വന്‍ ലാഭവുമായി മുത്തൂറ്റ് ഫിനാന്‍സ്
വന്‍ ലാഭവുമായി മുത്തൂറ്റ് ഫിനാന്‍സ്, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നേട്ടം 1180 കോടി
facebook
FACEBOOK
EMAIL
muthoot-finance-on-a-high-profit
മുത്തൂറ്റ് ഫിനാന്‍സിന് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 1180കോടിരൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 46 ശതമാനം വര്‍ദ്ധനയാണ് കമ്പനി നേടിയത്. 2015-16ല്‍ 810കോടിരൂപയായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ലാഭം. സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ മാത്രം 322കോടിരൂപ ലാഭം കൈവരിക്കാനും കമ്പനിക്കായി. മുന്‍ സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 22ശതമാനം വര്‍ദ്ധനയാണിത്. റീടെയില്‍ ലോണുകളുടെ ആസ്തി 24,379കോടിയില്‍നിന്ന് 27,278 കോടിയായി ഉയര്‍ത്താനും നിഷ്‌ക്രിയ ആസ്ഥി 1.07 ശതമാനമായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചതായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
 
കഴിഞ്ഞവര്‍ഷം ആകെ 5747 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. സ്ഥിരതയുളള സര്‍ക്കാരിന്റെ ശക്തമായ സാമ്പത്തിക നയങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നതായി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പിന്റെ ആസ്തികളില്‍ അഞ്ചു ശതമാനത്തോളം സബ്‌സിഡിയറി കമ്പനികളാണ് സംഭാവന ചെയ്തത്. വരും വര്‍ഷങ്ങളില്‍ സബ്‌സിഡിയറി കമ്പനികളുടെ ആസ്തി പത്തു ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഗ്രൂപ്പിന്റെ ഭവനവായ്പാ കമ്പനി കഴിഞ്ഞ സാമ്പത്തികവര്‍ഷം 441 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. നടപ്പുസാമ്പത്തികവര്‍ഷം ഇത് 567 കോടിയായി ഉയര്‍ത്താനാണ് പദ്ധതിയെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, റിസര്‍വ്വ്ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ 64.60 ശതമാനം ഓഹരികളും മുത്തൂറ്റ് ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും കമ്പനി ഏറ്റെടുത്തു. ശ്രീലങ്കന്‍ സബ്‌സിഡിയറി കമ്പനിയായ ഏഷ്യ അസറ്റ് ഫിനാന്‍സിലും മുത്തൂറ്റ് ഹോം ഫിന്‍ ഇന്ത്യയില്‍ കമ്പനിയുടെ ഓഹരിവിഹിതം ഉയര്‍ത്തുകയും ചെയ്തു. ശ്രീലങ്കയില്‍ ലോണ്‍ വിതരണത്തില്‍ 26ശതമാനം വളര്‍ച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. 
 
നിലവില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4307 ശാഖകളാണുളളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി നടത്തിയതെന്നും ചെയര്‍മാന്‍ അറിയിച്ചു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top