Jul 27, 2017
ഫാമിലി ബിസിനസ്: കസേര കൈമാറാം, പ്രശ്‌നങ്ങളില്ലാതെ
ഫാമിലി ബിസിനസുകളിലെ പിന്തുടര്‍ച്ചാവകാശം പ്രശ്‌നരഹിതമായി നടപ്പില്‍ വരുത്താ ന്‍ വേണം ചില പുതിയ ചിന്തകളും മാര്‍ഗങ്ങളും
facebook
FACEBOOK
EMAIL
mayur-t-dhalal-on-family-business

മയൂര്‍ ടി. ദലാല്‍
പ്രശസ്തനായ വെല്‍ത്ത് കോച്ച്, ഫാമിലി ബിസിനസ് കണ്‍സള്‍ട്ടന്റ്. അമേരിക്കയിലെ പ്രമുഖ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനങ്ങളായ ദലാല്‍ കാപ്പിറ്റല്‍ അഡ്വൈസേഴ്‌സ്, ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് എന്നിവയുടെ സി.ഇ.ഒ. ഈ വര്‍ഷത്തെ ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റിലെ മുഖ്യ പ്രഭാഷകന്‍ കൂടിയാണ് മയൂര്‍ ടി. ദലാല്‍.

ഫാമിലി ബിസിനസ് ഒരു പുതിയകാല വിഷയമല്ല. കഴിഞ്ഞ ഇരുന്നൂറ് വര്‍ഷത്തിലേറെയായി ഇത്തരം സംരംഭങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്. ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ഫാമിലി ബിസിനസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്താണ്? അധികാരക്കൈമാറ്റം തന്നെ. 

ലോകത്തിന്റെ പല ഭാഗത്തുമുള്ള സംരംഭകര്‍ക്ക് ഫാമിലി ഗവേണന്‍സ്, ബിസിനസ് ഗവേണന്‍സ്, ക്രോസ് ബോര്‍ഡര്‍ പ്ലാനിംഗ് എന്നിങ്ങനെയുള്ള മേഖലകളില്‍ വിദഗ്‌ധോപദേശം നല്‍കുന്ന കമ്പനിയാണ് ഞങ്ങളുടേത്. ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയിട്ടുള്ള കാര്യം എന്താണെന്നോ? കുടുംബ ബിസിനസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്ന വിഷയം അടുത്ത തലമുറയിലേക്ക് അധികാരം കൈമാറുന്നതാണ്.

സംരംഭം തുടങ്ങിയ ആദ്യ തലമുറക്കാര്‍ക്ക് ബിസിനസുമായി വളരെ അഗാധമായ അടുപ്പമായിരിക്കും, ഇവരുടെ ധാര്‍മികത വളരെ ശക്തവുമായിരിക്കും. ഇത്തരത്തിലുള്ള നൂറോളം കുടുംബങ്ങളുമായി ഇടപഴകിയതിലൂടെ ഞങ്ങള്‍ക്ക് അവരുടെ ചിന്തകളെക്കുറിച്ച് ഒരു ധാരണ ലഭിച്ചിട്ടുണ്ട്. പല മുതിര്‍ന്ന ബിസിനസുകാരും വിശ്വസിക്കുന്നത്, പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യവും സമ്പത്തും നല്‍കിയാല്‍ അവരുടെ ശ്രദ്ധ ആഡംബര ജീവിതരീതികളിലേക്ക് മാറുമെന്നും സ്വന്തമായ കഴിവുകള്‍ ഇല്ലാതാകും എന്നുമാണ്. അതോടൊപ്പം, സ്വയം അധ്വാനിച്ച് പണം സമ്പാദിക്കേണ്ടതിന്റെ ആവശ്യവും ന്യൂ ജെന്‍ പ്രതിനിധികള്‍ക്ക് നഷ്ടപ്പെടുമെന്നും സീനിയര്‍ തലമുറ കരുതുന്നുണ്ട്.

പ്രായമായിക്കൊണ്ടിരിക്കുന്ന ഫസ്റ്റ് ജനറേഷന്‍ സാരഥികളും സെക്കന്റ് ജനറേഷനും തമ്മിലുള്ള ബന്ധത്തിലെ പ്രധാന തലവേദന ഈ ചിന്താഗതിയാണ്. പ്രതിഭാശക്തിയും വിവേകവും തമ്മിലുള്ള അകലം വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ആദ്യതലമുറക്കാരുടെ ശ്രദ്ധ, സാമാന്യം ഭേദപ്പെട്ട വളര്‍ച്ചയ്ക്കൊപ്പം ബിസിനസ് നിലനിര്‍ത്തുക എന്നതിലാണ്. പക്ഷേ, യുവതലമുറക്ക് വേണ്ടത് വേഗത്തിലുള്ള ബിസിനസ് വളര്‍ച്ചയാണ്. ഈ ആശയവൈരുദ്ധ്യം അധികാരം കൈമാറുന്ന കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. കുറ്റപ്പെടുത്താനും അവിശ്വസിക്കാനും മാത്രം ശ്രമിക്കുന്നതുകൊണ്ട് ബിസിനസിലേക്ക് പുതുതായി എത്തുന്ന കുടുംബാംഗങ്ങള്‍ക്ക് വേണ്ട വ്യക്തതയും മികച്ച ആശയവിനിമയവും ഉറപ്പുവരുത്താന്‍ ഇവര്‍ക്ക് കഴിയുകയുമില്ല.

ഓരോ കുടുംബത്തിന്റെയും വീക്ഷണം അവ്യക്തമാകുക എന്നൊരു ഊരാക്കുടുക്കാണ് ഇതോടെയുണ്ടാകുക. കാഴ്ച വ്യക്തമല്ലെങ്കില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവും മങ്ങും, അങ്ങനെ ടീം വര്‍ക്കിന് പകരം കുറേ ആഗ്രഹങ്ങള്‍ മാത്രമായിരിക്കും ഈ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം.

അഭിപ്രായങ്ങള്‍ കേള്‍ക്കൂ സ്വന്തം അഭിപ്രായങ്ങള്‍ പറയാനുംമറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും കഴിയണം. എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് ഈ അവസരം ലഭിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ അധികാരക്കൈമാറ്റം സുഗമമാകുകയുള്ളു. യുവതലമുറയെ പ്രചോദിപ്പിക്കാനും ബിസിനസില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താ
നും എന്താണ് ആവശ്യമെന്ന് മനസിലാക്കാനും ഇതിലൂടെ കഴിയും. ഈ സ്ഥാപനത്തിന്റെ കുലപതികള്‍ അവരുടെ ജീവിതയാത്ര ബിസിനസുമായി ബന്ധപ്പെട്ട എല്ലാവരുമായി പങ്കുവയ്ക്കണം എന്നതും പ്രധാനമാണ്. യുവതലമുറയില്‍ പെട്ടവര്‍ക്ക് വ്യത്യസ്തമായ പലവിധ കഴിവുകളുണ്ടാകും, അവ അംഗീകരിക്കാന്‍ കഴിയുന്ന എളിമയുണ്ടാകണം മുതിര്‍ന്നവരുടെ മനസില്‍. പലര്‍ക്കും പല സവിശേഷതകളുണ്ട്. അവയുടെയെല്ലാം ഏറ്റവും മികച്ച കാര്യങ്ങള്‍ ബിസിനസില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.

മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പിന്മുറക്കാര്‍ക്ക് മാര്‍ഗദര്‍ശികളും വഴികാട്ടികളുമായി മാറാനാണ് ബിസിനസ് സ്ഥാപകര്‍ ശ്രമിക്കേണ്ടത്. അല്ലാതെ സംരംഭം ഭരിക്കാനും പഴയതുപോലെ നിലനിര്‍ത്തിക്കൊണ്ടുപോകാനുമല്ല.

പല കുടുംബങ്ങളിലും സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ബിസിനസ് പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരും, വീട്ടിലെ അഭിപ്രായവ്യത്യാസങ്ങള്‍ ബിസിനസിലേക്കും.

അതോടെ എല്ലാവരും പലവിധ ന്യായീകരണങ്ങളുണ്ടാക്കും, ജോലിയില്‍ അലംഭാവവും ഉദാസീനതയുമുണ്ടാകും. ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ വളരെ വിഷമയമാകും അന്തരീക്ഷവും, ഇവിടെ നിന്ന് പ്രസരിക്കുന്ന എനര്‍ജിയും. യാതൊരുവിധ ആത്മാര്‍ത്ഥതയുമില്ലാത്ത, വിയോജിപ്പുകള്‍ നിറഞ്ഞ ഒരു കുടുംബമാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്.

ഈ സ്ഥിതിയെ വിശേഷിപ്പിക്കുന്ന പഴഞ്ചൊല്ലുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഷര്‍ട്ട്സ്ലീവ്സ് റ്റു ഷര്‍ട്ട് സ്ലീവ്സ് ഇന്‍ ത്രീ ജനറേഷന്‍സ് അല്ലെങ്കില്‍ റൈസ് പാഡി റ്റു റൈസ് പാഡി ഇന്‍ ത്രീ ജനറേഷന്‍സ്. മുന്‍ തലമുറ ഉണ്ടാക്കിയെടുത്തതെല്ലാം കുടുംബ ബിസിനസിലെ മൂന്നാമത്തെ തലമുറയാകുമ്പോഴേക്കും നശിക്കും എന്നര്‍ത്ഥം.

കുടുംബത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ എല്ലാവര്‍ക്കും പൊതുവായി എന്താണ് ഗുണകരം എന്നതിനെക്കുറിച്ച് ബിസിനസിന്റെ ഭാഗമായ ആളുകള്‍ക്കെല്ലാം അറിവുണ്ടായിരിക്കാം. എല്ലാ തരത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയണം. ആരാണ് ശരി എന്നല്ല എന്താണ് ശരി എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഫാമിലി ബിസിനസിന്റെ തുടക്കം

ഇന്ത്യയില്‍ റീട്ടെയ്ല്‍ ബിസിനസ് എന്ന ആശയം വ്യാപകമായത് 18501950 കാലഘട്ടത്തിലാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികവിപണിയില്‍ വന്‍തോതില്‍ വില്‍ക്കപ്പെട്ടിരുന്ന സാഹചര്യമായിരുന്നു സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്നത്.

കേരളത്തിലാകട്ടെ, കുടുംബ ബിസിനസുകള്‍ ഏറെയും ഹാന്‍ഡ്ലൂം, പവര്‍ലൂം തുണിത്തരങ്ങള്‍, റബര്‍, മുള, കയര്‍, ഖാദി ഉല്‍പ്പന്നങ്ങള്‍, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, മല്‍സ്യോല്‍പ്പന്നങ്ങള്‍, കശുവണ്ടി, ഖനനം, ടൂറിസം, ഭക്ഷ്യസംസ്‌കരണം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലായിരുന്നു.

കുടുംബ ബിസിനസുകളുടെ ഒരു പ്രത്യേകത, മുതിര്‍ന്നവരില്‍നിന്ന് പുതിയ തലമുറയ്ക്ക് പലതും പഠിക്കാന്‍ കഴിയും എന്നതാണ്. തൊഴിലിലെ ധാര്‍മികത, ആത്മാര്‍ഥത, തുറന്ന പങ്കുവയ്ക്കല്‍, എളിമ എന്നീ നാല് മൂല്യങ്ങളുടെ കരുത്തിലാണ് തലമുറകളായി പല ഫാമിലി ബിസിനസുകളും വളര്‍ന്നത്.

ലക്ഷ്യം നൂറ് വര്‍ഷത്തെ വളര്‍ച്ച

പല മേഖലകളിലുമുള്ള ഒട്ടേറെ കുടുംബ ബിസിനസുകളെക്കുറിച്ച് പഠിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും നേരിടുന്ന പ്രശ്‌നങ്ങളുമായി താദാത്മ്യം പ്രാപിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഫാമിലി ബിസിനസുകള്‍ക്ക് നൂറ് വര്‍ഷത്തെ വളര്‍ച്ചയും വിജയവും നേടാനും അത് നിലനിര്‍ത്താനും കഴിയുന്ന ഒരു ബൗദ്ധിക മൂലധനം വികസിപ്പിച്ചെടുക്കാനും സാധിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി പല കുടുംബ ബിസിനസുകളുടെയും സ്ഥാപകരില്‍ നിന്ന് അധികാരം അടുത്ത മേധാവിയിലേക്ക് സുഗമമായി കൈമാറാന്‍ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെ ആദ്യ തലമുറയിലുള്ളവര്‍ക്ക് പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരമായി, കുടുംബത്തിന്റെ തകര്‍ച്ചയും ഒഴിവായി. വൈകാരികമായ സ്വാതന്ത്ര്യത്തോടൊപ്പം പ്രൊഫഷണല്‍, ഫിനാന്‍ഷ്യല്‍ തലങ്ങളിലുള്ള സ്വാതന്ത്ര്യവും ചേര്‍ന്നുള്ള ഒരു കൂട്ടാണ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയത്.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്ന ചില കാര്യങ്ങള്‍ അടിസ്ഥാനമാക്കി, വളരെ വൈകാരികമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു സംവിധാനമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ഏത് തലമുറയിലുള്ളവര്‍ക്കും യോജിക്കുന്ന ഒരു സിസ്റ്റം. കുടുംബത്തിലുള്ള എല്ലാ അംഗങ്ങളുടെയും വൈകാരികമായ സ്വാതന്ത്ര്യവും സംതൃപ്തിയും സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും. ഏറ്റവും കുഴപ്പം പിടിച്ച പദവി കൈമാറ്റങ്ങള്‍ പോലും ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. അതോടൊപ്പം, സ്വന്തം ജീവിതയാത്രയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ചിന്തകളും വളരെ സ്വതന്ത്രമായി പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയിലുള്ള വര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും. ഒരു സംരംഭകന്റെ ചിന്തകള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് മാറ്റി, സാധ്യമാക്കാന്‍ കഴിയുന്ന ഒരു വലിയ വളര്‍ച്ചയിലേക്ക് തിരിച്ചുവിട്ടാല്‍ എന്ത് സംഭവിക്കും? ഈ പുതിയ ചിന്താഗതി തികച്ചും വ്യത്യസ്തമായ ഒരു നേതൃത്വത്തിന് കാരണമാകും.

അതോടെ പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജവും ലഭിക്കും. മാത്രമോ? തങ്ങളുടെ മുന്‍ഗാമികളോടുള്ള ആദരവ് പതിന്മടങ് വര്‍ധിക്കുകയും ചെയ്യും.

ചുരുക്കത്തില്‍, പല തലത്തിലായി സംഭവിക്കേണ്ട ഒരു കാര്യമാണ് കുടുംബ ബിസിനസുകളിലെ അധികാരക്കൈമാറ്റം. ഫാമിലി ബിസിനസ് സക്‌സഷന്‍ (ബിസിനസ് കൈമാറ്റം), ഫാമിലി പാട്രിയാര്‍ക് സക്‌സഷന്‍ (കുടുംബ നാഥന്റെ അധികാരമാറ്റം), ഇമോഷണല്‍ ലീഡര്‍ഷിപ്പ് സക്‌സഷന്‍ (വൈകാരികതലത്തിലുള്ള നേതൃത്വമാറ്റം) എന്നിങ്ങനെയുള്ള വിവിധ തലങ്ങളുണ്ട് ഈ പ്രശ്‌ന പരിഹാരത്തിന്.

അകന്നുനില്‍ക്കാം അധികാരത്തില്‍ നിന്ന്

പഴയ തലമുറയിലുള്ളവര്‍ക്ക് പിന്‍ഗാമികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരിക്കും? അത് ഗിഫ്റ്റ് ഓഫ് ഡിറ്റാച്ച് മെന്റാണ്. അതായത്, പദവിയുടെ അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കല്‍. ഇതോടെ സ്വയം സ്വതന്ത്രമാകാനും കമ്പനിയെ സ്വയം പര്യാപ്തമാക്കാനും അവര്‍ക്ക് കഴിയും. ടെക്‌നോളജിയിലും മറ്റുമുള്ള അറിവ് ഉപയോഗിച്ച് ബിസിനസിന്റെ വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടുത്താന്‍ യുവതലമുറയ്ക്കും സാധ്യമാണ്. പല തലമുറകളിലേക്ക് വികസിക്കുന്ന ഒരു ബിസിനസിന്റെ വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ ഉറപ്പുവരുത്തേണ്ടത് ഒന്നുമാത്രം. ഓരോരുത്തര്‍ക്കുമുള്ള സവിശേഷമായ കഴിവുകള്‍ അംഗീകരിക്കുക, പരസ്പരമുള്ള ഇഷ്ടത്തോടെ അളവില്ലാതെ പങ്ക് വയ്ക്കുക.

സോഷ്യല്‍ മീഡിയയുടെ പ്രചാരവും എല്ലാവിധ സംരംഭങ്ങളുടെയും വാണിജ്യവല്‍ക്കരണവും ബിസിനസിന്റെ ലാഭസാധ്യതയില്‍ വരുത്തിയ സമ്മര്‍ദം ഏറെയാണ്. ഈ മാറിയ കാലഘട്ടത്തില്‍ നിലനില്‍ക്കാനും വിജയിക്കാനും ഒരു വഴിയേയുള്ളു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങള്‍ക്കും മൂല്യം നല്‍കുക. ഇതോടെ ജീവിതത്തിലും ബിസിനസിലുമുള്ള ഒത്തൊരുമ വര്‍ധിക്കും, പരസ്പരം മനസിലാക്കിക്കൊണ്ടുള്ള സഹായങ്ങള്‍ ഓരോരുത്തരിലും എത്തുകയും ചെയ്യും. ഉല്‍പ്പാദനക്ഷമത, മികവ് എന്നിവയ്ക്ക് സഹാനുഭൂതിയും ഐക്യവുമായി നേരിട്ട് ബന്ധമുണ്ട് എന്നതാണ് സത്യം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top