Sep 28, 2017
സമ്മര്‍ദമേറുന്നു, മോദി തിരുത്തുമോ
സര്‍ക്കാറിന്റെ സാമ്പത്തീക നയങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേയും വാദങ്ങള്‍ ഒടുവില്‍ തെറ്റാണെന്ന് തെളിയുന്നു
facebook
FACEBOOK
EMAIL
modi-under-pressure-in-demonetization

സര്‍ക്കാറിന്റെ സാമ്പത്തീക നയങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേയും വാദങ്ങള്‍ ഒടുവില്‍ തെറ്റാണെന്ന് തെളിയുന്നു. തളരുന്ന ജി.ഡി.പി.

നിരക്കും വളരുന്ന തൊഴിലില്ലായ്മയും രാജ്യത്തെ പിന്നോട്ടടിക്കുന്നുവെന്ന വിമര്‍ശനങ്ങളുയരുമ്പോള്‍ വിപണിയില്‍ അടിയന്തിര ഇടപെടലുകള്‍ക്കുതകുന്ന നയങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍. അധികാരത്തിലേറി രണ്ട് വര്‍ഷം കഴിയുമ്പോള്‍ മുതല്‍ മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. സാമ്പത്തിക തളര്‍ച്ച ഉമ്മറപ്പടിയും കടന്ന് ഇങ്ങ് അടുക്കളവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാരും ഒടുവില്‍ അത് സമ്മതിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷവും തുടര്‍ച്ചയായി ജി.ഡി.പി താഴ്ന്ന് 5.7 ശതമാനത്തിലെത്തിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുടിയനായ പുത്രനെന്ന് വിശേഷിപ്പിക്കാവുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യവെടി പൊട്ടിച്ചത്.പിന്നീട് എസ്. ഗുരുമൂര്‍ത്തി അടക്കമുള്ളവരും ഏറ്റുപിടിച്ചു. സുബ്രഹ്മണ്യന്‍ സ്വാമി ബി. ജെ. പി.യുടെ രാജ്യസഭ എം പിയാണ്. ഗുരുമൂര്‍ത്തിയാകട്ടെ പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവും. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാരിന്റെ സാമ്പത്തിക തൊഴില്‍ നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുമായി ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി എം എസും രംഗത്തുണ്ട്. ഇതു തന്നെയാണ് മോദിയേയും ബി.ജി.പി സര്‍ക്കാരിനേയും സമ്മര്‍ദത്തിലാക്കുന്നത്.

നോട്ടു നിരോധനത്തിന്റ ദുരിതം പേറിയ കാര്‍ഷിക-ചെറുകിട രംഗത്തെ 95 ശതമാനവും സാമ്പത്തീക ആവശ്യങ്ങളും അസംഘടിത മേഖലയില്‍ നിന്നാണ് നിറവേറ്റിയിരുന്നത്. ഈ മേഖലയില്‍ പണം ചുരുങ്ങിയതോടെ 360-480 ശതമാനം പലിശ നിരക്കിലാണ് ചെറുകിട-കാര്‍ പണം സംഘടിപ്പിക്കുന്നതെന്ന് ഗുരുമൂര്‍ത്തി പറയുമ്പോള്‍ മോദിയെ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. തൊഴിലവസരങ്ങള്‍ കുറയുന്നതും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ പിരി്ച്ചു വിടലുകള്‍ക്കുമെതിരെയാണ് ബി എം എസ് വിമര്‍ശനമഴിച്ച് വിടുന്നത്.


രാജ്യത്ത് ചെറുകിട, സ്വയം തൊഴില്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ 2015-16 ല്‍ 24.4 ശതമാനം കുറഞ്ഞു. വ്യവസായവളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ 0.4 ശതമാനമായി താണു! കാര്‍ഷിക വളര്‍ച്ച 1.7 ശതമാനത്തിലേക്ക് താണു. 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കില്‍ -അതാണ് സര്‍ക്കാര്‍ ലക്ഷ്യം- അതുവരെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 10-12 ശതമാനത്തില്‍ നിലനിര്‍ത്തേണ്ടിവരുമെന്ന് കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി പറയുന്നു. നോട്ടു നിരോധനവും, ജി എസ് ടിയും, ഒപ്പം ഗോവധ നിരോധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഇതില്‍ നോട്ടുനിരോധനം വന്നപ്പോള്‍ വായ്പക്കായി അസംഘടിതമേഖലയെ ആശ്രയിച്ച കാര്‍ഷിക മേഖലയടക്കം 90 ശതമാനം ചെറുകിടമേഖലയും പ്രതിസന്ധിയിലായി. ഗോവധ നിരോധനം ശക്തമായി നടപ്പാക്കിയതിനാല്‍ ഉല്‍പ്പാദന ക്ഷമമല്ലാത്ത ഉരുക്കളെ വിറ്റ് അത്യാവശ്യ കാര്യങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുമുണ്ടായി. ജി എസ് ടിയുടെ പാകപ്പിഴകള്‍ വരുത്തിയ വിന കൂനിന്‍മേല്‍ കുരുവുമായി.

ഈ സാഹചര്യത്തില്‍ വേണം നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ഇനിയങ്ങോട്ടുള്ള നടപടികളെ കാണാന്‍. 2019 ലെ പൊതു തെരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് ജൈത്രയാത്ര തുടരുന്ന പ്രധാനമന്ത്രിയെ പുതിയ ധനകാര്യവാര്‍ത്തകള്‍ സമ്മര്‍ദത്തിലാഴ്ത്തും. ആദ്യവര്‍ഷങ്ങളില്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമാക്കാനുള്ള കടുത്ത നടപടിയും പിന്നീട് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന അവസാന വര്‍ഷങ്ങളില്‍ വോട്ടു വീഴുന്ന ജനകീയ പദ്ധതികളും. ഇതിന്റെ ആനുകൂല്യത്തില്‍ കിട്ടുന്ന ഭരണ തുടര്‍ച്ച. ഈ ലക്ഷ്യത്തിനാണ് ഇപ്പോള്‍ മാര്‍ഗതടസമുണ്ടായിരിക്കുന്നത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഉത്തരവാദിത്വം മോദിയില്‍ മാത്രമൊതുങ്ങുന്നു.ഇതിനായി എണ്ണയിട്ട യന്ത്രം പോലെ ഇനിയുള്ള കാലം പ്രവര്‍ത്തിക്കേണ്ടി വരും പ്രധാനമന്ത്രിയുടെ ഓഫീസ്. കാരണം തെരഞ്ഞെടുപ്പില്‍ മോദിയാണ് ബി ജെ പിയുടെ മുഖം. മോദി മാത്രം.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top