Nov 09, 2017
ആവശ്യമുണ്ട് തൊഴിലാളികളെ
ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്കില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ തെങ്ങുകയറ്റത്തിന് മുതല്‍ കടകളില്‍ നില്‍ക്കാന്‍ വരെ ആളെ കിട്ടാനില്ല!
facebook
FACEBOOK
EMAIL
manpower-crisis-is-the-major-problem-in-india

ദൃശ്യം ഒന്ന് 
കരിപ്പൂര്‍ വിമാനത്താവളം സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതോടെ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന സുഹൃത്തിനെ കൂട്ടാനെത്തിയതാണ്. വിമാനത്താവളത്തില്‍ കണ്ട ബംഗാളി യുവാക്കളെ കണ്ട് വിവരം തിരക്കി. അവരൊക്കെ കൊല്‍ക്കത്തയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ ഫ്‌ളൈറ്റ് കാത്തിരിക്കുന്നവരാണ്.

ദൃശ്യം രണ്ട്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പറന്നുയര്‍ന്ന ഫ്‌ളൈറ്റിന്റെ അകത്തളം കൊച്ചിയിലെ ഒരു ബിസിനസുകാരന്‍ തൊട്ടരികിലെ സീറ്റിലെ സഹയാത്രികനെ നോക്കി. പരിചിത മുഖം. ഓഫീസില്‍ പൂന്തോട്ടം വെട്ടിയൊരുക്കാന്‍ വരുന്ന ഇതര സംസ്ഥാനക്കാരനാണ്. എവിടേക്ക് പോകുന്നു വെന്ന ചോദ്യത്തിന് ഉത്തരം വന്നു: നാട്ടിലേക്ക്

ദൃശ്യം മൂന്ന്

കോഴിക്കോട് നടക്കാവിലെ ഓട്ടോമൊബീല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോറൂം രഘുനാഥ് കര്‍ത്ത എന്ന യുവ സംരംഭകന്‍ തന്റെ കഥ പറയുന്നു. പുതിയ സ്‌പെയര്‍പാര്‍ട്‌സ് ഷോറൂം തുറക്കാന്‍ കടയെടുത്തു. അകത്തളം പ്രത്യേക റാക്കുകള്‍ പിടിപ്പിച്ച് സുന്ദരമാക്കണം. കടയില്‍ നില്‍ക്കാന്‍ പറ്റുന്ന യുവാക്കളെ വേണം. ഇപ്പറഞ്ഞ രണ്ടിനും പിന്നാലെ ഓടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ പണിക്കാരെ കിട്ടുന്നില്ല. ഒടുവില്‍ ഒരാളെ കിട്ടി. പാര്‍ട്ടൈം ആയി ആഴ്ചകള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കി. അപ്പോഴും അടുത്ത പ്രശ്‌നം ബാക്കി. കടയില്‍ നില്‍ക്കാന്‍ ആളില്ല. ഓരോ മാസവും ഓരോരുത്തര്‍ എന്ന നിലയില്‍ കട ഓടിച്ചുപോകുകയാണെന്ന് രഘുനാഥ്.

ദൃശ്യം നാല്

കൊച്ചിയിലെ ഒരു വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഉടമയോട് ചോദിച്ചു എന്തേ കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നില്ല? മറുപടി ഉടന്‍ വന്നു. ഇലക്ട്രിക്കല്‍, പ്ലംബിംഗ് പണി തീര്‍ക്കണ്ടേ? പണിക്കാരെ കിട്ടാനില്ല. എന്തു ചെയ്യാനാ?

ദൃശ്യം അഞ്ച്

തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ഔഷധസസ്യങ്ങളടക്കമുള്ള വിശാലമായ നഴ്‌സറിയുടെ ഉടമ രായിരത്ത് സുധാകരന്‍ കൃഷി അനുഭവം പറയുന്നു.

ഏക്കറുകണക്കിന് പാടത്ത് നെല്‍കൃഷി നടത്തി. വിളവെടുപ്പായപ്പോള്‍ കൊയ്യാന്‍ ആളില്ല. സമയത്ത് കൊയ്‌തെടുക്കാതെ നെല്ലുതിര്‍ന്ന് പോയി. വയലില്‍ ഇറക്കിയ കാശ് പാടത്ത് തൂവിപ്പോയെന്ന് സുധാകരന്‍.

കേരളത്തിലെ ഇപ്പോഴത്തെ ചില സാഹചര്യങ്ങളാണിത്. ഗള്‍ഫ് നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ തിരികെ പോരുമ്പോള്‍ ഇവിടെ കൂലിപ്പണി മുതല്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് വരെ ആളെ കിട്ടുന്നില്ല.

ഇതൊരു പുതിയ സംഭവമല്ല. ധനം തന്നെ പലവട്ടം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ രാജ്യത്തിനകത്തും പുറത്തുമുള്ള സാഹചര്യങ്ങള്‍ ഏറെ മാറിയെങ്കിലും കേരളത്തിലെ ഈ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

ഞെട്ടിപ്പിക്കുന്ന 
യാഥാര്‍ത്ഥ്യം
എന്‍ട്രന്‍സ് പരീക്ഷയെഴുതി, രാത്രികളില്‍ ഉറക്കമില്ലാതെ പഠിച്ച് ബി ടെക് ബിരുദം നേടിയ പെരുമ്പാവൂര്‍ സ്വദേശിയായ ഒരു യുവാവിന്റെ കഥ കേള്‍ക്കാം. എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കിട്ടുമെങ്കിലും അഭിമുഖങ്ങളിലും ഗ്രൂപ്പ് ഡിസ്‌കഷനിലുമെല്ലാം പിന്തള്ള
പ്പെട്ടപ്പോടെ കാംപസ് സെലക്ഷനില്‍ വന്ന ഒരു കമ്പനിയിലും പ്ലേസ്‌മെന്റ് ലഭിച്ചില്ല. ഏറെ അലഞ്ഞ് ഒരു ജോലിയില്‍ കയറി. വേതനം 6000 രൂപ. അടുത്തിടെ ഈ യുവാവ്, സ്‌കൂള്‍ കാലഘട്ടത്തിലെ സുഹൃത്തിനെ കണ്ടുമുട്ടി. പഠനം പാതിവഴിയില്‍ നിര്‍ത്തിയ അയാള്‍
ക്കിപ്പോള്‍ തെങ്ങുകയറ്റമാണ് ജോലി. രാവിലെ 
സ്വന്തം ബൈക്കില്‍ തെങ്ങുകയറ്റ യന്ത്രവുമായി തൊഴിലിടത്തേക്ക് പോകും. പതിനൊന്നു മണിക്കകം പണി നിര്‍ത്തും. പ്രതിമാസം നേടുന്നത് 25,000 രൂപ
യിലേറെ വേതനം. സുഹൃത്തിന്റെ വേതനവും ജീവിതശൈലിയും കണ്ട് കണ്ണുതള്ളിയെന്ന് പറയുന്ന ഈ യുവാവ് പക്ഷേ മാറി ചിന്തിക്കുന്നില്ല. ''എന്‍ജിനീയറിംഗ് കഴിഞ്ഞ ഞാനെങ്ങനെ തെങ്ങില്‍ കയറും.''
ഒരു ക്ഷീരകര്‍ഷക സംഘം പശു കറവക്കാര്‍ക്ക് പ്രതിമാസം 35,000 - 40,000 രൂപ വേതനത്തില്‍ നിയമനം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും അടുത്തിടെ കേരളത്തിലെ പത്രങ്ങളില്‍ വന്നു.
'മാന്യത'യില്ലാത്ത പണിയെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിയ ജോലികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കനത്ത വേതനമാണ്. എന്നിട്ടും ആളെ കിട്ടുന്നില്ല. 
ഫര്‍ണിച്ചര്‍ മേഖലയില്‍ 
60-70 ശതമാനം അന്യസംസ്ഥാനക്കാര്‍
ലഭ്യമായ കണക്കുകള്‍ പ്രകാരം 2016ല്‍ 40 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തേക്കുള്ള ശരാശരി കുടിയേറ്റ നിരക്ക് വര്‍ഷത്തില്‍ 2.35 ലക്ഷമാണ്. ഇവര്‍ കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പുറത്തേക്ക് കൊണ്ടുപോകുന്നത് 25,000 കോടി രൂപയാണ്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയില്‍ 70 ശതമാനവും ഇതര സംസ്ഥാന തൊഴിലാളികളാണ്. എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രി, വെല്‍ഡിംഗ്, ഫര്‍ണിച്ചര്‍ മാനുഫാക്ചറിംഗ് മേഖലകളിലൊക്കെ അത്യാവശ്യം വിദഗ്ധ തൊഴിലാളികളാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ തൊഴി
ലാളികളെ കിട്ടാനില്ലെന്ന് കേരള സംസ്ഥാന ചെറുകിട വ്യവ
സായ അസോസിയേഷന്‍ പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ പറയുന്നു. റൈസ് മില്‍, ക്രഷര്‍, പ്ലൈവുഡ് തുടങ്ങിയ മേഖല
കളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെ. 
കേരളത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയില്‍ മാത്രം പത്തു ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 60-70 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി രവീന്ദ്രന്‍ പറയുന്നു. ഇവരില്‍ പലരും ജോലിയെ കുറിച്ച് മനസിലാക്കുന്നതു തന്നെ 
ജോലിയില്‍ കയറിയശേഷമാണ്.
''അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി വ്യവസായ മേഖലയില്‍ ഉപയോഗപ്പെടുത്താനാകും. 
പക്ഷെ ദീപാവലി പോലുള്ള വിശേഷാവസരങ്ങളില്‍ അവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയാല്‍ തിരികെ വരുമെ
ന്നതിന് യാതൊരു ഉറപ്പുമില്ല'' സി.ഐ.ഐയുടെ 
കേരള ഘടകം മുന്‍ ചെയര്‍മാനായ പി.ഗണേഷ് ചൂണ്ടിക്കാട്ടുന്നു. 
കാര്‍ഷിക മേഖല
കാര്‍ഷിക മേഖലയാണ് തൊഴിലാളി ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെയുള്ള തൊഴിലാളികള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നതെന്ന് കൈനടി പ്ലാന്റേഷന്‍സ് ഉടമ റോഷന്‍ കൈനടി പറയുന്നു. തോട്ടം മേഖല പണിക്കാരില്ലെങ്കില്‍ മുന്നോട്ട് പോകാത്ത സ്ഥിതിയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ 700 രൂപ വരെ പ്രതിദിന വേതനം വാങ്ങുന്നുണ്ട്.
റബര്‍, കശുവണ്ടി, തെങ്ങ്, കവുങ്ങ് തുടങ്ങി എല്ലാ കൃഷികളെയും തൊഴിലാളി ക്ഷാമം കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. റബര്‍ ടാപ്പിംഗിന് ആളെ കിട്ടാത്തതിനാല്‍ വെട്ടാതെ കിടക്കുന്ന തോട്ടങ്ങള്‍ നിരവധിയാണ്. 30 വയസില്‍ താഴെയുള്ള ടാപ്പേഴ്‌സ് ഇപ്പോള്‍ ആരും തന്നെയില്ലെന്ന
താണ് സത്യം. 
ഹോട്ടല്‍ മേഖലയില്‍
വന്‍കിട ഹോട്ടലുകളില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് 
പഠിച്ച ആളുകള്‍ ജോലിയെടുക്കാന്‍ തയാറാവുന്നു. എന്നാല്‍ 
ചെറുകിട ഇടത്തരം ഹോട്ടലുകളില്‍ ആളെ കിട്ടാനില്ല. ഏതാനും വര്‍ഷം മുമ്പു വരെ വെയ്റ്റര്‍മാരായി അന്യസംസ്ഥാന തൊഴിലാളികളെ വെക്കുന്ന കാര്യം മലയാളിക്ക് ചിന്തിക്കാന്‍ വരെ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് മിക്ക ഹോട്ടലുകളിലും അന്യ സംസ്ഥാന തൊഴിലാളികളാണ്. യുഎഇയിലെ ഹോട്ടലുകളില്‍ ഇപ്പോഴും മലയാളം പറഞ്ഞാല്‍ വിഭവങ്ങള്‍ കിട്ടും. എന്നാല്‍ കേരളത്തില്‍ ഹിന്ദി
യറിയാത്തവര്‍ കുഴയും എന്ന സ്ഥിതിയായി. സാങ്കേതിക യോഗ്യതയുള്ളവരുടെ കുറവ് ഹോട്ടല്‍ മേഖല നന്നായി നേരിടുന്നുണ്ട്. ചുരുങ്ങിയത് 15,000 രൂപയെങ്കിലും ശമ്പളം നല്‍കിയാല്‍ മാത്രമേ ഇന്ന് ഹോട്ടല്‍ മേഖലയില്‍ ആളെ കിട്ടുന്നുള്ളൂ. പാത്രം കഴുകല്‍ പോലുള്ള ജോലികളില്‍ 
ഒരൊറ്റ മലയാളിയെയും ഇന്ന് കാണാനാവില്ല. 
പല ഹോട്ടലുകളും സെല്‍ഫ് സര്‍വീസ് മോഡിലേക്ക് മാറിക്കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഭവ്യതയോടെ സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ മലയാളി യുവാക്കള്‍ക്ക് മടിയാണ്. 
നിര്‍മാണ മേഖല
നിര്‍മാണ മേഖലയാണ് കേരളത്തില്‍, കാര്‍ഷിക വൃത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ അന്യസംസ്ഥാന ജീവനക്കാരെ നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ വലിയ കമ്പനികള്‍ ഇത്തരം ജോലികള്‍ കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഈ മേഖലയിലും തൊഴിലാളികളുടെ കൂലി നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ കരാര്‍ എടുക്കുന്ന കരാറുകാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡ് ടാറിംഗ് അടക്കമുള്ള മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളെ പോലും കിട്ടാ
നില്ലാത്ത സ്ഥിതിയായിരിക്കുന്നു. 
റീറ്റെയ്ല്‍ മേഖല
പത്തു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒഴിച്ചുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കിട്ടാന്‍ ഏറെ പാടുപെടേണ്ടി വരുന്നു. വെയിലും മഞ്ഞും കൊള്ളേണ്ട പണിയല്ലെങ്കിലും നാട്ടുമ്പുറത്തെ കടകളില്‍ ജോലിക്കാരായി നില്‍ക്കാന്‍ ഇന്നത്തെ തലമുറ തയാറാവുന്നില്ല. വന്‍കിട ടെക്‌സ്‌റ്റൈല്‍സ് ഗ്രൂപ്പുകള്‍ സെയ്ല്‍സ് മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നു. വലിയ പരസ്യ പ്രചാരണങ്ങളിലൂടെ ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്താണ് അവര്‍ ജീവനക്കാരെ വിളിക്കുന്നത്. ഉള്‍ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികളെ താമസവും ഭക്ഷണവുമൊക്കെ നല്‍കി സ്വന്തം ചെലവില്‍ താമസിപ്പി
ക്കുകയാണ് പല വന്‍കിട ടെക്‌സ്റ്റൈല്‍സുകളും ചെയ്യുന്നത്. ''വിദേശ ജോലിക്കായി അനുഭവ സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്ന
വരാണ് കൂടുതല്‍ പേരും. അവര്‍ കുറച്ചു
നാള്‍ നിന്നു പോകും. പിന്നീട് പുതിയ ആളു
കള്‍ വരും. അവരെ പഠിപ്പിച്ചെടുക്കുമ്പോള്‍ അവരും പോകും. ഫലത്തില്‍ വന്‍ നഷ്ടമാണ് സംരംഭകനുണ്ടാകുന്നത്,'' ബിസ്മി ഹോം അപ്ലയന്‍സസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വി.എ അജ്മല്‍ പറയുന്നു. 
കാര്‍ഷിക, നിര്‍മാണ, ചെറുകിട മേഖലയില്‍ മാത്രമല്ല തൊഴിലാളി ക്ഷാമം. കേരളത്തില്‍ വിദഗ്ധരായ ഡോക്ടര്‍
മാര്‍ക്കും ക്ഷാമമുണ്ടെന്ന് ഈ രംഗത്തെ റിക്രൂട്ടിംഗ് സ്ഥാപന
മായ ഹെല്‍ത്ത് കെയര്‍ നൗക്കരിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പ്രശാന്ത് നായര്‍ പറയുന്നു.
വിദേശ ജോലിക്കുള്ള ചവിട്ടുപടിയായി സംസ്ഥാനത്തെ നേഴ്‌സിംഗ് രംഗത്തെ ഉദ്യോഗാര്‍ത്ഥികള്‍ കാണുന്നതിനാല്‍ നേഴ്‌സുമാര്‍ക്ക് ക്ഷാമമില്ല. വനിതകള്‍ക്ക് അലച്ചിലില്ലാതെ ചെയ്യാവുന്ന ജോലിയും സമൂഹത്തില്‍ ഏറെ മാന്യതയും ഉള്ളതിനാല്‍ അധ്യാപകര്‍ക്കും ദൗര്‍ലഭ്യമില്ല. വേതനം എത്ര കുറവായാലും ജോലിക്ക് ആളുകളെ കിട്ടാനുമുണ്ട്.
ക്ഷാമം എന്തുകൊണ്ട്? 
പതിറ്റാണ്ടുകളായുള്ള ഗള്‍ഫിലേക്കുള്ള കുടിയേറ്റമാണ് തൊഴിലാളി ക്ഷാമം വര്‍ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. മനുഷ്യവിഭവ ശേഷിയുടെ വലിയൊരു കയറ്റുമതിക്കാരായി കേരളം മാറി. വിദേശ തൊഴിലിന്റെ മാന്യതയും ഉയര്‍ന്ന വേതനവുമായിരുന്നു ആകര്‍ഷണം. അത് നഷ്ടമായിട്ടും നാട്ടിലെ തൊഴിലില്‍ അത് ലഭിക്കാതെ വരുന്നതു മൂലം ഇവിടെ ജോലി ചെയ്യാന്‍ തയാറാകുന്നില്ല. 
ഹ കായികാധ്വാനത്തോടുള്ള മടിയാണ് മറ്റൊന്ന്. മാര്‍ക്കറ്റിംഗ്, സെയ്ല്‍സ്, വര്‍ക്ക്‌ഷോപ്പുകള്‍, കായികമായ അധ്വാനം വേണ്ട മറ്റിടങ്ങള്‍ എന്നുതുടങ്ങി എല്ലായിടത്തുനിന്നും മലയാളികള്‍ മാറി നടക്കുകയാണ്. അധ്വാനം കുറഞ്ഞതോടെ കായിക ശേഷിയും കുറഞ്ഞു. കൂടുകളില്‍ വളര്‍ത്തുന്ന ബ്രോയ്‌ലര്‍ കോഴികളെ പോലെ സംരക്ഷിതരായി വളര്‍ന്നു വന്ന യുവതലമുറ കായികാധ്വാനം വേണ്ടി വരുമ്പോള്‍ പെട്ടെന്ന് തളരുകയും ചെയ്യുന്നു. 
ഹ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഓള്‍ പാസ് സംവി
ധാനവും വില്ലനാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് 
ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ സീനിയര്‍ ഫാക്കല്‍റ്റി 
അംഗമായ ഡോ. ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കഴിവുമില്ലാത്തവര്‍ സ്‌കൂള്‍ പരീക്ഷകളില്‍ പാസാകും. പക്ഷേ ജീവിതത്തില്‍ തോറ്റുപോകുന്നു. 
ഹ മിഥ്യാഭിമാന ബോധമാണ് മറ്റൊന്ന്. ഓഫീസില്‍, എയര്‍ കണ്ടീഷനില്‍ ഇരുന്നുള്ള പണിയുടെ മാന്യതയിലാണ് ഏവരുടെയും കണ്ണ്. പ്രതിദിനം 800 രൂപയ്ക്ക് മുകളില്‍ കിട്ടുന്ന ടൈല്‍സ് വിരിക്കുന്ന പണിക്ക് പോകാന്‍ മടിക്കുന്നവന്‍ പ്രതിദിനം 200 രൂപ തികച്ചു കിട്ടാത്ത ഓഫീസ് ജോലിക്ക് പോകും. അതുപോലെ തന്നെ പ്രതിമാസം 30,000 രൂപയ്ക്കു മുകളില്‍ വരുമാനമുണ്ടാക്കുന്ന അസംഘടിത മേഖലയിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ തേടിയാല്‍ പോലും ലഭിക്കാന്‍ പ്രയാസമാണ്. കാരണം അവരുടെ ജോലിക്ക് 'മാന്യത' കുറവാണല്ലോ. 
ഹ എന്‍ജിനീയറിംഗ്, മെഡിസിന്‍ മോഹമാണ് മറ്റൊരു ഘടകം. കൈത്തറി, കരകൗശല, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ അടുത്ത തലമുറയെ ആ തൊഴിലില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്താനാണ് നോക്കിയത്. മാത്രമല്ല, സ്വാശ്രയ കോളെജുകള്‍ നാട്ടിലെമ്പാടും വന്നതോടെ കുട്ടികളുടെ താല്‍പ്പര്യം 
പോലും നോക്കാതെ അവിടേക്ക് പഠിക്കാനയച്ചു. ഇതോടെ സാധാരണ തൊഴില്‍ ചെയ്യുന്നത് നാണ
ക്കേടായും ഇവര്‍ക്ക് തോന്നി. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി എല്ലാ തൊഴില്‍ മേഖലയിലും യുവാക്കളെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ തൊഴിലാളി ക്ഷാമം വര്‍ധിച്ചു. 
അപകടമെന്ത്? 
സൂചനകള്‍ പരിഗണിക്കുകയാണെങ്കില്‍ ഇനി അധികകാലം കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കിട്ടില്ല. രാജ്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വളരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് വേതനത്തിലെ വര്‍ധന. കേരളത്തിലെ വേതന വര്‍ധന അനുപാതത്തിലും കൂടുതലാണ് ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ കേരള
ത്തോട് കിടപിടിക്കുന്ന വേതനം അവിടങ്ങളിലും കിട്ടിത്തുടങ്ങും. അപ്പോള്‍ കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കും നിലയ്ക്കും. ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ കേരള
ത്തിന് സമാനമായ വേതനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതു
കൊണ്ടു തന്നെ ഒരു കാലത്ത് കേരളത്തിലെ തൊഴിലിടങ്ങളില്‍ ധാരാളമുണ്ടായിരുന്ന തമിഴരെ ഇപ്പോള്‍ കാണാനേ
യില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ പിന്‍വാങ്ങുന്നതോടെ മലയാളികള്‍ മേലനങ്ങി പണിയെടുക്കാന്‍ നിര്‍ബന്ധിതരാകും. കേരളത്തില്‍ കൂലി ആയിരം രൂപ കടക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാല്‍ ഉല്‍പ്പാദന ചെലവ് കൂടുകയും വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും. ഇത് സാമ്പത്തിക മേഖലയെ വലിയ തകര്‍ച്ചയിലേക്കാവും നയിക്കുക. ഇനി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാവും കേരളത്തിലേക്ക് തൊഴിലിനായി ആളെ എത്തിക്കുകയെന്ന് ദാമോദര്‍ അവന്നൂര്‍ പറയുന്നു. 
വിദേശ രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന പണമാണ് മലയാളിയുടെ ഏറ്റവും വലിയ വരുമാനം. എണ്ണ വില കൂപ്പുക്കുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഏകദേശം അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഗള്‍ഫിലെ സാധ്യതകള്‍ ഇല്ലാതാകും. അതോടെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ നിര്‍ബന്ധിതരാകും. രണ്ടു തരത്തിലുള്ള പ്രശ്‌നമാണ് ഇത് ഉണ്ടാക്കുക. ഒന്ന്, തിരിച്ചു വരുന്നവര്‍ക്ക് ഇവിടെ ഒരു വരുമാനം കണ്ടെത്തല്‍ ദുഷ്‌കരമാകും. രണ്ട്, ഗള്‍ഫ് പണത്തിന്റെ വരവ് നില്‍ക്കുന്നതോടെ കേരളത്തിലെ നിര്‍മാണ മേഖലയടക്കമുള്ളവ തകരുകയും ഇവിടെ ഉള്ളവരുടെയും ജോലി നഷ്ടമാകുകയും ചെയ്യും.
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങളില്‍ അവസരം കണ്ടെത്താനാകുമോ എന്ന ചോദ്യവും അപ്രസക്തമാണ്. മിക്ക രാജ്യങ്ങളും പുറത്തു നിന്നുള്ള തൊഴിലാളികള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ടിരിക്കുന്നു. ഫലത്തില്‍ നമ്മുടെ നാട്ടില്‍ തന്നെ ബദല്‍ മാര്‍ഗം കണ്ടെത്തുകയേ വഴിയുള്ളൂ. 
എന്താണ് പരിഹാരം?
മരവ്യവസായ മേഖലയില്‍ സംരംഭകര്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഇനി കാര്‍പ്പെന്റര്‍മാര്‍ ഉണ്ടാകില്ല. പകരം വുഡ് എന്‍ജിനീയര്‍മാരെന്നാകും അവര്‍ അറിയപ്പെടുക. ജോലിയിലുള്ള അപകര്‍ഷതാ ബോധം കുറയ്ക്കുകയാണ് ഇതു വഴി ചെയ്യുന്നത്. മറ്റു മേഖലകളിലും ഇത് നടപ്പിലാക്കാവുന്നതേയുള്ളൂ. ഏതു ജോലിയും അന്തസുള്ളതാണെന്ന തോന്നല്‍ ഉണ്ടായാല്‍ മലയാളിക്ക് അത് ചെയ്യാന്‍ വിഷമമില്ല. ഗള്‍ഫുകാരന് സമൂഹത്തിലുള്ള പരിഗണനയാണ് വിദേശങ്ങളില്‍ ഒട്ടകത്തെ മേയ്ക്കല്‍ ജോലി പോലും എടുക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത്. 
കേരളത്തിലെ ഏറ്റവും വലിയ വൈറ്റ് കോളര്‍ 
ജോലിയായി സാധാരണക്കാര്‍ കരുതുന്ന ഐ.റ്റി മേഖലയില്‍ വൈദഗ്ധ്യമുള്ള ഒരൊറ്റ ആളെപ്പോലും കിട്ടാനില്ലെന്ന് ഇനെക്‌സോഫ്റ്റ് ടെക്‌നോളജീസ് ഉടമയും കണ്ണൂരിലെ സംരംഭകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മായ പോസിറ്റീവ് കമ്മ്യൂണ്‍ എന്‍ട്രപ്രണേഴ്‌സിന്റെ അഡ്മിനുമായ സുഭാഷ് ബാബു പറയുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അത്ര കാര്യ
മായി നടക്കാത്തതാണ് പ്രശ്‌നം. അസാപ്പ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പ്ലസ്ടു വരെ
യുള്ള കുട്ടികള്‍ക്കാണ് ഇത് ലഭ്യമാകുന്നത്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥി ഉടനെ ജോലിക്ക് പോകില്ല. കൂടുതല്‍ 
പഠിക്കാനാകും താല്‍പ്പര്യപ്പെടുക. എന്നാല്‍ ഡിഗ്രിയിലേക്കും അസാപ് പദ്ധതി വ്യാപിപ്പിച്ചാല്‍ അത് ഗുണകരമാകും. 
ഇതിന് പകരമായി പോസിറ്റീവ് കമ്മ്യൂണ്‍ കൂട്ടായ്മയില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്ന നിലയില്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണവര്‍. ഒരു സ്ഥാപനത്തിന് ആവശ്യമായ ഉല്‍പ്പന്നം നിര്‍മിച്ചു കൊണ്ട് ഉല്‍പ്പാദനത്തെ കുറിച്ചും അത് വിപണിയില്‍ എത്തിച്ച് മാര്‍ക്കറ്റിംഗിനെ കുറിച്ചുമൊക്കെ അവര്‍ നേരിട്ട് പഠിക്കും. ഒരു കമ്പനിയുടെ എക്കൗണ്ട് കൈകാര്യം ചെയ്തു കൊണ്ടാകും എക്കൗണ്ടന്‍സി പരിശീലനം പൂര്‍ത്തിയാക്കുക. നിലവിലെ ഇന്റേണ്‍ഷിപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. 
ഇന്‍ഡസ്ട്രിയും അക്കാദമിയും തമ്മില്‍ പങ്കാളിത്തത്തോടെയുള്ള പരിശീലനമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെന്ന് കെ പി രവീന്ദ്രന്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും കൂടുതല്‍ യുവാക്കളുള്ള നമ്മുടെ രാജ്യത്തിന് ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് അത് ചെയ്യുന്നത്.
സര്‍ക്കാര്‍ ഇടപെടല്‍ 
അനിവാര്യം 
''പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചതിനാല്‍ മലയാളികളായ സ്ത്രീകള്‍ ഇപ്പോള്‍ മറ്റുള്ള വ്യവസായ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതൊരു ഗുണപരമായ മാറ്റമാണ്'' ഗണേഷ് പറഞ്ഞു. 
സര്‍ക്കാരിന്റെ അംഗീകാരവും സംരക്ഷണവും തൊഴില്‍ മേഖലയില്‍ ഉറപ്പാക്കാനായാല്‍ ഈ രംഗത്ത് വലിയൊരു പരിവര്‍ത്തനം സാധ്യമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 
''ഏത് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും 55 വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കുന്ന വിധത്തില്‍ ആധാര്‍ അധിഷ്ഠിത കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ടതുണ്ട്. തൊഴിലാളി അവന്റെ വേതനത്തില്‍ നിന്നും അടക്കുന്ന തുകക്ക് തുല്യമായോ ആനുപാതികമായോ സര്‍ക്കാരും അതിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്താല്‍ മതി'' ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നു.. ഇതിലൂടെ 24 വയസില്‍ തൊഴില്‍ ചെയ്ത് തുടങ്ങുന്നവര്‍ ഏത് മേഖലയിലേക്ക് തൊഴില്‍ മാറിയാലും 55 വയസില്‍ ഒരു നിശ്ചിത തുക പെന്‍ഷനായി നല്‍കാനാകും. അത്യാവശ്യഘട്ടങ്ങളില്‍ അതില്‍ നിന്നും 
വായ്പ എടുക്കുന്നതിനും സൗകര്യമേര്‍പ്പെടുത്താം. ഇതി
ലൂടെ എല്ലാത്തരം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സംരംക്ഷ
ണം ഉറപ്പാക്കാം. അതിലൂടെ മലയാളികളെ വിവിധ തൊഴില്‍ 
മേഖലകളിലേക്ക് ആകര്‍ഷിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും സാധിക്കും. 
സര്‍ക്കാര്‍ വേതനം നല്‍കുന്നുവെന്ന ഒരൊറ്റ കാരണത്താലാണ് തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം വര്‍ദ്ധിച്ചിരിക്കുന്നത്. ഇത്തരം നൂതനമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിച്ചാല്‍ മലയാളികള്‍ ആ രംഗത്തേക്കും വരും.
ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല കേരളത്തിന്റെ തൊഴിലാളി ക്ഷാമം. സര്‍ക്കാരും ഇന്‍ഡസ്ട്രിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം വര്‍ഷങ്ങളായി പിന്തുടരുന്ന മനോഭാവം മാറ്റാന്‍ മലയാളികള്‍ തയാറാവുകയും വേണം.


കേരളമെന്ന 'ഗള്‍ഫ്'

ഇന്ത്യയിലെ ഇതര സംസ്ഥാന തൊഴിലാളി
കളുടെ 'ഗള്‍ഫ്' ആണ് കേരളം. ഒരു പതിറ്റാണ്ടിനു മുമ്പ് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഏറെയും പേര്‍ കേരളത്തിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെത്തുന്നത്. 
കേരള മൈഗ്രേഷന്‍ സര്‍വെ (2014) പ്രകാരം ആകെയുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ 20 ശതമാനം ബംഗാളില്‍ നിന്നുള്ളവരാണ്. ബംഗാള്‍ (18%) , ബീഹാര്‍ (17%) യുപി (15%) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം. കേരളത്തില്‍ വരുന്നവരില്‍ 70 ശതമാനം പേരും അവിദഗ്ധ തൊഴി
ലാളികളാണ്. ഇവരില്‍ 28.7 ശതമാനം പേര്‍ ആഴ്ചയില്‍ ഏഴുദിവസവും 57.8 ശതമാനം പേര്‍ 
ആഴ്ചയില്‍ ആറുദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് ഈ മേഖലയില്‍ പഠനം നടത്തിയ സാമ്പത്തിക ശാസ്ത്ര അധ്യാപകരായ ഡോ. ഡി രത്‌നരാജും ഡോ. ജോമോന്‍ മാത്യുവും അടുത്തിടെ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിലവിലുള്ള മിനിമം വേതനത്തിന്റെ ഇരട്ടിയാണ് ഇവര്‍ കൂലിയായി വാങ്ങുന്നതും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top