ ചികിത്സ നടത്താം, ഇന്‍ഷുറന്‍സ് സംരക്ഷണത്തോടെ
ലോകത്തൊട്ടാകെയുള്ള 99 പ്രമുഖ ആശുപത്രികളെ വിദേശ ചികിത്സക്കായി കമ്പനി എംപാനല്‍ ചെയ്തിട്ടുണ്ട്
facebook
FACEBOOK
EMAIL
new-india-global-mediclaim-policy

രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് സംരംഭമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്ന ഏറ്റവും പുതിയ പോളിസിയാണ് ന്യൂ ഇന്ത്യ ഗ്ലോബല്‍ മെഡിക്ലെയിം പോളിസി. വിദേശ രാജ്യങ്ങളിലെ ചികിത്സകള്‍ക്ക് ഈ പോളിസി മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ആരോഗ്യ സംരക്ഷണ രംഗത്ത് ഇന്ത്യയില്‍ മതിയായ ചികിത്സാ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ചില പ്രത്യേകതരം അസുഖങ്ങള്‍ക്ക് വിദേശത്തെ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഗ്ലോബല്‍ മെഡിക്ലെയിം പോളിസി രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്.

കാന്‍സര്‍, ന്യൂറോസര്‍ജറി, കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റ് സര്‍ജറി, ഹാര്‍ട്ട് വാല്‍വ് സര്‍ജറി, അവയവമാറ്റം, മജ്ജ മാറ്റിവക്കല്‍ എന്നീ രോഗങ്ങളുടെ ചികിത്സക്കാണ് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുക. ഇത്തരം ചികിത്സകള്‍ ഇന്ത്യക്ക് പുറത്തുള്ള ആശുപത്രികളില്‍ ചെയ്യുമ്പോഴുണ്ടാകുന്ന ചികിത്സാ ചെലവുകള്‍ക്ക് പോളിസിയിലൂടെ കവറേജ് ലഭിക്കും. ലോകത്തൊട്ടാകെയുള്ള 99 പ്രമുഖ ആശുപത്രികളെ വിദേശ ചികിത്സക്കായി കമ്പനി എംപാനല്‍ ചെയ്തിട്ടുണ്ട്. വിദേശ ചികിത്സ തുടങ്ങുന്നതിന് മുന്‍പ് ലോകത്തെ ഒരു പ്രമുഖ മെഡിക്കല്‍ കേന്ദ്രത്തില്‍ നിന്നും ഒരു സെക്കന്റ് ഒപ്പീനിയന്‍ ഉപഭോക്താവ് നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പോളിസി പ്രയോജനകരമാകും.

പോളിസിയിലെ രïണ്ട് പ്ലാനുകള്‍

പോളിസിയിലെ രണ്ട് പ്ലാനുകളില്‍ നിന്നും ഒന്ന് ഉപഭോക്താവിന് തെരെഞ്ഞെടുക്കാം. ഏഷ്യന്‍ രാജ്യങ്ങളിലെ ആശുപത്രികളില്‍ മാത്രം ചികിത്സ നടത്താവുന്നതാണ് ആദ്യത്തെ പ്ലാന്‍. ഇതുപ്രകാരം കുറഞ്ഞത് 0.5 മില്യണ്‍ ഡോളര്‍ മുതല്‍ പരമാവധി ഒരു മില്യണ്‍ ഡോളര്‍ വരെ ചെലവുള്ള ചികിത്സ നടത്താം. 30 വയസ് പ്രായമുള്ള ഒരു വ്യക്തി ഇതിലേക്കായി കുറഞ്ഞത് 9003 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. രണ്ടാമത്തെ പ്ലാന്‍ മുഖേന ഒരു മില്യണ്‍ ഡോളര്‍ മുതല്‍ പരമാവധി രണ്ട് മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുന്ന ചികിത്സ നേടാം. ഇതിനുള്ള ഏറ്റവും കുറഞ്ഞ പ്രീമിയം തുക 11453 രൂപയാണ്. ഗ്ലോബല്‍ മെഡിക്ലെയിം പോളിസിയുടെ പ്രീമിയം രൂപയായി സ്വീകരിക്കുകയും വിദേശത്തെ ക്ലെയിമുകള്‍ നേരിട്ട് തീര്‍പ്പാക്കുകയുമാണ് കമ്പനി ചെയ്യുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ചികിത്സക്കായി പോളിസി ഉടമകള്‍ക്ക് അവരുടെ ജീവിത കാലയളവിനുള്ളില്‍ പരമാവധി ഒരു മില്യണ്‍ ഡോളറും ആഗോളതലത്തിലെ ചികിത്സയ്ക്കായി പരമാവധി രണ്ട് മില്യണ്‍ ഡോളറും മാത്രമേ ക്ലെയിം ചെയ്യാനാകൂ.

ആര്‍ക്കൊക്കെ പോളിസി നേടാം?

ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും എട്ട് ലക്ഷമോ അതിലധികമോ തുകയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള ആര്‍ക്കും ഈ പോളിസി ലഭിക്കും. 18 വയസ് മുതല്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഈ പോളിസി എടുക്കാം. ഇന്ത്യയിലെ ചികിത്സകള്‍ക്കോ പരിശോധനകള്‍ക്കോ ഇതിലൂടെ കവറേജ് ലഭിക്കുകയില്ല. ഇന്ത്യയില്‍ സ്ഥിരതാമസമായിട്ടുള്ളവര്‍ക്ക് മാത്രമായതിനാല്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് ഈ പോളിസിയിലൂടെ കവറേജ് ലഭിക്കുകയില്ല. പോളിസിക്കായുള്ള മെഡിക്കല്‍ പരിശോധനയുടെ ചെലവ് ഉപഭോക്താവ് വഹിക്കണം. എന്നാല്‍ പോളിസി ലഭിച്ചാല്‍ പരിശോധനകള്‍ക്ക് ചെലവായ തുകയുടെ 50 ശതമാനം തിരികെ ലഭിക്കും.

പോളിസിയുടെ മറ്റ് ആനുകൂല്യങ്ങള്‍

  • പോളിസി ഉടമയ്ക്ക് പ്രതിവര്‍ഷം 3000 ഡോളര്‍ വരെയുള്ള യാത്രാ ചെലവുകള്‍ ലഭിക്കും
  • രോഗിയെ അനുഗമിക്കുന്ന വ്യക്തിയുടെ യാത്രാ ചെലവും ലഭിക്കും.
  • വിദേശത്തെ താമസ ചെലവിനായി പ്രതിദിനം 330 ഡോളര്‍ വീതം ലഭിക്കും.
  • ഡോണറുടെ യാത്രാ, താമസ ചെലവുകളും പോളിസി മുഖേന ലഭിക്കും
  • ഭാഷാ സഹായത്തിന് ട്രാന്‍സിലേറ്ററുടെ സഹായം ലഭിക്കും
  • പോളിസി ഉടമ മരണമടഞ്ഞാല്‍ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ 15000 ഡോളര്‍ ലഭിക്കും.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top