Jul 27, 2017
കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍
കേരളത്തിലെ കുടുംബ ബിസിനസ് സംരംഭങ്ങളില്‍ നിന്ന് പൊതുവെ കേള്‍ക്കാത്ത ഒട്ടേറെ പുതുമകളും ശൈലികളും അവതരിപ്പിച്ച് വേറിട്ട വഴിയിലൂടെ നടന്നു മുന്നേറുന്നു നവാസ് മീരാന്‍
facebook
FACEBOOK
EMAIL
navas-m-meeran-on-family-business

 

ടി എസ് ഗീന

ശാന്തമായൊരു സമുദ്രത്തിന് മുഖാമുഖം ഇരുന്നുള്ള സംവാദത്തിന് സമാനമാണ് നവാസ് മീരാനുമൊത്തുള്ള സംഭാഷണം. അലയൊടുങ്ങിയ കടല്‍ പോലുള്ള മനസില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് വ്യക്തതയും മൂര്‍ച്ചയും വ്യാഖ്യാനങ്ങളും ഏറെ. കേരളത്തില്‍ നിന്ന് 16 വിദേശ രാജ്യങ്ങളുടെ വിപണിയിലേക്ക് വളര്‍ന്ന ഒരു കുടുംബ ബിസിനസ് സംരംഭത്തിന്റെ രണ്ടാംതലമുറയുടെ ഈ പ്രതിനിധി, കേരളത്തിന്റെ ബിസിനസ് സമൂഹത്തില്‍ ഇതിനകം സൃഷ്ടിച്ചിരിക്കുന്നത് ഒട്ടനവധി പുതുമകളാണ്. ഒരുപക്ഷേ നവാസ് മീരാന്‍ എന്ന വ്യക്തിക്കു മാത്രം സാധിക്കുന്ന ചിലത്. 

1983ല്‍ അടിമാലിയില്‍ എം.ഇ മീരാന്‍ എന്ന ദീര്‍ഘദര്‍ശിയായ സംരംഭകന്‍ തുടക്കമിട്ട സംരംഭത്തിലേക്ക് മകനായ നവാസ് മീരാന്‍ കടന്നെത്തുന്നത് 1992ലാണ്. അതിനും ഏറെ മുമ്പേ, പത്താം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ മുതല്‍ ഈ മകന്‍ പിതാവിനൊപ്പം യാത്ര തുടങ്ങിയിരുന്നു. പ്രതിദിനം 100 കിലോ കറിപ്പൊടികളും മസാലകളും വില്‍ക്കുക എന്ന സ്വപ്‌നമായിരുന്നു ഒരു കാലത്ത് ആ പിതാവിനെ മുന്നോട്ടു നയിച്ചതെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ പ്രതിദിനം ഒരു ലക്ഷം കിലോ വില്‍ക്കുന്ന തലത്തിലേക്കാണ് കമ്പനിയെ വളര്‍ത്തിയത്.

കുടുംബ ബിസിനസിന്റെ ചുക്കാന്‍ പിടിച്ച് വടവൃക്ഷസമാനം നിന്നിരുന്ന പിതാവ് മണ്‍മറഞ്ഞപ്പോള്‍ പതറാതെ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോയ നവാസ്, പിന്നീട് നടപ്പാക്കിയതെല്ലാം പുതുമയേറെയുള്ള കാര്യങ്ങളായിരുന്നു.

43ാം വയസിലാണ് നവാസ് മീരാന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവി സഹോദരന് കൈമാറുന്നത്.
നവാസിന്റെ നീക്കം ഇപ്പോള്‍ കാലം ശരിയെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് 1200 കോടി രൂപ വിറ്റുവരവുള്ള ഗ്രൂപ്പിന്റെ ചെയര്‍മാനാണ് നവാസ് മീരാന്‍. സഹോദരന്‍ ഫിറോസ് മീരാന്റെ സാരഥ്യത്തില്‍ ഗ്രൂപ്പ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1500 കോടി രൂപയിലേക്കാണ് കുതിക്കുന്നത്. ഗ്രൂപ്പിനു കീഴിലെ ഓരോ കമ്പനിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
സംരംഭകത്വം രക്തത്തില്‍ അലിഞ്ഞ വികാരമായി കൊണ്ടുനടക്കുന്ന നവാസ് ഇന്നും തേടുന്നത് പുതുമകള്‍ തന്നെയാണ്. ലാഭകണ്ണോടെ മാത്രം നടക്കുന്നുവെന്ന് പൊതുസമൂഹം വിശ്വസിക്കുന്ന ഭവന നിര്‍മാണ മേഖലയില്‍ മാനുഷിക സ്പര്‍ശമോടെയുള്ള ഇടപെടലാണ് അദ്ദേഹമിപ്പോള്‍ നടത്തുന്നത്. പലകാരണങ്ങള്‍ കൊണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തന്നെ കൈയൊഴിഞ്ഞ ഭവന പദ്ധതികള്‍ ഏറ്റെടുത്ത്, ആ പദ്ധതിയില്‍ നിക്ഷേപം നടത്തിയവരുടെയും സഹകരണത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കുന്ന നന്മ ഹോംസ് നവാസിന്റെ വേറിട്ട ആശയമാണ്. ഇന്ന് ഏഴ് പദ്ധതികള്‍ നന്മ ഹോംസിന് കീഴിലുണ്ട്. പത്തും പതിനൊന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടെന്ന സ്വപ്‌നത്തിനായി പലരും നിക്ഷേപിച്ച ഈ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചപ്പോള്‍ കണ്ണില്‍ ഇരുട്ട് നിറഞ്ഞത് നൂറ് കണക്കിനാളുകളുടെയാണ്. നന്മ ഹോംസിന്റെ ആദ്യ പദ്ധതി കൈമാറിയപ്പോള്‍, താക്കോല്‍ ഏറ്റുവാങ്ങാനെത്തിയ പലരും നവാസിന്റെ കരം കവര്‍ന്ന് കണ്ണുകള്‍ ഈറനണിഞ്ഞു നിന്നു. 

സമൂഹത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കാനുള്ള ഭൂമിക, സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ മികച്ച ചികിത്സയ്ക്കായി ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തില്‍ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം സൃഷ്ടിക്കാനുള്ള തീരുമാനം ഇവയൊക്കെ നവാസിനെ വ്യത്യസ്തനാക്കുന്നു.

നവാസ് മീരാനോട് ഇഷ്ട സംസാര വിഷയം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം സംരംഭകത്വം എന്നതാകും. സംരംഭകത്വത്തെ കുറിച്ചും സംരംഭങ്ങളെ കുറിച്ചുമുള്ള പുസ്തകങ്ങളാണ് അദ്ദേഹം ഏറെ വായിക്കുന്നതും. നവാസ് മീരാനുമായുള്ള സംഭാഷണത്തില്‍ നിന്ന്...

പണമുണ്ടാക്കലല്ല ലക്ഷ്യം, സംരംഭം കെട്ടിപ്പടുക്കല്‍

പണമുണ്ടാക്കലും സംരംഭം കെട്ടിപ്പടുക്കലും തമ്മില്‍ അന്തരമേറെയുണ്ടെന്ന് പറയും നവാസ് മീരാന്‍. ഈസ്റ്റേണ്‍ ഗ്രൂപ്പിലേക്ക് സജീവമായി കടന്നുവന്ന ആദ്യനാളുകളില്‍ തന്നെ നവാസ് ശ്രദ്ധിച്ചത് കരുത്തുറ്റ സംരംഭം കെട്ടിപ്പടുക്കാനാണ്. അങ്ങേയറ്റം സിസ്റ്റമാറ്റിക്കായ, തീഷ്ണമായ സംരംഭക ചിന്തകളുള്ള പിതാവ് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ സുതാര്യവും കരുത്തുറ്റള്ളതുമായ ബാലന്‍സ് ഷീറ്റ് വേണമെന്ന തിരിച്ചറിവുണ്ടായിരുന്നു. ''നമുക്ക് വേണമെങ്കില്‍ സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് ഒരു കോടി രൂപ കള്ളക്കണക്കെഴുതി അടിച്ചുമാറ്റാം. പക്ഷേ കമ്പനിയുടെ മൂല്യത്തെ സംബന്ധിച്ചിടത്തോളം അത് 35 കോടിയുടെ നഷ്ടമുണ്ടാക്കും. അതായത് 50 കോടി വിറ്റുവരവുള്ള ഒരു കമ്പനിയുടെ വാല്വേഷന്‍ കണക്കാക്കുമ്പോള്‍ 50ത35 കോടി രൂപയാകും. ഇതില്‍ ഒരു കോടി മാറിയാല്‍ ഫലത്തില്‍ കുറയുന്നത് 35 കോടി രൂപയാണ്. ഈ ധാരണ പലര്‍ക്കുമില്ല. ഓര്‍ഗനൈസേഷന്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അതുകൊണ്ടു തന്നെ കണക്കുകള്‍ ആദ്യമേ സുതാര്യമാക്കണം. സംരംഭം അതോടെ വളര്‍ച്ചയിലേക്ക് കടക്കും. പണം പിന്നാലെ വരും.''

നവാസിനെ സംബന്ധിച്ചിടത്തോളം ഇത് വെറും വാക്കല്ല. പ്രവര്‍ത്തിച്ച് തെളിയിച്ച കാര്യമാണ്. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഓഡിറ്റിംഗ് 1997 ല്‍ എസ്ബി ബിലിമോറിയയെ ആണ് നവാസ് ചുമതലപ്പെടുത്തിയത്. ഈ കമ്പനിയെ പിന്നീട് ഡിലോയ്റ്റ് ഏറ്റെടുത്തപ്പോള്‍ അവരായി ഗ്രൂപ്പിന്റെ ഓഡിറ്റര്‍മാര്‍. 2004ല്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഭക്ഷ്യ സംസ്‌കരണരംഗത്തെ ഒരു കമ്പനിയില്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം വരുന്നത് ഈസ്റ്റേണിലാണ്. ഇതിന് ഇടയാക്കിയത് വ്യക്തവും സുതാര്യവും ശക്തവുമായ ബാലന്‍സ് ഷീറ്റാണ്. സംരംഭത്തിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ പല സംരംഭകര്‍ക്കും പിഴവ് പറ്റുന്നത് ഈ കാര്യത്തിലാണെന്നും നവാസ്. ''സംരംഭത്തിന്റെ ഓഡിറ്റിംഗ് ചുരുങ്ങിയ ചെലവില്‍ പ്രാദേശികതലത്തില്‍ നിന്നുള്ള വിദഗ്ധരെ വെച്ചു നടത്താം. അല്ലെങ്കില്‍ രാജ്യാന്തരതലത്തിലെ പ്രൊഫഷണല്‍ ഏജന്‍സികളെ നിയോഗിക്കാം. മതിയായ കാഷ് ഫ്‌ളോയും വളരാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ പ്രൊഫഷണലുകളെ തന്നെ ചിത്രത്തില്‍ കൊണ്ടുവരണം. ബിസിനസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ തീരുമാനങ്ങള്‍, പോര്‍ട്ട് ഫോളിയോ മാനേജ്മെന്റ്, പ്രൊഫഷണലുകളെ നിയമിക്കല്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇതുമൂലം വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും.''

അബദ്ധം കാണിക്കാന്‍ അവസരം കൊടുക്കുക

സംരംഭങ്ങളെ വളര്‍ത്താന്‍ പ്രൊഫഷണലുകളെ നിയോഗിക്കാറുണ്ട് ഭൂരിഭാഗം പേരും. എന്നാല്‍ ഇവരുടെ ഭാഗത്തുനിന്നും അബദ്ധങ്ങള്‍ പറ്റുമ്പോഴേക്കും അവരുടെ സ്ഥാനം തെറിപ്പിക്കും. പക്ഷേ അവരെ അബദ്ധങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മൂന്നോ നാലോ ചാന്‍സ് കഴിയുമ്പോള്‍ തന്നെ അവര്‍ ഓര്‍ഗനൈസേഷന്റെ സംസ്‌കാരവും സാധ്യതകളും കൃത്യമായി മനസിലാക്കും. പിന്നീടവര്‍ ശ്രദ്ധയോടെ ശരിയായ ചുവടുവെപ്പുകള്‍ തന്നെ നടത്തുമെന്ന് നവാസ് വ്യക്തമാക്കുന്നു. ''നമ്മള്‍ ഒരു പ്രൊഫഷണലിനെ നിയമിക്കുമ്പോള്‍ നമുക്കുള്ളതുപോലെ അവര്‍ക്കുമുണ്ടാകും പ്രതീക്ഷകള്‍. അവരുടെ പ്രതീക്ഷകള്‍ അറിഞ്ഞ് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഞങ്ങളുടെ പല കമ്പനികളിലും പ്രൊഫഷണലുകള്‍ക്ക് വിയര്‍പ്പോഹരി നല്‍
കിയിട്ടുണ്ട്. പണമല്ല പ്രധാനം. കോര്‍പ്പറേറ്റ് കമ്പനി തന്നെയാണ്.''

വേണ്ടത് 360 ഡിഗ്രിയിലുള്ള ഇടപെടല്‍

ഒരാള്‍ക്ക് ഒരു കമ്പനി നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. ചിലപ്പോള്‍ രണ്ടെണ്ണം. എന്നാല്‍ വിഭിന്നങ്ങളായ മേഖലയില്‍ സാന്നിധ്യമുള്ള കുടുംബ ബിസിനസിനെ കോര്‍പ്പറേറ്റ് കമ്പനിയാക്കുമ്പോള്‍ ഗ്രൂപ്പിനു കീഴിലെ എല്ലാ കമ്പനികളുടെയും പ്രതിദിന നടത്തിപ്പിലെ എല്ലാ കാര്യങ്ങളിലേക്കും സംരംഭകന്‍ കടന്നെത്തിയാല്‍ ബിസിനസ് തകരാന്‍ ആ കാരണം മാത്രം ധാരാളം.

സംരംഭത്തിലെ എല്ലാ തലത്തിലും സംരംഭകമനസുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം. ''പപ്പ ഈസ്റ്റേണില്‍ കല്ലില്‍ കൊത്തിവെച്ചതുപോലെ സിസ്റ്റം നടപ്പാക്കിയിട്ടാണ് വിടവാങ്ങിയത്. ഞാനും ഫിറോസും കടന്നുവരുമ്പോള്‍ അതൊന്നും മാറ്റേണ്ട സാഹചര്യമേ ഇല്ലായിരുന്നു. പക്ഷേ ഞങ്ങള്‍ സംരംഭത്തിനുള്ളില്‍ കുറേ സംരംഭകരെ സൃഷ്ടിച്ചു.''

ഈസ്റ്റേണിലെ ജീവനക്കാരെ സംരംഭകരാക്കിയാണ് നവാസ് മാറ്റിയത്. സെയ്ല്‍സ് ടീമിലെ വര്‍ഷങ്ങളുടെ നുഭവസമ്പത്തുള്ളവര്‍ക്ക് അവര്‍ ഓടിച്ചിരുന്ന കമ്പനി വാഹനം സ്വന്തമായി കൊടുത്തു. ഒപ്പം സെയ്ല്‍സ് ബിസിനസിന്റെ അവരുടെ വിഹിതവും. ഇത്തരത്തില്‍ 56 ഓളം ജീവനക്കാര്‍ സംരംഭകരായി മാറി. ഇന്ന് ഇവരില്‍ ഭൂരിഭാഗവും പ്രതിവര്‍ഷം 3-4 കോടി രൂപ വിറ്റുവരവുള്ള ബിസിനസ് നടത്തുന്നു.

ഗ്രൂപ്പ് കമ്പനികളുടെ സാരഥ്യത്തില്‍ അനുയോജ്യരായവരെ കണ്ടെത്തിയതും ഇതുപോലെ തന്നെയാണ്. ''ഈസ് ടീയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സെസില്‍ ജോസ് പപ്പയുടെ കാലം മുതല്‍ കമ്പനിക്കൊപ്പമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിനാണെങ്കില്‍ കമ്പനിയുടെ ഓരോ കാര്യത്തിലും സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. അതെപ്പോഴും തുറന്നു പറയുകയും ചെയ്യും. ഒരു ദിവസം ഞാന്‍ എറണാകുളത്തു നിന്ന് അടിമാലിയിലേക്കുള്ള യാത്രയില്‍ സെസിലിനെയും കൂട്ടി. ആ യാത്ര തീര്‍ന്നപ്പോള്‍ സെസില്‍ ഈസ് ടീയുടെ സാരഥിയായി നിയമിക്കപ്പെട്ടു. പ്രതിമാസം 60 ടണ്‍ തേയില വില്‍പ്പന നടക്കുമ്പോഴാണ് സെസില്‍ കമ്പനിയുടെ ചുമതല ഏല്‍ക്കുന്നത്. ഇന്ന് പ്രതിമാസ വില്‍പ്പന 300 ടണ്ണാണ്.''

ഗ്രൂപ്പിനു കീഴിലെ ഏക ലിസ്റ്റഡ് കമ്പനിയായ ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ മാര്‍ക്കറ്റ് കാപ് ഒരു ഘട്ടത്തില്‍ 100 കോടി കവിഞ്ഞിരുന്നു. ഇത്തരത്തില്‍ തിളക്കമാര്‍ന്ന പ്രകടനം ആ കമ്പനിക്ക് കാഴ്ചവെക്കാന്‍ കാരണമാകുന്നത് അതിന്റെ ചീഫ് എക്‌സിക്യൂട്ടിവ് മിടുക്കനായതിനാലാണെന്ന് നവാസ് പറയുന്നു. ''ഈസ്റ്റേണ്‍ ട്രെഡ്‌സിനുവേണ്ടി എത്ര പ്ലാന്‍ വേണമെന്നു പറഞ്ഞാലും പുതിയ പുതിയ ആശയങ്ങളുമായി അതിന്റെ സാരഥി രാജേഷ് വരും. ഇന്ന് രാജേഷ്, ഒരു കാര്യം പറയുമ്പോള്‍ അതിന്റെ സൂക്ഷ്മതലത്തിലേക്ക് ഇറങ്ങി ചെല്ലാതെ അനുമതി നല്‍കും. ആ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാകാം കമ്പനിയെ അദ്ദേഹത്തിന് വളര്‍ത്താന്‍ സാധിക്കുന്നത്.''

ചട്ടങ്ങളെ വെല്ലുവിളിക്കുക

നവാസ് പറയും നമ്മളെല്ലാവരും ശീലങ്ങളുടെ തടവറയിലാണെന്ന്. സംരംഭകരെ സംബന്ധിച്ചിടത്തോളം ഇത് ആത്മഹത്യാപരമാണ്. കാലങ്ങളായി തുടര്‍ന്നുപോരുന്ന ശീലങ്ങളെ വെല്ലുവിളിക്കാന്‍ എപ്പോള്‍ ധൈര്യം കാട്ടുന്നുവോ അപ്പോള്‍ മുതല്‍ സംരംഭം വളര്‍ച്ചാ പാതയിലേക്ക് കടക്കുമെന്ന് പറയുന്നു നവാസ്.

''പപ്പ മരിച്ച് ഒരു വര്‍ഷത്തോളം അദ്ദേഹം ചെയ്തിരുന്ന പല കാര്യങ്ങളും അതേ പടി തന്നെ ഞാന്‍ തുടര്‍ന്നു. അടിമാലിയിലെ ഓഫീസില്‍ എല്ലാ ശനിയാഴ്ചയുമെത്തി ഓരോ കാര്യങ്ങളിലും ഇടപെട്ട് നേരിട്ട് തീരുമാനമെടുത്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. 15 വര്‍ഷവും അതിലേറെക്കാലവും കമ്പനിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് അവര്‍ എല്ലാവരും തന്നെ. ഞാന്‍ അവരോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ, നിങ്ങള്‍ക്ക് പപ്പയോടൊപ്പം പ്രവര്‍ത്തിച്ച് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നോടൊപ്പം ഒരു വര്‍ഷത്തേയും. ഇനി തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുത്തുകൂടെ?,''

ഈ ചോദ്യം അതിവേഗം മാറ്റം കൊണ്ടുവന്നുവെന്ന് നവാസ് പറയുന്നു. ജീവനക്കാര്‍ സ്വന്തം ആശയങ്ങളുമായി മുന്നോട്ടുവരാന്‍ തുടങ്ങി. മുകളില്‍ നിന്ന് തീരുമാനമൊന്നും വരില്ല ശരിയും തെറ്റും വിശകലനം ചെയ്ത് മികച്ച തീരുമാനം സ്വയമെടുക്കണമെന്ന തിരിച്ചറിവ് ഇവരെ ശാക്തീകരിച്ചു. ''3000ത്തിലേറെ ജീവനക്കാരുള്ള കമ്പനിയില്‍ ഒരിടത്തു നിന്ന് നോക്കികൊണ്ട് എല്ലാ കാര്യത്തിലും അതിവേഗം കൃത്യമായ തീരുമാനം എടുക്കാന്‍ പറ്റിയെന്നിരിക്കില്ല. അങ്ങനെ വേണമെങ്കില്‍ അതുമാത്രം ചിന്തിച്ചിരിക്കണം. ശീലങ്ങളുടെ ആ തടവറ ഭേദിച്ചതോടെ സത്യത്തില്‍ വളര്‍ച്ചയാണുണ്ടായത്,''

കുറ്റപ്പെടുത്തല്‍ കൊണ്ട് നേട്ടമുണ്ടാകില്ല കുടുംബ ബിസിനസില്‍ വലിയ അബദ്ധങ്ങളും നവാസ് ചെയ്തിട്ടുണ്ട്. ആ അബദ്ധമാണ് പിന്നീട് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ നാഴികകല്ലായതെന്നും നവാസ് നിരീക്ഷിക്കുന്നു. പിതാവ് നല്‍കിയ എട്ടര കോടിയോടെയാണ് നവാസ് ഈസ്‌റ്റേണ്‍ ട്രെഡ്‌സ് തുടങ്ങുന്നത്. മകന് പരമാവധി പ്രവര്‍ത്തന സ്വാതന്ത്ര്യവും പിതാവ് നല്‍കി. പക്ഷേ ചുവടുവെപ്പുകള്‍ പലതും പിഴച്ചു. പത്ത് കോടി നഷ്ടമെന്ന നിലയിലേക്ക് കമ്പനിയെത്തി. തന്റെ പിഴവുകള്‍ വികാരാധീനനായി തന്നെ മകന്‍ പിതാവിനോട് ഏറ്റുപറഞ്ഞു. മകനെ കുറ്റപ്പെടുത്താതെ പിതാവ് കൂടെ നിന്ന് കമ്പനിയെ ലാഭവഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. അതോടെ ബിസിനസ് വിപുലീകരണം എടുത്തുചാടി നടത്തേണ്ട ഒന്നല്ലെന്നും പ്രൊഫഷണല്‍ സേവനവും കാഴ്ചപ്പാടും വേണമെന്ന നിലപാടും വന്നു. 

കുടുംബ ബിസിനസില്‍ വേണം സുസജ്ജമായ പിന്തുടര്‍ച്ചാക്രമം

വെറും 43ാം വയസില്‍ കുടുംബ ബിസിനസില്‍ താരതമ്യേന പുതുമുഖമായ സഹോദരനെ സാരഥ്യം ഏല്‍പ്പിച്ച് മാറുക പൊതുവേ കേള്‍ക്കാത്ത കാര്യമാണിത്. നവാസ് ഇത് ചെയ്തതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ഏതൊരു കുടുംബ ബിസിനസിനെ സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ റിസ്‌ക് അതിന്റെ ബിസിനസ് പിന്തുടര്‍ച്ച തന്നെയാണ്. കുടുംബ ബിസിനസിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തി അപ്രതീക്ഷമായി ഒരുദിനം ഇല്ലാതെ വന്നാല്‍ ദിശാബോധം നഷ്ടപ്പെട്ട് സംരംഭം അലയരുത്. അതിന്  സാരഥ്യത്തില്‍ കരുത്തുറ്റ ലീഡര്‍ തന്നെ വേണം. ഈ തിരിച്ചറിവില്‍ നിന്നാണ് 27 കാരനായ സഹോദരന്‍ ഫിറോസിനെ മാനേജിംഗ് ഡയറക്റ്റര്‍ ആക്കുന്നത്.

''കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ സമിതികളില്‍ പങ്കാളിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചതോടെ രാജ്യത്തെ കുടുംബ ബിസിനസിലെ പുതിയ പ്രവണതകളും റിസ്‌കുകളും അറിയാന്‍ സാധിച്ചു. അക്കാര്യങ്ങളെല്ലാം ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് ഗ്രൂപ്പിന് വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ഒരു കമ്പനിയില്‍ നിന്ന് മാറി നിന്നാലും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. ഫിറോസ് ഒരു വിസ്മയിപ്പിക്കുന്ന ലീഡറായി വളര്‍ന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം.''
വളര്‍ച്ചയുടെ മുകള്‍ ശ്രേണിയിലൂടെ കടന്നുപോകുന്ന സംരംഭങ്ങള്‍ക്ക് ഓരോ വര്‍ഷവും മിന്നുന്ന പ്രകടനം തുടര്‍ച്ചയായി കാഴ്ചവെയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഈസ്റ്റേണ്‍ ഇപ്പോള്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനു കാരണം വൈബ്രന്റായ ന്യൂ ജനറേഷന്‍ ലീഡര്‍ഷിപ്പ് തന്നെയാണെന്ന് നവാസ് ഊന്നി പറയുന്നു. ''കഴിഞ്ഞ 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ ഇത്രമാത്രം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച മറ്റൊരു കമ്പനിയുണ്ടാകില്ല,'' നവാസ് തന്റെ പിന്‍ഗാമിയുടെ കഴിവിനെ വസ്തുതകള്‍ കൊണ്ട് വിലയിരുത്തുന്നത് ഇങ്ങനെയാണ്.

അസാമാന്യ കരുത്തുള്ള വാഹനത്തിലേറി മിന്നല്‍ വേഗത്തില്‍ യാത്ര ചെയ്യാനാണ് നവാസിന് എന്നും ഇഷ്ടം. ബിസിനസില്‍ വേഗതയ്‌ക്കൊപ്പം സൂക്ഷ്മതയ്ക്കുമുണ്ട് മുന്‍തൂക്കം.

മുന്‍തലമുറ രക്തം വിയര്‍പ്പാക്കി കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ, അതിനെ ആശ്രയിച്ചു നില്‍ക്കുന്ന കുടുംബങ്ങളെ ഉന്നതിയിലേക്ക് നയിക്കുക എന്നത് തന്നെയാണ് നവാസിന്റെ ലക്ഷ്യം. അതിനായി സഞ്ചരിക്കുന്നത് അധികമാരും നടക്കാത്ത വഴിയിലൂടെയും. നവാസ് മീരാന്‍ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
50%
1
grin
50%
0
angry
0%
 
Back to Top